Archives / july 2021

മാങ്ങാട് രത്നാകരൻ
. എയിമ് (വാക്കും വാപ്പയും (6)

"കുഞ്ചൻനമ്പ്യാർ എഴുതിയ ഭാഷയിൽ നമുക്കെന്താണ് പറയാൻ കഴിയാത്തതായിട്ടുള്ളത് ?'   എൻ്റെ ഗുരുനാഥൻ പ്രൊഫസർ എം.എൻ. വിജയൻ ക്ലാസ്സിൽ ഒരിക്കൽ ചോദിച്ചു.  

        രാവണൻ കൈലാസത്തെ പോലെ മലയാളഭാഷയെ എടുത്ത്, അഥവാ അതിനെ മൂടോടെ പറിച്ചെടുത്ത് അമ്മാനമാടിയ കവിയാണല്ലോ കഞ്ചൻ.
         'ലന്തപ്പറങ്കിയുംമിംകരിയസ്സു 'മെല്ലാം കുഞ്ചൻ മലയാളത്തിലേക്ക് കൊണ്ടുവന്നു. മലയാളം നൃത്തം ചെയ്തു. കിള്ളിക്കുറിശ്ശി മംഗലത്ത് കുഞ്ചൻ ജനിച്ച മുറിയിൽ  പദകുബേരനായ മഹാകവി പി. കുഞ്ഞിരാമൻ നായർ ചുവരിൽ കോറിയിട്ട നാലുവരിക്കവിത - ആ അക്ഷരശില്പം ഇന്നും അവിടെ ഭദ്രമായി ചില്ലിട്ട് സംരക്ഷിച്ചിട്ടുണ്ട്-.  ഞാൻ അതേ മുറിയിൽ നിന്ന് വിസ്മയത്തോടെ, അസൂയയോടെ വായിച്ചിട്ടുണ്ട്.

തുലാവർഷക്കാറിനുള്ളിൽ
മിന്നും പൊൻനൂലുപോലവേ
ഇറങ്ങി വന്ന സൗന്ദര്യ -
ദേവതേ കവിതേ തൊഴാം .

    എന്താണിപ്പോൾ കുഞ്ചനെ ഓർക്കാൻ എന്നല്ലേ?  ഭാവത്തിന് ,അനുഭവത്തിന് ഇണങ്ങിയ ഭാഷയുടെ വെളിപ്പെടൽ ഇന്ന ഭാഷയിലേ ആകാവൂ എന്നില്ല. അത് ഏതു ഭാഷയിൽ നിന്നും കടം കൊള്ളും . അങ്ങനെ കടം കൊള്ളുമ്പോൾ ആ ഭാഷ മലയാളമായിത്തീരും .

         ഒരിക്കൽ തിരൂരിൽ തൊഴിൽപരമായ ഒരു കാര്യത്തിനു പോയതാണ്. രാവിലെ എഴുന്നേറ്റ് ചായ കുടിക്കാൻ പോയി. ചൂടു ചായ കുടിച്ചു കഴിഞ്ഞപ്പോൾ സിഗരറ്റ് വാങ്ങിക്കാനായി തൊട്ടെതിരെയുള്ള കടയിലേക്കു നീങ്ങി. വയസ്സായ ഒരു മുസ്ലീം കാരണവരാണ് കടയിൽ

"അരപ്പേക്ക് വിൽസ്''
  ( എൻ്റെ പ്രിയ സ്നേഹിതനും എഴുത്തുകാരനുമായ (ചിന്ത)  രവീന്ദ്രൻ വിൽസ് വാങ്ങിക്കുക ,'ലേശം വിൽസ്' എന്നു പറഞ്ഞു കൊണ്ടാണ് . കടക്കാരൻ അന്തംവിടും. 'ലേശം' എന്നു പറഞ്ഞാൽ എത്ര? ഒന്നോ രണ്ടോ, പായ്ക്കറ്റോ?)
" വിൽസില്ല. ഗോൾഡ് ഫ്‌ളേക്കേ ഉള്ളു ." കാരണവർ ഗോൾഡ് ഫ്ളേക്ക് എടുത്തുനീട്ടി.
"വേണ്ട''. മടങ്ങാനൊരുങ്ങി. വേറെ കടയിൽ നോക്കാം.
" കുത്തിരിക്കിൻ. '' കാരണവർ ഒരു ബെഞ്ച് ചൂണ്ടിക്കാട്ടി. " അമ്മദിൻ്റെ കടലുണ്ടോന്ന് നോക്കിട്ടു വരാം."
       പത്രം വായിച്ച് കാത്തിരുന്നു. കാരണവർ തിരിച്ചുവന്ന് വിൽസ് തന്നു. കൂട്ടത്തിൽ ജ്ഞാനസാരവും.
"വിൽസ് വലിക്കുന്നോർക്ക് മറ്റെന്തു വലിച്ചാലും ഒര് എയീമ് കിട്ടൂല .''
ആദ്യത്തെ പുകപോലെ തന്നെ ആ വാക്യത്തിലെ വാക്കും രുചിച്ചു.
എയിമ് ,ഇംഗ്ലീഷിലെ 'എയിം' (aim) തന്നെ.
ലക്ഷ്യം, ദിശ, ഉന്നം എന്നിങ്ങനെ പല അർത്ഥവും പറയാം. എന്നാൽ അതൊന്നുമല്ല ഈ 'എയിമ്.'   

    പുകവലിച്ചിട്ടുള്ളവർക്ക് അതിൻ്റെ സാരം കിറുകൃത്യമായി പിടികിട്ടും. വലിച്ചിട്ടില്ലാത്തവർക്ക് അത്ര സൂക്ഷ്മമായി കിട്ടിക്കൊള്ളണമെന്നില്ല 

        ഇനി, 'എയിമി'ൻ്റെ അർത്ഥം മനസ്സിലാക്കാൻ പുകവലി ശീലിക്കരുതേ. കാരണം .പുകവലി ആരോഗ്യത്തിന് ഹാനികരം . പായ്ക്കറ്റിന് പുറത്ത് അങ്ങനെ എഴുതിവച്ചിട്ടുണ്ടു. പറഞ്ഞിട്ടെന്താ  ? ആരു കേൾക്കാൻ ?

Share :