Archives / August 2020

അനു പി ഇടവ)
ജനറേഷൻ

പണ്ട് പണ്ട് ഫോൺ ഒരു അതിശയ വസ്തുവായിരുന്ന കാലം . ഞങ്ങളുടെ നാട്ടിൽ ആകെ മൂന്ന് വീട്ടുകളിലേ അന്ന് ഫോണുള്ളു . അവിടങ്ങളിൽ വെള്ളിയാഴ്ച്ചകളിലെ തിരക്ക് ഒന്ന് കണേണ്ടതാണ് . പേർഷ്യാക്കാരുടെ മാതാപിതാക്കളും പുത്ര കളത്രാദികളുമായി ഒരു ആൾക്കൂട്ടംതന്നെയുണ്ടാവും. അങ്ങ് പേർഷ്യയിൽ വെള്ളിയാഴ്ച്ച അവധിയാണ് . നാട്ടിലേക്ക്  വിളിക്കാൻ അവർക്ക് സമയം കിട്ടുന്നതും അന്നു തന്നെ .

രാവിലെ എട്ടു മണിമുതൽ ഫോൺ മണിയടിച്ചു തുടങ്ങും . ഓരോ മണിയടി കേൾക്കുമ്പോഴും പുറത്തു നിൽക്കുന്ന കാതുകളും ചെവികളും അകത്തേക്ക് . ഫോൺ എടുക്കുന്നത് പലപ്പോഴും  അതത് വീടുകളിലെ ഗൃഹനാഥയാവും . അവർ പുറത്തേക്കു വന്ന്
''രാജമ്മേഡ മോൻ'' എന്ന് പറയുമ്പോൾ രാജമ്മയും ''സുമയുടെ കെട്ട്യോൻ'' എന്ന് പറയുമ്പോൾ സുമയും അകത്തേക്ക് പോകും . അകത്തോട്ട് പോയവർ പുറത്ത് വരാൻ വൈകിയാൽ മുറ്റത്ത് മുറുമുറുപ്പ് തുടങ്ങും . '' ഇങ്ങനെ ഒരാൾക്ക് മാത്രം സംസാരിച്ചാ മതിയോ ? എൻഗേജ്ഡ് ആയിരുന്നാ അവൻ വിളിക്കുമ്പോൾ കിട്ടില്ല .'' . അല്ലറ ചില്ലറ വാക്കുതർക്കങ്ങളൊക്കെ അതേ തുടർന്ന് ഉണ്ടാവുകയും ചെയ്യും . രാത്രി വരെ കാത്തു നിന്നിട്ടും മകൻ വിളിക്കാത്തതു കൊണ്ട് ഫോണിനെ തെറി പറഞ്ഞ് പോകുന്നവരുമുണ്ട് .

എന്റെ അഛനും പേർഷ്യക്കാരനായിരുന്നു . ഞങ്ങളോടും കൂടി സംസാരിക്കാനുള്ള സൗകര്യത്തിന് നാല് മണി കഴിഞ്ഞേ അഛൻ വിളിക്കൂ . വെള്ളിയാഴ്ച്ച സകൂൾ വിട്ടുകഴിഞ്ഞാൽ ഫോൺ വിളിക്കണ വീട്ടിലോട്ട് ചെല്ലണമെന്ന് അമ്മ എന്നോട്ടം അനിയനോടും പറഞ്ഞിട്ടുണ്ട് . അമ്മ അവിടെ ഉണ്ടാകും . ആദ്യമൊക്കെ ഞങ്ങൾ പോയിരുന്നത് മുരളി മന്ദിരത്തിലോട്ടാണ് . മുരളി മുതലാളി നാട്ടിലെ പ്രമാണിയാണ് . പക്ഷേ പേർഷ്യാക്കാരെ ബഹുമാനിക്കാൻ അറിയില്ല എന്ന് പറഞ്ഞ് ഒരു തവണ ലീവിന് വന്നപ്പോൾ ''ഇനി അവിടെ കയറിപ്പോകരുത്'' എന്ന് അഛൻ ഉത്തരവിറക്കി . പിന്നെ ബന്ധുവായ ദാമോധരൻ മാമന്റെ വീട്ടിലേക്കായിരുന്നു വെള്ളിയാഴ്ച്ച യാത്രകൾ . അടുത്ത തവണ അഛൻ ലീവിന് വന്നപ്പോൾ '' എന്തിന് വന്നഡേ'' എന്ന് മാമൻ കുശലം ചോദിച്ചു . അത് പിടിക്കാത്തതിനാൽ ഇനി ഞാൻ അങ്ങോട്ട് വിളിക്കില്ല എന്ന് അഛൻ തീരുമാനിച്ചു .

പിന്നെ ജനാർദ്ദനൻ ചേട്ടന്റെ വീട്ടിലോട്ടായി അഛനെ കേൾക്കാനുള്ള യാത്ര . അടുത്ത തവണ ലീവിന് വന്നപ്പോൾ അഛൻ ജനാർദ്ദനൻ മാമനുമായി തെറ്റി . ഫോൺ കണക്ഷന് ആപ്ലിക്കേഷൻ നൽകി . അടുത്ത വരവിന് മുൻപ് വീട്ടിൽ ഫോണായി . അഛൻ വരും മുൻപ് ഞാനും അനിയനും ഫോൺ കൈകാര്യം ചെയ്യാനൊക്കെ പഠിച്ചു . അനിയൻ അന്ന് അഞ്ചാം ക്ലാസ്സിലായിരുന്നു . അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന തന്റെ മകൻ ഫോൺ ഡയൽ ചെയ്യുന്നതും ഫോണിൽ സംസാരിക്കുന്നതുമൊക്കെ അഛൻ അഭിമാനത്തോടെ കണ്ടു .
'' ഇളയവനാ ഇപ്പോ ഇവിടെ ഫോൺ വന്നാൽ എടുക്കുന്നതും അങ്ങോട്ട് സംസാരിക്കുന്നതുമൊക്കെ '' . വരുന്നവരോടും പോകുന്നവരോടും അഛൻ വീമ്പു പറഞ്ഞു . എവിടെ പോയാലും അഛൻ ഫോൺ എക്സ്പർട്ട് ആയ ഇളയ മകനെ പുകഴ്ത്തി

ഇനി ഇക്കാലം

ഞാനും അനിയനും കെട്ടി . അഛനും അമ്മയും വയസായി . എന്റെ മകൻ മൂന്നാം ക്ലാസ്സിലും അവന്റെ മകൾ ഒന്നാം ക്ലാസ്സിലുമായി . കഴിഞ്ഞ തവണ ഞാൻ നാട്ടിൽ ചെന്നപ്പോൾ അഛന് ഒരു സ്മാർട്ട് ഫോൺ വാങ്ങി നൽകി . ഞാൻ തിരിച്ച് വന്ന് രണ്ട് മാസം കഴിഞ്ഞപ്പോൾ അനിയൻ നാട്ടിലെത്തി . അവനോട് എന്റെ പുത്രൻ വിശേഷം പറയുവാ . ''ചിറ്റേ അപ്പുപ്പൻ ഇപ്പോ സ്മാർട്ട് ഫോൺ ഒക്കെ ഉപയോഗിക്കും കേട്ടോ'' . ഇത്തവണ ഞാൻ നാട്ടിൽ ചെന്നപ്പോൾ അവന്റെ പുത്രി - ''വല്യഛാ  അപ്പുപ്പനിപ്പോൾ ഫേസ് ബുക്കും ഇൻസ്റ്റേം ഒക്കെ ആയി കേട്ടോ ''

 

Share :