Archives / August 2020

   ജാഫർ തലപ്പുഴ
ആർജ്ജിക്കേണ്ടത്

ക്യുമുലസുകൾ
ഉറക്കം കളഞ്ഞ
രാവുകളിൽ
കൈകൾ,
ചിറകുകളാകുന്നത്
കിനാവ് കാണാറുണ്ടായിരുന്നു...

പഞ്ഞിക്കെട്ടുകൾക്ക് മീതെ
അതിനേക്കാൾ
ഭാരം കുറഞ്ഞ്....
മുകളിലേക്ക്...
മുകളിലേക്ക്...
മുകളിലേക്ക്...


പരുന്തുകളുടെ കണ്ണുകളിലെ
അസൂയക്ക്,
എട്ടു കാട്ടുപ്പൂക്കളും,
കനികളും ചേർത്ത്...
തിരിയിട്ട്
മന്ത്രിക്കാൻ
കുന്നുമ്മലെ ജിന്നിനെ
തോളിലിരുത്തിയിരുന്നു...


ഉപ്പും മുളകും
ഉഴിഞ്ഞായിരുന്നു
ഉമ്മ യാത്രയാക്കിയത്...


പുലർച്ചക്ക്
കണി,യൊരുക്കി
നിലാവിന്റെ
കണ്ണ് പൊത്തി
കാലത്തെയാകെ
നന്നാക്കണം....
ആരോ 
ചെവിയിൽ പറഞ്ഞു...


ആമ്പലുകൾ
പൂത്തു തുടങ്ങുമ്പോൾ,
ചിറകുകൾ കൂമ്പി,
ഭൂമിയിലേക്ക്
ഊളിയിട്ട്
നഷ്ടസ്വപ്നങ്ങളെ
ഞെരിച്ചു കൊല്ലണം!!!
(മനസ്സ് മന്ത്രിച്ചത്...)

അവ കവിതയായി
പുനർജനിക്കാതിരിക്കാൻ
മുരടടക്കം
കൊത്തിയെറിയണം...

പറന്നു പറന്ന്...
വേരുകളറുത്ത്
വീണ്ടും
അകലേക്ക്
പാറണം....

സർവ്വതും
മായയെന്ന്
മനസ്സിനെ പഠിപ്പിക്കണം...
കിനാവിൽ
മാത്രമായി ജീവിക്കണം....
(ആഗ്രഹം)

  

Share :