Archives / August 2020

മഹ്‌റൂഫ സമദ് കാരക്കുന്ന്
കവിത

കുണ്ടം മുറിയിലെ 

തമസ്സിൽ നിന്നൊരു 

വെറ്റില ചെല്ലം 

ഓർമ്മകളുടെ 

കോലായിലേക്ക് 

നീട്ടി മുറുക്കി തുപ്പുന്നുണ്ട്,,, 

ചുക്കി ചുളിഞ്ഞ കൈകൾ 

ഓർമ്മയുടെ വാതായനങ്ങൾ 

തള്ളിത്തുറക്കാൻ 

പാടുപെടുന്നു,,, 

നരവീണ മുടിയിഴകൾ 

ഇടക്കിടെ ചുണ്ടുകളെ 

ഉമ്മവെക്കുന്നത് 

ഒലിച്ചിറങ്ങുന്ന തുപ്പലിനെ 

മറയ്ക്കാനാവാം,,, 

തിമിരം ബാധിച്ച 

ജാലകങ്ങളിലെവിടെയോ 

പ്രതീക്ഷയുടെ 

ചെറുചീന്ത് ശേഷിപ്പുണ്ട്. 

ഉടലാഴങ്ങളിൽ  

വിപ്ലവം സൃഷ്ടിച്ച് 

മുറിയിലെ ഇരുട്ടിനെ 

ഊതി ഊതി വെളുപ്പിച്ച് 

ഇന്നിൽ നിന്നും 

ഇന്നലകളിലേക്കൊരു 

ഓട്ടം വെച്ചു കൊടുക്കാൻ 

ഒരു കീറ് 

നാരങ്ങാ മിട്ടായിയുടെ 

മധുരം കൊണ്ടായെങ്കിൽ,,,, 

 


 

Share :