Archives / August 2020

രമ പി പിഷാരടി ബാംഗളൂർ
ദൂരെ

സ്നേഹതീരമരികിലുണ്ടെങ്കിലും

ദൂരെദൂരേയ്ക്ക് യാത്ര പോകുന്നു നാം

ദൂരെ ദൂരെയാണെന്നും കിനാവുകൾ

ദൂരെയാണെന്നുമോർമ്മതൻ താഴ്വര

ദൂരെയാണൊരു സൂര്യൻ, നിലാപ്പുഴ

ദൂരെയാണ് തിളങ്ങുന്ന താരകം

ദൂരെ നിന്ന് പ്രപഞ്ചം വിളിക്കുന്നു

ദൂരയാണെന്നുമാസ്വർഗ്ഗഗോപുരം

ദൂരെയാണ് പ്രതീക്ഷതൻ ദീപുകൾ

ദൂരെയാണ് നമുക്കുള്ള വീടുകൾ

ദൂരദൂരത്തിലെന്തെന്നറിയാതെ

ദൂരെമൊക്കെയളന്നെടുക്കുന്നു നാം

 

ദൂരദൂരത്തിലല്ലാതെ മുറ്റത്ത്

സ്നെഹമോടൊരു മുക്കുറ്റിപൂത്തതും

ദൂരമില്ലാതെ കണ്ണുനീർപ്പുല്ലിലെ

ജാലവിദ്യ ജലം തൊട്ടറിഞ്ഞതും

ദൂരെദൂരത്തിലല്ലാതെയാമ്പലിൻ

പൂവുകൾ  കൈയുയർത്തി വിളിച്ചതും

ദൂരെദൂരത്തിലല്ലാതെ  മൈനകൾ

നീൾമിഴിതുറന്നെന്നും ചിരിച്ചതും

ദൂരെദൂരത്തിലല്ലാതെ വാകകൾ

പൂപൊഴിച്ച് പ്രണയം പറഞ്ഞതും

ദൂരെദൂരത്തില്ലാതടുക്കളത്തീയിൽ

സ്വാദുകൾ നമ്മെ വിളിച്ചതും

പാതിനിർത്തിയ പിൻവിളിയൊന്നിലായ്

പാൽപ്പുഴകൾ കരഞ്ഞു നിറഞ്ഞതും

ദൂരെ ദൂരത്തിലേയ്ക്ക് നടക്കവെ

ദൂരമായിയകന്നു പോയീടവെ

നാൽച്ചുമരിൻ്റെയുള്ളിലായിന്ന് നാം

ദൂരമായി ചുരുങ്ങിയിരിക്കുന്നു

ദൂരമെല്ലാമളന്നു തീരാത്തപോൽ

ഭൂമി വീണ്ടും നടന്ന് നീങ്ങീടുന്നു.

Share :