Archives / july 2021

കുറിഞ്ചിലക്കോട് ബാലചന്ദ്രൻ
കവിതയുടെ മണം

   

ആറ്റൂർ രവിവർമ    കെ.ജി. ശങ്കരപ്പിള്ള   സച്ചിദാനന്ദൻ.

ആറ്റൂർ രവിവർമ .കെ.ജി. ശങ്കരപ്പിള്ള , എന്നിവർക്കൊപ്പം മലയാള കവിതയെ പുതിയ ദിശാബോധത്തിലേക്ക് നയിച്ച കവിത്രയത്തിലൊരാളാണ് സച്ചിദാനന്ദൻ. വിദേശ കവിത, വിശേഷിച്ച് യൂറോപ്യൻ സാഹിത്യം മലയാള യുവതയുടെ പ്രജ്ഞാബോധത്തിലും അബോധത്തിലും തറച്ചു നിറുത്തി ഇതാണ് കവിത ; ഇതായിരിക്കണം കാവ്യ യാനങ്ങൾ എന്നൊക്കെയുള്ള തെറ്റിദ്ധാരണ പരത്തുന്നതിൽ അറിയാതെയാണെങ്കിലും സച്ചിദാനന്ദൻ എന്ന കവിക്ക് ചെറുതല്ലാത്ത പങ്കുണ്ട്. വേരില്ലാതെ പറിച്ചുനടപ്പെടുന്ന ചെടികളായി നമ്മുടെ പല സാഹിത്യ യൗവനവും, വെള്ളവും വളവും വലിച്ചെടുത്ത് വളരാനാവാതെ മുരടിച്ചു പോയത് വളരെപ്പേരൊന്നും ശ്രദ്ധിച്ചിട്ടില്ല.

       ഇതിനെ സ്വാംശീകരിച്ചപ്പോഴും ഇഴയടുപ്പത്തെ പൊട്ടിച്ചെറിയാൻ കഴിഞ്ഞവർ മാത്രമെ ഇന്നും നിലനിൽക്കുന്നുള്ളു. തായ് വേരാഴ്ത്താൻ മണ്ണില്ലാതെ, ഏത് ഊഷരതയിലും വളരാമെന്നു കരുതുന്ന ഒരു പുതു തലമുറ മലയാള കാവ്യലോകത്ത് തലനീട്ടുന്നു എന്നത് കണ്ടിട്ടു കൂടിയാണ് ഈ ചിന്ത. ലോകത്തെ ഏത് സാഹിത്യവും പഥ്യമാകണം. പക്ഷെ അത് , അവനവന്റെ മണ്ണിൽ നിലയുറപ്പിച്ചാകണം. മണ്ണിന്റെ ഉർവരതയോ മണമോ ഗുണമോ അറിയാതെ എത്ര ആഴത്തിൽ കുഴിച്ചാലും കലക്കവെള്ളമേ കിട്ടുകയുള്ളു.

       ഒന്നു പറയട്ടെ, സച്ചിദാന്ദൻ എനിക്ക് ഏറ്റവും പ്രിയപ്പെട്ട കവിയാണ്. പാശ്ചാത്യസാഹിത്യത്തിലേക്ക് ഒരു കിളിവാതിലല്ല; വാതായനം തന്നെ തുറന്നിട്ട കവിയാണദ്ദേഹം. അത് മലയാള സാഹിത്യത്തിന് ഏറെ ഗുണകരവുമായിട്ടുണ്ട്. കവിയശ്ശ പ്രാർത്ഥികൾ അതിനെ തെറ്റിദ്ധരിച്ചു എന്നതാണ് കാതലായ വിഷയം.

       തനി പച്ച മണ്ണിൽ ചവിട്ടി നിന്നാണ് സച്ചിദാനന്ദൻ കവിതകൾ എഴുതുന്നത് എന്ന യാഥാർത്ഥ്യം പാവം നമ്മുടെ യുവത മനസ്സിലാക്കാതെ പോയി. അതിന് ഏറ്റവും നല്ല ഉദാഹരണവുമായി മാതൃഭൂമി ആഴ്ചപ്പതിപ്പ് ലക്കം 23 ൽ  " അയോധ്യ: ഒരാത്മഗതം( ഓഗസ്റ്റ് 5, 2020) " എന്ന കവിതയുമായി , സച്ചിദാനന്ദൻ !

         ത്രേതായുഗത്തിൽ നിന്നെങ്ങോ വരുന്ന കാറ്റിൽ തേരിൽ വന്നിറങ്ങുന്ന രാമൻ . തല കുനിച്ചു നിന്ന് . തനിക്കറിയാത്ത അയോധ്യയല്ലാത്തൊരയോധ്യയിൽ നടക്കുന്ന ഹീനതയിൽ മനം നൊന്ത് വിലപിക്കുകയാണ് കവിതയിൽ . പണിതുയർത്തുന്ന ഗേഹമൊന്നും തനിക്കുള്ളതല്ല; തനിക്കിതൊന്നും കരണീയവുമല്ല." അപര വിദ്വേഷ ശിലകളാൽ തീർത്ത/ തടവറയല്ലെൻ ഭവനം കാരുണ്യം" എന്നു പറഞ്ഞ് പെരുമഴയിൽ മിന്നലായ് മറഞ്ഞു പോകുന്ന രാമന്റെ ദുഃഖം. അതിതീക്ഷ്ണ ഭാവത്തിൽ കവി അവതരിപ്പിക്കുന്നു. വർത്തമാന ഇന്ത്യൻ അവസ്ഥയുടെ പേടിപ്പെടുത്തുന്ന ദുരൂഹത വളരെ ഭയമായി അടിവരയിടുക കൂടി ചെയ്യുന്നു ഈ കവിത. തനി മലയാളത്തിൽ, ഫലഭൂയിഷ്ടമായ ഭാഷാമണ്ണിൽ ചവിട്ടി നിന്ന് . അതിന്റെ ചൂടും ചൂരും ആവോളം നുകർന്നാണ് സച്ചിദാനന്ദൻ ഈ കവിത രചിച്ചിരിക്കുന്നത്. പടിഞ്ഞാറ് മാത്രം നോക്കിയിരുന്ന് ഭ്രാന്ത ജല്പനങ്ങൾ നടത്തുന്ന; ആർക്കും ഒന്നും മനസ്സിലാകാതെ . ഇളം താളിച്ച വാക്കുകൾ കുറിക്കുന്ന പുതുകവികൾ ഈ കവിത വായിക്കണം; അല്ല , പഠിക്കണം.

വൈലോപ്പിള്ളി

കെ.രാജഗോപാൽ  

ഇതേ ലക്കത്തിൽ . കെ.രാജഗോപാലിന്റെ മണ്ണിന്റെ മണമുള്ള മറ്റൊരു കവിത വായിക്കുന്നു. " പതികാലം(ആറ്റൂരോർമ). ആധുനിക മലയാള കവിതക്ക് പുതു ബോധം പകർന്ന ആറ്റൂർ രവിവർമ്മയെ അനുസ്മരിക്കുന്നു. ഈ കവിത. ചർച്ച ചെയ്യുന്ന വിഷയത്തിൽ, യാദൃശ്ചികമെന്നവണ്ണം അറ്റൂരോർമ്മ വന്നുപെടുന്നു. മേള പ്രിയനായ ആറ്റൂരിനെ ഒരു മേളപ്പെരുക്കത്തിെന്റെ പശ്ചാത്തലത്തിൽ, മേളത്തിന്റെ താളത്തിൽ, കവി അനുസ്മരിക്കുകയാണ്." സഹ്യനെക്കാൾ തലപ്പൊക്കം/ നിളയെക്കാളുമാർദ്രത" എന്നു തുടങ്ങുന്ന സഹ്യന്റെ മകൻ എന്ന ആറ്റുരിന്റെ വൈലോപ്പിള്ളി സ്മരണ ഇവിടെ ഓർത്തുപോന്നു. അതിറോട് ചേർത്തു വയ്ക്കാവുന്ന ഒരു മനോഹര സൃഷ്ടിയാണ് ഈ കവിതയും. ഈ കവിതയിലെ " എത്രമേൽ ലാളിച്ചു നാം/ വഷളാക്കുന്നു വാക്കി-/ ന്നാരു പോക്കുവാൻ, ചിന്തേ-/ രോടിച്ചു മിനുക്കുമ്പോൾ ?" എന്ന് കവിയോടൊപ്പം സന്ദേഹിച്ചു നിൽക്കാനെ കഴിയുന്നുള്ളു.

         ജ്യോതിബായ് പരിയാടത്ത്       

തുടർന്ന് ജ്യോതിബായ് പരിയാടത്ത് മഹാത്മ എന്നൊരു കവിത എഴുതിയിരിക്കുന്നു. വായിച്ചു തുടങ്ങിയപ്പോൾ , ഭാഷാത്മകവും താളാത്മകവുമായതിനാൽ നല്ല കവിതയാകും എന്ന് പ്രതീക്ഷിച്ചു. ചെറുപ്പത്തിൽ ഒപ്പം പഠിച്ച ഒരാളുടെ ഉച്ചാരണ വൈകല്യത്തെ പറ്റിയാണ് പറയുന്നത്. അതിന് മഹാത്മാ ഗാന്ധി എന്ന പേര് ഉപയോഗിച്ചത് തികച്ചും അക്ഷന്തവ്യമായി തോന്നുന്നു. മഹാത്മാവിനോട് ഇത്രയും അനാദരവ് കവിതയിലെന്നല്ല; ഒരിടത്തും പൊറുക്കാവുന്നതല്ല. പക്ഷെ, ഈ കവിക്ക് കവിത എന്തെന്നും എങ്ങനെ കവിത എഴുതണമെന്നും നന്നായറിയാം. മണ്ണിൻ മണം നന്നായടിക്കുന്നുണ്ട്.

ഇതേ ആഴ്ചപ്പതിപ്പിൽ തന്നെ ഗാന്ധിജിയെ ഓർക്കാൻ ഒരു സദ് കഥകൂടി വായിക്കുന്നു-- പി.ജെ.ജെ ആന്റണിയുടെ ദണ്ഡി യാത്ര . 'മുഷ്ഹാരികൾ' എന്ന ഉത്തരേന്ത്യൻ ദളിതുകളുടെ അടിമക്കഥ . ഭൂമിഹാർ മാരായ സമ്പന്നർക്കു വേണ്ടി അടിമ ജോലി ചെയ്യാൻ വിധിക്കപ്പെട്ട നിരാലംബരായ മനുഷ്യർ. സ്വാതന്ത്ര്യം ലഭിച്ച് ഒരു നൂറ്റാണ്ടാകാറായിട്ടും. അത് അറിയുക പോലും ചെയ്തിട്ടില്ലാത്ത പാവങ്ങൾ ; ഇന്ത്യയുടെ ഇരുട്ട്. മഹാത്മജി ആഗ്രഹിച്ച ഇന്ത്യയിലേക്ക് ഒരിക്കലും ഉയർത്തപ്പെടാത്ത ദലിദ് ജീവിതം . ഇവിടെ ദണ്ഡി യാത്ര ദണ്ഡനം ഏൽക്കാൻ വേണ്ടി . യാതനകൾ സഹിച്ച് ജമീന്ദാർക്കു മുന്നിലെത്തുന്നവന്റെ യാത്രയാണ്. ലളിത ഭാഷയിൽ . യാതൊരു ഗിമ്മിക്കുകളുമില്ലാതെ നന്നായി കഥ പറഞ്ഞിരിക്കുന്നു. അതിഥി തൊഴിലാളികളുടെ നാടായ കേരളത്തിൽ എത്തുക എന്നതാണ് ഈ കഥയിലെ മുഖ്യ കഥാപാത്രമായ മോഹൻ ദാസിന്റെ അത്യന്തിക ലക്ഷ്യം. കാരണം, ഇവിടെ നല്ല കൂലി മാത്രമല്ല. ആരോഗ്യ സംരഷണവും വിദ്യാഭ്യാസവും സൗജന്യമായി ലഭിക്കുമെന്ന് അവൻ കേട്ടിരിക്കുന്നുവത്രെ! മറ്റൊന്ന്. കോവിഡ് വ്യാപനത്തിന്റെ . രാജ്യം അടച്ചിടപ്പെട്ടതിന്റെ ദുരിതയാതനകൾ ഈ കഥ പറയാതെ പറയുക കൂടി ചെയ്യുന്നുണ്ട്.
മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1173

     

 ടി.പി. വിനോദിന്റെ കളിയുടെ നിയമങ്ങൾ എന്ന കവിത. നശ്വരതയെ ശ്വാസം പിടിച്ച് അഭിമുഖീകരിക്കുന്നതിനെക്കാൾ അർഥവും ആവേശവുമുള്ള കളികളൊന്നും ഇതേ വരെ കളിച്ചിട്ടും കണ്ടിട്ടുമില്ല എന്ന തിരിച്ചറിവ് തരുന്ന ഒരു നല്ല കവിത. പറയേണ്ടത് നേരെ ചൊവ്വേ പറയുന്നു, എന്നതു മാത്രമല്ല; പറയേണ്ടതു മാത്രം പറയുന്നു എന്നതു കൂടിയാണ് ഈ കവിതയുടെ വിജയം.

       തുടർന്ന് അക്ബറിന്റെ സ്വയം കാണുമ്പോൾ എന്ന കവിത വായിക്കുമ്പോൾ പ്രതീക്ഷ അസ്തമിക്കുന്നു. ഒന്നും പറയാനില്ലാതെ വരിക. കുറേ വാക്കുകൾ ലയാത്മകമായി അടുക്കുക, അതിനെ കവിത എന്നു വിളിക്കുക ! 

         സുറാബിന്റെ ഇരുളാകും നേരം വായിക്കുമ്പോൾ , കവിത എഴുതാനറിയാവുന്ന ഒരാൾക്ക് ആശയമില്ലാതെ വരുമ്പോഴുള്ള ശൂന്യത വെളിപ്പെടുത്തുന്നു കവിതയായി എന്തെങ്കിലും എഴുതിയേ തീരൂ എന്ന് അദ്ദേഹത്തിന് നിർബന്ധമുള്ളതുപോലെ തോന്നുന്നു.
 ചന്ദ്രിക ആഴ്ചപ്പതിപ്പ് ലക്കം 45ൽ വേണ വി ദേശം എന്ന ശ്രദ്ധേയനായ കവി, ഏത് ഗർത്തത്തിനും ഒരടിത്തട്ടുണ്ട് എന്ന പേരിൽ ഒരു കവിത എഴുതിയിരിക്കുന്നു. തലക്കെട്ടിൽ നന്നായി കവിത വിരിയുന്നുണ്ട്. പക്ഷെ, കവിതാ ഗാത്രത്തിൽ ഒന്നുമില്ല. ടോൾസ്റ്റോയിയെപ്പറ്റിയാണ് പറയുന്നത്. ഭാര്യ സോഫിയ , ഇവാൻ ഇലിച് , മാസ്ലോവ എന്നീ കഥാപാത്രങ്ങളൊക്കെയും കടന്നുവരുന്നു. കവിത മാത്രം പടിയിറങ്ങിപ്പോയിരിക്കുന്നു. ആ വിഖ്യാത എഴുത്തുകാരനെ പറ്റി പറയാൻ ഇങ്ങനെ കവിതയെ കൂട്ടുപിടിക്കേണ്ടതുണ്ടായിരുന്നോ? സ്മരണയാണെങ്കിൽ, ഒരു കുറിപ്പെഴുതിയാൽ മതിയാകുമായിരുന്നു.

       നിറുത്തുകയാണ്. മണ്ണിന്റെ മണമുള്ള ചില നല്ല കവിതകൾ . ഒട്ടും സന്തോഷം തരാത്ത ചില ചുമടെടുപ്പുകൾ, സംതൃപ്തി തന്ന കഥ .... വിസ്താര ഭയം! നന്ദി. നമസ്ക്കാരം.

Share :