Archives / july 2021

കുളക്കട പ്രസന്നൻ
കോർപ്പറേറ്റുകളുടെ അവകാശ അധികാര പരിധിയിൽ വരുന്നതാണോ ഭൂമി

കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ മരണം അര ലക്ഷം കഴിഞ്ഞു. ജനങ്ങളുടെ ശ്രദ്ധ കൊവിഡ് പ്രതിരോധത്തിലും. മൊബൈൽ ഫോണിലേക്ക് വിളിച്ചാലും ദൃശ്യമാധ്യമങ്ങൾ തുറന്നാലും പത്രങ്ങൾ തെരഞ്ഞാലും രണ്ടാൾകൂടുന്നിടത്തും കൊവിഡ് വിഷയമാണ് ചർച്ച. ഇതിനിടയിൽ നിലവിലെ നിയമങ്ങൾ മാറ്റിമറിച്ച് കോർപ്പറേറ്റുകൾക്ക് സഹായകരമാക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സർക്കാർ എൻവയോൺമെൻറൽ ഇംപാക്ട് അസസ്മെൻറ് അഥവാ പാരിസ്ഥിതിക ആഘാത പഠനത്തിൻ്റെ കട് വിജ്ഞാപനം ഇറക്കുന്നു . കേന്ദ്ര സർക്കാരും കോർപ്പറേറ്റുകളും തമ്മിലുള്ള ചങ്ങാത്തം രഹസ്യമല്ല. മുതലാളിത്ത ചങ്ങാത്തത്തിൻ്റെ ഫലമായി തൊഴിൽ നിയമ ഭേദഗതികൾ വരുത്തി കഴിഞ്ഞു. 

എതിർ ശബ്ദമുണ്ടാകാതിരിക്കാൻ പല വിധത്തിലാണ് കാര്യങ്ങൾ നീക്കുന്നത്. അതിലൊന്നാണ് മഹാമാരിയുടെ മറവിൽ പ്രകൃതി കൊള്ളയ്ക്ക് നീക്കമുണ്ടായിരിക്കുന്നത്.

പണ്ട് ഭൂമി അവകാശികൾ സകല ചരാചരങ്ങളുമായിരുന്നു. കൃഷിക്കു വേണ്ടി കുറെ സ്ഥലം ഒരുക്കൂട്ടം ആളുകൾ ആവാം  ആദ്യമായി അതിരു തിരിച്ചത്. വന്യ ജീവികളുടെ ആക്രമണത്തിൽ നിന്നും കാർഷിക വിളകളെ സംരക്ഷിക്കാൻ വേലിക്കെട്ടി കാണും.അവിടം പിന്നീട് കയ്യൂക്കുള്ളവൻ്റെ സ്ഥലം എന്ന നിലയിലായി കാണും. ഭൂമിയുടെ മേൽ  അവകാശികളായി രംഗ പ്രവേശം ചെയ്തവർ പിൽക്കാലത്ത് ജന്മികളും ഉടമകളും ലക്ഷപ്രഭുക്കളും ഒക്കെ ആയിട്ടുണ്ടാവും. പക്ഷെ, പാരിസ്ഥിതികമായ സംരക്ഷണം എന്നതിന് ഇക്കൂട്ടർ പ്രാധാന്യം നൽകി പോന്നു. ഒരു മരം വെട്ടുന്നതിനു മുമ്പെ അതിലെ കിളികളോടും വള്ളി പടർപ്പുകളോടും അനുവാദം ചോദിച്ച ശേഷമാണ് ആ മരം മുറിക്കപ്പെട്ടത്. അതൊരു സംസ്കാരമായിരുന്നു. ഇന്നതു മാറിയിരിക്കുന്നു. പരിസ്ഥിതി ദ്രോഹം ഒരാചാരമായി രൂപപ്പെട്ടിരിക്കുന്നു എന്നു പറയാം.

ആമസോൺ കാടുകൾക്ക് തീയിട്ട്  അവിടം നഗരപ്രദേശമാക്കാൻ ശ്രമിക്കുന്ന വർഷമാണ് കടന്നു പോയത്. ഓക്സിജൻ്റെ കലവറ എന്നറിയപ്പെടുന്ന ഒരു വനമേഖലയാണ് ആമസോൺ കാടുകൾ എന്നറിയപ്പെടുന്നത്. അവിടുത്തെ ആദിവാസികളെ കുറിച്ചു വേവലാതിപ്പെടുന്നില്ല, ഔഷധസസ്യങ്ങളെ സംബന്ധിച്ച് ഉത്കണ്ഠപ്പെടുന്നില്ല. ആ കാടുകൾ കത്തിയെരിയുമ്പോൾ ഒരു ഭരണാധികാരി ചോദിച്ചത് ബോംബിട്ട് തീ കെടുത്താൻ പറ്റുമോ എന്നാണ്. ഭരണം ഉന്മാദമാകുമ്പോൾ ചോദ്യം നേർവഴിയാകണമെന്നില്ലല്ലോ.

പാരിസ്ഥിതിക സംരക്ഷണം ഉത്തരവാദിത്തമായി ഭരണകൂടങ്ങൾ കരുതേണ്ടുന്നതിനു പകരം നാശോന്മുഖമായ നിലയിലേക്ക് പോവുക എന്നത് പരിസ്ഥിതി സംരക്ഷണത്തിനായുള്ള പോരാട്ടത്തിലേക്ക് ജനങ്ങളെ കൊണ്ടെത്തിക്കും. ആരോഗ്യമേഖലയിലെ ചൂഷണം, തൊഴിൽ ചൂഷണം തുടങ്ങി എല്ലാ വിധ ചൂഷണങ്ങളുടെയും പര്യായമാണ് കോർപ്പറേറ്റ് സംവിധാനം. മനുഷ്യരെ മത്സരാധിഷ്ഠിത പ്രവണതയുണ്ടാക്കി അവരുടെ വിയർപ്പും ചോരയും സമയവും പരമാവധി വേഗം ലാഭകരമാക്കി എടുത്ത ശേഷം ചവറ്റുകുട്ടയിലേക്ക് കളയുന്ന ഉല്‌പന്നങ്ങളാണ് കോർപ്പറേറ്റുകൾക്ക് മനുഷ്യൻ എന്ന സംവിധാനം . അതേപ്പോലെ പ്രകൃതിയേയും കഴിയും വേഗത്തിൽ ചൂഷണം ചെയ്യാനായി അവസരമൊരുക്കുകയാണ് കോർപ്പറേറ്റുകൾ.

ലോകത്ത് ചെറുതും വലിയതുമായ പാരിസ്ഥിതിക ചൂഷണം നടക്കുന്നു. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വായു മലിനീകരണമടക്കമുള്ള ദ്രോഹങ്ങൾ കണക്കുക്കൂട്ടാൻ പറ്റാത്ത വിധം നടക്കുന്നു. കോർപ്പറേറ്റ് ദാസന്മാരായി കഴിഞ്ഞ ഭരണകൂടങ്ങൾ ആവാസ വ്യവസ്ഥയെ മാനിക്കുന്നില്ല.

നമ്മുടെ നാട്ടിൽ ഒരു ഫാക്ടറി വരണമെന്നുണ്ടെങ്കിൽ അതിൻ്റെ നിർമ്മാണം തുടങ്ങും മുമ്പേ ഒരു വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അണ് പദ്ധതിക്ക് അനുമതി നൽകുന്നത് എങ്കിൽ മുൻകൂർ അനുമതിയില്ലാതെ നേരിട്ട് നിർമ്മാണ പ്രവർത്തനം തുടങ്ങാൻ കഴിയുന്ന വിധമാണ് പുതിയ കരട് വിജ്ഞാപനം . നാട്ടുകൾക്ക് പദ്ധതിയെ സംബന്ധിച്ച് ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ പരാതിപ്പെട്ടാലും അതുകൊണ്ട് ഫലമില്ല. വാതകചോർച്ച പോലുള്ള വിഷയങ്ങൾ ഉണ്ടായാലും അതിനുള്ള നടപടിക്രമങ്ങളും കമ്പനിയുടെ താല്പര്യാർത്ഥം ആകും കൈകാര്യം ചെയ്യുക . 

പാരിസ്ഥിതിക ആഘാത പoനത്തിൻ്റെ കരട് വിജ്ഞാപനം നടപ്പിലായാൽ സ്ഫോടനാത്മകമായ സാഹചര്യമാവും സംജാതമാവുക. പൊതു മാലിന്യ സംസ്കരണ പ്ലാൻ്റുകൾ, നഗരമാലിന്യ സംസ്കരണ പ്ലാൻ്റുകൾ, ദേശീയപാതക് എന്നിവ പ്രകൃതി ലോല പ്രദേശങ്ങളിൽ നിന്ന് 5 കിലോമീറ്ററിൽ കുറവ് ദൂരത്താണെങ്കിൽ അവയെ നിർബന്ധ പരിസ്ഥിതി ആഘാത പഠനം വേണ്ട പദ്ധതികളിൽ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ ഉൾപ്പെടെ ഇഐ എ 2020ൽ ഉൾപ്പെടുന്നു.

കേരളം സ്ഥിരമായി പ്രകൃതിക്ഷോഭത്തിൻ്റെ നാടായി കഴിഞ്ഞു. പരിസ്ഥിതി ലോല പ്രദേശങ്ങൾ സംരക്ഷിത മേഖലയായി മാറേണ്ടുന്ന ഘട്ടത്തിലാണ് അഞ്ചേക്കർ സ്ഥലത്തെ ഖനനത്തിന് പാരിസ്ഥിതികാനുമതി വേണ്ട എന്ന കരട് വിജ്ഞാപനം നടപ്പിലായാൽ കേരളത്തിൻ്റെ അവസ്ഥ എന്താവും.

കാഴ്ചയുള്ളപ്പോൾ കണ്ണിൻ്റെ വില അറിയില്ല എന്നു പറയുന്നതുപോലെയാണ് പരിസ്ഥിതി. പരിസ്ഥിതി സംരക്ഷിച്ചു പോരുന്നതിൽ വന്ന പോരായ്മയാണ് കേരളം ഉൾപ്പെടെ നേരിടുന്ന പാരിസ്ഥിതിക വിഷയങ്ങൾ. തിമിര ബാധയേറ്റ കാഴ്ചപ്പോലെയായി നമ്മുടെ പ്രകൃതി. അതിനി കൂടുതൽ പരിക്കേൽക്കും വിധമാകരുത് പാരിസ്ഥിതിക അനുമതി.

കമൻ്റ്: കുടിവെള്ളം കച്ചവട സാധനമായി മാറ്റിയത് എങ്ങനെയാണ്. നമ്മുടെ പുഴകളും തോടുകളും കിണറുകളും മലിനമാക്കി. അതുപോലെ വായുവും അശുദ്ധമാക്കുന്നു . ഇപ്പോൾ ഓക്സിജൻ സിലിണ്ടറുകൾ വിൽക്കുന്ന പാർലറുകൾ തുടങ്ങി. ഇന്നലെകളിൽ നമ്മുടെ സ്വന്തമായിരുന്നു ഈ പ്രകൃതി. അതിലെ കുടിവെള്ളവും വായുവും സൗജന്യമായിരുന്നു. കോർപ്പറേറ്റ് യുഗത്തിൽ ഇനിയെന്താണ് സൗജന്യമായിട്ടുള്ളത് ?
 

Share :