Archives / july 2021

അഞ്ജുഷ സുകി
ശവക്കുഴി

ലൂയി ശവക്കുഴി എടുക്കുന്ന റപ്പായിയുടെ 14 വയസ്സുള്ള മകനാണ്.
മരണം വരും ഒരു നാൾ
ഓർക്കുക മർത്യാ നീ
കൂടെ പോരും നിൻ ജീവിത ചെയ്തികളും
സൽകൃത്യങ്ങൾ ചെയ്യുക നീ
അലസത കൂടാതെ........

''ടാ....!!  മത്തായിയെ...!
എടാ ഉവ്വേ.......!
ആരാടാ മഞ്ചേല് ?"
ജനസേവകൻ എന്നു അവകാശപ്പെടുന്ന ഒരു വാർഡ് കൗണ്സിലർ. ശവമെടുപ്പിന്റെ ആൾക്കൂട്ടത്തിൽ നിന്നും മത്തായി പുറകിലേക്ക് ആണ്ടു.

";ഹായ്...! ബെസ്റ്റ് കൗണ്സിലർ....!
നിങ്ങൾ അപ്പോ ഒന്നും അറിഞ്ഞില്ല…?"

"നീ കാര്യം പറ, അറിഞ്ഞ ഞാൻ നിന്നോട് ചോദിക്കാൻ നിക്കോട ചെക്കാ?

"മ്മടെ പൗലാച്ചൻ ആണ്"

"എന്റെ കർത്താവേ.... !ഞാൻ കാലത്തു കൂടെ തോട്ടത്തിൽ കണ്ടതാണല്ലാ...?എന്നാ പറ്റിയതാ??"

"അതല്ലേ തമാശ!
"തേങ്ങാ വീണതാണ്"

മരിപ്പാണ് എന്ന തോന്നൽ ഇല്ലാത്ത ചിരി പടർന്നു പിടിച്ചു കൗൺസിലറുടെ മുഖത്ത്.

മത്തായി വേഗം വന്ന ചിരിയെ ഒതുക്കി, നല്ല സ്റ്റൈലൻ ദുഃഖ മുഖമിട്ട് ശവത്തിന്റെ പുറകേ ഓടി.

രണ്ടു പൈൻറ് തന്ന ബലത്തിൽ റപ്പായി കുഴിയെടുത്തു ശവപറമ്പിൽ കാത്തു, ഇത്തവണ റപ്പായിയുടെ കൂടെ ലൂയി പോന്നു. അപ്പന്റെ പണി പഠിക്കാൻ.

ഒപ്പീസിന് ശേഷം ശവം കുഴിയിലേക്ക് വെക്കുമ്പോൾ ഒരു കൂട്ട നിലവിളിയുണ്ട്.

"ഈ ലോകജീവിതത്തിൽ നിങ്ങൾക്കു ലഭിക്കുന്ന മികച്ച അഭിനന്ദനങ്ങൾ. മുകളിലേക്ക് പായിക്കുന്ന വെടിയൊച്ചകളെക്കാളും, സ്നേഹകടലിൽ അലറിയടിക്കുന്ന തിരമാലകൾ*

നിരീക്ഷണങ്ങൾ രേഖപ്പെടുത്തുന്ന 14 ആ നിലവിളിയെ എടുത്തു വെച്ചു. പൗലാച്ചനെ അവസാനമായി ഒന്നു ശരിക്കു നോക്കി.  കുളിപ്പിച്ചു വെള്ള കുപ്പായം ഇട്ടിട്ടുണ്ട്. പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.കൈകൾ കൂപ്പി നിർത്തിയിരിക്കുന്നു. കാലിലെ തള്ളവിരൽ കെട്ടിവെച്ചിരിക്കുന്നു. മുഖം തണുത്തു വെറുങ്ങലിച്ചിട്ടുണ്ട്. ശവം കുഴിയിൽ വെച്ചു ഒരു പിടി മണ്ണ് പ്രിയപ്പെട്ടവർ എറിയുന്നു.   കഴിഞ്ഞു....!

തിരക്കുളളവർ ഓരോരുത്തരായി മടങ്ങി.കഷ്ടപ്പെട്ട് ഒരു ചടങ്ങു തീർത്ത മാത്രയിൽ ക്ഷീണിച്ച മുഖങ്ങൾ പതിയെ
സങ്കടത്തെ ഉൾകൊള്ളുന്നു. കണ്ടുനിൽക്കാൻ ആകാതെ പൗലാച്ചന്റെ ഭാര്യ മയങ്ങി. ചാഞ്ഞു വീണ അമ്മച്ചിയെ ലിസയും എബിയും കൂടി താങ്ങി അപ്പുറത്തുള്ള തിണ്ണയിൽ ഇരിത്തി.
 

"അമ്മച്ചി എന്തിനാണ് കരയുന്നേ??
 കർത്താവ് വിളിച്ചാ പോകണ്ടായോ..…??
അമ്മച്ചിക്ക് ഞങ്ങൾ ഇല്ലേ..…??"

വിദേശത്തു സ്ഥിരതാമസമാക്കിയ രണ്ടു മക്കളും വലിയ വാഗ്‌ദാനങ്ങൾ നൽകുന്നു. റപ്പായി കുഴി മൂടി. അന്നേരം, ലൂയി ഒഴിച്ചു വേറെ ആരും അവിടെ ഉണ്ടായിരുന്നില്ല. പൗലാച്ചനു ഇനി സ്വന്തം ഈ ആറടി മണ്ണ്, കൂട്ട് പുഴുക്കളും മറ്റും.

ലൂയിയുടെ വീട്ടിൽ

ഏഴ് മണിക്ക് കുരിശു വരച്ച് ലൂയി അമ്മച്ചിയോട് ഒരു ചോദ്യം.

"ഞാൻ മരിച്ചാ, നിങ്ങൾ എന്നെ മണ്ണിന്റെ അടിയിലാക്കി പോകോ...?

ലൂയിക്കു ശ്വാസം കിട്ടേല..!
ഇരുട്ടത്ത്...!എനിക്ക് പേടിയാ."

"നിനക്കു ഇതു എന്നാ പറ്റി ലൂയി...?  ഓരോ ചോദ്യം കൊണ്ടു വന്നേക്ക. അപ്പർത്തെങ്ങാനും പോയി ഇരുന്നു പഠിച്ചേടാ!
ചെക്കൻ മുട്ടയിൽ നിന്നു വിരിഞ്ഞീല അപ്പോഴേക്കും അവനു മരണം. എല്ലാ, നിന്നെയല്ല! അപ്പായ്യിനെ പറഞ്ഞ മതി.
 ഈ ചെറുതിനെ കൊണ്ടുവേണ്ട എന്നു ഞാൻ പറഞ്ഞതാ. അപ്പോ,  എന്തൊക്കെയായിരുന്നു?? അവൻ എന്റെ മോനാണ്‌. നല്ല ധൈര്യമുള്ളോനാണ്.  ഇപ്പോ എന്തായി....:"
പറയാനുള്ളത് എല്ലാം ഇട്ടു അടുപ്പിൽ ഒരൊറ്റ ഊദാ, ലൂയിയുടെ അമ്മച്ചി.
"ഹൂ.............”

ലൂയിക്കു പക്ഷേ, ആകെ എടങ്ങേറായി. തുറന്ന പുസ്തകം എല്ലാം അടച്ചു പൂട്ടി, കുഴിയിലേക്കു കാലും നീട്ടി ഇരിപ്പുള്ള അമ്മാമച്ചിയുടെ മുറിയിലേക്ക് വെച്ചു പിടിച്ചു.
"അമ്മാമച്ചി......";
"പൗലാച്ഛനെ എന്തിനാ മണ്ണിനടിയിൽ കുഴിച്ചിട്ടേ? അവിടെ ശാസ്വം കിട്ടോ?എന്തിനാ വെള്ള കുപ്പായം? പൂക്കൾ എന്തിനാ? എന്തിനാ ഒരു പിടി മണ്ണെറിഞ്ഞത്...?"
അമ്മാമച്ചി നിഷ്കളങ്കമായ ആ ചോദ്യത്തിൽ ചിരി പൂണ്ട് പറഞ്ഞു.
"എന്റെ ലൂയി..!
ബാ, ഇവിടെ വന്നു ഇരുന്നേ നീ, എന്റെ കാലിൽ ഒന്നു തടവിയേടാ.അമ്മാമച്ചി പറഞ്ഞു തരാം. എന്റെ കൊച്ചിനിപ്പോ എന്താ ഇത്രക്ക് സംശയം...."
ലൂയി പിന്നെയും ആ ചോദ്യങ്ങൾ ആവർത്തിച്ചു.
ചുമരിൽ തൂക്കിയിരുന്ന അപ്പാപന്റെ പടം കാട്ടി അമ്മാമച്ചി പറഞ്ഞു,
"നിന്റെ പാപ്പൻ മരിച്ചിട്ട് ഇപ്പോ, എവിടെയാണ് എന്നു അറിയോ.."
"എവിടെ....?"

"സ്വർഗ്ഗത്തിൽ കാണണം. അതിയേൻ എന്റെ അടുത്തു ഒന്നും ഒളിപ്പിച്ചിട്ടില്ലെങ്കിൽ."

"നമ്മൾ മനുഷ്യർ മരിച്ചാൽ പിന്നെ ബാക്കി ജീവിതം ഒന്നെങ്കിൽ സ്വർഗ്ഗം അല്ലെങ്കിൽ നരകത്തിലാകും....."

ലൂയി പയ്യെ തടവു നിർത്തി. അമ്മാമച്ചി പറയുന്നതു നോക്കി വായും പൊളിച്ചു ഇരിപ്പായി.
"ഈ രണ്ടു സ്ഥലത്തേക്കും മനുഷ്യരെ പറഞ്ഞയക്കുന്നതിനു മുൻപ് നമ്മൾ ചെയ്യ്ത നല്ലതും ചീത്തയുമായ കാര്യങ്ങൾ പരിശോധിക്കും. പിന്നെ…! നോക്കേണ്ടായോ ലൂയി??"

"ഉം....."

'ചുരുക്കത്തിൽ പറഞ്ഞാൽ......…! അവിടെ വെച്ചു നമ്മടെ പ്രവർത്തികൾ അനുസരിച്ചു ദൈവം കല്പിക്കും"

"അപ്പോ .....?"
ലൂയി ഒരു ആലോചനയും കൂടാതെ ഒരൊറ്റ ചോദ്യം ആണ്.
"സ്‌ട്രൈറ്റ് നരകം ആണേൽ പിന്നെ വെറുതെ എന്തിനാ പുത്തൻ കുപ്പായം...?"
അമ്മാമച്ചി ലൂയിയെ തട്ടി ഒരു ഒന്നൊന്നര ചിരിയങ്ങു പാസാക്കി.
"അതു അമ്മാമച്ചിക്കു ഇഷ്ടപ്പെട്ടു....!
ഹ.......ഹ......"
അപ്പോഴേക്കും മുറിയുടെ പുറത്തു, വാതിലും ചാരി നിന്നിരുന്ന ലൂയിയുടെ
അമ്മച്ചി ചിരിച്ചുക്കൊണ്ട്,

"ട ചെക്കാ, ഹ...! പോയി അത്താഴം കഴിച്ചേനട..!
പുത്തൻ കുപ്പായം എടുത്തു വെച്ചിട്ട്, പോയി കഞ്ഞി കുടിക്ക്"
"ഓഹ്.....!
"എനിക്ക് കഞ്ഞി വേണ്ട. ഞാൻ ഇതൊന്നു കേട്ടോട്ടെ..!"

"ദാ ലൂയി..! "
അമ്മച്ചി അല്പം തറപ്പിച്ചു പറഞ്ഞു.

ലൂയി മടിച്ചു മടിച്ചു എഴുന്നേറ്റ്, പോകുമ്പോൾ അമ്മാമച്ചിയോട് പറഞ്ഞു.
"ദേ എത്തി...."
അമ്മാമച്ചിക്കുള്ള കഞ്ഞി നീട്ടിക്കൊണ്ട് ലൂയിയുടെ അമ്മച്ചി,
"അമ്മച്ചി, ദേ കഞ്ഞി....!"
 “കഞ്ഞി...!
 പെണ്ണേ നീ അവന്റെ കുപ്പിയിൽ നിന്നു ഒരു ഗ്ലാസ് ഒഴിച്ചേടി.…!”
"ഈശോയെ...!
ഞാൻ ഇല്ല, എനിക്ക് പേടിയാണ്"

“ എടി, എനിക്ക് ആണെന്ന് പറഞ്ഞാൽ മതി, അവൻ ഒന്നും പറയേല്ലടി”.

"ആ....! അതു ഞാൻ കഴിഞ്ഞ തവണ ചീത്ത കേട്ടു മനസിലാക്കിയിതാണ്'
റപ്പായി എത്തും മുൻപെ ഒരു ഗ്ലാസ് വൈറ്റിലാക്കി.
“അല്ലേലും നീ സ്നേഹമുള്ളവളാടി.....!”

ലൂയി വേഗം അത്താഴം തീർത്തു പാഞ്ഞു എത്തി.
''അമ്മാമച്ചി,  എന്നിട്ട്.....?"

“ആ, നീ എത്തിയാ ?”
ജനൽ പാളിയിലൂടെ ആകാശത്തേക്ക് ചൂണ്ടി അമ്മാമച്ചി പറഞ്ഞു.
“ലൂയി, നിനക്കു അറിയാവോടാ..!
ആ നക്ഷത്രം......��
എന്നെ നോക്കി കണ്ണ് ഇറുക്കുന്നട.
അതിയേന്നാണ്,
നിന്റെ പാപ്പൻ”.

ലൂയി കിടക്കയിൽ നിന്നു എഴുന്നേറ്റ് ജനാലയിൽ കൂടി ആകാശത്തേക്ക് നോക്കി.
"എവിടെ??"

ഞാൻ കാണുന്നില്ലല്ലോ, അമ്മാമച്ചി"

അമ്മാമച്ചിയുടെ കിളി പോയിരിക്കുന്നു കാര്യം അമ്മച്ചി അകലെ നിന്നും
ആംഗ്യം കാണിച്ചു പറഞ്ഞു.
ഇനി നിന്നിട്ട് കാര്യമില്ല എന്നു മനസിലാക്കിയ ലൂയി, മുറി വിട്ട് ഇറങ്ങി,
ഉമ്മറത്തുള്ള ചൂരൽ കസേരയിൽ ഇരുന്നു.

കായലിന്റെ അടുത്താണ്  ലൂയിയുടെ വീട്. നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. മുൻവശത്ത് കത്തിച്ചിരിക്കുന്ന സീറോ ബൾബിന്റെ പ്രകാശം ഒഴിച്ചാൽ ഇരുട്ടിൽ ഒന്നും കണ്ടിരുന്നില്ല. ശ്രദ്ധിച്ചിരുന്നാൽ വെള്ളം കരയിൽ വന്നു അടിക്കുന്ന ശബ്ദം കേൾക്കാം.

ഷാപ്പിൽ നിന്നും റപ്പായി, ഒരു ചൂട്ടൊക്കെ കത്തിച്ചു പാട്ടൊക്കെ പാടി വരുന്നത് കണ്ടപ്പോൾ ലൂയി ചാടി എഴുന്നേറ്റു.

ലൂയിയെ കണ്ടതും റപ്പായി
'എടാ മക്കളെ.....,
 അപ്പായിയുടെ ലൂയി മോൻ കഞ്ഞി കുടിച്ചായിരുന്നോ?"
 അപ്പായി കള്ളു കുടിച്ചു
"കുടിച്ചു"

കള്ള് കുടിച്ച റപ്പായിയെ പേടിയാണ് ലൂയിക്ക്.   ഒന്നും പറയാൻ പറ്റില്ല. ലൂയി അതുകൊണ്ടു വാക്കുകൾ കുറച്ചു.
"മോനെ ലൂയി, അപ്പായി വരുമ്പോ ഉണ്ടല്ലോ, എന്നെ കാലൻ വിളിച്ചട"
";കാലനോ??"
"ആ...!"
"പൂവാ പൂവാ............!
ഞാൻ പറഞ്ഞു, എനിക്ക് വരാൻ സൗകരൃം ഇല്ല. ഒക്കേയ്ല്ല,
എനിക്ക് എന്റെ ലൂയിയെ കണ്ടു കൊതി മാറിയേല്ലന്ന്"
ഉമ്മറത്തെ സംസാരം കേട്ട് ലൂയിയുടെ അമ്മച്ചി,

"ശ്യോ...! ഇതിയേന്നു ഇതുയെന്തിന്റെ കേടാ? പേടിപ്പിച്ചു കൊല്ലോ
അതിനെ?
അമ്മച്ചിയുടെ വക കഴിഞ്ഞതേ ഉള്ളൂ ഇപ്പോ".
നീ പോടി മോളെ..... റെബേക്കാ......!
പേടിയാ......! അവനോ?
ലൂയി....! നിന്റെയെല്ല...…! റപ്പായിയുടെ മോനാ..!"
ജയനെ അനുകരിച്ചു റപ്പായി കസറി. റപ്പായി, ലൂയിയെ ഒന്നു കെട്ടിപിടിച്ചു, നെറ്റിയിൽ ഒരു  ഉമ്മയും കൊടുത്തു.
"ആ പിന്നെ മോനെ ലൂയി, നാളെ കുഴി വെട്ടാൻ ഒരുങ്ങിക്കോ. കാലൻ വന്ന
നിലക്ക്, ആരെങ്കിലും ഒക്കെ പടം ആകാതെ ഇരിക്കില്ല. കുറച്ച് ചിക്കില്ലി തടയും"

അതും പറഞ്ഞു റപ്പായി അകത്തേക്ക് കയറി.
പെട്ടന്ന്......!
ലൂയി ആ കൂട്ട നിലവിളികൾ അകലെ നിന്നും കേട്ടു. ലൂയി വേഗം ഓടി പുതപ്പിന്റെ ഉള്ളിൽ കയറി.
"അമ്മച്ചി.…..അമ്മച്ചി........!
 എനിക്ക് തലവേദനിച്ചിട്ട് വയ്യ.
എന്തോ, തലയുടെ ഉളിൽ കൂടെ മിന്നൽ പോകുന്ന പോൽ"

അമ്മച്ചി  ലൂയിയുടെ നെറ്റിയിൽ കുരിശു വരച്ചു പ്രാർത്ഥിച്ചു.
"ഒന്നും വരേല്ലട കൊച്ചേ. അമ്മച്ചി ഇവിടെ ഉണ്ട്. ഓരോന്നൊക്കെ ആലോചിച്ചു കൂട്ടിയിട്ട്, നീ കിടന്നോ. ഒന്നു ഉറങ്ങി
എഴുന്നേറ്റാൽ ശെരിയാവും"

അമ്മച്ചി കുറച്ചു നേരം അവിടെ ഇരുന്നു. അവനെ തട്ടി ഉറക്കി.
.

."ആ നക്ഷത്രം പാപ്പൻ ആകോ?";

ലൂയി പയ്യേ, ആരും കാണാതെ തോണിയും കൊണ്ടു പോയി. ആകാശത്തുള്ള നക്ഷത്രം മുഴുവൻ തോണിക്കു ചുറ്റും വെള്ളത്തിൽ കാണാമായിരുന്നു. കുറച്ചു നീങ്ങവെ,
#വലിയ ഒരു പ്രകാശം#
ലൂയി, തോണി അവിടേക്ക് തിരിച്ചു. കണ്ടൽ ചെടികൾ നിറയെയുള്ള ഒരു ചെറു കര മുഴുവൻ പ്രകാശിക്കുന്നു. അവിടെക്കുള്ള ദൂരം കുറയുന്നതിനനുസരിച്ചു ലൂയി കണ്ണിറുക്കുവാൻ തുടങ്ങി. തോണിയിൽ നിന്നു ഇറങ്ങി.
..
."പാപ്പൻ....!'
"ലൂയി......!
എനിക്ക് നിന്നെ ഒന്നു കാണാൻ തോന്നി. ഞാൻ ഇങ്ങു പോന്നു"
"ഭൂമിയിലും നക്ഷത്രത്തിനു, അല്ല, പാപ്പനു വരാം?
അപ്പോ സ്വർഗ്ഗം.....?"

"കലക്കി, അപ്പോ അവൾ നിന്നെയും പറ്റിച്ചല്ലേ?
നിന്റെ അമ്മാമച്ചിനോട് പറഞ്ഞതാ ഞാൻ......."
ലൂയിയും പാപ്പനും സംസാരിച്ചുക്കൊണ്ടിരിക്കുമ്പോൾ, ആകാശത്തിൽ
നിന്നും അടുത്ത നക്ഷത്രം താഴെ വീണു.
.
.പിന്നെയും

 

ലൂയി ഓരോരൊന്നായി തോണിയിൽ വാരി കൂട്ടാൻ തുടങ്ങി. തോണിയുടെ പ്രകാശത്തിൽ കായൽ മുഴുവൻ സ്വർഗ്ഗം പോൽ ജ്വലിച്ചിരുന്നു. അമ്മാമച്ചിയോട് ഈ കാര്യം പറയാൻ ലൂയി ആവേശപൂർവ്വം തുഴഞ്ഞു.
.
.
.എടാ കൊച്ചനെ, എഴുന്നേക്ക്.
എന്നാ ഉറക്കാണിത്.?"

"എടാ ലൂയി.......!";
..
..
..
;"ലൂയി.............."
.
.
"ചാച്ചാ"
.
.
"അയോ, എന്റെ ലൂയി....."

*വീണ്ടും ഭൂമിയിൽ ആ നിലവിളികൾ ഉയർന്നു. ഈ ലോക ജീവിതത്തിൽ ഒരുവനു ലഭിക്കുന്ന മികച്ച അഭിനന്ദനങ്ങൾ.മുകളിലേക്ക് പായിക്കുന്ന വെടിയൊച്ചകളെക്കാളും, സ്നേഹകടലിൽ അലറിയടിക്കുന്ന തിരമാലകൾ*.

Share :