Archives / March 2018

രാജു.കാഞ്ഞിരങ്ങാട്
അടയാളം

അടയാളം


എന്തു നാമണിയണം എന്തു ഭക്ഷിക്കണം
എന്തു ചിന്തിക്കണം
എന്തെഴുതീടണം
അറിയാ മനസ്സിന്നുരഞ്ഞു -
തിണർക്കുന്നു
ചൊറിഞ്ഞു ചൊറിഞ്ഞു ചിര
ങ്ങായി മാറുന്നു
കറുത്തു തടിച്ചുവടുവായി മാറുന്നു.
മനോഗതിയാകേ മറച്ചുവച്ചീടണം
പുതുതത്വ ശാസ്ത്ര പുതപ്പണി
- ഞ്ഞീടണം
നരനണിയേണം നുണ വസ്ത്രം മാത്രം
മൃഗമിനി നമ്മേ മുൻമ്പേനയിക്കും.
മറച്ചു വെയ്ക്കുന്നവയെന്താകിലും
എത്തിനോക്കീടുന്ന കാലമിത്
പട്ടിണി മാറ്റാൻ പണിയെടുപ്പോർ
പ്രണയത്തിൻ പേരിൽ മരിച്ചു വീഴും
ഉറങ്ങിക്കിടക്കും പിഞ്ചോമനകൾ
വർണ്ണത്തിൻ പേരിൽ എരിഞ്ഞു തീരും
എങ്ങനെയിന്നു നടക്കണം ഞാൻ
എന്നു നിശ്ചയിക്കാനധികാരമില്ല.
അധികാരം, അഹങ്കാരം, മതം, വർഗം
വിധിക്കുവാനാളുകളുണ്ടനേകം
ചന്ത ദൈവങ്ങളിറങ്ങും കാലം
ആരാധനയോടെ നിന്നില്ലയെങ്കിൽ
ആധാരം തന്നെ കീറിക്കളയും
നുണ വസ്ത്രമണിഞ്ഞു തൊഴുതു -
നിൽക്കേ
ഉയിർത്തെഴുന്നേറ്റിടാം ദൈവമായി

Share :