Archives / August 2020

ഡോ. യു.ജയപ്രകാശ്
പൗരാണിക മൂലധനം

ലോകമെമ്പാടുമുള്ള മനുഷ്യസമൂഹങ്ങൾക്കെല്ലാം പുരാതന സംസ്കൃതിയുണ്ട്, ഏറ്റക്കുറച്ചിലുകളോടെ. ആ സംസ്കൃതിയുടെ ഭാഗമായി അവരവർ ആരാധിച്ചു പോരുന്ന വിശിഷ്ടങ്ങളായ ആശയസംഹിതകളുമുണ്ട്. സംസ്കാരജീവിതത്തെ അടയാളപ്പെടുത്തുന്നവയെയും, ആദ്ധ്യാത്മികമായി വഴികാട്ടുന്ന മതഗ്രന്ഥങ്ങളെയും ആദ്യം തന്നെ വേർതിരിച്ചു കാണേണ്ടതാണ്. ജനസംസ്കാരത്തിൻറെ മാർഗ്ഗവും മതപ്രബോധനത്തിൻറെ മാർഗ്ഗവും വ്യതിരിക്തങ്ങളാണ്. മത സംഹിതകളെ മാറ്റിനിർത്തിക്കൊണ്ട്, സംസ്കാരവാഹകങ്ങളായ പുരാണങ്ങ ളെക്കുറിച്ച്, വിശിഷ്യ ഭാരതീയപുരാണങ്ങളെക്കുറിച്ചാണ് ഇവിടെ ചർച്ചചെ യ്യുന്നത്.
             

ഭാരതീയസംസ്കാരം ലോകത്തിലെ പ്രാക്തനങ്ങളായ ഗ്രീക്ക്, ഈജിപ്ഷ്യൻ, മൊസോപ്പൊട്ടോമിയൻ സംസ്കാരങ്ങളോട് സമശീർഷകമാണ്. സഹസ്രാബ്ദ ങ്ങളിലൂടെ കടന്നുവന്ന മാനവചരിത്രത്തിൻറെ അനുഭവങ്ങളും സംഭവങ്ങളുമാണ് അതിനെ അടയാളപ്പെടുത്തിയത്. പ്രാചീന ഭാരതവർഷമെന്നത് , ഒരു പക്ഷേ ഏഷ്യാഭൂഖണ്ഡമാകെ വ്യാപിച്ചിരുന്നതായി, കംബോഡിയായിലും ഇന്താനേഷ്യയിലും സുമാത്ര ജാവാ ദ്വീപുകളിലുമൊക്കെ ഇന്നും നിലനിൽക്കുന്ന രാമായണസംസ്കൃതി വ്യക്തമാക്കുന്നുണ്ട്. വൈദിക-ബ്രാഹ്മണ മതങ്ങ ൾക്കു മുമ്പുതന്നെ ഭാരതത്തിൽ ജനവാസം ആരംഭിച്ചിരുന്നതുകൊണ്ടാണല്ലോ ആര്യവംശജർക്ക് ശത്രു പുരങ്ങളെ നശിപ്പിക്കുന്ന പുരന്ദരന്മാരായ ദേവതകളുണ്ടാകുന്നത്. നിഷാദരും കിരാതൻമാരും രാക്ഷസരുമൊക്കെ ബ്രാഹ്മണസംസ്കാരത്തിനു പുറത്തു നിലകൊണ്ടവരാണ്. ബുദ്ധ-ജൈന-ഇസ്ലാം മതങ്ങളുടെ വികാസവും ആശയലോകവുമായി കൊണ്ടുംകൊടുത്തും വിക സിച്ച ഭാരതീയസംസ്കാരത്തിൻറെ പിൽക്കാല വികാസമാണ് വൈദികസാഹി ത്യത്തിലും അതിൻറെ പ്രപഞ്ചനം സാദ്ധ്യമാക്കുന്ന ഇതിഹാസപുരാണങ്ങളിലും ദൃശ്യമാകുന്നത്.
                                               

ഭാരതീയപുരാണങ്ങളെ മനുഷ്യസ്രഷ്ടങ്ങളായിത്തന്നെ സമീപിക്കണം.വിശിഷ്ടങ്ങളായആശയങ്ങളെ പ്രതീകവല്ക്കരിച്ചുകൊണ്ട് രൂപപ്പെട്ട ഒരു ഇതിവൃത്തം, കാലത്തിലൂടെ, ചരിത്രത്തിലൂടെ സഞ്ചരിച്ചപ്പോഴാണ് പില്ക്കാലത്ത് ഐതിഹാസികമായ മാനങ്ങൾ ലഭിച്ച് പ്രാക്തനജനതയുടെ സാംസ്ക്കാരിക ജീവിതത്തിൻറെ മഹാഗാഥകളായി പുരാണങ്ങൾ രൂപം കൊണ്ടത്. ഉത്തരേന്ത്യയിലെ ഒരു ചെറിയ രാജ്യത്തിലെ രാജകുമാരനായ രാമനെ വിശിഷ്ടനായ അവതാരപുരുഷനാക്കി മാറ്റുന്ന കാവ്യഭാവന, ഇന്നത്തെ രാമായണകാവ്യത്തിലേക്ക് എത്താൻ ഏറെ ദൂരം സഞ്ചരിച്ചിരിക്കണം. മഹാഭാരതത്തിൻറെ കഥയും വ്യത്യസ്തമല്ല. ജനമേജയൻറെ സർപ്പസത്രത്തിൽ വെച്ച് ആഖ്യാനം ചെ യ്യപ്പെടുന്ന ഒരു പുരാവൃത്തമായാണല്ലോ മഹാഭാരതത്തിൻറെ ജനനവും. ഒരേ രാജവംശത്തിലെ രണ്ടു വിഭാഗക്കാർ തമ്മിലുള്ള അവകാശത്തർക്കം ഒഴിവാക്കാനാവാത്ത ഒരു അങ്കത്തിലേക്കു് നീണ്ട ലഘുവായ ഇതിവൃത്തം. എത്രയെ ത്രയോ ഭാവനകളുടെ സൗന്ദര്യാത്മക സന്തർപ്പണത്തിൻറെ ഭാഗമായാണ് ഇന്നത്തെ മഹാഭാരതമായി വികസിക്കുന്നത്.
                                   

പറഞ്ഞുവന്നത് രാമായണമായാലും മഹാഭാരതമായാലും അവ പ്രാഥമികമായി മനുഷ്യനിർമ്മിതികൾ ആണെന്നാണ്. ജനതയുടെ പ്രാചീന ചരിത്ര ത്തിൻറെ പരിമിതമായ പശ്ചാത്തലം വിട്ട് വിവിധ താല്പര്യങ്ങളിലൂടെയും ആശയസംഘർഷങ്ങളിലൂടേയും രൂപമാറ്റം വന്ന സാഹിത്യകൃതികളാണവ രണ്ടും. വാല്മീകി എന്ന കവി നാരദനോട് ശ്രേഷ്ഠനായ നായകനെക്കുറിച്ച് ആരാഞ്ഞപ്പോഴാണല്ലോ നരനായ രാമൻറെ ഇതിവൃത്തത്തിലേക്ക് വന്നെത്തുന്നത്. ശ്രീരാമന് ആദ്ധ്യാത്മികമാനം നല്കുന്ന കൂട്ടിച്ചേർക്കലുകൾ, വിവിധ കാലങ്ങളിലായി സംഭവിച്ചതാണ്. ഇന്ത്യയിൽ നാനൂറിലധികം രാമായണങ്ങ ളുണ്ടെന്നതും രാമായണത്തെപ്പോലെ രാവണായനവുമുണ്ടെന്നതും കൌതുകകരമായ കാര്യമാണ്. ഉത്തമനായ മനുഷ്യൻറെ മൂല്യവത്തായ ജീവിതം ആദ്ധ്യാത്മിക താല്പര്യങ്ങളാക്കിയ അധികാരസ്ഥാപനങ്ങൾ ദുർവ്യാഖ്യാനം ചെയ്ത്, സങ്കുചിതമായ മതബോധത്തിനകത്ത് രാമായണത്തെ  തളച്ചിട്ടത്  കാണാതെപോവരുത്.    എവിടെയും എക്കാലത്തും ആകർഷകമായ ഉന്നത മാനവീകതയുടെ മൂല്യങ്ങളെ ഭക്തിനിർഭരമായ അനുഷ്ഠാനങ്ങളുടെ ലേബലിലാക്കുമ്പോൾ നൂറ്റാണ്ടുകളിലൂടെ ജനമനസ്സിലും പൊതുഭാവനയിലും പൂർണ്ണത തേടിയഒരു കാവ്യമാർഗ്ഗം ഒരു പ്രത്യേക മതബോധത്തിൻറെ നാലതിരുകൾക്കകത്ത് ഒതുങ്ങിപ്പോകുന്നു. പുത്രകാമേഷ്ഠി യാഗവും, മായാ സീതാ സങ്കല്പവും, സമുദ്രലംഘനവും, സേതുബന്ധനവും വനവാസവുമൊക്കെ മനുഷ്യസാദ്ധ്യമല്ലാത്ത അമാനുഷികതകളെ കൂട്ടിച്ചേർത്ത്, ദൈവിക പരി വേഷം ചാർത്തിയതിൻറേയും വിശ്വാസപരമായ അന്ധത ഉറപ്പിച്ചതിൻറേയും ഭാഗമായി വേണം കാണാൻ. എല്ലാ സമൂഹങ്ങളിലും വരും തലമുറകൾക്ക് മാർഗ്ഗനിർദ്ദേശകങ്ങളും മാതൃകാപരങ്ങളുമായ പുരാവൃത്തങ്ങളുണ്ടാകും. ജനസമൂഹത്തിൻറെ പൊതു അവബോധത്തിൽ, പൂർവ്വസ്മരണയെ പ്രോജ്ജ്വലിപ്പിക്കുന്ന അത്തരം പുരാണങ്ങളെ സ്ഥാപിതതാല്പര്യങ്ങൾ ദുഷ്ടലാക്കോടെ കൈകാര്യം ചെയ്യുമ്പോൾ മനുഷ്യനന്മയുടെ കഥ വംശീയ കലാപങ്ങൾക്കും രക്തച്ചൊരിച്ചിലുകൾക്കും കാരണമാകുന്നു. അതിൻറെഇന്ത്യൻ പതിപ്പാണല്ലോ അയോദ്ധ്യാപ്രശ്നം.
               

 എന്തുകൊണ്ടാണ്, മനുഷ്യനാകെ പ്രകീർത്തിക്കുന്ന പൌരാണിക സംസ്കൃതി തന്നെ രക്തചൊരിച്ചിലിൻറേയും കലാപത്തിൻറേയും കൂടി പ്രചോദനമാകുന്നത്? പ്രത്യക്ഷത്തിൽ അതൊരു വൈരുദ്ധ്യമാണല്ലോ. ഇന്ത്യൻ സമൂഹത്തിൻറെ സ്വാഭാവികമായ സവിശേഷതകളിലേക്കാണ്. ഈ പ്രശ്നത്തിൻറെ അപഗ്രഥനം നമ്മെ നയിക്കുക. ‘നാനാത്വത്തിൽ ഏകത്വം‘ എന്നു വിശേഷിക്കപ്പെടുന്ന ഒരു ബൃഹത് സംസ്കാരം രൂപപ്പെടുത്തിയ സങ്കീർണ്ണമായൊരു സാമൂഹ്യഘടനയാണ് നമ്മുടേത്. ഭൂമിശാസ്ത്രപരമായ സവിശേ ഷതകളിൽ നിന്നും രൂപപ്പെട്ട വ്യത്യസ്ത ഭാഷാസമൂഹങ്ങളുടേയും വ്യത്യസ്ത വംശീയതകളുടേയും വൈവിധ്യമാണ് ആദ്യമായും പരിഗണിക്കേണ്ടത്. അതിനുമേലാണ് ‘ഇന്ത്യൻപ്രതിഭാസം’ എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ജാതീയമായ വൈവിധ്യം. മനുസ്മൃതിയിലെ ചാതുർവ്വർണ്യത്തിൽ നിന്നാരംഭിച്ച് ജാത്യാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും അരക്കിട്ടുറപ്പിച്ച ജാതീയത നമ്മു ടെ സമൂഹത്തെ എത്രമാത്രം പരസ്പരം അന്യവൽക്കരിച്ചിട്ടുണ്ടെന്ന് പറഞ്ഞുകൂടാ. ഇതിനുമേലാണ് മതപരമായ വൈവിധ്യം പ്രവർത്തിക്കുന്നത്. ഇവയേക്കാളേറെ പ്രധാനപ്പെട്ടതാണ് ഇൻഡ്യൻ സമൂഹത്തിലെ സാമൂഹ്യവർഗ്ഗങ്ങളുടെ സ്വാധീനം. സാമ്പത്തികമോ വിദ്യാഭ്യാസമോ മാത്രമല്ല ഇൻഡ്യൻ സാമൂഹ്യവർഗ്ഗങ്ങളുടെ വിഭജനത്തിന് അടിസ്ഥാനം. എന്തായാലും നാനാത്വത്തി ലേകത്വം പ്രഘോഷിക്കുമ്പോഴും ഈ ഏകത്വത്തെ അതിൻറെ പൂർണ്ണമായ അർത്ഥത്തിൽസാക്ഷാത്ക്കരിക്കാൻ നമ്മുടെ ദേശരാഷ്ടനിർമ്മാണത്തിനിടയിലുണ്ടായ പലതരം സാംസ്ക്കാരിക നവോത്ഥാനങ്ങൾക്കും സാദ്ധ്യമായിട്ടില്ല. പുരാണങ്ങളും ആദ്ധ്യാത്മിക സംസ്ക്കാരവും നേതൃത്വം നൽകിയ സംസ്കൃതവൽക്കരണം ഒരുപക്ഷേ ഹിന്ദുസമൂഹത്തിൻറെ നവോത്ഥാനപ്രസ്ഥാനങ്ങ ളിൽ ഒതുങ്ങിപ്പോകുന്നതായിക്കാണാം.പിർക്കാലത്തെ ഭക്തിപ്രസ്ഥാനം സാധാരണജനങ്ങളുടെ സാമൂഹ്യമായ മോചനത്തിൽ പങ്കാളിയാവുന്നുണ്ടെ ങ്കിലും നിലവിലെ സാമൂഹ്യഘടനയെ ആധുനികവൽക്കരിക്കാൻ അത് അശക്തമായിരുന്നു. ബ്രിട്ടീഷ് കോളനിവല്ക്കരണത്തിലൂടെ സാദ്ധ്യമായ പാശ്ചാത്യവൽക്കരണമാണ് ഒരുപരിധിവരെയോങ്കിലും സാധാരണജനങ്ങളെ വിദ്യാഭ്യാസം ചെയ്തുകൊണ്ട് സാമൂഹ്യവ്യവസ്ഥയുടെ യഥാർത്ഥമുഖത്തിനു നേരെ അണിനിരത്തിയത്. പ്രാചീന ഭാരതത്തിൻറെ സാംസ്ക്കാരിക മൂല ധനത്തെ അപകടപ്പെടുത്താനോ ദുർവ്യാഖ്യാനം ചെയ്യാനോ പാശ്ചാത്യവൽ ക്കരണത്തിനു കഴിഞ്ഞിട്ടില്ല. ഇൻഡ്യൻ സ്വാതന്ത്ര്യസമരവും അതിൻറെ ഭാഗമായി സ്ഥാപിതമായ ജനകീയ ഭരണകൂടവും വളരെ മാതൃകാപരമായതും ലോകോത്തരമായതുമായ ഒരു ഭരണഘടനയ്ക്കാണല്ലോ ജന്മം നൽകിയത്. വളരെ ആശ്വാസകരമായ , ഒരു പരിഷ്ക്കൃത സമൂഹത്തിൻറെ നിർമ്മിതിക്ക് ആവേശംപകരുന്ന രാഷ്ട്രീയ ഭരണത്തിനും ജനസമ്മതിയോടെയുള്ള സാംസ്ക്കാരിക നിർമ്മിതിക്കും സാഹചര്യങ്ങൾ ഒരുങ്ങി. എങ്കിലും യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്..
                   

ഇൻഡ്യൻ ഭരണവർഗ്ഗത്തിന് നൂറ്റാണ്ടുകളുടെ ജീർണ്ണതയെ വകഞ്ഞുമാറ്റി കാലോചിതമായ ഒരു പുതുഭാരതത്തെ സൃഷ്ടിക്കാൻ കഴിയാതെ പോയി. ഇൻഡ്യൻ ജനതയുടെ മുതുകിൽ അതിൻറെ കനപ്പെട്ട പാരമ്പര്യത്തിൻറെ ഭാരം,ജീർണ്ണതകളുടെ കറ അതിൻറെ മുന്നോട്ടുള്ള പ്രയാണത്തിൽ തികച്ചും നിരാശപ്പെടുത്തുന്ന പ്രതിലോമശക്തിയായി മാറി. സോഷ്യലിസത്തിലും ശാസ്ത്രീയബോധത്തിലും ഊന്നുന്ന ആധുനിക പരിഷ്കൃതിയുടെ നിർമ്മിതി സാധ്യമാകാതെ നവോത്ഥാനമല്ല പുനരുദ്ധാരണമാണ്, ആവശ്യമെന്ന ലഘുവായ പ്രത്യയശാസ്ത്രത്തിനാണ് ഇന്ന് പ്രാമുഖ്യം. സാംസ്ക്കാരിക മൂലധനത്തിലെ വൈരുദ്ധ്യമാണ്. മതാധിഷ്ഠിതമായ പുനരുദ്ധാരണമാണ് ആവശ്യമെ ന്ന പുത്തൻ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനു നിദാനം. ആധുനികീകരണമെന്ന നവോത്ഥാനമല്ല, പ്രാചീനതയുടെ പുനരുത്ഥാനം,ഭരണവർഗ്ഗത്തിൻറെ താല്പര്യം കൊളോണിയലിസത്തിലും കോർപ്പറേറ്റ്വല്കരണത്തിലും ഊന്നി നിന്നു കൊണ്ടുള്ള, ഭരണകൂടം തന്നെ അതിനുള്ള മിഷണറിയായിത്തീരുന്ന ദു:ഖകരമായ അവസ്ഥയാണ് ഇന്നത്തെ ഇൻഡ്യൻ യാഥാർത്ഥ്യം. ലോകത്തെ നിയന്ത്രിക്കുന്ന സാമ്പത്തിക ശക്തികളായ വൻകിടരാഷ്ട്രങ്ങൾ അന്താരാഷ്ട്ര സ്ഥാപനങ്ങളെ തങ്ങളുടെ വരുതിയിൽ നിർത്താൻ കൈക്കൊള്ളുന്ന ഹീനതന്ത്രങ്ങളുടെ ആവർത്തനം ഇൻഡ്യൻ ഫെഡറൽ വ്യവസ്ഥയിലും ആവർത്തിക്കപ്പെടുന്നു. കോവിഡ് – 19 വ്യാപനത്തിൽ അമേരിക്കൻ വിലയിരുത്തലിനു വഴങ്ങാത്ത ലോക ആരോഗ്യസംഘടനയുടെ ഫണ്ട് തടയുന്ന അമേരിക്കൻ നിലപാടു തന്നെ,തങ്ങളുടെ പ്രത്യയശാസ്ത്രത്തിനു വഴങ്ങാത്ത സ്റ്റേറ്റുകളുടെ വികസനഫണ്ട്തടഞ്ഞുവെക്കുന്നതിലും ആവർത്തിച്ചു കാണാം.മാനുഷികമൂലധനത്തേക്കാൾ കോർപ്പറേറ്റ് മൂലധനത്തിൻറെ വക്താക്കൾക്ക് അതിൻറെ താല്പര്യങ്ങളെ ഭയപ്പെട്ടും വഴങ്ങിയുമേ മുന്നോട്ടു പോകാൻ കഴിയൂ. ഈ സാഹചര്യമാണ് പൌരാണിക സംസ്കൃതിയുടെ മൂല്യ ബോധവും പുരാവൃത്തങ്ങളിലെ മഹനീയതയുമൊക്കെ വികലമാക്കുന്ന, സ്ഥാപിത താല്പര്യങ്ങൾ പ്രകടമാക്കുന്നത്. ജനസാമാന്യത്തെ രമിപ്പിക്കുന്നവനും, രഞ്ജിപ്പിക്കുന്നവനുമായ ശ്രീരാമൻ ഭിന്നിപ്പിൻറേയും രക്തചൊരിച്ചിലി ൻറേയും ഉപകരണമാകുന്നു. അതുപോലെ ശ്രീകൃഷ്ണൻറെ ധർമ്മസംരക്ഷണം വിഭാഗീയതയുടെ ഉപചാപകതന്ത്രവുമാകുന്നു. അധികാരവ്യവസ്ഥയാണ് മൂല്യങ്ങളെ വ്യാഖ്യാനിക്കുന്നത്. അത് ദുർവ്യാഖ്യാനമാകുമ്പോൾ അമിത അധികാരത്തിനു വഴങ്ങുന്ന ജനഹിതം ഭയത്തിൻറേയും സംശയത്തിൻറേയും നൈരാശ്യപൂർണ്ണമായ നരകമേഖലയായിത്തീരുന്നു. അതിൻറെ വൈരുദ്ധ്യങ്ങൾ ക്രമേണ പെരുകിപ്പെരുകി മറ്റൊരു സാംസ്കാരിക നവോത്ഥാനത്തിലേക്ക് പ്രതീക്ഷ അർപ്പിക്കുന്നു. ചരിത്രത്തിലൂടെ ജനമനസ്സിൽ ഊറിക്കൂടിയ സാംസ്കാരിക മൂല്യങ്ങളെ മോചിപ്പിക്കാൻ അങ്ങനെ ഒരു പുതുമാനവീയത ഉണർന്നു വരിക തന്നെ വേണം.

Share :