Archives / August 2020

സലിം ചേനം
മാപ്പ് എന്ന വാക്കിനെ ഞാൻ വിവർത്തനം   ചെയ്തതിനുശേഷം

കവിത എഴുതുമ്പോൾ
തിരകളുള്ള ഹൃദയം
കടലെനിക്ക് തന്നത്
ഒരുവളെ പ്രണയിച്ച വിവരം
അവളുടെ ഭർത്താവിനോട്
ജാലകം രഹസ്യമായി
പറഞ്ഞുകൊടുത്ത ദിവസമാണ്.

അന്നയാൾ ഭൂതകാലത്തിലേക്ക്
എഴുതിയ ഹൃദയഗാനം
അവളുപേക്ഷിച്ചുപോയ
അയാളുടെ രാജ്യത്ത്
ഇപ്പോൾ അത്
വിപ്ലവഗാനമായി മാറിയിരിക്കുന്നു.

ഉത്തരാധുനിക കവിതയ്ക്കായി
ഉറവകളുടെ മിഴികൾ
വരയ്ക്കാനുള്ള നിറം
ഇറക്കുമതി ചെയ്യുന്നത്
ആ രാജ്യത്ത് നിന്നാണ്.

ഞാൻ കവിതയെഴുതുമ്പോഴെല്ലാം
അവൾ ഒരു ആൽമരംപോലെ
എന്നിലേക്ക് പടർന്നുകയറിയതു കൊണ്ടാണ്
ഞാനൊരു ബുദ്ധനെപ്പോലെ
അവളെ പ്രണയിക്കുന്നത്.

ഇതെല്ലാമറിയുന്ന
അവളുടെ ഭർത്താവ്
എന്നെ യുദ്ധം ചെയ്തു തോൽപ്പിക്കാൻ
അയാളുടെ രാജ്യത്തിന്
താൽപ്പര്യമില്ലെന്ന്
വിവരമറിയിച്ചിരിക്കുന്നു.

ആ രാജ്യത്തിന്റെ പതാക
നീ ഏറ്റുവാങ്ങുമെന്ന്
നിന്റെ ഭർത്താവുമായി
ഒരു കരാർ ഒപ്പു വയ്ക്കാൻ
പോവുകയാണ്.

ആ രാജ്യം നിന്നെ
മാതാവെന്ന് വിളിക്കും മുമ്പ്
എനിക്കും എന്റെ കവിതയ്ക്കും
മറ്റൊരു രാജ്യത്തേക്ക്
കടന്നുപോകാനുള്ള
ഒരു കപ്പൽപ്പാത ഉണ്ടാക്കണമെന്ന്
നീയാ രാജ്യത്തോട് നിർബന്ധിക്കണം.

പിന്നീട് ശാന്തമായി വായിക്കേണ്ട
എന്റെ കവിതയിൽ
നിന്നെ വിവാദ കാമുകിയാക്കി
ആരെങ്കിലും പരിഹസിച്ചാൽ
കടൽപ്പാത പൂർത്തിയാക്കും മുമ്പേ
നിന്റെ ഭർത്താവിന്റെ
രാജ്യാതിർത്തികളിൽ നിന്നും
എന്റെ യുദ്ധക്കപ്പലുകളെ പിൻവലിച്ച്
അറബിക്കടൽ പിടിച്ചെടുക്കും .

എന്നിട്ട് അതിന്റെ പേര് മാറ്റി
നിന്റെ പേരിടും ഞാൻ

ഇപ്പോൾ നിന്റെ നാമത്തിൽ
ലോകം അറിയപ്പെടുന്ന
ആ കടലിലായിരിക്കും
എന്റെ കപ്പലുകളെല്ലാം
ഇനി നങ്കൂരമിടുക.

 

Share :