Archives / August 2020

വി എസ്സ് വിജയലക്ഷ്മി
സമാന്തരം

      "ഒന്നു കാണണമെന്നുണ്ട്. നാളെ ഉച്ചയ്ക്ക് റെയിൽവേ സ്റ്റേഷനിലേക്ക് വരാമോ?"; എന്നു ചോദിച്ചു ഫോൺ പൊലീസുകാരുടെ കൈയിൽ തിരിച്ചേല്പിക്കുമ്പോൾ അവൾ വരുമെന്ന് സമദ്‌ കരുതിയില്ല. പക്ഷേ, ഉച്ച വെയിലിൽ തളർന്നു കിടന്ന ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് ട്രെയിൻ വന്നു നിൽക്കുമ്പോൾ അവളുണ്ടായിരുന്നു. ട്രെയിനിന്റെ അടുത്തേക്ക് അവൾ വരുന്നത് കണ്ടിട്ടാവണം സമദിന്റെ അടുത്തിരുന്ന പൊലീസുകാർ എഴുന്നേറ്റു മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നു.

       "തിരുവനന്തപുരത്തെക്കുള്ള യാത്രയിൽ, ട്രെയിൻ പതിനഞ്ചു മിനിറ്റ് ഷൊർണ്ണൂർ സ്റ്റേഷനിൽ പിടിച്ചിടും.
വീട്ടുകാരെ ആരെയെങ്കിലും കാണണമെങ്കിൽ അവിടെ വരാൻ പറയൂ"എന്നു ജയിലറായ സന്തോഷ് സാർ പറഞ്ഞതു കൊണ്ടാണ്
അവളോട്‌ വരാൻ പറഞ്ഞത്. പെരുന്നാളിന് ഇടാനായി വാങ്ങിക്കൊടുത്ത നീല കരയുള്ള തട്ടവുമിട്ടു ട്രെയിനിന്റെ ജനൽകമ്പിയിൽ പിടിച്ചുകൊണ്ട് അവൾ നിന്നു. കാണുന്ന നിമിഷം മുതൽ എന്തൊക്കെയോ പറയുവനായി മനസിൽ
കരുതിവെച്ചിരുന്നു. പക്ഷേ പറയുവാൻ തുടങ്ങുമ്പോൾ വാക്കുകൾ ചിതറിപ്പോകുകയാണ്. എങ്കിലും, തെറിച്ചുപോയവാക്കുകൾ കൂട്ടിയിണക്കി   "നിനക്ക് സുഖമാണോ?" എന്നു ഒരുവിധം അവൻ പറഞ്ഞൊപ്പിച്ചു. കുനിഞ്ഞു നിന്നതല്ലാതെ അവൾ മറുപടി ഒന്നും പറഞ്ഞില്ല.  "വേറെ എന്താ വിശേഷം? നീ മുടങ്ങാതെ മരുന്നു കഴിക്കുന്നുണ്ടോ?"  അവന്റെ ചോദ്യത്തിനു
അത്രയും നേരത്തെ മൗനം മാറ്റി " മ് " എന്നവൾ മറുപടി പറഞ്ഞു. പിന്നെയും അവർക്കിടയിൽ മൗനത്തിന്റെ ഇടവേളകൾ കൂടിക്കൂടി വന്നു.

       "പൊലീസുകാർ പറയുന്നത് എന്നെ മാപ്പുസാക്ഷി ആക്കാമെന്നാണ്." അവർക്കുമാത്രം കേൾക്കാൻ പറ്റുമെന്ന രീതിയിൽ അവൻ പറഞ്ഞു.  "ഇപ്പൊ നീ കയ്യിൽ മൈലാഞ്ചി ഇടറില്ലേ?"   അവന്റെ ആ ചോദ്യത്തിനും മൗനം ആയിരുന്നു മറുപടി.
  "നിനക്ക് എന്നോടൊന്നും ചോദിക്കാനില്ലേ?" അവൻ വീണ്ടും ചോദിച്ചു.   "എന്താപ്പോ ഞാൻ ഇങ്ങളോട  ചോദിക്കേണ്ടതു? ഇങ്ങക്കു അവിടെ സുഖമാണോന്നോ?" അത്രയും പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. പിന്നെ എന്തൊക്കെയോ അവൾ പറഞ്ഞു. പക്ഷെ ആ വാക്കുകൾ കേൾക്കാൻ പറ്റാത്ത രീതിയിൽ ഒരു ട്രെയിൻ അവർക്കു എതിർവശത്തുകൂടി കടന്നുപോയി.

          പണ്ട്‌ ജോലി കഴിഞ്ഞു ഇവിടെ ട്രെയിനിറങ്ങുന്ന അവനേയും കാത്തു അവൾ ഇരിപ്പുണ്ടാകും. വാതോരാതെ സംസാരിക്കും. ഒടുവിൽ, റെയിൽവേ കാന്റീനിൽ നിന്നും ചായയും കുടിച്ച്, അവളെ ഒറ്റപ്പാലത്തേക്കുള്ള വണ്ടിയിൽ കയറ്റിവിട്ടു അവൻ വീട്ടിലേക്ക് പോകും. കല്യാണം കഴിഞ്ഞു ഷൊർണ്ണൂരേക്ക്‌ വന്നപ്പോഴും അവൾ യാത്രയാക്കാൻ വരും. ഇന്നിപ്പോൾ അതേ പ്ലാറ്റ്‌ഫോമിൽ, ഒരു കുറ്റവാളിയായി... പോലീസുകാരുടെ ഔദാര്യത്തിൽ കിട്ടിയ പതിനഞ്ചു മിനിറ്റിൽ അവളെ കാണാനായി... വേണ്ടായിരുന്നു. പഴയ ഓർമ്മകൾക്കുമേൽ പുതിയവ തുന്നിച്ചേർക്കേണ്ടിയിരുന്നില്ല. ഇന്നലകൾ എന്നും ഇന്നലകൾ മാത്രമാണ്, പുനർജ്ജനിക്കാത്ത ഇന്നലെകൾ...

             ട്രെയിൻ എടുത്തുതുടങ്ങിയപ്പോൾ അവളുടെ കൈകളിൽ പിടിച്ചു  "ഞാനല്ല അത്... ചെയ്‌തത്‌..."എന്നവൻ പറയാൻ
ശ്രമിച്ചു. അവൾ അത് കേട്ടോ എന്തോ. വാക്കുകൾക്കൊപ്പം അവളും പോയിമറയുന്നു. രണ്ടുമൂന്നു വളവുകൾ പിന്നിട്ടു,
വേനലിൽ വറ്റിയ ഭാരതപ്പുഴയും പിന്നിട്ട് ട്രെയിൻ മുന്നോട്ട്‌ പൊയ്ക്കൊണ്ടിരുന്നു. പൊലീസുകാർ വന്നു ";വെളളം വേണോ?";
എന്നും  "വേണമെങ്കിൽ മുകളിലുള്ള ബർത്തിൽ കിടന്നോളൂ" എന്നൊക്കെ അവനോടു ചോദിച്ചു. എല്ലാ ചോദ്യങ്ങൾക്കും
"വേണ്ടാ"; എന്നു മറുപടി പറഞ്ഞു, നിറഞ്ഞു വന്ന കണ്ണീർമറയ്ക്കുവാനായി പുറത്തേക്ക് നോക്കി അവൻ  കണ്ണുകളടച്ചിരുന്നു.

Share :