: പെണ്ണെഴുത്ത്/ആണെഴുത്ത്
പെണ്ണെഴുതുമ്പോഴും ആണെഴുതുമ്പോഴും പെൺ ഭാഷയിലും ആൺ ഭാഷയിലും വരുന്ന ഭാവഭേദങ്ങൾ പഠന വിഷയമാക്കേണ്ടതാണ്. പെൺഭാഷ ചമത്കൃതമോ . ദൈന്യതയുടെ മൂടുപടമിട്ടതോ . പാരതന്ത്ര്യം അനുഭവിക്കുന്നതോ ആയിട്ടാണ് പൊതുവെ കാണുന്നത്. പൊട്ടിത്തെറിയുടെ വക്കിലെത്തുന്ന അപൂർവ്വം ചില കലാപങ്ങളും പെൺ ഭാഷ/ പെൺ സാഹിത്യം പേറുന്നുണ്ട് എന്നത് ശരി. പക്ഷെ . മലയാളത്തിലെ ഒരെഴുത്തുകാരിയും ഇതുവരെ പെൺ ശരീരത്തിൽ നിന്നും പൂർണ്ണമായും മോചിതരായിട്ടില്ല. ഉടൽ കൊണ്ട് : ജീവിതം കൊണ്ട് സകല ഭൗതിക സങ്കൽപ്പങ്ങളെയും പൊട്ടിച്ചെറിഞ്ഞ പല വനിത എഴുത്തുകാരും നമുക്കിടയിൽ വന്നുപോയിട്ടുണ്ട്. അപ്പോഴും അവരുടെ ഭാഷയിൽ, വെറും സ്ത്രൈണത മാത്രമെ വെളിച്ചപ്പെട്ടിട്ടുള്ളു.
ആണെഴുത്തിൽ കടന്നുവരുന്ന സ്ത്രൈണത ; ശാരീരിക അകലം പാലിക്കുന്ന ഭാഷാരൂപമായാണ് പ്രത്യക്ഷപ്പെടുന്നത്. ആണ് പെൺമയെക്കുറിച്ച് എഴുതുമ്പോഴും പെണ്ണ് ആൺമയെക്കുറിച്ച് എഴുതുമ്പോഴും ഈ ഭാവ ഭാഷാഭേദം വ്യക്തമായി കാണാം. ഈ കാഴ്ചയുടെ പ്രത്യക്ഷ ഉദാഹരണമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് ലക്കം 19 ൽ അസിം താന്നിമൂട് എഴുതിയ ച്യൂയിങ്ഗം എന്ന കവിത.
രുചിച്ചിറന്ന മധുരവും ചവച്ചു തുപ്പുന്ന ചവർപ്പും ദ്വന്ദ്വഭാവങ്ങളായി പ്രതിഫലിപ്പിക്കുന്ന കവിത. ഭാവത്തിനൊത്ത രുചിഭേദം പേറുന്നതിനൊപ്പം രൂപത്തിനൊത്ത പദഭേദവും ലയവും നിറയുന്നു.ച്യൂയിങ്ഗം നുണയുന്ന രസനാ പരിസരം ജീവിത ദ്വയാർത്ഥമായി കൂടി പരിണമിപ്പിക്കുന്നുണ്ട് ഈ മനോഹര കവിത. പുരുഷകേന്ദ്രിതമായ ആവേശം. കൊതി - സ്ത്രൈണതയുടെ രുചി ഭേദങ്ങളെ ഒട്ടും തന്നെ കാണുന്നില്ല എന്നതു മാത്രമല്ല; തന്റെ അദമ്യമായ കൊതിയും ആവേശവും കാമപാരവശ്യത്താൽ ചവച്ചു. തുപ്പാനുള്ളച്യൂയിങ്ഗം ആയി മാത്രമെ സ്ത്രീ ശരീരത്തെ കാണുന്നുള്ളു എന്ന് ഈ കവിത പറഞ്ഞു വയ്ക്കുന്നു. കെ.ഷെരീഫിന്റെ വര കൂടി ആകുമ്പോൾ കവിത പൂർണ്ണമാകുന്നു.
ചന്ദ്രിക ആഴ്ചപ്പതിപ്പ് ലക്കം 43 ൽ നാസർ കൂടാളിയുടെ കല്ലുമലയിലേക്കുള്ള ബസ് എന്ന മറ്റൊരു നല്ല കവിത കൂടി വായിക്കുന്നു. അവസാന സ്റ്റോപ്പില്ലാതെ, എവിടെ ഇറങ്ങുമെന്ന ശൂന്യതയിൽ ഭൂമിയെ വലം വച്ചു കൊണ്ടേയിരിക്കുന്ന ബസ് ; നിറയെ യാൽക്കാർ ! കല്ലു മല എന്ന അനന്തതയിലേക്ക് ബസോ ട്ടുന്ന ഡ്രൈവർ എന്ന പ്രഹേളികയിൽ , ശൂന്യതയുടെ ഋജുകവാടം തുറന്ന് ജീവിതത്തിന്റെ അന്തമില്ലായ്മയെ വളരെ നന്നായി ഈ കവിത ആവിഷ്കരിക്കുന്നു
ആണെഴുത്തിൽ കടന്നുവരുന്ന സ്ത്രൈണത ; ശാരീരിക അകലം പാലിക്കുന്ന ഭാഷാരൂപമായാണ് പ്രത്യക്ഷപ്പെടുന്നത്. ആണ് പെൺമയെക്കുറിച്ച് എഴുതുമ്പോഴും പെണ്ണ്…
: കലാകൗമുദി ലക്കം 2245
പവിത്രൻ തീക്കുനിയുടെ ചില .... എന്ന കവിത.
വീട്ടുമുറ്റത്ത് കഴുത്തുഞെരിച്ച് കൊല്ലാനിട്ട കോഴിയുടെ വിടച്ചിലുകളായി വരുന്ന ചില പ്രഭാതങ്ങളിൽ തുടങ്ങി ഏകാന്തതയുടെ ശവക്കച്ച പുതച്ച കാത്തിരിപ്പിന്റെ ചില വ്രണങ്ങൾ വരെ ഒറ്റ ചരടിൽ ഉച്ചയേയും സന്ധ്യയേയും രാത്രിയേയും . എന്തിന് കവികളെയും കവിതകളെയും ചില നേരങ്ങളിലെ നൈതികതകളായി, വളരെ ഭദ്രമായി. വെളിപാടിന്റെ കറുത്ത ഭാവങ്ങളായി ഈ കവിതയിൽ നിറയുന്നു. ജീവഭാവത്തിന്റെ തീഷ്ണത . അനുഭവത്തിന്റെ ഭാവോന്‌മത്തത - നിറമില്ലാത്ത ചില നിശ്ചല ചലനങ്ങളെ ആവേഗപരതയാക്കി പവിത്രൻ അവതരിപ്പിച്ചിരിക്കുന്നു.
ഈ മനോഹര കവിത വായിച്ചതിന്റെ സംതൃപ്തിയിൽ ഡോ. അനീഷ്യ ജയദേവിന്റെ നിഴലുകളാകുന്നവർ എന്ന കവിത വായിക്കുന്നു. ഉത്തരാധുനികോത്തരോത്തരമെന്നൊക്കെ വാഴ്ത്തപ്പെടുമെന്ന പ്രതീക്ഷയിലാവും ഇത്തരത്തിൽ എഴുതുന്നത്. പത്രാധിപർക്കും ഒന്നും മനസ്സിലാവാത്…
: മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1171
അൻവർ അലി വിവർത്തനം ചെയ്ത വരവരറാവുവിന്റെ കവിതകൾ . ആധുനിക വിദ്യാഭ്യാസത്തിന്റെ നിരർത്ഥകതയെ നന്നായി ധ്വനിപ്പിക്കുന്ന കവിത. വിദ്യാഭ്യാസം നൻമൊഴി വിട്ട് കുറ്റവാളിത്ത ഭാഷ പരിചയിക്കാനുള്ളതാണെന്ന് ഈ കവിത വിളിച്ചു പറയുന്നു. പള്ളിക്കൂടത്തിലേക്ക് വീണ്ടും എന്ന കവിതയിൽ ഇടശ്ശേരി ഇതേ ആശയം നന്നായി ആവിഷ്കരിച്ചിട്ടുണ്ട്." പോയി നാമിത്തിരി വ്യാകരണം/ വായിലാക്കിട്ടു വരുന്നു മന്ദം/ നാവിൽ നിന്നപ്പൊഴേ പോയ് മറഞ്ഞു/ നാനാ ജഗൻ മനോരമ്യ ഭാഷ" എന്ന് . ഒരേ ആശയമാണെങ്കിലും രണ്ട് തരത്തിലാണ് അത് വെളിപ്പെടുന്നത്. ഇടശ്ശേരി വളരെ സൗമ്യമായി ആശയം അവതരിപ്പിക്കുമ്പോൾ വരവരറാവു പൊട്ടിത്തെറിക്കുകയാണ്. ഭാഷയിലും ആ ശാന്തതയും രൗദ്രതയും പ്രകടമാണ്. വരവരറാവുവിന്റെ ഭാഷയുടെയും ആശയത്തിന്റെയും രൗദ്രഭാവം ഒട്ടും ചോർന്നുപോകാതെ അൻവർ അലി വിവർത്തനം നിർവഹിച്ചിരിക്കുന്നു.
തുടർന്ന് ബിലു പത്മിനി നാരായണന്റെ അൽപചീനോക്ക് ഒരു ഗീതം എന്ന കവിത വായിക്കുന്നു.
മാർട്ടിൻ ബ്രസ്റ്റ് സംവിധാനം ചെയ്ത സെന്റ് ഓഫ് എ വുമൺ എന്ന സിനിമയിൽ കേണൽ ഫ്രാങ്ക് സ്ലേയ്ഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഓസ്കാർ അവാർഡ് നേടിയ അൽപചിനോ എന്ന വിഖ്യാത നടന് സമർപ്പിക്കുന്നതാണ് കവിത. പെൺമയിലേക്കുള്ള അതിരറ്റ അന്തർദ്ദാഹം പുലർത്തുന്ന ഈ കഥാപാത്രത്തെ മുൻ നിർത്തി. പെൺമയെ അഭിലാഷ കേന്ദ്രമായി മാത്രം പുരുഷൻ കാണുന്നു എന്ന നിരർത്ഥക പെണ്ണെഴുത്താകുന്നു ഈ കവിത. പചീനോക്കല്ല, പ്രാങ്ക് സ്ലോയ്ഡിനാണ് ഗീതമെഴുതേണ്ടിയിരുന്നത്. ആറു പുറങ്ങളിലായി നിറഞ്ഞു നിൽക്കുന്ന ഈ പുരുഷ വിരോധം ഒരു ലേഖനമായാണ് എഴുതിയിരുന്നതെങ്കിൽ പാരായണ സുഖമെങ്കിലും ലഭിക്കുമായിരുന്നു.
ഇതാ വരുന്നു , നിഷ നാരായണന്റെ ഫ്രെയിം ലസ്- ധ്വനി സാന്ദ്രമായ ഒരു സുന്ദര കവിത. ജീവിത ക്ലേശം വലിച്ച്, ഭൂതാവേശിതനായി ഭൂതവും വർത്തമാനവും സ്വസുഖത്തിനല്ലാതെ നീക്കി വക്കുന്ന ജഡ്ക വണ്ടിക്കാരന്റെ ജീവിതാവസ്ഥ, ഭാവിയില്ലാത്തവന്റെ ജീവചരിത്രം ജാഡകളില്ലാത്ത നൊമ്പരമായി കവി പറഞ്ഞിരികുന്നു.
തീരെ മോശമല്ലാത്ത കവിതകൾ വായിച്ച സന്തോഷത്തിൽ സമകാലിക മലയാളം ലക്കം 13 ലെ സുസ്മേഷ് ചന്ത്രോത്തിന്റെ പഴക്കറ പുരണ്ട ഉടുപ്പ് എന്ന കഥ വായിക്കുമ്പോൾ ഉൻമേഷം ഇരട്ടിയാകുന്നു.
ജീവിതത്തിന്റെ നഗ്‌ന യാഥാർത്ഥ്യങ്ങളെ നഗ്നതയിലൂടെ വെളിപ്പെടുത്തുന്ന ഒരു നല്ല കഥ. കാപട്യം നിറഞ്ഞ ലോകമാണ് നഗ്നത തിരിച്ചറിയുന്നത്. സ്വപ്നമോ, യാഥാർത്ഥ്യമോ എന്ന് വേർതിരിച്ചറിയാത്ത മനുഷ്യാവസ്ഥയുടെ ദൃശ്യാവിഷ്കാരമായി ഭവിക്കുന്നു. ഈ കഥ . സുഗേയമായ ആഖ്യാനം. ഒട്ടും ഭാവം ചോർന്നുപോകാത്ത ലളിത ഭാഷ. പാരായണ സുഖമാണ് ഒരു സാഹിത്യ സൃഷ്ടിക്കു വേണ്ട പ്രഥമവും പ്രധാനവുമായ ഗുണമെന്ന് ഈ കഥ ഒന്നുകൂടി ഓർമിപ്പിക്കന്നു. വിഷയമെന്തുമാകട്ടെ . ആഖ്യാനത്തിലൂടെ അതിനെ സമ്പുഷ്ടമാക്കുക എന്നിടത്താണ് ഒരു കഥാകൃത്തിന്റെ വിജയം. ആ അർത്ഥത്തിൽ പൂർണ്ണമായും വിജയിച്ചിരിക്കുന്നു. ഈ കഥാകൃത്ത്.
കഥയമമ കഥയമമ കഥകളി തിസാദരം എന്ന് എഴുത്തച്ഛനൊപ്പം ഞാനും ഊറ്റം കൊള്ളട്ടെ. കഥ എത്രകേട്ടാലും മതിവരാത്ത ഒരു കുട്ടിയുടെ മനസ്സുമായി നല്ല കഥകളും കവിതകളും ആവോളം പ്രതീക്ഷിച്ചു കൊണ്ട് ഈ കുറിപ്പ് ചുരുക്കാം എന്ന് തോന്നുന്നു. നമസ്കാരം.
…