Archives / August 2020

ആശാ അഭിലാഷ് മാത്ര
ചിഹ്നങ്ങൾ..

ജലാവരണപ്പാച്ചിലിൽ ദൈവശ്ശിരസ്സുകൾ പോലും
പരിചിതമല്ലാത്ത ചിഹ്നങ്ങളാകുന്നു!!
അവസാന ചുംബനം ചുടുനിണത്തോടൊപ്പം ചെളിയിൽ കുതിർന്നേകി
എല്ലുകൂട്ടങ്ങൾ...?
പച്ചച്ചരിവുകൾ കറുകറുത്ത കാലരൂപങ്ങളായ്
നന്നങ്ങാടികളായ് ...
തേങ്ങുന്ന ആത്മാവിൻ തീക്ഷ്ണചിഹ്നങ്ങൾ പുനർജ്ജനിച്ചവതരിക്കുന്നത് ...പുകയായ് ...പാട്ടായ് ...നൃത്തമായ്.....!
ശ്വാസത്തിൽ വിലങ്ങിട്ട
അദൃശ്യ താക്കോലുകൾ
മാന്ത്രിക പ്പൂട്ടിനാൽ ഇറുക്കി  ബന്ധിച്ചിട്ടു...!!
നയനത്തിൽ മൂടിയ
കാഴ്ചകൾ മിന്നിമറയുന്ന പരിചിതമല്ലാത്ത ചിഹ്നങ്ങൾ മാത്രം...
സ്ഥാനങ്ങൾ തെറ്റിയ പാതയിലൂടെ പതിച്ചതും പിളർന്നതും ശാസ്ത്ര സത്യങ്ങൾക്കുമപ്പുറം
അറിയാത്ത അവസാന ചിഹ്നത്തിൻ നാന്ദി!
വഴുവഴുത്ത ചർച്ചകൾ
വിറച്ച വാർത്തകൾ
പ്രയാണം തുടരുവാൻ
ഉൾവിളി മാത്രം..
മാംസരൂപമായ് മാറുന്ന നരനും
മനസ്സാക്ഷി പണയത്തിലാകുന്നതറിയുന്നു...
ശവശരീരങ്ങൾ തീർത്ത ആറടിച്ചിഹ്നങ്ങൾ
ഭൂപടം മാറ്റി രചിച്ചു തുടങ്ങി.......

Share :