Archives / july 2021

കുളക്കട പ്രസന്നൻ
ഗാഡ്ഗിൽ സമിതി റിപ്പോർട്ട് & മലയാളികളുടെ അമിത ഉത്കണ്ഠ

ഗാഡ്ഗിൽ സമിതി റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിച്ചതിന്റെ ഒൻപതാം വാർഷികം ആഗസ്റ്റ് 3l ന് 

 

ശരിയായ ദിശാബോധം ഒന്നുകിൽ ജനങ്ങൾക്കുണ്ടാകണം. അതല്ലെങ്കിൽ ഭരണകൂടം ജനങ്ങളെ ശരിയായ വഴിയിൽ നയിക്കുന്നവരായിരിക്കണം. ഈ രണ്ടു വിഷയങ്ങളുടെ ശരിക്കുമുള്ള അഭാവമാണ് കേരളം ഇപ്പോൾ നേരിടുന്ന പ്രതിസന്ധി .
 കേരളത്തിൽ അടിക്കടിയുണ്ടാകുന്ന പ്രളയത്തിൽ ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും അതുമൂലം ഉണ്ടാകുന്ന ജീവഹാനി, സ്വത്തു വകകളുടെ നഷ്ടം ചെറുതല്ല. എന്നാൽ ഇതിനു പരിഹാര മാർഗ്ഗമായിരുന്ന ഗാഡ്ഗിൽ സമിതി റിപ്പോർട്ട് ഇപ്പോഴും പൂഴ്ത്തപ്പെട്ടിരിക്കുമ്പോഴാണ് നാടിന്റെ ദുരവസ്ഥയിൽ സത്യസന്ധമായി വേദനിക്കുന്നവരുടെ ദു:ഖം രോഷമായി മാറുന്നത്. 
2011 ആഗസ്റ്റ് 31 ന് ഗാഡ്ഗിൽ സമിതി റിപ്പോർട്ട് കേന്ദ്രത്തിനു കൈമാറിയിട്ട് ഈ ആഗസ്റ്റ് 31 ന് 9 വർഷമാകുന്നു. ഇതു ചെറിയൊരു കാലയളവല്ല. ഗാഡ്ഗിൽ സമിതി റിപ്പോർട്ടിനെ ആട്ടിയോടിക്കാൻ പ്രേതം, പിശാച്, കുട്ടിച്ചാത്തൻ തുടങ്ങിയ ദുഷ്ടശക്തികൾ ഇല്ലാ കഥകളുമായി രാപ്പകലില്ലാതെ ഉറഞ്ഞു തുള്ളി. അതിനൊപ്പം വോട്ടാണല്ലോ പ്രധാനമെന്ന് കരുതി പലരും കൂടി . ഇപ്പോഴിതാ ഒന്നിനു പുറകെ ദുരന്തങ്ങൾ കേരളം നേരിടുന്നു. ഇവിടെ കഷ്ടനഷ്ടങ്ങൾ സംഭവിക്കുന്നത് പ്രേത, പിശാചുക്കൾക്കല്ല എന്ന് സാധാരണ ജനങ്ങൾ മനസിലാക്കണം.
ഒന്നു ചിന്തിച്ചു നോക്കു, പാരിസ്ഥിതിക വിഷയങ്ങളിൽ അതാത് പ്രദേശത്തെ ജനസഭകൾ ചർച്ച ചെയ്തു ഉചിതമായ മാർഗ്ഗം സ്വീകരിക്കണമെന്ന അതിപ്രധാനമായ ഗാഡ്ഗിൽ സമിതി നിരീക്ഷണത്തെയാണ് അട്ടിമറിക്കപ്പെട്ടത്. അതായത് പരിസ്ഥിതിലോല പ്രദേശങ്ങൾ എങ്ങനെ സംരക്ഷിച്ചു പോരണമെന്ന് ജനകീയ സഭകൾ ചർച്ച ചെയ്തു തീരുമാനിക്കരുതെന്ന് പ്രേത, പിശാചുക്കൾ തീരുമാനിച്ചു എന്നർത്ഥം. 
നമ്മൾ രണ്ടാം പ്രളയത്തിലെങ്കിലും ഗാഡ്ഗിൽ സമിതി റിപ്പോർട്ടിനെ ദിവ്യമായി കാണാൻ തുടങ്ങിയെന്നത് ഭാഗ്യം . പക്ഷെ, ഈ റിപ്പോർട്ടിന്റെ പൂർണ്ണരൂപം ജനങ്ങളിലെത്തുന്നില്ല. അത് എന്തുകൊണ്ടെന്നാൽ ജനങ്ങൾ ഗാഡ്ഗിൽ റിപ്പോർട്ടിലെ ശരിയായ കാര്യങ്ങൾ അറിയരുതെന്ന് ചിന്തിക്കുന്നവർ നടത്തുന്ന ചതിയാണ്. എങ്കിലല്ലെ, ഗാഡ്ഗിൽ റിപ്പോർട്ടിനെ സംബന്ധിച്ച് ഇല്ലാ കഥകൾ പ്രചരിപ്പിക്കുന്നവർക്ക് പൊതുസമൂഹത്തെ പറ്റിച്ച് പ്രകൃതിയെ നിയന്ത്രണങ്ങളില്ലാതെ ചൂഷണം ചെയ്യാൻ പറ്റുകയുള്ളു.
ഇവിടെ ഒന്നുകൂടി സൂചിപ്പിക്കട്ടെ, മഴ തിമിർത്തു പെയ്യുമ്പോൾ മാത്രം മഴയത്തിറങ്ങുന്ന ഒരാൾ കുട അന്വേഷിക്കുന്നതു പോലെയാവരുത് പ്രളയമുണ്ടാകുമ്പോൾ ഗാഡ്ഗിൽ സമിതി റിപ്പോർട്ടന്വേഷണം. ഇപ്പോൾ നടക്കുന്ന ഗാഡ്ഗിൽ സമിതി റിപ്പോർട്ട് ചർച്ച ഏതാണ്ട് ഈ കുട അന്വേഷണം പോലെയാണ്. 
ഗാഡ്ഗിൽ സമിതി റിപ്പോർട്ട് സമർപ്പണത്തിന്റെ 9-ാം വാർഷികമായ ആഗസ്റ്റ് 31 മുതലെങ്കിലും ജനങ്ങളും ഭരണാധികാരികളും നമ്മുടെ പ്രധാന അജണ്ടയായി ഈ റിപ്പോർട്ടിനെ കാണണം

മലയാളികളുടെ അമിത ഉത്കണ്ഠ

ഹൃദ്രോഗം, പ്രമേഹം,  തുടങ്ങിയ രോഗങ്ങൾ ഏറെയുള്ള നാടാണ് കേരളം. പണ്ടൊക്കെ പണക്കാർക്കു പിടിപ്പെടുന്ന ഇത്തരം രോഗങ്ങൾ എല്ലാവർക്കും പകർച്ചവ്യാധി പോലെ ആയിട്ട് വർഷങ്ങളായി. 

കൊളസ്ട്രോൾ, ഷുഗർ, ബ്ലഡ് പ്രഷർ കൂടുകയും അതിനാൽ രാവിലെയും വൈകിട്ടും ഓടിയും നടന്നും ഇവ ക്രമീകരിക്കാൻ പാടുപ്പെടുന്നവരെ നമ്മളുടെ ചുറ്റുപാടികളിൽ കാണാം. സസ്യാഹാരത്തിനു പ്രാധാന്യം കൊടുത്തിരുന്ന മലയാളികൾ സസ്യേതര ഭക്ഷണത്തിലേക്ക് തിരിഞ്ഞിട്ട് ഏകദേശം 30 വർഷമായി കാണും. വല്ലപ്പോഴും കോഴിക്കറി പാചകം ചെയ്തിരുന്ന വീടുകളുടെ സ്ഥാനത്ത് കോഴിക്കറി സ്ഥിരമാകുകയും പച്ചക്കറി വല്ലപ്പോഴും ആയി. സമീപത്തെ സ്കൂളുകളിൽ നടന്നു പോയിരുന്ന വിദ്യാർത്ഥികൾ, മാർക്കറ്റിൽ നടന്നോ, സൈക്കിളിലോ പോയിരുന്നവർ ഉണ്ടായിരുന്ന ഈ നാട്ടിൽ അത് കടങ്കഥയായി.

പിത്തം, വാതം, കഫം, വായുക്ഷോഭം ഇതൊക്കെയായിരുന്നു മലയാളികളുടെ ഒരു കാലത്തെ രോഗങ്ങൾ. നാട്ടുമരുന്നുകളും പരമ്പരാഗത വൈദ്യവും ആയൂർവേദവും ആയിരുന്നു പഴമക്കാരുടെ ചികിത്സാ സമ്പ്രദായങ്ങളും. പതിയെ അലോപ്പതിയിലേക്കും ഹോമിയോയിലേക്കും നമ്മുടെ നാട് മാറി തുടങ്ങി. ജലദോഷത്തിനും തുമ്മലിനും അലോപ്പതി വേണമെന്നായി ഇപ്പോൾ. ജലദോഷം വന്നാൽ രണ്ട് തുളസിയില ഇട്ട് തിളപ്പിച്ചു കുടിക്കാനൊന്നും മലയാളികൾക്ക് നേരമില്ലാതായി. 

നേരമില്ലാത്ത മലയാളികൾക്ക് ബിവറേജസിനു മുന്നിൽ മണിക്കൂറുകളോളം ക്യൂ നിൽക്കാനും ടെലിവിഷൻ ടി വി സീരിയലിനു മുന്നിൽ ഇരിക്കാനും സമയമേറെയുണ്ട്. മദ്യപാനം ആരോഗ്യത്തിനു ഹാനികരം എന്നെഴുതിയിട്ടുണ്ടെങ്കിലും മദ്യമില്ലാത്ത ദിനങ്ങളെ കുറിച്ച് ചിന്തിക്കാൻ പറ്റാത്ത അനേകർ ഉണ്ട്. പുകവലിയിലൂടെ ശ്വാസകോശ അർബുദം വരാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞോണ്ടു ചെയിൻ സ്മോക്കർ ഉള്ള നാടാണ്. ഒരു കഥയുമില്ലാത്ത കുറെ ടി വി സീരിയൽ കണ്ട് തല പുണ്ണാക്കി ടെൻഷനടിച്ച്, ഷുഗൾ കൂട്ടി ജീവിക്കുന്ന എത്രയോ കുടുംബങ്ങൾ. ആരോഗ്യത്തെ കുറിച്ച്  അവഗാഹം ഉള്ള നാട്ടിലാണ് ഇതൊക്കെ നടക്കുന്നത്.

പഴയ കാലങ്ങളിലെ പോലെ കവലയിൽ വൈകിട്ട് ഒത്തുകൂടി സൊറ പറയാനും വീട്ടിലെ തീൻമേശയിൽ ഒത്തൊരുമിച്ച് ഇരുന്ന് ഭക്ഷണം കഴിച്ച് വിശേഷങ്ങൾ പങ്കിടാനും കഴിഞ്ഞാൽ പല ജീവിത ശൈലി രോഗങ്ങളും പമ്പ കടക്കും.

നിത്യ വരുമാനം ഇല്ലാത്തവർ ഉൾപ്പെടെ പരമാവധി ലോണെടുത്ത് വീടുവച്ച് കാറുവാങ്ങി ജീവിതഭാരം കൂട്ടും. അതിനൊപ്പം കുട്ടികളുടെ വിദ്യാഭ്യാസം, കല്യാണങ്ങൾ മറ്റാഘോഷങ്ങൾ എല്ലാം കൂടി വരുമ്പോൾ ജീവിത പ്രാരാബ്ദം താങ്ങാവുന്നതിലപ്പുറം ആകും. അതിൽ നിന്നു ഒളിച്ചോടാൻ പുകവലി, മദ്യപാനം, ടി വി സീരിയൽ അമിതമായി കാണുക, ഓൺലൈൻ ഗെയിം അങ്ങനെ പോകുന്നു ഒളിച്ചോട്ടങ്ങൾ. ചിലപ്പോൾ വീട്ടിലെ തന്നെ മറ്റാരും അറിയാതെയാവും ബാങ്കിൽ നിന്ന് ലോൺ എടുത്തതും മറ്റ് കടമിടപാടും.

ജീവിത ടെൻഷൻ ഒഴിവാക്കാൻ ചിലർ മൊബൈൽ ഫോണിൽ ഏറെ സമയം ചിലവഴിക്കുന്നത് കാണാം. നവ മാധ്യമങ്ങളുടെ ഉപയോഗത്തിൽ ഹരം പിടിക്കുകയും ശ്രദ്ധ മുഴുവനും അതായി മാറുകയും ചെയ്യുന്ന അനേകർ ഉണ്ട്. ഒരു ലഹരി പോലെ.

കൊവിഡ് 19 കാലയളവിൽ മലയാളികളുടെ ഉത്കണ്ഠ വർദ്ധിക്കുന്നു. തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം, ലോൺ കുടിശ്ശിക അടയ്ക്കാനുള്ള സാമ്പത്തിക പ്രതിസന്ധി, കുട്ടികളുടെ വിദ്യാഭ്യാസം, വീട്ടിൽ തന്നെ കഴിയേണ്ടി വരുന്ന സ്ഥിതി ഒട്ടേറെ വിഷയങ്ങളിൽ മലയാളികൾ അസ്വസ്തമാകുന്നു. കൊവിഡ് 19 പ്രതിസന്ധി സൃഷ്ടിച്ചത് ലോകത്തെ മുഴുവൻ ആണ്. ലോകത്തിൻ്റെ എല്ലാ കോണിലുമുള്ള മലയാളികളെയും അതുമൂലം കേരളത്തെയും ഇതു ബാധിക്കുന്നു എന്നത് പല ഘടകങ്ങളിൽ ഒന്നാണ്.

കൊവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ പ്രവാസി മലയാളികൾ നിരവധി പേർ മരിച്ചു  . കൊവിഡ് 19 ബാധിച്ച് മാത്രമല്ല അതിൽ പലരും മരിച്ചത്. പലരും മരിച്ചത് ഹൃദയാഘാതം വന്നാണ്. ഈ രോഗമൂലമുണ്ടാകുന്ന പ്രതിസന്ധി ഓർത്ത് അമിത ഉത്കണ്ഠ പലരുടെയും ഹൃദയതാളം തെറ്റിച്ചു .

നേരത്തെ ഇതു പ്രവാസി മലയാളികളിൽ ആയിരുന്നുവെങ്കിൽ കേരളത്തിൽ തന്നെ ഹൃദയാഘാതം മൂലം മരണപ്പെടുന്നവരുടെ എണ്ണം കൂടുന്നതായി കണ്ടുവരുന്നു. പലർക്കും തടങ്കലിൽ കഴിയുന്ന പ്രതീതിയാണ്. അതുപോലെ സാമ്പത്തിക പ്രതിസന്ധിയും ആളുകളെ ഉലയ്ക്കുന്നു . കൊവിഡ് കാലത്ത് 70 ഓളം കുട്ടികൾ ആത്മഹത്യ ചെയ്തു. ഇവിടെ മനസ്സിലാക്കേണ്ടത് കൊവിഡ് 19 ൻ്റെ പ്രതിരോധം പോലെ തന്നെ മലയാളികളുടെ മാനസ്സികാരോഗ്യത്തിനും ഊന്നൽ നൽകേണ്ടതുണ്ട്. അതിന് അധികൃതരുടെ ശ്രദ്ധ അനിവാര്യമാണ്.

കമൻ്റ്: ഒരേ സമയം പ്രകൃതിയുടെ താളവും ഹൃദയത്താളവും തെറ്റുകയാണെങ്കിൽ മലയാളികൾ അശക്തരായി പോകും. ലോകത്തിനു മുന്നിൽ സൽപേര് നേടിയവരാണ് മലയാളികൾ. പെരുമാറ്റം കൊണ്ടും പ്രവൃത്തികൊണ്ടും. കൊവിഡ് പശ്ചാത്തലം പിന്നിടുമ്പോൾ മലയാളികൾക്ക് അതിരുകൾ കടന്ന് വിജയക്കൊടി പാറിക്കാം.
 

Share :