Archives / july 2021

ഫസൽ ഫയാസ് III ഇയർ എം.ബി.ബി.സ് അമല മെഡിക്കൽ കോളേജ് തൃശൂർ
ഹാർട്ട് അറ്റാക്ക്

ഹാർട്ട് അറ്റാക്ക് വന്നതിൽ
പിന്നെ വറീത് മാപ്പിളക്ക്
വലിയ പേടിയാണ്.
ഒറ്റക്കിരിക്കാൻ പേടി.
കിടക്കാൻ പേടി.
കഴിക്കാൻ പേടി.
"എട്യേ....ഒന്നിങ്ങട് വന്നേടി"
ശബ്ദം കേട്ട് ലില്ലിയമ്മ
ഓടിപ്പാഞ്ഞെത്തും.
"എഞ്ഞാ...എഞ്ഞാപറ്റി ?!"
"ഒന്നുവില്ല...
നീ കുറച്ചുനേരം ഇവിടിരിക്ക് "
"എന്റീശോയേ...
ഇതിയാനെകൊണ്ട് ഞാൻ തോറ്റു.
ഇങ്ങനുണ്ടോ ഒരു പേടി !!"
ലില്ലിയമ്മക്ക് ചിരി പൊട്ടും.
മാപ്പിള നാണിച്ചു തലതാഴ്ത്തും.

----------------------------------

രാത്രി ലില്ലിയമ്മയെ
കെട്ടിപ്പിടിച്ചാണ് ഉറക്കം.
പൊക്കിളിന് ചുറ്റും മാപ്പിളയുടെ
വിരലോടുമ്പോൾ ലില്ലിയമ്മക്ക്
കുളിരു കോരും.
അവരോർക്കും
ഇതിയാനിതെഞ്ഞാ പറ്റി ?!!
"ലില്ല്യേ...."
'ഓ....."
"ഞാൻ നിന്റെ ചുണ്ടിലൊന്ന്
ഉമ്മ വച്ചോട്ടേടി...?"
ലില്ലിയമ്മ നാണിക്കും.
സമ്മതം മൂളും.
ചുണ്ടുകൾ അടുത്തു വരുമ്പോൾ
ലില്ലിയമ്മ വിയർക്കും.
താഴെ ചുണ്ടിൽ മാപ്പിള
മെല്ലെ കടിക്കും.
ലില്ലിയമ്മ പിടയും.
അരയിലെ പിടുത്തം മുറുകും.
പതിയെ ശ്വാസോച്ഛ്വാസങ്ങൾ.
ചുംബനങ്ങൾ.

----------------------------------------
അപ്പന് അറ്റാക്ക് വന്ന വിവരം
അറിഞ്ഞ് വിദേശത്തുള്ള
മകൻ പരിഭ്രമിച്ചു.
"അപ്പാ..."
ഫോണിൽ ശബ്ദം ഇടറി.
"ഒന്നുവില്ലടാ ഉവ്വേ..."

മാപ്പിള സമാധാനിപ്പിച്ചു.

"ഞങ്ങളങ്ങ് വീട്ടിലോട്ട്
വരുവാ അപ്പാ..."
മാപ്പിള വലഞ്ഞു.
ലില്ലിയമ്മയുടെ സ്നേഹം
മകനും പേരക്കുകുട്ടികൾക്കും പങ്കിട്ടുപോവുമെന്ന്
അയാൾ ഭയന്നു.
"നീ തിടുക്കപ്പെടാതെടാ ഉവ്വേ
അപ്പനിവിടെ അമ്മച്ചി ഇല്ല്യോ..."
"എന്നാലും അപ്പാ..."
"ഒരു എന്നാലുവില്ല...
ഇപ്പൊ ഓടിപ്പാഞ്ഞിങ്ങു വരണ്ട.
അപ്പനൊരു കുഴപ്പോം ഇല്ല."
ഒറ്റ ശ്വാസത്തിൽ മാപ്പിള
കാര്യം പറഞ്ഞൊപ്പിച്ചു.

ലില്ലിയമ്മ ഇടങ്കണ്ണിട്ട് നോക്കി.
മാപ്പിള കണ്ണിറുക്കി ചിരിച്ചു.
---------------------------------------------
നരച്ച തലമുടിയിൽ
മാപ്പിള ചായം പൂശി.
ലില്ലിയമ്മയുടെ ചെവിയിൽ
മൂളിപ്പാട്ട് പാടി.
ഇടക്കൊക്കെ മടിയിൽ കിടന്നു.
തുടയിൽ നുള്ളി.
അറുപതുകാരൻ വറീത് അങ്ങനെ അൻപത്തിരണ്ടുകാരി ലില്ലിയെ പ്രണയിക്കുകയാണ്.
അഗാധമായി.
"ലില്ല്യേ...."

"ഓ...."

നീയെന്റെ നെഞ്ചിലൊന്ന്
തലവെച്ച് കിടന്നേടീ...;
ലില്ലിയമ്മ മെല്ലെ
തോളിലോട്ട് ചാഞ്ഞു.
നെഞ്ചിൽ ചെവി ചേർത്ത്
വച്ചുകൊണ്ട് പറഞ്ഞു.
";നന്നായി മിടിക്കുന്നുണ്ട്"
"എഞ്ഞാ ശബ്ദവാ.."
"ധും ധും...ധും ധും...ധും ധും''
മാപ്പിള ഉറക്കെ ചിരിച്ചു.
ലില്ലിയമ്മ നെഞ്ചിൽ
ചുണ്ടമർത്തി കിടന്നു.
'ലില്ല്യേ..."
"ഓ...."

"ഒരൂസം ഈ മിടിപ്പങ്ങ് നിലച്ചാ
നീ എഞ്ഞാ ചെയ്യും...?!!'"
ലില്ലിയമ്മക്ക് മറുപടിയുണ്ടായില്ല.
ഹൃദയമിടിപ്പിന്റെ വേഗം
കൂടുന്നത് അവരറിഞ്ഞു.
മാപ്പിള ആഴത്തിൽ ശ്വസിച്ചു.
ലില്ലിയമ്മയെ ചേർത്തു പിടിച്ചു.
കണ്ണടച്ചു.

----------------------------------------------
പതിവിന് വിപരീതമായി
മാപ്പിള അന്ന്
നേരത്തെ ഉണർന്നു.
ഉറങ്ങിക്കിടക്കുന്ന ലില്ലിയമ്മയെ ഒരുപാട് നേരം
നോക്കിയിരുന്നു.
ഉണർത്താതെ കവിളിൽ
ഉമ്മ വച്ചു.
അടുക്കളയിൽ കയറി
ചായയിടുമ്പോഴും മാപ്പിള
മൂളിപ്പാട്ട് പാടുന്നുണ്ടായിരുന്നു.
ലില്ലിയമ്മക്കുള്ള
ചായക്കോപ്പയുമായി
മാപ്പിള ചെന്നു.
കട്ടിലിനരികിൽ നിന്ന് വിളിച്ചു
"എട്യേ.... '"
ലില്ലിയമ്മ ഉണർന്നില്ല.
ചുമലിൽ തട്ടി വിളിച്ചു.
"എടി ലില്ല്യേ......."
ലില്ലിയമ്മ ഉണർന്നില്ല.
ഉറക്കെ ആർത്തു വിളിച്ചു.
"ലില്ല്യേ................."
ലില്ലിയമ്മ ഉണർന്നില്ല.
ചായക്കോപ്പ നിലത്തു വീണുടഞ്ഞു.
മൗനം.
 

Share :