Archives / july 2021

‌ അർച്ചന എസ്  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ഭൂവനേശ്വർ
മണൽക്കാടുകൾ

1

മണൽക്കാടുകൾ

 

കാടുകൾക്കിപ്പോഴും 

പച്ച വിരിച്ചൊരു ഓർമ്മയാണ്. 

വെയിൽ പെയ്തു 

പൊള്ളലിൽ കുളിർ തേടി 

നാളെയേറെയീ മരുഭൂവിൽ 

ഋതുക്കൾ കൊണ്ടു. 

മനമിന്നൊരു മണൽക്കാടാണ് 

പൂക്കുന്നില്ല, 

മഞ്ഞിൻ പെയ്ത്തുമില്ല 

പച്ചില ചിലയ്ക്കും പാട്ടുമില്ല 

ഇടയ്ക്കെപ്പോളോ 

വിയർപ്പൊറ്റൊന്ന് 

പൊടിഞ്ഞ് വീണിടത്ത് 

കള്ളിച്ചെടി ഒളിഞ്ഞു നോക്കുന്നുണ്ട്,

ഓർമ്മയിലെ പച്ചക്കാട് 

നോവ് പടർത്തുമ്പോളെന്തോ  

കൃത്യമായി കാറ്റിൽ പാറി 

മണൽത്തരികൾ 

കണ്ണിൽ പതിക്കാറുമുണ്ട്. 

2.

മത്സ്യം

 

ആഴിയാഴങ്ങളിൽ അഴകോടെ 

അഴലേതുമില്ലാതെ വാണീടുവോർ 

തേടി വരുവതോ പലവിധം 

പേടിപെടുത്തും കെണിക്കരങ്ങൾ 

പോകും വഴികളിൽ 

പതുങ്ങിയിരിക്കും 

അകപ്പെട്ടാൽ രക്ഷയില്ലാ 

വലകുരുക്കുകൾ, 

സ്നേഹനാട്യങ്ങൾ കാട്ടിവിളിക്കും 

ഇര കോർത്ത ചൂണ്ടത്തലപ്പുകൾ 

സ്നേഹം കൊതിക്കും 

വാ തേടി ചതിച്ചിരിതൂകി, 

നിനച്ചിരിപ്പാതെ വന്നണയും 

വാൾത്തലവെട്ടുകൾ

തലക്കിട്ടു വഴികളിൽ, 

ആഴക്കടലിനോടങ്കം ജയിക്കുവാൻ 

അണുകണം പോലൊരു 

കുഞ്ഞുമീൻ പയറ്റുകൾ, 

 

കെണിയെങ്ങനെയുമാവാം 

ചതിയെങ്ങനെയുമാവാം 

വാളല്ല പരിചയാണ് ശക്തിയേറും

ആയുധമെന്നോർക്കുക 

 

 

 

Share :