മുറിവുകളും മുല്ലപ്പൂക്കളും / 

മുല്ലശ്ശേരി
മുറിവുകളും മുല്ലപ്പൂക്കളും  (മൂന്നിന്റെ തുടർച്ച:)

  അവന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചാണ് അവൻ പറഞ്ഞു തുടങ്ങിയത്. ഞാൻ കേട്ടിരുന്നു.  

        ഉച്ചക്ക് ഞങ്ങൾ അവന്റെ വീട്ടിൽ പോയി. നല്ലൊരു ദിവസം ആസ്വദിക്കാൻ എന്റെ മനസ് ഒരുമ്പെട്ടത് പോലെ. ആ ഒരു ദിവസത്തേയ്ക്കാണെങ്കിലും  ആ ഒരു ദിവസത്തെ ഏകാന്തതക്കു് മോചനം ആകുമെങ്കിൽ ഞാനെന്തിന് അതിന് തടസ്സം നിൽക്കണം .

        ജോലിക്ക് ആൾ വന്നത് മുതൽ ആ വീട്ടിലുണ്ടായ വ്യത്യാസങ്ങൾ അവരെ പോലും അമ്പരിപ്പിക്കുന്നതായിരുന്നു. മുടക്കമില്ലാതെ ആഫീസ് ജോലികൾ കൃത്യമായി അവർ രണ്ടു പേരും ചെയ്യുന്നു. കുട്ടികൾക്കും ഒരു നല്ല കൂട്ട് തന്നെയാണ് , പുതിയ ജോലിക്കാരി .

          ഉച്ചക്ക് ഞങ്ങളെ കാത്ത് അവന്റെ രണ്ടു കുട്ടികളും വീടിന് മുന്നിൽ തന്നെയുണ്ടു. അവർക്കായി ഞാൻ കരുതിയത് അവർക്ക് നൽകുമ്പോൾ - അവർ രണ്ടു പേരും എന്നെ നോക്കിയതിൽ ഒര പ്രത്യേകതയുള്ളതു പോലെ.. എന്നെ അവർ ആദ്യമായല്ലല്ലോ കാണുന്നത്. എങ്കിലും അവരുടെ നോട്ടത്തിന്റെ അർത്ഥം അപ്പോൾ  പിടികിട്ടിയുമില്ല. എന്നിൽ നിന്നും അവ വാങ്ങിയിട്ടും അകത്തേക്ക് പോകാതെ അവർ അവിടെ തന്നെ പതിവില്ലാതെ നിന്നു --- എന്നെ തന്നെ നോക്കിക്കൊണ്ട് . ....
         ഞങ്ങളുടെ പൊക്കം ഒരേ തലത്തിലെത്തിയ്ക്കാൻ കുറച്ച് താഴുന്നതും രണ്ട് പേരും എന്നെ കെട്ടിപ്പിടിച്ചതും ഒരുമിച്ചായിരുന്നു. ഞാൻ അമ്പരപ്പോടെ അവരേയും അവനെയും നോക്കി. പെട്ടെന്നവൻ കണ്ണ് മാറ്റിക്കളഞ്ഞു. കുട്ടികളുടെ മുഖത്ത് എന്തൊയൊരു നന്ദി പ്രകടനം പോലെയായിരുന്നു അതെന്നു് എനിക്ക് തോന്നി. " അപ്പോൾ അവരും മനസ്സിലാക്കിയിരിക്കുന്നു -- അച്ഛന്റെ സോഡഅടി "- എന്റെ ഉള്ള് എന്നോട് പറഞ്ഞു. അവരെ ചേർത്ത് പിടിച്ചു കൊണ്ട് ഞാനും എന്നോടൊപ്പം അവനും അകത്തേക്ക് കയറി .
          സുനിതയുടെ മുഖത്തും കുട്ടികളുടെ മുഖത്ത് കണ്ട അതേ ഭാവം തന്നെയായിരുന്നു. പക്ഷേ അതിസമർത്ഥമായി ഒരു സംസാരത്തിന് പോലും ഒരുങ്ങാതെ ഞങ്ങളോട് -" ഭക്ഷണം ശരിയായി - കഴിച്ചിട്ട് - ഇനി സംസാരിയ്ക്കാം " .
      ഞങ്ങളിരുന്നു.  ഡൈയ്നിംഗ് ടേബിളിൽ എല്ലാം നിരത്തിയിട്ടുണ്ടു. കുട്ടികൾ അവരുടെ കസേരകളിലും ,ഞങ്ങളോടൊപ്പം തന്നെ സുനിതയും ഇരുന്നു. പക്ഷേ ആരും തന്നെ പ്ലേറ്റെടുത്ത് അവർക്ക് ആവശ്യമുള്ള ആഹാരം എടുക്കുന്നില്ല. ആരെയോ കാത്തിരിക്കുന്നത് പോലെ - എന്നെ അത്ഭുതപ്പെടുത്തി കൈയിൽ വലിയ ജഗ്ഗിൽ വെള്ളവുമായി എത്തി 6-മത്തെ ചെയറിൽ "ജോലിക്കാരി' ഇരുന്ന ശേഷമാണ് പ്ലേറ്റുകൾ എടുത്തു ഓരോരുത്തരായി അവർക്കാവശ്യമുള്ള ആഹാരം എടുത്ത് തുടങ്ങിയത്. [ മുമ്പും ഞാൻ അവിടെ നിന്നും ആഹാരം കഴിച്ചിട്ടുണ്ട്. അന്നൊക്കെ അവനും ഞാനും ആഹാരം കഴിച്ച് പോയ ശേഷമേ ,മറ്റുള്ളവർ ആഹാരം കഴിക്കുകയുള്ളു -അന്ന് ആ വീട്ടിൽ "ജോലിക്കാരി'യെ ഉണ്ടായിരുന്നില്ല. ] കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ അവരോടൊപ്പം കൂടി .

       ആഹാരം കഴിച്ച് കഴിഞ്ഞപ്പോൾ ആരുടെയും പ്ലേറ്റിൽ ബാക്കി ആഹാരം ഉണ്ടായിരുന്നില്ല - അത്ര കണ്ടു കൃത്യമായുള്ള ആഹാരം മാത്രമേ കുട്ടികൾ പോലും എടുത്തിരുന്നുള്ളു. "എച്ചിൽ" വരരുതെന്ന് ഒരു നിഷ്ഠയുള്ളതുപോലെ.  കഴിച്ച പ്ലേറ്റുകൾ അവരവർ തന്നെ കഴുകി തിരികെ മേശപ്പുറത്ത് വെയ്ക്കുകയും ചെയ്തു .( ഇതും മുമ്പ് പതിവില്ലാന്നതാണ്)

         ഞങ്ങൾ ഡ്രായിംഗ് റൂമിൽ തിരികെയെത്തി. മാറി വന്ന ഈ പ്രത്യേകതകൾ ഞാൻ പ്രത്യേകം സൂക്ഷിക്കുന്നതായി അവൻ മനസ്സിലാക്കുന്നുണ്ടായിരുന്നു. ഇന്നും കുട്ടികളോടൊപ്പം തന്നെ അവനും അന്ന് ആഹാരം കഴിയ്ക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം  എന്നിൽ നിന്നും അവൻ  മറച്ച് വെച്ചതുമില്ല. പക്ഷേ അവന് മറ്റന്തോ എന്നോട് പറയണമെന്നുണ്ടെന്ന് അവന്റെ മുഖം എന്നോട് പറയുന്നുണ്ടായിരുന്നു. അപ്പോഴാണ് സുനിത ഞങ്ങളിരുന്ന റൂമിൽ വന്നത്. ഞാൻ - "ഞങ്ങളൊന്ന് നടന്നിട്ട് വരാം " 
" പിന്നെന്താ - രാത്രിയുള്ള ഭക്ഷണം വരെ ഞങ്ങൾ ഒരുക്കിയിട്ടുണ്ടു. - ഫിറോസിന്റെ അടുക്കളക്ക് ഇന്ന് ഞങ്ങൾ റെസ്റ്റ് കൊടുക്കുന്നു." .
ഞാൻ ചിരിച്ചു.

       നടന്നു തുടങ്ങിയപ്പോൾ ,അവൻ മനസ് തുറന്നു. നിങ്ങൾക്ക് കേൾക്കാൻ പരുവത്തിൽ അതെല്ലാം കൂടി ചുരുക്കിപ്പറയാം -- ഒരു ജോലിക്കാരി ഒരു വീട്ടിൽ ജോലിക്ക് വന്നാലുണ്ടാകുന്നതിനുമപ്പുറം എല്ലാപേരിലും ഒരു ആത്മബന്ധം അവൾ ഉണ്ടാക്കിയെടുത്തു. ആദ്യം കുട്ടികളെയാണ് " അവൾ നേരെ ചൊവ്വേ '' ആക്കിയത്. മൊത്തത്തിൽ ആകെയൊരു ചിട്ടയാക്കിയെടുത്തു .കുട്ടികൾക്കും അവളോട് ഒരു പ്രത്യേകതയുണ്ടു. ചുരുക്കത്തിൽ അവളാണ് ആ വീട്ടിലെ " താക്കോൽ സ്ഥാനം '' എന്നും പറയാം. വേണമെങ്കിൽ ആ " വീട്ടിലെ ഐശ്വര്യ "മെന്നും പറയാം.

         അവൾ ഒരു വീട്ടിലും മുമ്പ് നിന്നിട്ടില്ല. സുദർശന്റെ (എന്നാണ് എന്റെ സഹപാഠിയായ സുഹൃത്തിന്റെ പേര് ) ഒരു സഹപ്രവർത്തകനാണ് സുദർശന്റെ വീട്ടിലേക്ക് അവളെ തരപ്പെടുത്തിയത് ,അയാളുടെ വീടിനടുത്തുളളതാണ്. അവളുടെ ഒരേയൊരു "കണ്ടീഷൻ '' ഇത്രമാത്രമാണ് .ആ വീട്ടിലെ ഒരംഗത്തെ പോലെ കാണണം. വളരെ ലാഘവത്തിൽ എല്ലാപേരും ശരിയെന്ന് പറഞ്ഞു. പക്ഷേ അവൾ അത് ലാഘവത്തിലല്ല കണ്ടതെന്ന് പിന്നീടാണ് അവർക്കും മനസ്സിലായത്. 
      ഒരു മാസമായപ്പോൾ ശമ്പളം കൊടുക്കാൻ അവർ തുടങ്ങിയപ്പോഴാണ് -- " അപ്പോൾ ഞാൻ ഈ വീട്ടിലെ ജോലിക്കാരിയാണ് - അല്ലേ ? ആകെയൊരു വെട്ടിലായി അവർ.

        സുനിതയെ വീട്ടിൽ ഒരു ജോലിയും അവൾ ചെയ്യിപ്പിക്കില്ല. എന്തെങ്കിലും ജോലി ചെയ്യാൻ നോക്കിയാൽ അവൾ പറയും- _ " ചേച്ചിയുടെ ജോലി ഇവിടെയല്ല --ഓഫീസിലാണ് - അവിടെ കിറുകൃത്യമായി തന്നെ ചെയ്യാം''.

      രാവിലെ ശരിക്കും സൂര്യഭഗവാൻ ഉണരും മുമ്പേ തന്നെ അവൾ ആ വീട്ടിലെത്തും. അത് പോലെ സന്ധ്യക്ക് മുമ്പ് അവൾ തിരികെ പോകും.
         സുനിതക്ക് രാവിലെ സുദർശന് ഒരു ചായയുണ്ടാക്കാൻ മാത്രമായി ആ അടുക്കളയിൽ ആകെയുള്ള ജോലി. അതിൽ അവൾക്കും വ്യക്തമായ ധാരണയുണ്ടു. __ " ചേച്ചി തന്നെ ഏട്ടന് ചായ ഉണ്ടാക്കി കൊടുക്കണം " 

       അങ്ങനെ ഇരിക്കവേ, ഒരു വൈകുന്നേരം "സേവ"ക്ക് ശേഷം അവൻ വീട്ടിലെത്തി. സുനിതയും അവളും വീട്ടിലുണ്ടു. കുട്ടികളുമുണ്ടൂ. അവൾക്ക് സുദർശനെ കണ്ടപ്പോഴേ കാര്യം മനസ്സിലായി.

       ആദ്യം കുട്ടികളെ അവരുടെ മുറികളിൽ കൊണ്ടുപോയി , പഠിത്ത കാര്യങ്ങളിലേക്കും ഹോം വർക്ക് ചെയ്ത് അമ്മയെ കാണിക്കാനും ഏർപ്പാടാക്കിശേഷം - സുനിതയോട് -- "ഇതിനൊരു തീരുമാനം ആകാതെ ഞാൻ ഇന്ന് എന്റെ വീട്ടിലേക്ക് പോകുന്നില്ല.'' എന്ന് പറയുക മാത്രമല്ല ,തറയിൽ ഇരിപ്പായി. സുദർശൻ അകത്ത് മുറിയിൽ നിന്നും ഇറങ്ങി വന്നു. അവൾ ഒന്നും മിണ്ടാതെ ഒറ്റ ഇരിപ്പാണ് അവൻ കാര്യമായി സംസാരിച്ചു. " കുട്ടികൾ അറിയരുത്, ഇനി കുടിക്കില്ല -എന്നൊക്കെ പറഞ്ഞു നോക്കി. സുനിതയും പറയാൻ ശ്രമിച്ചു. " ചേച്ചി ഇതിൽ ഇടപെട്ടാൽ ഒക്കുകയില്ല.  ഇന്ന് ഇതിന് തീരുമാനമായില്ലെങ്കിൽ ഇവിടെ നിന്നും ഞാൻ പോയാൽ ഒരിക്കലും ഈ വീട്ടിൽ വരില്ല'.
   അവസാനം സുദർശൻ " ഞാൻ ഇനി കുടിക്കില്ല - നീ എഴുന്നേക്കു!':
"ഞാൻ എഴുന്നേൽക്കാം - എന്റെ തലയിൽ കൈ വെച്ച് സത്യം ചെയ്യണം - ആ സത്യം തെറ്റിക്കരുതു് '' 
സുദർശൻ അങ്ങനെ തന്നെ ചെയ്തു.

      "അതോടെ വീട്ടിൽ ആകെയൊരു മാറ്റം തുടങ്ങി - ആ മാറ്റമാണ് ഇന്ന് ഫിറോസ് കണ്ടത് " എന്ന് പറഞ്ഞാണ് സുദർശൻ സംസാരം നിറുത്തിയത്.

      പക്ഷേ, അപ്പോഴും എനിക്കൊരു സംശയം ബാക്കി നില്ക്കുന്നു. "ഇന്ന് രാവിലെ എന്തിനാണ് നീ എന്റെ വീട്ടിൽ വന്നതു് ''
 "രാവിലെ എണീറ്റപ്പോൾ തന്നെ എനിക്ക് സേവിക്കണമെന്ന് തോന്നി-- ആരോടും ഒന്നും മിണ്ടാതെ ഞാൻ ഇറങ്ങിനടന്ന് -- നിന്റെ വീട്ടിലെത്തി " .
     ഞാൻ അവന്റെ മുഖത്ത് നോക്കി -- "ഇല്ല ഞാൻ കുടിക്കില്ല " - പിന്നെ അവൻ ഇക്കഴിഞ്ഞ ദിവസം ലൈബ്രറിയിൽ വന്ന "ന്യൂ അറൈവലി''നെ ക്കുറിച്ചുള്ള സംസാരത്തിലേക്കു മാറി. ..

Share :