Archives / july 2021

മാങ്ങാട് രത്നാകരൻ
വാൻഗോഗിന്‍റെ ചെവി (വാക്കും വാപ്പയും-5)

ആരുടെയെങ്കിലും ചെവിയെക്കുറിച്ച് സാധാരണയിലും കവിഞ്ഞ് ആലോചനയില്‍ മുഴുകിയിട്ടുങ്കെില്‍ അത് വിൻസെന്‍റ് വാൻഗോഗിന്‍റെയും ഫ്രാൻസ് കാഫ്കയുടെയും ചെവിയെക്കുറിച്ചാണ്. വാൻഗോഗിന്‍റെ മുറിഞ്ഞ ചെവിയെക്കുറിച്ചും കാഫ്കയുടെ മുറം ചെവിയെക്കുറിച്ചും. കാഫ്കയ്ക്ക് ലോകത്തിന്‍റെ സൂക്ഷ്മനിമന്ത്രണങ്ങളും മനുഷ്യാവസ്ഥയുടെ ശ്വാസമടക്കിപ്പിടിച്ച ജീവതാളവും കേള്‍ക്കാൻ അത്രയും വിശാലമായ ചെവി വേണമായിരുന്നു!

വാൻഗോഗിന്‍റെ ചെവിയോ? വാൻഗോഗ് മുറിച്ച ഇടതു ചെവിക്കു പിന്നിലെ സത്യവും കഥകളും നിരവധി ജീവചരിത്രകാരന്മാരും കവികളും ചലച്ചിത്രകാരന്മാരും തേടിപോയിട്ടുണ്ട്. അക്കാര്യം മാത്രം അന്വേഷിക്കുന്ന ഒരു പുസ്തകവും വന്നു. വാൻഗോഗിന്‍റെ ചെവി: സത്യകഥ എന്ന പുസ്തക ത്തില്‍, 1888 ഡിസംബര്‍ 23ന് രാത്രി പതിനൊന്നര മണിക്ക് ഹൗസ് ഓഫ് ടോളറൻസ് നമ്പർ 1-ല്‍ ചെന്ന് അവിത്തെ അന്തേവാസിയായ റാഹേലിനെ ചെന്നുകണ്ട്  മുറിഞ്ഞ ചെവിസമ്മാനം നല്‍കി അപ്രത്യക്ഷനായ ഉന്മാദിയുടെ കഥ ഒരു കുറ്റാന്വേഷണവിദഗ്ധയുടെ മിടുക്കോടെ ബെർണാഡെറ്റ് മർഫി അന്വേഷിക്കുന്നു. ആ ചെവി പിന്നെപ്പിന്നെ മുറിഞ്ഞ ഒരു മാംസശകലം എന്നതിനെക്കാള്‍, ഒരമൂര്‍ത്ത രൂപകമായിത്തീര്‍ന്നു. പോള്‍ സെലാനെയും ഴാക് പ്രിവേറിനെയും പോലുള്ള വലിയ കവികളും, നമ്മുടെ എ.അയ്യപ്പനും വേര്‍പെട്ടചെവിയെക്കുറി ച്ച് കവിതകളെഴുതി. പക്ഷേ, കൈവിട്ടുപോയ രൂപകങ്ങളുടെ കാലാകാലങ്ങളിലെ പുനര്‍ജ്ജനിയാണ് എന്നെ കൂടുതല്‍ വിസ്മയഭരിതനാക്കുന്നത്

ഒരു ഫ്രാൻസ് യാത്രയ്ക്കുമുമ്പ് , ഫ്രാൻസിനെക്കുറിച്ചുള്ള, വിശേഷിച്ച് പാരീസിനെക്കുറിച്ചുള്ള ഒരു കൂന പുസ്തകങ്ങള്‍ വായിച്ച് ആവശ്യമായ കുറിപ്പുകളെടുത്തു. 'കൂറ ക പ്പലില്‍പ്പോയതുപോലെ'യാവരുതല്ലോ! അധികവും 'ഗതകാല' ഫ്രാൻസായിരുന്നു 'സമകാല'ഫ്രാൻസിനെക്കുറിച്ചറിയാൻ ഗ്രാന്റ യുടെ ഫ്രാൻസ്: ദി ഔട്ട്സൈഡര്‍ വാങ്ങി ച്ചു, വായി ച്ചു. ഫ്രഞ്ചുഭാഷയില്‍ പുതുതായി കയറിക്കൂടിയ- നമ്മുടെ ഭാഷയില്‍ 'അടിപൊളി'യും 'ചങ്ക് ബ്രോ'യും 'തരംഗ'മായതുപോലെ ത്തന്നെ- ചില വാക്കുകളെയും പ്രയോഗങ്ങളെയും കുറിച്ചുള്ള ഒരു ലേഖനത്തില്‍  avoir I' oreille Van Gogh (അവ്വാ ലോഹൈ വാൻഗോഗ്) എന്നു കേട്ടപ്പോള്‍, വാൻഗോഗ് പ്രേമിയായ എനിക്ക് കൗതുകം അടക്കാനായില്ല. സംഗതി എ ന്താണെന്നോ? to have a Van Gogh ear. അതായത്, 'വാൻഗോഗ് ചെവി ഉണ്ടായിരിക്കുക.' അര്‍ത്ഥം   എന്തെന്നല്ലേ ? to have stayed on phone too long . ദീര്‍ഘനേരം ഫോണില്‍ സംസാരിക്കുക എന്നു ചുരുക്കം. അതായത് നമ്മുടെ ആലങ്കാരിക പ്രയോഗങ്ങളിലെ, 'ഫോണില്‍ തൂങ്ങുക' അല്ലെങ്കില്‍ 'ഫോണ്‍ വിഴുങ്ങുക' തുടങ്ങിയ കര്‍മ്മങ്ങള്‍. വാൻഗോഗിന്‍റെ ജന്മശതാബ്ദി (1990) വേളയോടടുപ്പിച്ചാണ് ഈ പ്രയോഗം ഫ്രാൻസില്‍ വ്യാപകമായതെന്നത് കൗതുകകരമാണെന്നും ലേഖകൻ എഴുതുന്നു.

'ഫോണ്‍ വിഴുങ്ങ'ലിന് കോവിഡ്-19-നെന്ന പോലെത്തന്നെ ഇതുവരെയും ഫലപ്രദമായ മരുന്നു കണ്ടുപിടിച്ചിട്ടില്ല. പക്ഷേ, ഒരു കഥ കണ്ടുപിടിച്ചിട്ടുണ്ടു !

'ഫോണ്‍ വിഴുങ്ങിയായ ഒരു രാഷ്ട്രീയനേതാവിനെ ചൊല്ലിയാണ്-അദ്ദേഹം നമ്മോടൊപ്പം ജീവിച്ചിരിക്കുന്നതിനാല്‍ പേരുപറയുന്നത് ഉചിതമല്ല, സൗകര്യത്തിനുവേണ്ടി മി.ജെ എന്നു വിളിക്കാം-ഈ കഥ.

മി.ജെയ്ക്ക് ഫോണ്‍ വന്നാലും ഫോണ്‍ എടുത്താലും ചുരുങ്ങിയത് ഒരുമണിക്കൂറാണ് കണക്ക്. മേളക്കാര്‍ കൊട്ടിക്കയറുംപോലെ പറഞ്ഞു പറഞ്ഞു കയറും.

അതിനിടെ രസകരമായ ഒരു സംഭവമുമുണ്ടായി . മി.ജെയ്ക്ക് പതിവുള്ളതുപോലെ ഫോണ്‍ വന്നു. ഏതാണ്ടു മുക്കാല്‍ മണിക്കൂറോളം സംസാരിച്ച് മി.ജെ.നിര്‍ത്തി.

"എന്തുപറ്റി മി.ജെ?" കൂടെയുായിരുന്ന സുഹൃത്ത് അത്ഭുതപരതന്ത്രനായി തിരക്കി.

"ങ്ഹാ! അതോ? അത് റോങ്നമ്പറായിരുന്നു."

 

Share :