Archives / july 2021

മാങ്ങാട് രത്നാകരൻ
മീട് (വാക്കും വാപ്പയും--4)

എന്താണ് ഈ 'മീട്?'
കുട്ടിക്കാലത്ത് നാട്ടില്‍, മുഖം എന്നു കേട്ടിരുന്നില്ല. പകരം മീടായിരുന്നു. ശരിയായ ഉച്ചാരണത്തില്‍ 'മ്ഈ്ട്'
"ഓന്‍റെ മീട്, ബൗസുള്ള മീട്"
"മീട്ടേക്ക് ചെളിപറ്റി."
"മീട്ടേക്ക് കൊട്ത്തറാന്ന് തോന്ന്ന്ന്" ( മുഖത്തേക്കു അടിക്കാൻ തോന്നുന്നു)
"മീട് കൗവ്വല്‍" (മുഖം കഴുകല്‍")
കുശലങ്ങളും സംബോധനയും മീടിനെ വിളിച്ചുണര്‍ത്തി: "എന്തേ  മീടാ?"
വടക്കിന്റെ ഈ വാക്കിനെ ഗുണ്ടർട്ട് വേണ്ടുംവണ്ണം കണ്ടിട്ടുണ്ട്. മീടു .(T. മുകടു) the face. മീടു താറിയത് (തച്ചോളിപ്പാട്ട്)"
' തന്റെ മീടാകാഞ്ഞിട്ട് ആരാന്റെ കണ്ണാടി പൊളിക്ക ," "കണ്ണും മീടും ,മീട്ടിട്ടു കുടിക്ക to sip like animals.
ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ ശബ്ദതാരാവലിയില്‍ 'മീട്' ഇടംനേടിയിട്ടുണ്ട് .
മീട്= മുകടു. മുഖം (വ.പ്ര.)
അതായത്, വടക്കൻ  പ്രയോഗം എന്ന് ഊന്നിപ്പറയുന്നു.
"മീട് കണ്ടാ അന്നം ബഗേല"(മുഖം കണ്ടാല്‍ ചോറ് കിട്ടാൻ  വകയില്ലാത്ത) എന്നൊരു ചൊല്ലുമുണ്ടു .
"മീട് ഒളിപ്പിക്കല്" എന്നു പറഞ്ഞാല്‍ മുഖം കൊടുക്കാതിരിക്കല്‍.
"മീട് കുത്തനെയാക്കി" എന്നാല്‍ അപമാനിച്ചു. അതായത് മുഖം താഴ്ത്തിപ്പിടിച്ച് നടക്കേണ്ടി വരും എന്നര്‍ത്ഥം.
"മീട് പാങ്ങില്ല" എന്നാല്‍ ലോഹ്യം, അതായത് ഇഷ്ടം, ഇല്ല എന്നുകിട്ടും.
കൊരങ്ങ്മീടൻ (കുരങ്ങിന്‍റെ മുഖമുള്ളവൻ)
അപ്പിച്ചിമീടൻ (ചുളുങ്ങിയ മുഖമുള്ളവൻ)
മരമീടൻ(ഓട്ടംതുള്ളല്‍, പൊറാട്ടുനാടകം എന്നിവയിലെ കഥാപാത്രം)
ചില പ്രയോഗങ്ങള്‍:
'ബാലും മീടും ഇല്ലാത്ത ബര്‍ത്താനം' (വാലും തലയുമില്ലാത്ത, വ്യക്തതയില്ലാത്ത, സംഭാഷണം)
'മീട്ടേക്ക് കടന്തല് കുട്ടീനോ?' (മുഖത്ത് കടന്നല്‍ കുത്തിയോ? മുഖം വീര്‍പ്പിച്ചു നടക്കുന്നവരോട് പറയുന്നതുകേള്‍ക്കാം.)
'മീട് പേര്‍ത്ത്കെട്ടല്‍' മുഖംവീര്‍പ്പിക്കലാണ്.
മുകട് അഥവാ മുഖവട്ടം വാമൊഴിയില്‍ മീടായിത്തീരുന്നത് സ്വാഭാവികം. മുകട്, മുകറായും മാറാം.
'മോറ്' എന്നു പറഞ്ഞാലും  വടക്ക് മുഖമാണ്. എങ്കിലും മീടിനാണ് കൂടുതല്‍ സ്വീകാര്യത.
പഴയ തുളുവില്‍ മുഖം 'മോറെ' ആണ്. കാലാന്തരത്തില്‍ 'മോണെ' ആയി. തുളുനാട്ടിലെ മുസ്ലീം ഭാഷയില്‍ മീട്,
മൂട് ആകും "മൂട് നോക്കീറ്റ് മുണ്ടു " എന്നു പറഞ്ഞാല്‍ "മുഖത്ത് നോക്കി വര്‍ത്തമാനം പറയൂ," എന്ന 'താക്കീത്'.
'മീട്' കാലക്രമത്തില്‍ മുഖത്തിനു വഴിമാറി, 'പരിഷ്കാരം' എത്തിനോക്കാത്ത ഇടങ്ങളില്‍ കണ്ടുമുട്ടിയാലായി. എന്നാല്‍,
മീടെന്നു കേട്ടാല്‍ കണ്ടുമറന്ന ഒരാളെ പെട്ടെന്നു തിരിച്ചറിമാലെന്നപോലെ, 'മീട്' തെളിഞ്ഞെന്നിരിക്കും.
"ഓർമ്മയുണ്ടോ ഈ മുഖം?" എന്ന സുരേഷ് ഗോപി 'ഡയലോഗ്' കാസര്‍കോടൻ വാമൊഴിയിലേക്കു മാറ്റിയാല്‍,
"കൂർത്തോണ്ടോ  ഈ മീട്?" എന്നാകും.
മുഖത്തിന്‍റെ തമിഴ്, മൂഞ്ചി, മലയാളത്തില്‍ അശ്ലീലപദമായി മാറിയിരിക്കുന്നു. തമിഴില്‍ അത് ഐശ്വര്യം വഴിയുന്ന വാക്കാണ്. മുഖം കറുപ്പിച്ചാല്‍, തമിഴൻ കെറുവിച്ചെന്നിരിക്കും: "മൂഞ്ചിയെ പാര്!"
ഒരു തമാശ ഓര്‍മ്മ വരുന്നു. ചെന്നൈയില്‍, അതായത് പഴയ മദിരാശിയിലായിരിക്കെ കേട്ടതാണ്. മുഖം എന്ന പേരിലുള്ള മലയാളം സിനിമ മലയാളത്തില്‍ വലിയ ഗുണം പിടിച്ചില്ല. അങ്ങനെ തമിഴില്‍ ഡബ്ബ് ചെയ്ത് ഇറക്കി.
ഫലിതപ്രിയനായ സുഹൃത്ത് പറഞ്ഞു  "മലയാളത്തില്‍ അത് തമിഴായി. തമിഴില്‍ അതു മലയാളമാകുമോ എന്നാണു പേടി."

Share :