Archives / August 2020

രാഹുൽ കൈമല.
: പേരില്ലാത്തവൾ 

ഹൂഛൂ അനാമിക. ഹാ വാർത്താ മാരീപൺ ഛേ.
(ഞാൻ അനാമിക....
ഇത് എന്റേയും കൂടി കഥയാണ് )...

ആകാശപാളികളിൽ പ്രഭാതം പിറന്നു. വെള്ള കീറിയ വെളിച്ചത്തിന്റെ വേഗത്തിനൊപ്പം പുഴയിലേക്ക് പടരുന്ന പകൽ. പകലെടുത്ത പുഴയുടെ മേൽപാലത്തിലൂടെ പാളങ്ങളിൽ നിലവിളിച്ചോടുന്ന തീവണ്ടികൾ. തീവണ്ടികളുടെ അതിവേഗ പാച്ചിലിൽ ഞെരിഞമർന്ന് ശ്വാസം മുട്ടുന്ന കാറ്റ്. കാറ്റിന്റെ തുഴതെറ്റി പുഴയിലെ ശേഷിക്കുന്ന നീർച്ചാലുകളിൽ കണ്ണീർ കിനിഞ്ഞു. കിനിഞ്ഞ കണ്ണീരിൽ അലിഞ്ഞ് കാറ്റിന്റെ ഇരമ്പൽ നിന്നു. ഒന്നുണരാനാവാതെ നിദ്രയിലാണ്ട് നിള. നിളയിലേക്ക് കാലു നീട്ടി കിടക്കുന്ന കൽപ്പടവുകൾ. അതിലൊന്നിൽ ചിന്തയിലാണ്ട് സുഭദ്രാമ്മ..
 പകൽ വിഴുങ്ങുന്ന പ്രഭാതങ്ങളിൽ പതിവായുള്ള അശേഷിപ്പുകളാണിതത്രയും. അത്രമേൽ വേഗത്തിൽ പാഞ്ഞു പോയ തീവണ്ടിയിൽ നിന്നും ശ്വാസം തിരിച്ചുപിടിച്ച ആശ്വാസത്തിൽ കാറ്റ് സുഭദ്രാമ്മയെ തഴുകി പോയി. കാറ്റിന്റെ തലോടലേറ്റ് മുടിയിഴകൾക്കൊപ്പം മനസ്സും ഒന്നിളകി. 
'അതേ പുഴ വഴി മാറി ഒഴുകിയിരിക്കുന്നു. കാറ്റിന്റെ കാരുണ്യം പോലും കാണിക്കാതെ'.. നിളയുടെ നിലയറിയാതെ സുഭദ്രാമ്മയുടെ ചിന്തകൾ വഴി മാറി ഒഴുകി..
 ഒഴുക്കൊടുങ്ങി വറ്റിവരണ്ട വേനലിൽ , ജീവജലം നിലനിർത്താൻ തന്റെ മാറിടത്തിലെ അവസാന തുള്ളിയും ചുരത്തി തളർന്ന നിള. നിലാരംബയായ നിള. 'ഭദ്രേ .. ന്നോട്ളള പരിഭവത്തിന് പാവം പുഴയോട് പിണങ്ങണ്ട നീയ്യ്.. അവൾടെ സങ്കടം നിക്കറിയാ. കാവുംമ്പാട്ട് കുട്ടികള് വരുമ്പൊ അവർക്ക് ഒരു കടലാസുതോണി കൂടി ഇറക്കികളിക്കാൻ പറ്റില്ല്യാലോന്ന സങ്കടം. നീയിപ്പെന്തിനാ സങ്കടപ്പെടണേ.. കുട്ട്യോളൊക്കെ വര്യല്ലേ.. എല്ലാരും കൂടല്ലേ'..
 ആശാന്റെ ആശ്വാസവാക്കുകളിൽ മനസ്സ് അറിയാതൊന്ന് മൂളി. ചില നേരങ്ങളിൽ മൗനഭംഗം ജീവിക്കാനുള്ള കരുത്താണ്. അത് മറ്റു ചിലപ്പോൾ നിശബ്ദതയും. മനസ്സ് നിശബ്ദമായി ഇന്നലകളിലേക്ക് വഴുതി വീണു. വെയിലേറുന്ന വേനൽ ചൂടിൽ സുഭദ്രാമ്മ കുളിർമ്മയുടെ ഒരു പുതപ്പു പരതി. ഓർമ്മകൾ നിളയുടെ ഓളങ്ങളിലേക്ക് തുഴയെറിഞ്ഞു.
ധാരമുറിയാത്ത തുലാവർഷ പെയ്ത്തിൽ പ്രണയാതുരയായ നിള. ഇരുവു പകലുകളെ ധന്യമാക്കിയ ഇടവപ്പാതി പെയ്ത് നനഞ്ഞ് നിറഞ്ഞൊഴുകിയ നിള. മിന്നിതിളങ്ങുന്ന കർക്കട പെയ്ത്തിൽ പിതൃക്കൾക്കായ് കണ്ണീരൊഴുക്കിയ നിള. നിളയുടെ നാൾവഴികളിലേക്ക് സുഭദ്രാമ്മ വന്നിട്ട് അമ്പതാണ്ടായിരിക്കുന്നു. കഴുത്തിൽ തുളസിമാലയണിഞ്ഞ് കേശവനാശാന്റെ കൈ പിടിച്ച് കൊട്ടും കുരവയുമായി നിളയിലൂടെ ആദ്യമായി കാവുംമ്പാട്ടേക്ക് വന്ന സുഭദ്ര.ഒരു തിരുവാതിര രാവിൽ നിലാവിലലിഞ്ഞ നിളയിലൂടെ പത്തോളം തോണികളിലായിരുന്നു വിവാഹയാത്ര. പുലരുവോളം നീണ്ട ആഘോഷങ്ങൾ. ആശാൻ താലി ചാർത്തി കൊണ്ടുവന്ന അന്നത്തെ തിരുവാതിര രാത്രിയിൽ ധനുമാസ നിലാവിൽ കുളിച്ചൊരുങ്ങി ചന്ദ്രബിംബ പൊട്ടു തൊട്ട് പാതിരാപ്പൂവിന്റെ ഗന്ധം പരത്തി തന്നേക്കാൾ പതിന്മടങ്ങ് സുന്ദരിയായിരുന്നു നിള. ആ നിളയിലേക്ക് നാത്തൂൻമാരും അമ്മായിമാരും ഇളയിത്ങ്ങളും നീരാട്ടിന് കൂട്ടികൊണ്ടു പോയി. പുലരും മുമ്പ് തിരുവാതിര പാട്ട് പാടി തുടിച്ച് കുളിച്ചു. കൗമാരത്തിന്റെ രസനയിൽ ദാമ്പത്യത്തിലേക്ക് കിനിഞ്ഞിറങ്ങിയ സുഖദ സ്മൃതികൾ ! നിളയുടെ മടിതട്ടിൽ ഹൃദയം ചേർത്തുവെച്ചുറങ്ങിയതും, ആഴങ്ങളിൽ നനഞ്ഞുണർന്നതും , ഉടൽ പെയ്ത പകലുകളും , ശരീരം കൊണ്ട് കവിതയെഴുതിയ രാവുകളും അങ്ങനെ ഞങ്ങളുടെ പ്രണയവും കലർപ്പില്ലാത്ത കലയും സ്വപ്നങ്ങളുമൊക്കെ തൊട്ടറിഞ്ഞവളാണ് നിള. ഒടുവിൽ താനും മക്കളും അവരുടെ മക്കളും കൊച്ചുമക്കളും അത്രമേൽ പ്രിയപ്പെട്ട ആ ജീവിതത്തിന്  ശാർദ്ദമൂട്ടിയ തിലോദകം , ആഴങ്ങളുടെ ആത്മാവിലേക്ക് ബലി ദർപ്പണം ചെയ്തതും നിള.
മാർച്ചിന്റെ അവസാനമായതുകൊണ്ടാവണം ഊഷ്മാവിന്റെ ഉയർന്ന ചൂടിൽ സുഭദ്രാമ്മ നന്നേ വിയർത്തിരിക്കുന്നു. തലക്കു മുകളിൽ സൂര്യൻ കത്തി നിൽക്കുന്നു. ചവിട്ടി നിൽക്കുന്ന പടവിനും ചൂടേറുന്നു. തീകാറ്റ് ശരീരത്തിലേക്ക് അരിച്ചു കയറുന്നു. 
'എന്തിനാ പൊരിവെയിലത്ത് നിക്കണൂ .. വയ്യാണ്ടാവും .. മദ്രാസ്ന്ന് രണ്ടു തവണ വിളിച്ചു .. അടുത്ത വിളിക്കു മുമ്പ് ഇങ്ങട്ട് പോന്നോളൂ' .. വിളിപുറത്തുള്ള കാവുംമ്പാട്ട് നിന്നും ഓമനക്കുട്ടനാണ് വിളിച്ചു പറഞ്ഞത്. അയാൾ പറഞ്ഞു തീരും മുമ്പെ സുഭദ്രാമ്മ പ്രാഞ്ചി പ്രാഞ്ചി പടവുകൾ കയറി തുടങ്ങി.
കാഴ്ച്ചയുടെ ചുറ്റുവട്ടമൊന്ന് മാറി , നിളക്കു മുകളിലൂടെ പാഞ്ഞ തീവണ്ടിയിലേക്ക് നീണ്ടു. 
ഗോധ്രയുടെ കാഴ്ച്ചകളിലുടക്കി ഉണർന്നും തളർന്നും തീർത്ഥാടകർ. സബർമതി എക്സ്പ്രസ്സിൽ അവർ ജീവനോടെ ചുട്ടെരിക്കപ്പെട്ടു. തുടർന്നുണ്ടായ ഗുജറാത്തിലെ വംശഹത്യ. മരിച്ചുവീണ , അതിജീവിച്ച , പലായനം ചെയ്ത , ഹിന്ദുവും മുസ്ലീമുമായി പിറന്നു പോയ അനേകം മനുഷ്യർ. അവരുടെ വിലാപങ്ങൾക്കിപ്പുറം കലാപത്തിന്റെ അവശിഷ്ടങ്ങളും പേറി അഹമ്മദാബാദിൽ നിന്നും യാത്ര തിരിച്ച ഗൃഹനാഥൻ നഷ്ടപ്പെട്ട അഞ്ചംഗ മുസ്ലിം കുടുംബം. അവർ നിളയുടെ ചുടുകാറ്റേറ്റ് തീവണ്ടിക്കകത്തെ ആൾകൂട്ടത്തിനിടയിൽ  ഭയപ്പാടോടെ ചിതറി കിടക്കുന്നു. അതിൽ ഏറ്റവും ചെറിയവൾ. അവളുടെ കണ്ണുകൾ ദൈന്യത കൊണ്ട് കുഴിഞ്ഞിരിക്കുന്നു. വസ്ത്രം മുഷിഞ്ഞിരിക്കുന്നു. വിശപ്പടങ്ങാതെ ശരീരം ശുഷ്‌കിച്ചിരിക്കുന്നു. ചുണ്ടുകൾ വരണ്ടിരിക്കുന്നു. എങ്കിലും പത്തിനോടടുത്ത പ്രായത്തിന്റെ ഓമനത്വം അവളിൽ ഒളിച്ചിരിക്കുന്നുണ്ട്. അവൾ ഷൊർണൂർ ജംഗഷനിൽ നിർത്തിയിട്ട തീവണ്ടിയിൽ നിന്നും പണിപ്പെട്ട് പഴയൊരു കുപ്പിയുമായി പുറത്തേക്കിറങ്ങി. തീവണ്ടിക്കുള്ളിലൂടേയും പാളങ്ങൾ മുറിച്ചു കടന്നും ദാഹ ജലത്തിനായ് അവളലഞ്ഞു. ഒടുവിൽ ദാഹം തീർത്ത് തന്റെ കുടുബത്തിനുള്ളതും കുപ്പിയിൽ കരുതി തിരിച്ചു നടന്നു. പുതിയ തീവണ്ടികൾ വന്നു നിന്നതോടെ മടക്കത്തിലവൾക്ക്  വഴിതെറ്റി. സ്വന്തക്കാരുടെ മുഖം തിരഞ്ഞ് അവൾ പല തീവണ്ടികളിലും കയറിയിറങ്ങി. അവൾക്കവരെ കണ്ടെത്താനായില്ല. 
പേര് പൂരിപ്പിക്കാതെയാണിവൾ അവിചാരിതമായി കടന്നു വന്നത്. പേരില്ലാത്തവൾ ..
 നാമമില്ലാത്തതു കൊണ്ട് ഇവൾ അനാമിക. അതെ കർമ്മബന്ധത്തിന്റെ കണ്ണിയാവാൻ കാലം കാത്തു വെച്ചവൾ.
 കാഴ്ച്ചയുടെ ജാലകം തുറന്ന് കാവുംമ്പാട്ടെ തെക്കനിയിലൂടെ പൂത്തുനിൽക്കുന്ന കണിക്കൊന്ന കണ്ട് സുഭദ്രാമ്മ അതിശയിച്ചു. സാധാരണയായി വിഷു കഴിഞ്ഞേ പൂക്കാറുള്ളൂ. ആശാൻ നട്ടുനനച്ചു വളർത്തിയ കൊന്ന ഇക്കുറി ആദ്യായിട്ട് നേരത്തെ പൂത്തിരിക്കുന്നു. 'സുഭദ്രാമ്മേ' ... ജനലഴിക്കപ്പുറം അയൽവക്കത്തുള്ള അലവിയാണ്. കാവുമ്പാട്ടെ പശുക്കളെ നോക്കലും പാലു കറക്കലുമൊക്കെ അലവിയാണ്. അല്ല അലവിക്കു വേണ്ടിയാണ് ആശാൻ പശുക്കളത്രയും വാങ്ങിയത്. 'ഞ്ഞി ഞമ്മളെ കൊന്നപൂവ് ബേണ്ടാല്ലേ' ... കൊല്ലത്തിലും കണിയൊരുക്കാനുള്ള കൊന്നപ്പൂവ് അലവിയാണ് കൊണ്ടുവരാറ്. അതു കൊണ്ട് കണികാണാനും കുടുംബസമേതം സമയത്തിനെത്തും.
 'എന്നു വെച്ച് കണി കാണാൻ വരാണ്ടിരിക്കര്ത്ട്ടോ ' ..
 സുഭദ്രാമ്മയുടെ മുഖത്ത് നോക്കി അതിനു മറുപടി പറയാൻ അലവിക്കായില്ല. അയാൾ മുഖം താഴ്ത്തി പറഞ്ഞു 'ഞമ്മളെ കണിപോയില്ലേ ..ഞിപ്പെന്ത് കാണാനാ .. ഇങ്ങക്കിക്കുറീം കൈനീട്ടം' .. മുഴുമിപ്പിക്കാതെ മുഖമുയർത്താതെ അലവി പോയി. കൈ നീട്ടത്തിന്റെ കാര്യം പരസ്യമായ രഹസ്യമാണ്. കല്യാണം കഴിഞ്ഞന്നു മുതൽ കൊതിപ്പിക്കുന്ന കൈനീട്ടം. ഓരോ വിഷുവിനും കാത്തിരുന്ന കൈനീട്ടം. മച്ചിലേടത്ത് ഭഗവതീടടുത്ത് ഭദ്രമായി വെച്ച കൈനീട്ടം. കഴിഞ്ഞ വിഷുവിന് വാക്കു തന്ന കൈനീട്ടം. ഇക്കുറിയത് തീർച്ചപ്പെടുത്തി ഉറപ്പുപറഞ്ഞതാണ്. ആ കടം മാത്രം ബാക്കിവെച്ച് ആഗ്രഹിച്ച പോലെ അവസാനിച്ച ജീവിതം. ആശാൻ ജീവിതത്തിൽ ആഗ്രഹിച്ചതൊക്കെ സ്വന്തമാക്കി. കഥകളി പഠിച്ചു. കളിയച്ഛനായി പെരുമ നേടി. ഇഷ്ടപ്പെട്ട നർത്തകിയെ ജീവിത സഖിയാക്കി. പിന്നീട് നൃത്ത അദ്ധ്യാപികയാക്കി പേരിനൊപ്പം കലാമണ്ഡലം ചാർത്തിക്കൊടുത്തു. അവസാനത്തെ ആഗ്രഹം പോലെ , ബാലിസുഗ്രീവ യുദ്ധത്തിൽ ശ്രീരാമന്റെ ഒളിയമ്പേറ്റ് മരണം വരിച്ച ബാലിയെ ഭാവപകർച്ചകളോടെ ആടി തീർത്ത് അരങ്ങൊഴിഞ്ഞു. പറഞ്ഞു വെച്ചതു പോലെ കഥകളി വേഷത്തിൽ തന്നെ പട്ടുപുതച്ച് കാവുംമ്പാട്ടെ തെക്കേ പറമ്പിലെ പ്രിയപ്പെട്ട മൂവാണ്ടൻ മാവിലെരിഞ്ഞു. ആശാൻ മരണത്തിൽ പോലും ആഗ്രഹങ്ങൾ ബാക്കിവെച്ചില്ല. അതുപോലെ അരങ്ങിലെ വേഷപകർച്ചകളൊന്നും ജീവിതത്തിൽ പകർന്നാടിയുമില്ല. ഒരു കുടന്ന സ്നേഹത്തിനു പകരം ഒരു കടലോളം സ്നേഹം സമ്മാനിച്ചു. മൂന്നു മക്കളേയും അവരുടെ മക്കളേയും കൊച്ചു മക്കളേയും തന്നനുഗ്രഹിച്ചു. അതു കൊണ്ടു തന്നെ അഞ്ചു പതിറ്റാണ്ടിന്റെ പഴക്കത്തിൽ ജീവിക്കുകയാണിന്നും സുഭദ്രാമ്മ. മനനം  കണ്ണുകളെ ഈറനണിയിച്ചു. ആ കണ്ണീരിലലിഞ്ഞ് കണികൊന്നകൾ മങ്ങി തുടങ്ങി. 
കാഴ്ച്ചയുടെ ചുറ്റുവട്ടം വികസിച്ച് കാലം കരുതി വെച്ച ചിലതിനായ് കുമരനല്ലൂർ കവലയിലെത്തി. ചന്തദിവസമായതുകൊണ്ട് ആളുകൾ നിറഞ്ഞിരുന്നു. കറുത്ത അംബാസിഡർ കാർ ഹോൺ മുഴക്കി കവലയിലേക്കെത്തിയതോടെ ഇരിക്കുന്നവരൊക്കെ അറിയാതെ എഴുന്നേറ്റു. അതൊരു ശീലമാണ്. ആശാൻ പോയിട്ട് ആണ്ടൊന്ന് കഴിഞ്ഞിട്ടും മാറാത്ത ശീലം. ആശാന്റെ കാറിൽ നിന്നും ഓമനക്കുട്ടനും അമ്പിളിക്കുട്ടനും ഇറങ്ങി. ഇരട്ടകൾ. ഇരുവരും ആശാന്റെ ചമയക്കാരായിരുന്നു. ഇപ്പൊ കാവുംമ്പാട്ടെ കാര്യസ്ഥപണി. വിഷുവിന് വിരുന്നൊരുക്കാൻ സാധനങ്ങൾ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്. വിഷു ആഘോഷം ആശാന് വലിയ നിർബന്ധമായിരുന്നു. അന്നെല്ലാവരും കൂടണമെന്നതും. 'താനേതാ .. ഞാൻ പച്ചക്കറി .. എന്നാ ഞാൻ പലവെഞ്ചനം .. പിന്നെ കമലകുഞ്ഞിന് മത്തനിഷ്ടല്ല്യാട്ടോ .. അറിയാടോ  അതും പറഞ്ഞ് താനിനി പടവലത്തിനത്രേം പോണ്ട .. വേണ്ട ആ കുറിപ്പടി ഇങ്ങട്ട് തര്യാ'.. കുറിപ്പടി രണ്ടാക്കി പരസ്പ്പരം പറഞ്ഞ് കാറിന്റെ ഡിക്കിയും തുറന്നു വെച്ച് ഇരട്ടകൾ ഇരുവഴിക്കായി നടന്നു. സാധനങ്ങൾ എടുത്തു വെക്കാൻ കച്ചവടക്കാരെ ഏർപ്പാടാക്കി പോക്കരുടെ ചായക്കടയിലൊന്നിച്ചു. അവിടേയും നല്ല തിരക്കാണ്. പലരുടേയും പലവിധ അഭിരുചികൾ കേട്ട് പോക്കറൊരു തീരുമാനമെടുത്തു. അയാൾ ചായ സഞ്ചി ഉയർത്തി പറഞ്ഞു 'ഈലൂടെ ബര്ന്നതെന്താ അത് തരും' പിന്നെ ഇരട്ടകളോടായി ചോദിച്ചു. 'കടുക്കണോ'.. 'കടുപ്പം തന്നെ. എന്തായാലും വിരോധല്ല്യ ചായ ആയാ മതി' പോക്കറുടെ മട്ടും മാതിരയും കണ്ട് ഓമനക്കുട്ടനാണ് മറുപടി പറഞ്ഞത്. അത്രനേരം തുറന്നിട്ട ചില്ലലമാരിയിലെ പലഹാരങ്ങളിൽ കണ്ണോടിച്ചിരുന്ന പേരില്ലാത്തവൾ , വിശപ്പു സഹിക്കാനാവാതെ ഒരുണ്ടപ്പൊരി കൈയ്യിട്ടെടുത്തു. ആളുകൾ ബഹളം വെച്ചപ്പോൾ അവളതുമായി ഓടി. പോക്കറവളെ പിൻതുടർന്നെങ്കിലും ഒരു വളവിൽ വെച്ചവൾ മാഞ്ഞു പോയി. കാറിന്റെ ഡിക്കിയിലെ ചാക്കുകെട്ടിനു പിറകിലവൾ മറഞ്ഞിരുന്നു. മുഴുവൻ സാധനങ്ങളും കൊണ്ടു വെച്ച് പച്ചക്കറികടക്കാരൻ കാറിന്റെ ഡിക്കിയടച്ചു..
 അവളേയും കൊണ്ട് ഒരു നിയോഗം പോലെ ആശാന്റെ കാർ കാവുംമ്പാട്ടെത്തി. ഡിക്കി തുറന്ന് സാധനങ്ങൾ ഇറക്കാൻ തുനിഞ്ഞ ഇരട്ടകളെ സുഭദ്രാമ്മ അത്യാവശ്യത്തിനായി അകത്തേക്ക് വിളിപ്പിച്ചു. അതിന്റെ ആനുകൂല്യത്തിൽ അനാമിക പിടിക്കപ്പെടാതെ പുറത്തിറങ്ങി. വേച്ച് വേച്ച് അകത്തേക്ക് നടന്നു. അകത്തളത്തിൽ ആൾ പെരുമാറ്റം കേട്ട് ഇടനാഴിയിലേക്ക് മാറി. പിന്നെ പതുക്കെ പുറകോട്ട് നടന്ന് അറിയാതെ അടഞ്ഞു കിടന്ന വാതിൽ തട്ടി ഒരു മുറിക്കകത്തെത്തി. അവിടേക്ക് നേർത്തു വന്ന വെളിച്ചത്തെ മറികടന്ന് ഇരുട്ടിലേക്ക് മറഞ്ഞു. ക്രമേണ അവളുടെ അകത്തും ഇരുട്ട് പരന്നു തുടങ്ങി.. കലാപത്തിന്റെ നടുക്കവും കുടുംബത്തിന്റെ നഷ്ടവും   അപരിചിതമായ ചുറ്റുപാടിന്റെ ഭയപ്പാടും വിശപ്പും അവളുടെ ഉള്ളിൽ ഇരുട്ട് നിറച്ചു. പുറത്തേക്കുള്ള വാതിൽ പാളികൾ ഓമനക്കുട്ടൻ കൊട്ടിയടച്ച് താഴിട്ടതോടെ നിമിഷങ്ങളിലൂടെ കനത്തു വന്ന മുറിക്കകത്തെ ഇരുട്ടും പൂർണ്ണമായി. മനസ്സിനെ മരിപ്പിൽ നിന്നും ജീവിപ്പിക്കാൻ അവളൊരു മൗന സഞ്ചാരം നടത്തി. ഉമ്മയും സഹോദരിമാരും അന്ധകാരത്തിൽ തെളിഞ്ഞു. അവൾ കരച്ചിലടക്കി ശബ്ദം പുറത്തു വരാതിരിക്കാൻ പാടുപെട്ടു. 
അരനൂറ്റാണ്ട് കാലം ആശാനോടൊപ്പം ആഗ്രഹിച്ച പോലെ ഈ ഭൂമിയിൽ ജീവിച്ചതിന്റെ അടയാളപ്പെടുത്തൽ. കൊച്ചുമക്കളടക്കം ഇരുപത്തിയെട്ടുപേർ. മൂത്തവൻ നന്ദൻ അച്ഛന്റെ തനി പകർപ്പാണ്. താഴെയുള്ള കമലത്തിനും സരളക്കും നിറമൽപ്പം കുറവാണെങ്കിലും സുഭദ്രാമ്മയുടെ ഛായ തന്നെയാണ്. അവർ വിഷു തലേന്ന് ഉച്ചയൂണിന് മുമ്പെത്തും. വിഷുവിന് സദ്യയുണ്ട് ഉച്ചതിരിഞ്ഞ് തിരിക്കും. ആണ്ടുതോറും മുടങ്ങാതെയുള്ള ഈ പതിവ് ഇത്തവണയും തെറ്റിച്ചില്ല. ആർക്കും യാത്രാ ക്ഷീണമൊന്നുമില്ല. എല്ലാവരും ഉച്ചയൂണ് കഴിഞ്ഞും വലിയ ഉൽസാഹത്തിലാണ്, വലിയ സ്നേഹത്തിലാണ്. അതങ്ങനെയല്ലേ വരൂ. സ്നേഹത്തിന്റെ സൗമ്യോധാരഭാവങ്ങളിൽ വളർന്നവരാണവർ. സ്നേഹിക്കാൻ മാത്രം പഠിപ്പിച്ച ഒരച്ഛന്റെ പൈതൃകം. ആശാന്റെ മുറിയുടെ വാതിൽ തുറന്നു. ലൈറ്റു തെളിഞ്ഞു. ആ മുറിയിൽ സ്ഥാപിച്ച ആശാന്റെ വലിയ എണ്ണ ഛായാചിത്രത്തിനു മുമ്പിൽ എല്ലാവരും സുഭദ്രാമ്മയ്ക്കൊപ്പം തൊഴുകൈയ്യോടെ പ്രാർത്ഥനകളിൽ നിന്നു. കട്ടിലിനടിയിൽ കമഴ്ന്ന് കിടക്കുന്ന അനാമികയത് കണ്ണിമവെട്ടാതെ നോക്കി നിന്നു. എല്ലാവരും പോയിട്ടും അവൾക്കാ ചിത്രത്തിൽ നിന്നും കണ്ണെടുക്കാനായില്ല. ഇരുട്ടിലായിരുന്ന അച്ഛനെ വെളിച്ചത്ത് നിർത്തിയാണ് മക്കൾ പോയത്. അവരാ മുറിയിലെ ലൈറ്റണച്ചില്ല. കാലത്തിന്റെ കർമ്മസാക്ഷിയാവാനുള്ള നിയോഗത്താൽ ആശാന്റെ ചിത്രം അനാമികയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു.
 സന്ധ്യയോടെ കുളി കഴിഞ്ഞ് ആണുങ്ങളൊക്കെ ഗോവണി കയറി മച്ചിലെത്തി. അവിടെ കുടിയിരുത്തിയ കാവുംമ്പാട്ടെ മച്ചിലേടത്ത് ഭഗവതിക്ക് വിളക്ക് തെളിച്ചു. പെണ്ണുങ്ങൾക്കങ്ങോട്ട്  പ്രവേശനമില്ല. അവിടെയാണ് മറ്റാർക്കും കാണാനാവാത്ത വിധം സുഭദ്രാമ്മയ്ക്കുള്ള കൈനീട്ടം ആശാൻ സൂക്ഷിച്ചു വെച്ചിട്ടുള്ളത്. രാത്രിയോടെ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും വലിയ ആഘോഷങ്ങൾ നടന്നു. ശബ്ദകോലാഹലങ്ങൾ കേട്ട് കട്ടിലിനടിയിലിരിക്കുന്ന  അനാമിക നടുങ്ങി വിറച്ചു. അവളുടെ ഉള്ളിൽ കലാപത്തിന്റെ മിന്നൽ പിണർ പാഞ്ഞു. ഒരു മൂലയിലേക്കവൾ ചുരുണ്ടു കൂടി. ശരീരവും മനസ്സും തളർന്നവൾ ഉറങ്ങി പോയി. ഉണർന്നപ്പോൾ കണ്ണിൽ തെളിഞ്ഞത് പുതിയൊരു കാഴ്ച്ചയാണ്! വിഷു കണി. ഓരോരുത്തരെയായി കണ്ണുപൊത്തിക്കൊണ്ട് വന്ന് കണി കാണിക്കുന്നു. ഇതെന്തുകളി! അനാമിക കഥയറിയാതെ കണ്ടുകൊണ്ടിരുന്നു. സുഭദ്രാമ്മ ഓരോരുത്തർക്കായി കൈനീട്ടം കൊടുത്തു. ഇടക്കൊരു ഒറ്റ നാണയം സുഭദ്രാമ്മയുടെ  കൈയ്യിൽ നിന്നും വഴുതിവീണു. അതുരുണ്ട് അനാമികയുടെ അരികിലെത്തി. അനാമികയത് തൊട്ടു നോക്കി. കാവുംമ്പാട്ടെ കണ്ണിയാവാനുള്ള ആദ്യ സ്പർശം! അവളതെടുത്ത് ഉള്ളം കൈയ്യിൽ മുറുക്കി പിടിച്ചു. സദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.. സദ്യ കാലായി. ഇലയിടാൻ നേരം കമല സുഭദ്രാമ്മയെ തിരഞ്ഞ് വീടൊക്കെ നടന്നു. ഒടുവിൽ തെക്കേപറമ്പിൽ അച്ഛനെ ദഹിപ്പിച്ചിടത്ത്  കണ്ട് കണ്ണു നിറഞ്ഞ് ശല്യപ്പെടുത്താതെ  മടങ്ങി. ' എന്താടോയിത് ... ഇപ്പഴ്ള്ള സന്തോഷം കളഞ്ഞ് വരാൻ പോവുന്ന സങ്കടം ഓർത്തിരിക്ക്യാ .. പോട്ടെ .. അവർക്ക് അവരുടേതായ തിരക്കുകളില്ലേ .. ആരോടൊപ്പം വേണേലും തനിക്ക്  പോവാലോ .. താനൊന്ന് മൂളിയാപോരെ ..  അതു വയ്യാലോ .. ചെല്ല്.. ചെന്നെനിക്ക് ഇലയിട് '... നിറകണ്ണുകളോടെ സുഭദ്രാമ്മ മനസ്സിലൊന്ന് മൂളി. മുറിച്ച മൂവാണ്ടൻ മാവിനു പകരം നട്ട കൊച്ചു തൈമാവ് കാറ്റിലൊന്ന് ഇളകിയാടി. ആശാന്റെ മുറിയിൽ ഇലയിട്ട് വിഭവസമൃദ്ധമായ സദ്യ വിളമ്പി. എല്ലാവരും പുറത്തേക്കിറങ്ങി. സുഭദ്രാമ്മ വാതിൽ പാളികൾ പതുക്കെ ചാരി. എല്ലാവരും പോയെന്ന് ഉറപ്പു വരുത്തി അനാമിക പിടഞ്ഞെഴുന്നേറ്റു. എല്ലാവരും ഊണു കഴിക്കാൻ നിരന്നിരുന്നു. അനാമിക ഒത്തിരി ദിവസത്തെ വിശപ്പടക്കി ഇല കാലിയാക്കി വിരലുകൾ നക്കി തുടച്ച് വിശ്വസിക്കാനാവാതെ ആശാന്റെ ചിത്രത്തിലേക്ക് നന്ദിയോടെ നോക്കി. പിന്നെ എല്ലാവരും ഊണുകഴിക്കുന്ന ബഹളം കേട്ട് അവൾ പതുക്കെ മുറിക്ക്  പുറത്തേക്കിറങ്ങി. പൂമുഖത്തേക്ക് നടക്കുന്നതിനിടയിൽ മേശപ്പുറത്തിരിക്കുന്ന ആശാന്റെയൊരു കൊച്ചു ചിത്രം അവളുടെ കണ്ണിൽ തടഞ്ഞു. അറിയാതെ  അതവളെടുത്തൊന്ന് നോക്കി അൽപ്പനേരം നിന്നു.. പരസ്പ്പരം പോരടിച്ച് പുറത്തു നിന്നും വരുന്ന ഇരട്ടകളുടെ ശബ്ദം കേട്ട് അവൾ അടുത്ത് കണ്ട ഗോവണിയിലേക്ക് ഓടി കയറി. മുകളിലെത്തി പല മുറികളിലും ഒരുക്കി വെച്ച പെട്ടികളും മറ്റും കണ്ട് അവൾ മച്ചിലേക്കുള്ള ഗോവണിയും ഓടി കയറി. ശബ്ദം കേട്ട് പിറകെ വന്ന ഓമനക്കുട്ടൻ മുകളിലെത്തി സംശയത്തോടെ നാലുപാടും നോക്കി. വവ്വാലിന്റെ കാഷ്ടം കണ്ട് അയാൾ അതിന്റെ  അനുമാനത്തിലെത്തി. പിന്നെ മലർന്നു കിടക്കുന്ന മച്ചിലേക്കുള്ള വാതിൽ അടച്ച് താഴിട്ടു താഴേക്കു പോയി. അമ്മയുടെ അനുഗ്രഹം വാങ്ങി എല്ലാവരും പരസ്പരം യാത്ര പറഞ്ഞ് പിരിഞ്ഞു. എല്ലാവരും പോയ സങ്കടം പറയാൻ സുഭദ്രാമ്മ ആശാന്റെ മുറിയിലേക്കെത്തി. അവിടെ ശൂന്യമായ ഇല കണ്ട് അവർ മോഹാലസ്യപ്പെട്ടു വീണു. ഇരട്ടകളവരെ താങ്ങിയെടുത്ത് കട്ടിലിൽ കിടത്തി ...
' ഞാൻ പറഞ്ഞില്ല്യേ ആശാനിവിടെയൊക്കെ തന്നെ ണ്ടെന്ന്.. 
ന്നെ വിട്ട് പോവില്ല്യാന്ന് ... ഇത്തവണ പറ്റിക്കില്ല്യാ മൂപ്പര് .. 
മച്ചിലേടത്ത് ഭഗവതീടടുത്ത് ന്റെ കൈനീട്ടം ണ്ടാവും .
വര്യാ ഒന്നു കേറി നോക്യാ ... 
സുഭദ്രാമ്മയുടെ ശാഠ്യത്തിനു വഴങ്ങി ഇരുവരും അവരേയും കൊണ്ട്  നന്നേ പ്രയാസപ്പെട്ട് മുകളിലേക്കുള്ള ഗോവണി കയറി. നാളിതുവരെ താൻ കയറിയിട്ടില്ലാത്ത കണ്ടിട്ടില്ലാത്ത തനിക്ക് നിഷദ്ധമായ കാവുംമ്പാട്ടെ മച്ചിലേക്ക് കയറുമ്പോൾ സുഭദ്രാമ്മ അടിമുടി വിറക്കുന്നുണ്ടായിരുന്നു. ഇരട്ടകളുടെ കൈപ്പിടിയിലമർന്ന് താഴെ വീഴാതെ അവർ ഒരു വിധം  മച്ചിലേടത്ത് ഭഗവതിക്കരികിലെത്തി.അവിടെ ആശാന്റെ ചിത്രവും പിടിച്ച്  പകച്ചു നിൽക്കുന്ന അനാമികയെ കണ്ട് സുഭദ്രാമ്മ സ്ഥലകാല വിസ്മൃതിയിലാണ്ടു. ആകാശപാളികളിൽ പുതിയ പ്രഭാതം. പകലോനെ പ്രണയിച്ചു തുടങ്ങിയ പുഴ. കുളിർകാറ്റേറ്റ് വേനൽമഴയിൽ കുതിർന്ന് നിള. നിളയിലേക്ക് കടലാസുതോണിയിറക്കുന്ന കാവുംമ്പാട്ടെ പുതിയ കുട്ടി. പേരില്ലാത്തവൾക്ക് അങ്ങനൊരു പേരു കിട്ടി. അവളുടെ കടലാസുതോണി കാറ്റിന്റെ താരാട്ടിൽ പതുക്കെ ഒഴുകി തുടങ്ങി.. അത് നോക്കി കൽപ്പടവിൽ കാലു നീട്ടിയിരിക്കുന്ന സുഭദ്രാമ്മ. അവർ ആശാനോടായി പറഞ്ഞു ' മനേ മാരു മുഠീഭർ ഇനാം മരീഗയി. ഹവേയി മാരീ സാഥീ ബനിഗയി ഛേ. ആ ഇനി ഭാഷാ ഛേ വു ഹിനോ ശിഷ്യ ബനി ഗയോ ഛു . മനസ്സിലായില്ല്യ ല്ലേ എനിക്കെന്റെ കൈനീട്ടം കിട്ടി ബോധിച്ചൂന്ന്. നിക്ക് കൂട്ടിനിനി ഇവള്ണ്ട്. ഇതിവൾടെ ഭാഷ്യാ. ഞാനിപ്പവിൾടെ ശിഷ്യാ ...
 അപ്പോൾ കളിയാക്കിക്കൊണ്ടുള്ള ആശാന്റെ ചോദ്യം സുഭദ്രാമ്മയുടെ മനസ്സിലുദിച്ചു.. ' ഇവളേതാ ജാതി ' ചിരിച്ചു കൊണ്ടതിന് സുഭദ്രാമ്മ മറുപടി പറഞ്ഞു 
'' മനുഷ്യജാതി ''.
 

Share :