Archives / August 2020

കെ. എൻ. സുരേഷ്കുമാർ 
നാം ഊഞ്ഞാലാടുകയാണ്                    *

ഗദ്യത്തിനും പദ്യത്തിനും ഇടയ്ക്കാണ്
നമ്മുടെ ഇത്തിരിജീവിതം
ഗദ്യം കുടിച്ചാലും
നീ പദ്യം തുപ്പുന്നു
നിന്റെയുള്ളിൽ
താളവാക്യങ്ങളുടെ
നേരുറവകൾ

പദ്യം കുടിച്ചാലും
ഞാൻ ഗദ്യം തുപ്പുന്നു
എന്റെയുള്ളിൽ
പരുഷവാക്കുകളുടെ
പകൽപ്പൂരങ്ങൾ

എന്നെക്കുറിച്ചാണെങ്കിൽ
നീ പദ്യം തന്നെ എഴുതണം
വാക്കുകളിൽ,
മടുത്ത ജീവിതം മരിച്ചുകിടക്കണം

ഓർക്കുക,
ജനന മരണങ്ങൾക്കിടയിലാണ്
നാം കണ്ടുമുട്ടുന്നത്;
അപ്പോൾ
നീ എന്നെ ദൈവമെന്നും
ഞാൻ നിന്നെ സ്‌നേഹമെന്നും
വിളിക്കുന്നു

ജീവിതത്തിന്റെ അനന്തയാത്രയിൽ
ഒരു ഉദയാസ്തമനത്തിനിടയ്ക്ക്
കൈ കോർത്തവരാണ് നാം

ആയുസ്‌സിന്റെ കുമ്പിളിൽ കിട്ടിയ
അല്പജീവിതത്തിൽ
ചിലത് ഉണ്ടെന്നു തോന്നുന്നു;
ചിലത് ഇല്ലെന്നു തോന്നുന്നു

സത്യം അസത്യമെന്നും
അസത്യം
സത്യമെന്നും തോന്നുന്നു

ജീവിതം
ഇതു രണ്ടിനുമിടയ്ക്കുള്ള
നേരമ്പോക്കാകുന്നു

ഉള്ളിലിരുന്ന്
ഗുരുകാരണവർ പറയുന്നു;
'ഉള്ളതു സത്ത്
ഇല്ലാത്തത് അസത്ത്
നീ ഉള്ളതിനെ തേടുക'

അതെ,
ഉള്ളതിനും ഇല്ലാത്തതിനും
ഇടയ്‌ക്കൊരു ഊയ്യലാട്ടം

നാം ഊഞ്ഞാലാടുകയാണ്

അല്ല,
ആരോ
ആട്ടിവിടുകയാണ്
 

'വാക്കാണെൻ സമരായുധം'- എന്ന സമാഹാരത്തിൽ നിന്ന്

Share :