Archives / August 2020

ജ്യോതിലക്ഷ്മിനമ്പ്യാർ മുംബയ്
ഇല്ലം നിറ, വല്ലം നിറ .....

“ഇല്ലം നിറ വല്ലം നിറ വട്ടി നിറ പത്തായം നിറ……”. സമൃദ്ധിയുടെ ഈ മലയാള പൊലിമ
ഓരോ മലയാളിയുടെയും മനസ്സിൽ എന്നൊക്കെയോ കേട്ട് പതിഞ്ഞിട്ടുണ്ടാകാം
കർക്കിട മാസത്തിലെ പെയ്തൊഴിയുന്ന പേമാരിയിൽ മുട്ടോളം വെള്ളത്തിൽ
കൊയ്ത്തുപാട്ടിനായ് കാതോർത്തു കുമ്പിട്ടു നിൽക്കുന്ന കതിർ കുലകൾക്ക് ഇല്ലംനിറ
ആദരവിന്റെ ദിവസമാണ്. കർക്കിടകമാസത്തിലെ അമാവാസിയ്ക്കുശേഷം നിറഞ്ഞ
മുഹൂർത്തത്തിൽ മിക്കവാറും എല്ലാ കർഷകരും ഇല്ലം നിറ കൊണ്ടാടുന്നു.
പണ്ട് കാലത്തെ കർഷകർക്ക് കൃഷി ഒരു ഉപജീവന മാർഗ്ഗം ആയിരുന്നെങ്കിലും അവർ
അതിനെ വളരെ ദൈവികമായി കണ്ടിരുന്നു. മഴ, വെയിൽ, വെള്ളം, മണ്ണ് എന്നിവയെല്ലാം
അവർ ദൈവത്തിന്റെ വരദാനമായി കണക്കാക്കിയിരുന്നു. കൃഷിഭൂമി അവർക്ക് സ്വന്തം
മാതാപിതാക്കളെപ്പോലെ ആയിരുന്നു , വിളകളെ അവർ സമൃദ്ധിയും, ഐശ്വര്യവുമായി
കണക്കാക്കി മക്കളെപ്പോലെ ശുശ്രൂഷിച്ചിരുന്നു. അതായിരുന്നു അവരുടെ സന്തോഷം.
ഈ വിശ്വാസങ്ങൾ മണ്ണിൽ കഠിന പ്രയത്നം ചെയ്യുവാനുള്ള കർഷകന്റെ
പ്രേരണയായിരുന്നു.
ഓരോ കർഷക കുടുംബത്തിലും കർക്കിടകമാസത്തിൽ വാതിൽ കീറുകളിൽ, മരപത്തായത്തിൽ,
നെല്ലറകളിൽ അരിമാവിൽ മുക്കി പതിച്ച കുഞ്ഞു കൈപ്പത്തികൾ
പ്രത്യക്ഷപ്പെടുന്നു. ഈ കൈപ്പത്തികൾ മിക്കവാറും അടുത്ത കർക്കിടകമാസം വരെ
തെളിഞ്ഞു നിൽക്കുന്നു. ഇത് കർഷക കുടുംബത്തിന്റെ ഒരു ഐശ്വര്യവും, അതിൽ
കുട്ടികൾക്കുള്ള പ്രാധാന്യവുമായി തെളിഞ്ഞു നിൽക്കുന്നു.

ഒട്ടുമിക്ക കർഷക വീടുകളിൽ ഒരേ ദിവസം തന്നെയാണ് ഇല്ലം നിറ കൊണ്ടാടാറുള്ളത്.
നിശ്ചയിച്ച മുഹൂർത്ത ദിവസം വീടെല്ലാം ശുചിയാക്കി തളത്തിൽ കിഴക്കുഭാഗത്തായി
ചാണകം മെഴുകി അതിൽ ഉണക്കലരി അരച്ച അരിമാവുകൊണ്ട് അണിയുന്നു. ഇതേ
അരിമാവുകൊണ്ട് വീട്ടിലെ കുട്ടികളോ അല്ലെങ്കിൽ വലിയവരോ വാതിൽ പാളികളിലും,
മരപത്തായങ്ങളിലും, നെല്ലറകളിലും സമൃദ്ധിയുടെ കയ്യടയാളങ്ങൾ ഇടുന്നു.
കുടുംബനാഥൻ അല്ലെങ്കിൽ കർഷകൻ കുളിച്ച് ഈ അരിമാവുകൊണ്ട് അണിത സ്ഥലത്ത്
ഗണപതിയ്ക്ക് മധുരം നേദിയ്ക്കുന്നു. അതിനുശേഷം ആയുവ്വേദത്തിൽ

പ്രാധാന്യമര്ഹിയ്ക്കുന്ന ഔഷധ ഗുണമുള്ള നാൽപ്പാമരത്തിന്റെയും, നെല്ലി ഇല്ലി (മുള)
എന്നിവയുടെ ശിഖരങ്ങളും, ദശപുഷ്പങ്ങളും വച്ച് അവയെ തുളസി തീർത്തവും പുവ്വും
ഉപയോഗിച്ച് പൂജിയ്ക്കുന്നു. അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ വൃക്ഷങ്ങളാണ്
നാല്പാമരം എന്ന് അറിയപ്പെടുന്നത്. കൃഷ്ണകാന്തി, കറുക, മുയൽ ചെവിയൻ, ചെറൂള,
തിരുതാളി, നിലപ്പന, കയ്യോന്നി, പുവ്വാംകുറുന്നില, മുക്കുറ്റി, ഉഴിഞ്ഞ എന്നീ പ്രധാന
ആയുർവ്വേദ ഔഷധങ്ങൾ അടങ്ങുന്നതാണ് ദശപുഷ്പങ്ങൾ. ഈ ഔഷധ സസ്യങ്ങളെ
പൂജിച്ചതിനുശേഷം കിണ്ടിയിൽ തുളസി തീർത്ഥം വഴി നീളെ തെളിച്ച് നിലവിളക്കുമായി
പാടശേഖരങ്ങളിൽ ഗൃഹനാഥൻ പോകുന്നു. വിളഞ്ഞു നിൽക്കുന്ന നെൽക്കതിർ മുറിച്ച്
കെട്ടാക്കി കതിർ മുന്നിലേക്കാക്കി തലയിൽ വച്ച് വിളക്കിന്റെ ഉടമ്പടിയോടെ
വീട്ടിലേയ്ക്ക് തിരിയ്ക്കുന്നു. "ഇല്ലം നിറ, വല്ലം നിറ, വട്ടി നിറ, പത്തായം നിറ……..
എന്ന് പറഞ്ഞു വീട്ടിലേയ്ക്ക് കതിരുമായ് എത്തുന്നു. വിളവെന്ന മഹാലക്ഷ്മിയെ
എതിരേൽക്കാൻ അഷ്ടമംഗല്യവുമായി സ്ത്രീകൾ കാത്തു നിൽക്കുന്നു. കൊണ്ടുവന്ന
കതിർ, പൂജിച്ചു ഔഷധ സസ്യങ്ങൾ നിരത്തി അതിൽ വച്ച് സമൃദ്ധിയ്ക്കായി പൂജ
ചെയ്യുന്നു. പൂജിച്ച കതിരിൽ നിന്നും ഓരോ കതിരും ആലിലയും ചേർത്ത് വിളയുടെ
സാന്നിദ്ധ്യം ഉണ്ടാകുന്ന വാതിലിൽ, പത്തായത്തിൽ. നെല്ലറകളിൽ എല്ലാം ചാണകത്തിൽ
പതിച്ചു വയ്ക്കുന്നു. വിളകൾ ആ വീട്ടിൽ സമൃദ്ധിയുടെ പ്രതീകമായി എത്തിക്കഴിഞ്ഞു
എന്ന സങ്കൽപ്പമാണ് കൊണ്ടാടുന്നത്. പഴയ കാലത്ത് മിക്കവാറും കർഷകരുടെ വീട്ടിൽ
വീടിന്റെ ഉമ്മറ കോലായിൽ നെൽക്കതിരുകൾ കൊണ്ട് കമനീയമായി നിർമ്മിച്ച കതിർകുല
കാണാം. ഇത് അടുത്ത വര്ഷം കൊയ്ത്ത് കാലം വരെ ഐശ്വര്യമായി തൂങ്ങിക്കിടക്കുന്നു.
(ഇന്ന് കതിർക്കുലകൾ ഒരു അലങ്കാര വസ്തുവായി കമ്പോളങ്ങളിൽ നിന്നും ജനങ്ങൾ
വാങ്ങി വീടുകളിൽ തൂക്കിയിടുന്നു). പൂജിച്ച കതിരുകൾ ഉതിർത്തി നെല്ലാക്കി
ഉമിയെടുത്ത് അരിയാക്കുന്നു. ഉരുളിയ്ക്കു ചുറ്റും ദശപുഷ്പങ്ങളിൽ ഒന്നായ ഉഴിഞ്ഞ ചുറ്റി
തീയടുപ്പിൽ വച്ച് ഈ പുത്തരികൊണ്ട് പായസം ഉണ്ടാക്കുന്നു. പുത്തരി പായസം എന്ന
മധുരം എല്ലാവരും സ്നേഹത്തോടെ പങ്കിടുന്നതോടെ ഇല്ലം നിറ എന്ന ആചാരത്തിനു
സമാപ്തിയാകുന്നു. ഇല്ലം നിറ ആചരിച്ചതിനു ശേഷം മാത്രമാണ് കൊയ്ത്തരിവാളും
കൊയ്ത്തുപാട്ടുമായി കർഷകർ വിളകൾ കൊയ്തെടുക്കാൻ പാടശേഖരങ്ങളിൽ എത്തുന്നത്.

ഇല്ലം നിറ കർഷകരുടെ വീടുകളിൽ മാത്രമല്ല ദേവാലയങ്ങളിലും ആചരിച്ചിരുന്നതായി
പറയപ്പെടുന്നു. ഏതു കൃഷിനിലത്തിൽ നിന്നാണ് കതിർക്കുലകൾ ഇല്ലം നിറയ്ക്കായി
ദേവാലയങ്ങളിൽ എത്തേണ്ടത് എന്നതിനു അവകാശികൾ ഉണ്ടായിരുന്നു. ഇല്ലം
നിറയ്ക്കായി കതിർ എത്തിയ്ക്കുന്നത് ഇവരുടെ കടമയായിരുന്നു. ഓരോ ദേവാലയങ്ങളും
നിലനിൽക്കുന്ന പ്രദേശത്തെ ജനങളുടെ കൃഷിയ്ക്കും സമൃദ്ധിയ്ക്കും വേണ്ടി, ആ
പ്രദേശത്തിനുവേണ്ടി ദേവാലയങ്ങൾ ഇത്തരം ശുഭ മുഹൂർത്തങ്ങൾക്ക് പ്രാധാന്യം
നൽകിയിരുന്നു

ഇതിൽ വിളകൾക്ക് മാത്രമല്ല ഔഷധ സസ്യങ്ങൾക്കും പ്രാധാന്യം നൽകാൻ പണ്ടുള്ളവർ
ശ്രദ്ധിച്ചിരുന്നു. തോരാതെ പെയ്യുന്ന കർക്കടകത്തിലെ കാലവർഷത്തിൽ പകർച്ച
വ്യാധികൾക്കും മറ്റു രോഗങ്ങൾക്കും സാധ്യത ഉള്ളതിനാൽ ഔഷധ സസ്യങ്ങൾക്കും
ശുചിത്വത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്നു. ആ കാലഘട്ടത്തിൽ
ശാസ്ത്രത്തെക്കാൾ ഈശ്വര വിശ്വാസത്തിൽ അധിഷ്ഠിതമായ ജനങ്ങളുടെ ആരോഗ്യവും
ശുചിത്വവും സംരക്ഷിയ്ക്കുക എന്ന ഉദ്ദേശം പഴയ ആചാരങ്ങളിൽ നിലനിർത്തുന്നതായി
കാണാം. അതുപോലെ തന്നെ കര്ഷകന് അനുകൂലമായ കാലാവസ്ഥയും മണ്ണും
ദൈവീകമായിത്തന്നെ പരിപാലിയ്ക്കപ്പെടുന്നതും കാണാം.
ഇല്ലം നിറയെ പറ്റി ചുരുക്കി പറയുമ്പോൾ ഇതൊരു ഹിന്ദുവിന്റെ മാത്രമായ ആചാരമാണോ
എന്ന് തോന്നാം. പക്ഷെ ഇല്ലം നിറ എന്നത് ഹിന്ദുക്കൾ മാത്രമല്ല ധാരാളം കൃഷി
ചെയ്യുന്ന ക്രിസ്ത്യൻ കുടുംബങ്ങളും ഇല്ലം നിറ ആചരിച്ചിരുന്നു എന്നത്
ശ്രദ്ധേയമാണ്. ഇവിടെ ജാതിയ്ക്കോ, മതത്തിനോ അല്ല പ്രാധാന്യം നൽകിയിരുന്നത്.
കൃഷിയും, മണ്ണിനും വിളകൾക്കുമാണ് ആദരവ് സ്നേഹം നൽകിയിരുന്നത് . കൃഷി
മനുഷ്യന്റെ ഉപജീവനമായിരുന്നു എന്നതിലുപരി തറവാടിന്റെ അഭിമാനവും, അന്തസ്സും,
ഐശ്വര്യവുമായി കണക്കാക്കിയിരുന്നു.

ഇന്ന് ജീവിച്ചിരിയ്ക്കുന്നവരിൽ ചിലർക്ക് മാത്രം അറിയാവുന്ന ഒരു പണ്ട് കാലത്തെ
ആചാരം മാത്രമായി അവശേഷിയ്ക്കുന്നു ഇല്ലം നിറ. ഇത്തരം ആചാരങ്ങളുടെ ശാസ്ത്രീയ
വശങ്ങൾ വിലയിരുത്താൻ വ്യക്തിപരമായി കഴിയില്ല. എങ്കിലും കൃഷിയ്ക്കും,
ജനജീവിതത്തിനും പ്രതികൂലമായി കാലാവസ്ഥയും, പ്രകൃതിയും മാറുന്ന ഇന്നത്തെ
സാഹചര്യത്തിൽ ഇല്ലം നിറ പോലുള്ള ആചാരങ്ങളിൽ എന്തെങ്കിലും അടിസ്ഥാനം
ഉണ്ടായിരുന്നുവോ എന്ന് ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു. അതുപോലെത്തന്നെ
ശാസ്ത്രത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയും ശാസ്ത്രത്തെ വളർത്താൻ ഒരു
കളപ്പുരയായി പ്രകൃതിയെയും മണ്ണിനെയും പീഢിപ്പിയ്ക്കുകയും ചെയ്യുന്ന മനുഷ്യൻ
ഇന്നെങ്കിലും പ്രകൃതിയുടെ പ്രാധാന്യത്തെ ഓർമ്മപ്പെടുത്തുന്ന ഇത്തരം ആചാരങ്ങളെ
കുറിച്ച് ഓർത്തിരുന്നെങ്കിൽ എന്ന പ്രത്യാശ ഇനിയും തുടരാം

Share :