Archives / August 2020

രമപിഷാരടി ബാംഗളൂർ
ഇവിടെ  ഓണമാണ്

ഓണം!

നിനക്ക് ഞാൻ പാടുവാൻ എൻ്റെയീ-

പോയ കാലത്തിൻ്റെ സ്വപ്നങ്ങളെ തരാം.

പൂവിടൂ, നീയെൻ്റെ ഗ്രാമാന്തരങ്ങളിൽ

പൂവിടൂ നീയെൻ്റെ ചോർന്ന കിനാക്കളിൽ

തുമ്പയും, മുക്കൂറ്റിയും തേടി ഞാൻ പോയ

എൻ്റെ ബാല്യത്തിൻ്റെ ഓരോ ഋതുക്കളിൽ

ഊഞ്ഞാലു കെട്ടിപ്പറന്നുപോം മേഘങ്ങളോ-

രോന്നിലും ചെന്ന് തൊട്ടു പോകും വഴി;

ഓർമ്മകൾ കൂട്ടിൽ നിന്നോരോ നിറങ്ങളിൽ

പാറിപ്പറന്നുപോകുന്നു കിളികളായ്!

കോൽത്താഴിലോരോന്ന് പൂട്ടിക്കുരുക്കിട്ട്-

കാൽക്കലെ ഭൂമിയെ തൊട്ടും തലോടിയും,

മൗനം കുടിച്ചങ്ങിരിപ്പാണ് വീടുകൾ,

സന്ദർശനങ്ങൾ വിലങ്ങിട്ടിരിപ്പാണ്!

അന്തിമായും സന്ധ്യ ചെന്തീക്കനൽ തൊട്ട്

സന്ധ്യാവിളക്കിൽ പുകഞ്ഞു കത്തീടവെ,

രാവിൻ്റെ ഗദ്ഗദം കേട്ടുറങ്ങിപ്പോയ

സാഗരം സാധകം ചെയ്തുണർന്നീടവെ,

ഓരോ പ്രഭാതാർദ്രസന്ധ്യയും പൂക്കളെ

കാലത്തിനൊപ്പം വിടർത്തി നിന്നീടവെ

ഞാൻ മറന്നില്ലൊരീയോണത്തിനെയെന്ന്

ശ്രാവണം പൂക്കൾ കുടഞ്ഞിട്ട് പാടവെ,

കാത്തിരിക്കാമെന്ന് കണ്ണുനീർച്ചോലകൾ

കാത്തിരിക്കാമെന്ന് സ്വപ്നവും, ദു:ഖവും,

കാത്തിരിക്കാമെന്ന് സൂര്യപ്രതീക്ഷകൾ

കാത്തിരിക്കാമെന്ന് സ്നേഹവും, സത്യവും..

Share :