Archives / March 2018

ദിവ്യ .സി.ആര്‍
അതിരുകളില്ലാതെ നീന്തുന്നവര്‍

മണിക്കുട്ടി !
അവളെ പോലൊരു നായക്കുട്ടി വീട്ടിലേക്കു വരുന്പോള്‍ വല്ലാതെ ദേഷ്യമാണ് തോന്നിയത്. അടുക്കള പണിയും ഭര്‍ത്താവിന്‍റെയും മക്കളുടെയും കാര്യങ്ങള്‍ നോക്കാന്‍ തന്നെ ഒരുദിവസം തികയുന്നില്ല, അപ്പോഴാണ് രാവിലെ നായ്ക്കുട്ടിയെയും കൊണ്ടുള്ള വരവ് ! അതിനോടുള്ള ദേഷ്യം മറച്ചുവയ്ക്കാതെ കലിതുള്ളി. എല്ലാവരും അവരവരുടെ ലോകത്ത് തിരക്കുകളിലാണ്. അടുക്കളപണികളും മക്കളെ സ്ക്കൂളിലേക്കും ഭര്‍ത്താവ് ഓഫീസിലേക്കും യാത്രയായി കഴിഞ്ഞുള്ള നിമിഷങ്ങള്‍ ! വല്ലാതൊരു ദുഃഖഭാരം മിഴികളെ തളര്‍ത്തി
. വീട്ടിനുള്ളില്‍ ഒറ്റപ്പെട്ടുപോകുന്നു !
നാലു ചുവരുകള്‍ക്കുള്ളില്‍
തന്നെ മാത്രം കാണുന്നു.
ചുവരുകള്‍ അവളെ നോക്കി കണ്ണുരുട്ടുന്നു.
പേടിപ്പിക്കുന്ന അലര്‍ച്ചകളില്‍ അവ എന്തൊക്കെയോ അവളോടു പുലന്പുന്നു.
ആഹാരത്തിലും വസ്ത്രത്തിലും മറ്റുള്ളവരുടെ ഇഷ്ടങ്ങളില്‍ ജീവിക്കുക !
അവരുടെ ഇഷ്ടാനിഷ്ടങ്ങളില്‍ മറന്നുപോയ തന്‍റെ ഇഷ്ടങ്ങള്‍ !
ആഗ്രഹങ്ങള്‍ !
കുഞ്ഞുകുഞ്ഞുസ്വപ്നങ്ങള്‍ !
എല്ലാവരും പോയിക്കഴിഞ്ഞ് വിജനമാകുന്ന വീടും ആ വിരസതയില്‍ സ്ഫുരിക്കുന്ന ആഗ്രഹങ്ങളും സ്വപ്നങ്ങളും.!
ഒരു നിമിഷം ചുണ്ടുകളില്‍ മിന്നിമറയുന്ന വികാരം പുച്ഛമോദുഃഖമോ ?
മണിക്കുട്ടിയുടെ ഉച്ചത്തിലുള്ള കുരയ്ക്കുന്ന ശബ്ദം അവളെ ചിന്തകളിനിന്നുണര്‍ത്തി. മുറ്റത്തേക്കിറങ്ങി നോക്കിയപ്പോള്‍ മതിലിനുമുകളിലൂടെ ഒരു പൂച്ച പതുങ്ങി പതുങ്ങി അടുക്കളയെ ലക്ഷ്യം വയ്ക്കുന്നു. ഒരു കല്ലെടുത്ത് ഒറ്റയേറ് ജീവനും കൊണ്ട് പൂച്ച ചാടിപോയി.
അപ്പോഴാണ് ആദ്യമായി മണിക്കുട്ടിയെ ശ്രദ്ധിച്ചു തുടങ്ങിയത്. എന്തൊക്കെയോ പ്രത്യേകതകള്‍ രണ്ടൂപേര്‍ക്കുമുള്ളതു പോലെ.
മണിക്കുട്ടിക്കു മുന്‍പില്‍ ഇരുന്പ് വാതില്‍ ! തനിക്കു മുന്‍പില്‍ ഗേറ്റ് രണ്ടും ഉച്ചത്തില്‍ വലിച്ചുതുറക്കാനുള്ള ധൈര്യം രണ്ടാള്‍ക്കുമില്ല.
ഏകാന്തതയുടെ വിരസത അവര്‍ തമ്മിലുള്ള ബന്ധം ഉറപ്പിച്ചു. മണിക്കുട്ടിയുടെ മുട്ടിയുരുമലും നക്കിതോര്‍ത്തിയുള്ള സ്നേഹപ്രകടവും അസ്വസ്ഥയായിരുന്ന അവളില്‍ സന്തോഷം നിറച്ചു. പരിമിതികള്‍ക്കുള്ളില്‍ സന്തോഷങ്ങളും സങ്കടങ്ങളും പ്രതിക്ഷേധകടലും അവര്‍ പങ്കുവച്ചു.
പ്രതിക്ഷേധങ്ങള്‍ വാക്കുകളായി നാലുചുവരുകള്‍ക്കുള്ളില്‍ തങ്ങിനിന്നു. സ്ത്രിസ്വാതന്ത്യത്തെ കുറിച്ചുള്ള അവകാശ പ്രഖ്യാപനങ്ങള്‍ ടി.വിയിലും പത്രത്താളുകളിലും വായിച്ചു കൈയടിച്ചു പുളകിതയായി. അപ്പോഴും \\\\\\\'നല്ല ഭാര്യ ! നല്ല അമ്മ !\\\\\\\' ആരെക്കെയോ ചേര്‍ന്ന് വടംകൊണ്ട് മുറുക്കികെട്ടിയ സദാചാരകെട്ടഴിക്കാന്‍ അവള്‍ക്കുകഴിയാതെപോയി. അതിനു മുന്‍പില്‍ ചിറകറ്റു വീണൊരു ഈയാംപാറ്റയെപോലെ തെന്നിനീങ്ങി....
അതൊരു ഉച്ച സമയമായിരുന്നു.മണിക്കുട്ടിയ്ക്ക്ആഹാരം കൊടുക്കാനായി ആ ഇരുന്പുവാതില്‍ തുറന്നു.പെട്ടെന്ന് അപ്രതീക്ഷിതമായി കുരച്ചുകൊണ്ടവള്‍ ചാടിയിറങ്ങി. പകുതി തുറന്ന ഗേറ്റുതള്ളിത്തുറന്ന് റോഡിലേക്കിറങ്ങി. തിരക്കുള്ള നഗരവീഥികള്‍ പിന്നിട്ട് ഗ്രാമവീഥികളിലൂടെ മണിക്കുട്ടി ഓടാന്‍ തുടങ്ങി. കൂടെ അവളും...
ഓടിത്തളര്‍ന്ന മണിക്കുട്ടി പുഴയ്ക്കുമുകളിലെ പാലത്തില്‍ കിതച്ചുകൊണ്ടുനിന്നു. ദീര്‍ഘശ്വാസമുതിര്‍ത്ത് അവളും അവിടേക്കു വന്നു. രണ്ടുപേരുടേയും കണ്ണുകള്‍ പുഴയിലേക്കു പതിച്ചു.
പാവം പുഴ !
അവള്‍ക്കും അതിരുകള്‍ കെട്ടിയിരിക്കുന്നു.!
ഇടയ്ക്കിടെ പുഴവെള്ളത്തില്‍ മുങ്ങിത്താഴുന്ന പരല്‍മീനുകളില്‍ അവരുടെ കണ്ണുകളുടക്കി. പരല്‍മീനുകളുടെ സ്വാതന്ത്യത്തില്‍ അസൂയപ്പെട്ടു. അവയ്ക്കൊപ്പം നീന്താന്‍ അവരും പുഴയിലേക്കു ചാടി.നീന്താന്‍ ശകലങ്ങളും ചിറകുകളും മുളച്ചു.പുഴയുടെ ആഴങ്ങളില്‍ ഒളിക്കുവാന്‍ ആവേശത്തോടെ ചിറകുകള്‍ വീശി നീന്തി.

Share :