Archives / july 2021

കുളക്കട പ്രസന്നൻ
മഞ്ഞലോഹത്തിൽ മുങ്ങുന്ന മനുഷ്യ ലോകം

സ്വർണ്ണത്തിനു വിലക്കുതിച്ചു കയറുകയാണ്. ഈ വിലക്കയറ്റം കണ്ട് ജനങ്ങൾ അന്തം വിട്ടു നിൽക്കുന്നു. ഈ ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഒരു പിടിയുമില്ലാത്ത മാതിരി ആയിരിക്കുന്നു കാര്യങ്ങൾ.

നരേന്ദ്രപ്രസാദിൻ്റെ ഒരു നാടകമുണ്ട്. സ്വർണ്ണ സിംഹാസനം. സ്വർണ്ണത്തിനായി പരീക്ഷണവും സ്വർണ്ണഖനിയുള്ള ഒരു നാടിനെ കുറിച്ചും പ്രമേയമാകുന്ന നാടകം . സ്വർണ്ണക്കൊതിയിൽ തകരുന്ന ഒരു ഭരണവ്യവസ്ഥയാണ് സ്വർണ്ണ സിംഹാസനം  എന്ന നാടകം. കൊവിഡ് പ്രതിസന്ധിയിൽ സംഭവിക്കാൻ പോകുന്നതും അതുതന്നെയാണോ ?

പണ്ടും ഇപ്പോഴും നമ്മുടെ നാട്ടിൽ ചില പന്തയങ്ങളിൽ കേൾക്കാറുള്ളതാണ് പൊൻമോതിരം പന്തയം. അത്ര സീരിയസ്സല്ലെങ്കിലും ഒരു വാശിക്ക് വെല്ലുവിളിക്കുമ്പോൾ പൊൻമോതിരം തരാമെന്നുള്ള വീമ്പു പറച്ചിൽ. ആ പറച്ചിലല്ലാതെ പൊൻമോതിരം കൊടുക്കണമെന്നില്ല. പറഞ്ഞു വന്നത് മലയാളികൾക്ക്  സ്വർണ്ണത്തിനോടുള്ള ഒരു പ്രിയം സൂചിപ്പിക്കാനാണ്. അതു മാത്രമല്ല ; മക്കളെയും സ്നേഹം കാട്ടാനായി കാമുകിയേയും വേണ്ടിവന്നാൽ ഭാര്യയെയും പൊന്നേ എന്നു വിളിക്കാറില്ലെ. അപ്പോൾ സ്നേഹത്തിൻ്റെ അളവുക്കോൽ സ്വർണ്ണമാണെന്നുണ്ടോ ? അതവിടെ നിൽക്കട്ട്. ഏഷ്യൻ ഗെയിംസിലും ഒളിമ്പിക്സിലും എത്ര മലയാളികൾ സ്വർണ്ണം വാങ്ങിക്കൂട്ടുന്നുണ്ട് ? വിഷമിപ്പിക്കുന്ന ചോദ്യങ്ങൾ വിടാം. കാരണം ഓരോ ദിവസവും സ്വർണ്ണത്തിൻ്റെ വിലക്കുതിച്ചു കയറുകയാണ്. ഒപ്പം കൊറോണയും.

മലയാളികൾ സ്വർണ്ണ വിഷയത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് പെൺക്കുട്ടികൾ ഉള്ള വീടുകളിലാണ്. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണ്. എന്നാൽ ചില കല്യാണം ഒഴിച്ചാൽ ഭൂരിഭാഗം കല്യാണത്തിലും സമ്പാദ്യം എന്ന നിലയിൽ സ്വർണ്ണം കൊടുക്കുന്നുണ്ട്. ആഢംബര കല്യാണം ഒഴിവാക്കാൻ നിയമം കൊണ്ടുവരാൻ കഴിയുമെങ്കിലും അതു പ്രാബല്യത്തിൽ എത്തുന്നില്ല. ആശയ പ്രസംഗത്തിനിടയിൽ പ്രവർത്തി ഫലപ്രദമാകുന്നില്ല. 

ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു പവന് 40200 രൂപ. പണിക്കൂലി, ജി എസ് ടി , സെസ് എന്നിവ ഉൾപ്പെടെ ഒരു പവൻ സ്വർണ്ണത്തിന് 46000 രൂപ ആകും. കല്യാണ വീടുകളിലെ ആധി കൂടില്ലെ. 

വിവാഹ നിശ്ചയത്തിന് മോതിരമാറ്റത്തിനുള്ള സ്വർണ്ണം ഉൾപ്പെടെ കല്യാണ ദിവസത്തെ മോതിരം, താലി എന്നിവ കൂടാതെ  സ്വർണ്ണം വാങ്ങണം. കുട്ടികൾക്ക് പേരിടൽ ചടങ്ങിന് സ്വർണ്ണം വേണം. അങ്ങനെ സ്വർണ്ണ ചെലവുകൾ ഏറെയാണ്. ഒരു സാധാരണ കുടുംബത്തെ ബുദ്ധിമുട്ടിലാക്കുന്ന കേരളത്തെയാണോ വീണ്ടും കാണാൻ പോകുന്നത്.

1980കളിൽ കേരളത്തിൽ വിവാഹ പ്രായമെത്തിയ പാവപ്പെട്ടവരുടെ വീടുകളിലെ കണ്ണീരിൽ നിന്നുമാണ് പല ചെറുപ്പക്കാരും തൊഴിൽ തേടി അയൽ സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും പോയത്. കേരളം സാമ്പത്തികമായി പുരോഗതി കൈവരിച്ചു. കൊവിഡ് മഹാമാരിയിൽ പല പ്രവാസികൾ തിരികെയെത്തി. ഈ പ്രതിസന്ധി ഘട്ടത്തിൽ സ്വർണ്ണവില ക്കുതിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ എത്രയോ വീടുകളിൽ നിന്ന് നെഞ്ചിടിപ്പു ഉയരുന്നുണ്ട്.

സ്വർണ്ണത്തിനു വില കൂടാൻ പല കാരണങ്ങളുണ്ട്. ചൈനയും ഇന്ത്യയുമാണ് ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്തക്കളായിട്ടുള്ള രാജ്യങ്ങൾ. അതിൽ ചൈന ഇപ്പോൾ പിന്നോക്കം നിൽക്കുന്നു. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കവും ഇന്ത്യ - ചൈന യുദ്ധ അന്തരീക്ഷവും സ്വർണ്ണത്തിനു വില കൂടാനുള്ള കാരണങ്ങളിൽപ്പെട്ടവയാണ്. അതുപോലെ മറ്റു ഘടകങ്ങളും സ്വർണ്ണവില കൂടാൻ കാരണമായിട്ടുണ്ട്.

ഡോളറുമായിട്ടുള്ള വിനിമയ നിരക്കിൽ രൂപയുടെ മൂല്യം ഇടിയുന്നതു ഇന്ത്യയിൽ സ്വർണ്ണവില കൂടുന്ന ഘടകങ്ങളിൽ ഒന്നാണ്. അതുപോലെ സ്വർണ്ണത്തിൻ്റെ ലഭ്യത കുറവും വിലക്കയറ്റത്തിനു വഴിയൊരുക്കുന്നു. എന്നാൽ അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യയിൽ സ്വർണ്ണവില കുതിക്കാൻ മറ്റൊരു കാരണമുണ്ട്. ഓഹരി വിപണി, റിയൽ എസ്റ്റേറ്റ് അങ്ങനെയുള്ള നിക്ഷേപ മാർഗ്ഗങ്ങൾ വിട്ട് സുരക്ഷിത മാർഗ്ഗം എന്ന നിലയിൽ സ്വർണ്ണത്തിലേക്ക് ആളുകൾ തിരിഞ്ഞു. കൊവിഡ് പ്രതിസന്ധിയിൽ സ്വർണ്ണ നിക്ഷേപമാർഗ്ഗങ്ങളിലൊന്നായ ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ ഈ വർഷം 734 ടൺ സ്വർണ്ണം വാങ്ങി കൂട്ടി. 

ഒരു വർഷത്തിനിടയിൽ ഒരു പവൻ സ്വർണ്ണത്തിന് 14200 രൂപയുടെ വർദ്ധനയാണ് ഉണ്ടായത്. ഇനിയും വിലക്കൂടും. ഈ സന്ദർഭത്തിൽ പാവപ്പെട്ട കുടുംബങ്ങളിലെ വിവാഹ പ്രായമായ മക്കളുടെ മാതാപിതാക്കൾക്ക് തെല്ലാശ്വാസം നൽകുന്നതിന് സ്വർണ്ണ ഇറക്കുമതി തീരുവ 12 ശതമാനം എന്നത് കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുമോ എന്നിടത്താണ് ഇനി എല്ലാ കണ്ണുകളും. അത് വെറും നോട്ടമാണെന്ന് പറയേണ്ടതില്ലല്ലോ.

 അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിൻ്റെ വില കുത്തനെ കുറഞ്ഞപ്പോൾ പെട്രോളിയം ഉല്പന്നത്തിന് തീരുവ കൂട്ടിയവരാ ഇപ്പോഴത്തെ കേന്ദ്ര സർക്കാർ. അതുപോലെ സ്വർണ്ണത്തിനു വിലക്കുറഞ്ഞാൽ സ്വർണ്ണത്തിൻ്റെ ഇറക്കുമതി തീരുവ കൂട്ടുമോ എന്നാ കണ്ടറിയേണ്ടത്. പെട്രോളിയം ഉല്പന്നത്തിൻ്റെ കാര്യത്തിൽ കൊണ്ടറിഞ്ഞ അനുഭവം ഇന്ത്യക്കാർക്കുണ്ടല്ലോ.

കമൻ്റ്: സ്വർണ്ണ കളളക്കടത്തിൻ്റെ വാർത്തകളാണ് അടുത്ത കാലത്തായി ഉള്ളത്. അതിനൊപ്പം സ്വർണ്ണവില കുതിക്കുകയും ചെയ്യുന്നു.  ഈ മഞ്ഞലോഹം മനുഷ്യനെ എങ്ങനെ മയക്കി എന്നാണ് ഒരു പിടിയും കിട്ടാത്തത്. പക്ഷെ ഒന്നുണ്ട്, സുരക്ഷിത മാർഗ്ഗം എന്ന നിലയിൽ നിന്നും നിക്ഷേപകർ ലാഭമെടുത്ത് നിക്ഷേപത്തിൽ പിന്മാറുന്ന ഒരു വേളയുണ്ടാവും. അന്ന് സ്വർണ്ണത്തിനു വിലക്കുറയും.
 

Share :