Archives / july2020

 രാഹുൽ കൈമല
നീതിസാരം

" തിന്നാന്ണ്ടായിട്ടല്ലെ തൂറുന്നത് ".
ആദിവാസി കോളനിയിൽ സർക്കാർ നിർമ്മിച്ചു നൽകിയ ശുചിമുറികളെ കുറിച്ച് മാധ്യമ പ്രവർത്തക അപർണ്ണ സൂചിപ്പിച്ചപ്പോൾ കൂട്ടത്തിൽ പ്രായം ചെന്ന ആദിവാസി സ്ത്രീ മതിലിയുടെ പ്രതികരണമാണിത്.

" അല്ല ഹാഷിർക്ക ... ത് " എഡിറ്റർ അജയൻ പ്രോഗ്രാം പ്രൊഡ്യൂസർ ഹാഷിറിനോട് ചോദിച്ചു. "ഇരിക്കട്ടനിയാ ഒരോപ്പണിംങ്ങ് പഞ്ചല്ലേ " ഹാഷിർ പുഞ്ചിരിയോടെ മറുപടി പറഞ്ഞു. അജയൻ പോസ് ചെയ്ത വിഷ്വൽ റിലീസ് ചെയ്തു. 

പിന്നേയും പരാതി കെട്ടഴിച്ച് വാതോരാതെ മതിലി പറഞ്ഞു കൊണ്ടിരുന്നു. മതിലിയുടെ പരാതിക്കിടയിൽ വീണു കിട്ടുന്ന ചെറിയ ഇടവേളയിൽ തങ്ങൾക്കു കാണേണ്ട പണലിയെ കുറിച്ച് തിരക്കുന്നുണ്ടായിരുന്നു അപർണ്ണ.  ഒടുവിൽ ആരോ കാണിച്ചു കൊടുത്ത പണലിയുടെ ഊരിലേക്കുള്ള വഴിയിലേക്ക് മാധ്യമ സംഘം തിടുക്കത്തിൽ നീങ്ങി. അപ്പോഴും മതിലി അവരെ പിൻതുടർന്ന് പരുഷമായി പലതും പറഞ്ഞു കൊണ്ടേയിരുന്നു. പറയാനുള്ളതൊക്കെ പറഞ്ഞു തീർത്തിട്ടാണ് ഇരുവഴി പിരിയുന്നിടത്ത് വെച്ച്  മതിലി പിൻവാങ്ങിയത്. 

അട്ടപ്പാടിയുടെ ആകാശം കാർമേഘങ്ങളാൽ കറുത്തിരിക്കുന്നു. ആ കറുപ്പിൽ നിന്നും കർക്കടകം പിറന്നതു പോലെ. ആകാശഘോഷങ്ങൾക്കൊപ്പം മഴയും തിമിർത്ത് പെയ്യുകയാണ്. കര കവിഞ്ഞൊഴുകുന്ന ഭവാനി പുഴ മുറിച്ച് കടന്ന് മാധ്യമ സംഘം കാറ്റാടി കുന്ന് കയറിയിറങ്ങി. അരിച്ചെത്തുന്ന കാറ്റിന്റെ തണുപ്പ്. കാണെ കാണെ വളരുന്ന പച്ചപ്പ്. അവർ പണലിയുടെ ഊരിലേക്കെത്തി. കാറ്റും കോളുമെടുത്ത പണലിയുടെ കുടിലിരുന്ന സ്ഥലത്തിപ്പോൾ ഒറ്റ മരത്തിൽ വലിച്ചു കെട്ടിയ കീറിയ ടാർപോളിനാണ്. അതിനു കീഴിൽ തണുത്ത് വിറച്ച് വിശന്നിരിക്കുന്ന പണലിയും , അയാളുടെ മുന്ന് പെൺമക്കളും. ആളുകളെ കണ്ട് മൂത്ത കുട്ടി മരുത പരിഭ്രാന്തിയോടെ എഴുന്നേറ്റു. പതിനഞ്ചുകാരിയായ അവളുടെ വയറുന്തി നിൽക്കുന്നത് കണ്ട് മരുത  ഗർഭിണിയാണെന്ന് അപർണ്ണ നടുക്കത്തോടെ തിരിച്ചറിഞ്ഞു. മരുത
വന്നു നിന്ന ആളുകളെ മാറി മാറി ഭീതി മാറാതെ നോക്കി. ആ നോട്ടം നീണ്ട് ഒടുവിൽ ദയനീയമായി അപർണ്ണയിലുടക്കി നിന്നു. മാധ്യമ സംഘം , തങ്ങൾക്ക് വേണ്ടി കരുതിയ ആഹാരവും വെള്ളവും മറ്റും അവർക്ക് നൽകി. പണലിയും മക്കളും ക്ഷണത്തിൽ അതത്രയും കഴിച്ചു തീർത്ത് ദിവസങ്ങളുടെ പട്ടിണി മാറ്റി. കഴിഞ്ഞ കർക്കടകത്തിനു മുമ്പാണ് പണലിയും കുടുംബവും മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്.

" അല്ല ആഘോഷിക്കപ്പെട്ടത് " അജയൻ സ്വയമെന്നോണം തിരുത്തി പറഞ്ഞു. 
" ഇന്ന് ജൂലൈ പതിനേഴ്. രാജ്യാന്തര നീതി ദിനം. നമുക്ക് നോക്കി നിൽക്കാം. കണ്ടില്ലെന്ന് നടിക്കാം.  നീളുന്ന നീതി നിഷേധങ്ങൾ. ഈ മൗനവും നീതിയാണോ " ... ചാനലിലെ അവതാരകൻ പ്രശാന്ത് പട്ടേരി മികച്ച ഫോമിലാണ്. പക്ഷെ എന്തോ അജയൻ താൽപര്യകുറവോടെ  പ്രശാന്തിന്റെ അടുത്ത ക്ലിപ്പ് പ്ലേ ചെയ്തു. 
"പോഷകാഹാര കുറവുകൊണ്ടും , നവജാത ശിശു പരിപാലനത്തിലെ അപാകത കൊണ്ടും തുടർച്ചയായി നടക്കുന്ന ശിശു മരണങ്ങൾ.. അട്ടപാടിയിൽ ഉയരുന്ന ശിശു മരണ കണക്കുകൾ നമ്മളെ ഞെട്ടിപ്പിക്കുന്നതാണ് ". അപ്പോഴേക്കും അത്യുൽസാഹത്തോടെ പ്രശാന്ത് എഡിറ്റ് സ്യൂട്ടിലേക്ക് അൽപ്പം മധുരവുമായി എത്തി. "അങ്ങനെ ഞാനുമൊരച്ഛനായിട്ടോ. പെണ്ണാ". ഹാഷിറും അജയനും മധുരം നുകർന്ന് പ്രശാന്തിന്റെ സന്തോഷത്തിൽ പങ്കു ചേർന്നു. എഡിറ്റ് ചെയ്യുന്ന തന്റെ വിഷ്വല് കണ്ട് പ്രശാന്ത്  ചോദിച്ചു "ഇത് ഞാൻ കഴിഞ്ഞ കൊല്ലം ചെയ്തതല്ലേ. പണലി കേസ്. പുതിയതൊന്നുമില്ലേ ഇത്തവണത്തെ നീതിക്ക്".
"കഷ്ടം അവതാരകനു തന്നെ പുച്ഛം" അജയൻ മനസ്സിൽ പറഞ്ഞു.

ഗോത്ര കൈലാസ ക്ഷേത്രത്തിൽ ശിവരാത്രി ഉൽസവം കൊടിയേറി. നോമ്പു നോറ്റ മല പൂജാരികളുടെ യാത്ര. തുടർന്ന് മല്ലേശ്വരമുടിയിൽ തെളിയുന്ന ജ്യോതി. ഉൽവത്തിന്റ മൂന്നാം നാൾ , പുണ്യ ജലവും പാലും പൂമരത്തിന്റെ ഇലയും വടവേരും  അടങ്ങിയ തീർത്ഥം , മുളങ്കുറ്റിയിൽ ശേഖരിച്ച് മലയിറങ്ങി വരുന്ന ആദിവാസികൾ. 
അതിൽ പ്രാർത്ഥനയോടെ  പണലിയും ... 
ഗോത്ര കൈലാസക്ഷേത്ര സന്നിധിയിൽ ഉയർന്ന ശരണം വിളികളും പ്രാർത്ഥനകളുമൊക്കെ മരിച്ചുവീണ അനേകം പിഞ്ചു കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള മുറവിളികളായി മാറി. തന്റെ നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച ഭാര്യ ചിണ്ടയുടെ വായിലേക്ക് പണലി തീർത്ഥം ഒഴിച്ചു കൊടുത്തു. അപ്പോൾ  മിക്കവരുടേയും പ്രാർത്ഥന പോലെ അവന്റേയും ഉള്ളുലഞ്ഞു.  " തള്ളേണീം പുള്ളേണീം ജീബനോടെ റണ്ടാക്കി തറണേ ".... 
കർക്കടകം കടുക്കുകയാണ്. കട്ടപിടിച്ച ഇരുട്ടിൽ ചിണ്ടയുടെ നിലവിളി. അവളെ എടുത്ത് കാടും കുന്നും പുഴയും കടന്ന് കിലോമീറ്ററോളം നടന്ന് പണലി വല്ലവിധേനയും കോട്ടത്തറ ആശുപത്രിയിലെത്തിച്ചു.

ക്യാമറ നോക്കി പണലി പറഞ്ഞു " അബടന്ത് പിണ്ണെ കൂടുതളാണ് കോയമ്പത്തൂർക്ക് കൊണ്ടോബാൻ പറഞ്ച് രണ്ടാളെ കൂട്ടി ബിട്ട് ... നങ്കളങ്കണെ" പണലിയുടെ വാക്കുകൾ മുറിഞ്ഞു.

"പ്രതിപക്ഷം..തോറ്റ എം എൽ എ , സർക്കാരിനെതിരെ ഉന്നയിച്ച പ്രധാന ആരോപണം ഇതായിരുന്നു" ഹാഷിർ ചിരിച്ചു കൊണ്ട് പറഞ്ഞു. "കോടികളുമുടക്കി മെഡിക്കൽ കോളേജിന് സമാനമായുണ്ടാക്കിയ ട്രൈബൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലല്ലേ... അല്ലാതെ ഹെൽത്ത് സെന്റെറൊന്നുമല്ലല്ലോ ഗൈനക്കോളജിസ്റ്റില്ലെന്ന് പറഞ്ഞ് മടക്കാൻ ".  അൽപം കടുപ്പിച്ച് അജയൻ അഭിപ്രായപ്പെട്ടു. 

കോയമ്പത്തൂർ ആശുപത്രിയിലെത്തിച്ച ശേഷം കൂടെ വന്നവർ കൂടെയുണ്ടാവുമെന്ന സകല സഹായ വാഗ്ദാനങ്ങളും നൽകി കൈയ്യൊഴിഞ്ഞു.
കരച്ചിലsക്കി പണലി തുടർന്നു " കോയമ്പത്തൂറ് എത്തിയ പിണ്ണെ കൂട ബണ്ണോറൊക്കെ പോയി. ഓറ് കീറിമുറിച്ച് റണ്ടിണേം ബേറാക്കി. ഒറീസം മുളുവൻ ഞാള് കാണാത്തൊറു മുറീള് ബെച്ച് . പിണ്ണെ പുള്ളക്ക് കൂടുതളാണ് സൂചി മറുന്നൊക്കെ കൊടുക്കണം അതിണക്കൊണ്ട് റേസൺ കാറ്ഡ് കാട്ടണന്ന് പറഞ്ച്. ണാണ് പിണ്ണ ബണ്ണ് , അതെട്ത്ത് കൊണ്ട് കാട്ടി കൊട്ത്ത്. അതിള് അടയാളൊണ്ണും ബെച്ചിട്ടിള്ളാണ്ണ് പറഞ്ച് ഒറേ കൂട്ടം ... പുള്ളക്ക് മറുന്തൊണ്ണും സെയ്തിള്ള , തള്ളക്ക് അറിബാള് റോഗാണേ ... അങ്കണ പുള്ള മറിച്ച് ".  പണലി കരച്ചിലടക്കാൻ പാടുപെട്ട് പൊട്ടിക്കരഞ്ഞു.  

അജയൻ അവിടെ വിഷ്വൽ കട്ട് ചെയ്തു. " കട്ടീയണ്ടനിയാ കരച്ചിലങ്ങനെ കെടക്കട്ടെ.. കരളലിയിക്കുന്ന സംഗീതവും ചേർത്ത് നീട്ടിയിട്ടേക്ക്  " ഹാഷിർ തന്റെ വലിയ ശരീരം കുലുക്കി പറഞ്ഞു ചിരിച്ചു.
അപ്പോൾ സമാന്തരമായി അജയന്റെ മനസ്സിൽ മാറ്റൊരു എഡിറ്റിങ്ങ് നടക്കുന്നുണ്ടായായിരുന്നു.

മഴമേഘങ്ങൾക്കിടയിലൂടെ വെള്ളി വെളിച്ചം ചിതറി വീണ പകൽ. ആ പകലിലൂടെ നീളുന്ന കോയമ്പത്തൂർ ആശുപത്രി വരാന്തയിലെ കാത്തിരിപ്പ്. പിന്നെ എന്തിനോ വേണ്ടി യാചിക്കുന്ന നരച്ച രണ്ടു പകലിൽ ഉപേക്ഷിക്കപ്പെട്ടവരായി പണലിയും ചിണ്ടയും അവരുടെ കുഞ്ഞിന്റെ തണുത്തുറഞ്ഞ മൃതദേഹവും ... 

കുഞ്ഞിനെ അവിടെ അടക്കാനും അട്ടപ്പാടിയിലേക്ക് വണ്ടി വിളിച്ച് ചിണ്ടയെ കൊണ്ടു പോവാനും പണലിയൊരു ശ്രമം നടത്തി.
ഫോക്കസ് ഷിഫ്റ്റിൽ തെളിയുന്ന പണലി. അവന്റെ നനഞ്ഞു കുതിർന്ന വാക്കുകൾ".  അടക്കത്തിണും ബണ്ടിബിളിച്ച് ബറാണും  ഓറ് സോയിച്ച കാസിള്ള കയ്യിള് ... ഒറീസം കൂടി കളിഞ്ചപ്പൊ പുള്ളക്ക് മണം ബറാൺ തൊടങ്കി ... പുള്ളേണീം ചിണ്ടേണീം കൊണ്ട് ഗാന്ധി പുറത്ത് ബണ്ണ് , ഒറു സഞ്ചി ബാങ്ങി പുള്ളേണെ അതിളിട്ട് ബസ്സ് കേറാണും ബേണ്ടി ണോക്കുമ്പം മണം ബറുന്നോണ്ട് ആറും കേട്ടീള്ള". പിന്നൊന്നും പറയാനാവാതെ പണലി മുഖം താഴ്ത്തി കണ്ണുകൾ ഇറുക്കിയടച്ചു.

നിസ്സഹായനായി നിൽക്കുന്ന അയാൾക്കു ചുറ്റും ഓട്ടോറിക്ഷക്കാർ വട്ടമിട്ടു. ഒടുവിൽ
കയ്യിലുള്ള കാശിന് പണലി പോവാവുന്നിടത്തോളം ദൂരത്തേക്ക് ഒരോട്ടോയിൽ പോയി. കാശ് തീർന്നപ്പോൾ ഓട്ടോയും നിന്നു. പെൺമക്കൾക്ക് ശേഷം ആഗ്രഹിച്ചുണ്ടായ തന്റെ ആൺ കുഞ്ഞിനെ വഴിയരികിൽ അടക്കം ചെയ്യാൻ പണലി നിർബന്ധിതനായി. ചിണ്ട നോക്കി നിൽക്കേ അയാൾ ആ കർമ്മം നിർവ്വഹിച്ചു.. കൈ കൊണ്ട് മഴയിൽ കുതിർന്ന മണ്ണു മാന്തി കുഞ്ഞിനെ മറവു ചെയ്തു. പിന്നെ നെഞ്ചത്തടിച്ച് നിലവിളിച്ച്  ആകാശം മുട്ടേ കരഞ്ഞ് ആ കുഴിമാടത്തിനു ചുറ്റും വലം വെച്ചു. ആ കാഴ്ച്ച കണ്ടു നിൽക്കാനാവാതെ ശരീരം തളർന്ന ചിണ്ടയുടെ മനസ്സും തളർന്നു.. അവൾക്ക് ഭാരമില്ലാതെയായി. പെരുമ്പറ മുഴക്കി പെരുമഴ പെയ്തിറങ്ങി. ദൂരമറിയാത്ത ദൂരം ചിണ്ടയെ എടുത്ത് പണലി നടന്നു. പെരുമഴക്കൊപ്പം പുലരുവോളം.. വെള്ളി കീറിയ വെളിച്ചത്തിൽ ചിണ്ടയെ തന്റെ കുടിലിൽ കൊണ്ട് കിടത്തുമ്പോൾ അവളുടെ ശരീരവും തണുത്ത് വിറങ്ങലിച്ചിരുന്നു.
മക്കൾ ആർത്തലച്ച് അമ്മയിലേക്ക് വീണു.
 
"ഇരു സംസ്ഥാനങ്ങളിലായി നടന്ന ഒരു വിഷയമായതുകൊണ്ട് രണ്ടു ഭരണപക്ഷങ്ങളും പരസ്പ്പരം പഴി ചാരി പോരടിച്ചു. ഒരു വർഷത്തോളം സമൂഹ്യ സംഘടനകളും പ്രതിപക്ഷവും മനുഷ്യാവകാശ കൂട്ടരും മാധ്യമ പ്രവർത്തകരും ഒക്കെ ചേർന്ന് പണലിയുടെ കണ്ണീർ വിറ്റ് , നീതിക്കുവേണ്ടി നന്നേ പ്രയത്നിച്ചു. തനിക്ക് നീതി ലഭിക്കും എന്ന ഉറച്ച വിശ്വസത്തിൽ  പണലിയും അവരോടൊപ്പം നടന്നു ... ഇന്ന് കേറിക്കിടക്കാൻ ഒരു കുരയോ വിശപ്പടക്കാൻ ഒരു നേരത്തെ ആഹാരമോയില്ലാതെ , ജീവിക്കാൻ പാടുപെടുകയാണ് പണലി. ഒപ്പം നീതി ലഭ്യമാക്കാൻ പണലിയുടെ കൂരയിൽ കയറിയിറങ്ങിയവരിലാരോ മൂത്ത മകൾക്കൊരു അവിഹിത ഗർഭവും സമ്മാനിച്ചു.. നോക്കൂ പണലിയോട് നാം നീതി പുലർത്തിയത് എത്ര ക്രൂരമായിട്ടാണ് " മാധ്യമ പ്രവർത്തക അപർണ്ണയുടെ വാക്കുകൾ കേട്ട് ആഹാരം പറ്റിപ്പിടിച്ച കൈകൂപ്പി നിൽക്കുകയാണ് പണലി. അയാൾ അടിമുടി വിറക്കുന്നുണ്ടായിരുന്നു. മഴ ചോർന്നിട്ടും മനസ്സ് പെയ്യുന്നുണ്ടെന്ന് അയാളുടെ കണ്ണുകൾ ചോർന്നൊലിച്ച് പറയുന്നുണ്ട്. ക്യാമറ കണ്ണുകൾ തങ്ങളിലേക്ക് നീളുന്നത് കണ്ട് പെൺകുട്ടികൾ പേടിയോടെ പണലിക്ക് പിറകിലൊളിച്ചു.

" ഇങ്ങനെയൊന്നുവല്ല ഇത് ചെയ്യണ്ടത്. ഇതൊരുമാതിരി " കാറിന്റെ മുൻ സീറ്റിലിരുന്ന് അജയൻ അസ്വസ്ഥനായി.
"ആയിക്കോ അനിയാ.. നമ്മളത് സംസാരിച്ച് കഴിഞ്ഞിതല്ലേ.. പരമ്പരയായിട്ടാണെങ്കിൽ അങ്ങനെ ... എങ്ങനാണേലും ജൂലൈ 17ന് എപ്പിസോഡ് പോയാ മതി " കാറോടിച്ചു കൊണ്ട് ഹാഷിർ പറഞ്ഞു. നിമിഷങ്ങൾ കൊണ്ട് കാർ ടൗൺ ഹാളിനു മുന്നിലേക്കെത്തി. കാറു നിർത്തി ഹാളിലേക്കുള്ള പ്രവേശന കവാടത്തിലെ ബോർഡു വായിച്ച് ഹാഷിർ ചോദിച്ചു " ഓ ഇവിടെ ഇന്റർനാഷണൽ ട്രൈബൽ ഫെസ്റ്റ് നടക്കാണല്ലേ " . അത് ശ്രദ്ധിക്കാതെ അജയൻ കാറിന്റെ ഡോറു തുറന്ന് പുറത്തേക്കിറങ്ങി. തെല്ലൊന്ന് സംശയിച്ച് ഹാഷിർ വീണ്ടും ചോദിച്ചു "അനിയാ നീ "... അജയൻ  ഹാഷിറിനഭിമുഖമായി മുഖം താഴ്ത്തി പതുക്കെ പറഞ്ഞു " ആ രക്തമാണ് ". മുഖത്തടിയേറ്റതു പോലെ ഹാഷിർ. അജയൻ ടൗൺ ഹാളിലേക്ക് നടന്നു കയറി. 

അവിടെ തന്റെ ഗോത്രത്തിന്റെ താളമാവാൻ ശുഷ്കിച്ച സദസ്സിൽ ആളില്ലാ കസേരകൾക്കൊപ്പമിരുന്നു. മരിച്ചവരുടെ ആത്മശാന്തിക്കു വേണ്ടി കെട്ടിയാടുന്ന ഏലേലക്കരടിയാട്ടം അരങ്ങിൽ ആടി തകർക്കുകയാണ്. അജയൻ അരങ്ങിന്റെ അമൂർത്തമായ ആത്മാവിലേക്കിറങ്ങി. അനുഷ്ഠാന കലയിൽ കലരുന്ന അനുഭവങ്ങളുടെ അനുയാത്ര. അവതരണങ്ങളിൽ അറിവിന്റെയും തിരിച്ചറിവിന്റേയും അടയാളപ്പെടുത്തലുകൾ. പ്രതിരോധത്തിന്റെ പകർന്നാട്ടം. അവർ വെളിച്ചത്തിലേക്കുള്ള വഴി തേടുകയാണ്. പ്രതിഷേധത്തിന്റെ പന്തങ്ങൾ കത്തി ജ്വലിക്കുന്നുണ്ട് ... തന്നോടവർ താളത്തിൽ പറയുന്നതെന്താണ്. താളം മുറുകുന്നുണ്ട്. തോറ്റമാണോ.. തേങ്ങലാണോ .. താരാട്ടാണോ.. 
അതോ.. അതേ ഗോത്രത്തിൽ പിറന്നവന്റെ ഉളളിലെ പിടച്ചിലാണോ.. 
അജയൻ പാർശ്വവൽക്കരിക്കപ്പെട്ട തന്റെ ചിതറിയ ചിന്തകളിൽ കിടന്ന് പിടഞ്ഞു.

" ഞങ്ങളുടേതൊക്കെ ഞങ്ങളുടേതല്ലാതാക്കിയില്ലേ .. ഇനിയെങ്കിലും നിങ്ങൾ ഞങ്ങളെ തിരിച്ചു തരിക " തന്റെ കുലത്തിന്റെ വിലാപമാണ് കേൾക്കുന്നത്. ഇന്നലകളിൽ  ഇരുളും വെളിച്ചവുമായിരുന്ന തന്റെ ഗോത്ര സംസ്കൃതി പകർന്നുവെക്കേണ്ടതുണ്ട്. ഇന്നിനെ അതിജീവിക്കേണ്ടതുണ്ട്. നാളേക്കു വേണ്ടി ചിലതൊക്കെ ചെയ്യേണ്ടതുണ്ട്. മണ്ണിൽ മുളക്കുന്ന ഓരോ തളിരിനും തന്റെ പച്ചിലയുടെ ആകാശം സ്വപ്നം കാണാനുള്ള അവകാശമുണ്ട്.. 

പേറ്റു നോവേറ്റ് പിടയുന്ന തന്റെ മകളേയുമെടുത്ത് കാടും കുന്നും പുഴയും കടന്ന് പണലി ഓടി. മരുത എട്ട് മാസം പ്രായമായൊരു പെൺ കുഞ്ഞിനെ പ്രസവിച്ചു. ആ കുഞ്ഞിന്റെ കരച്ചിലിൽ നിന്നാണ് അജയന്റെ അന്വേഷണ പരമ്പരയുടെ ആദ്യ ഭാഗം ആരംഭിക്കുന്നത്. ഒരു ജനതയുടെ കണ്ണീരിൽ ചാലിച്ച ചൂഷണത്തിന്റെ ചരിത്രം നീതിക്കായി നീതി ദിനത്തിൽ പിറക്കുന്നു. അട്ടപ്പാടിയുടെ ആത്മാവ് തൊട്ടറിഞ്ഞ തനത് നാടൻ ശീലുകളോടെ  പരമ്പരയുടെ തലക്കെട്ട് തെളിയുന്നു .. നീതിസാരം 

Share :