Archives / july2020

ഗാഥ
*നീയോർമ്മകൾ കടലാസ്സുപ്പൂക്കളിൽ പെയ്തിറങ്ങിയപ്പോൾ*

നീയോർമ്മകളെ പകർത്താനായ് തൂലികയെടുത്ത കൈകൾ തുള്ളൽപ്പനിബാധിച്ച പോലെ വിറയ്ക്കുന്നതെന്തേ? 

എന്നിലത്രമേൽ പെയ്തൊഴിഞ്ഞൊരാ ഓർമ്മപെയ്ത്തായിരുന്നുവല്ലോയത്.

അതെ ...  വൈജാത്യം നിറഞ്ഞൊരാക്കുറിപ്പിന് തുടക്കമിടുകയാണിവിടെ...

ഭാവിയിൽ മറ്റാരെങ്കിലുമെഴുതുന്നതിനു മുന്നേ കാലേകൂട്ടി ഞാൻ തന്നെയെനിക്കൊരു ഓർമ്മക്കുറിപ്പെഴുതട്ടെ കൂട്ടരേ ... നോക്കണ്ടാ ... ഇങ്ങളുടെയൊക്കെ ചിത്തത്തിലൂടെയോടുന്ന കാളക്കൂറ്റനിപ്പോ തിരിഞ്ഞു തുറിച്ചു നോക്കുന്നതെന്തിനാ ?  വട്ടല്ല...എന്നൊന്നുമവകാശപ്പെടുന്നില്ല... ഇച്ചിരി അല്ല ഇമ്മിണി തന്നെ ഉണ്ടുട്ടോ...

സാഹചര്യം വെച്ച് നോക്കുമ്പോൾ ഇതിന്നിൻറെ അവശ്യകതയായി തോന്നി... 

ചാറ്റൽമഴയിൽ കുടചൂടാതെ നിന്റെ കൈവിരൽ തുമ്പിൽ തൂങ്ങിയാടി... ആ ചുമലുകളിലെന്റെ കിനാക്കൾതൻ ഭാരമേറിയ ഭാണ്ഡക്കെട്ടിറക്കി വെയ്ക്കുവാൻ... ഒന്നിച്ചൊരു ഐസ്ക്രീം നുണയാൻ ... കൊതിയേറെയായിരുന്നു... എല്ലാം പെറുക്കിക്കൂട്ടി പാഴ്ക്കിനാക്കൾ പെയ്തിറങ്ങും നിശയുടെ മടിത്തട്ടിലെ മടങ്ങിവരാമാറാപ്പിലേക്കിറക്കി വെച്ചപ്പോൾ നെഞ്ചകം പൊള്ളുന്നൊരു കണ്ണുനീർ കൂടിയൊളിപ്പിച്ചു വെച്ചിട്ടുണ്ടതിൽ...

സ്വപ്നമാണ്. സത്യത്തോടുള്ള നുണ പറച്ചിലാണ്. എന്നിട്ടും...

എന്നിട്ടുമെന്നിട്ടും...

ജീവനോളം നെഞ്ചിലൊരു വിങ്ങലുള്ള പ്രണയമായി പെയ്തിറങ്ങിയവനേ... ആത്മാവിൽ വേരിറങ്ങി, മഹാവൃക്ഷമായി കരൾ പകുത്തോഹരി വാങ്ങിയവനേ...  

 

മുളയിലേ കരിഞ്ഞു പോയയെൻ പ്രണയവൃക്ഷത്തിൽ നിന്നും പൊഴിഞ്ഞു വീണ കരിയിലയിന്നുമെന്റെ ഹൃത്തടത്തിലിരുന്നു മുറുമുറുക്കുന്നുണ്ട്... മൃതിയടഞ്ഞ കാലൊച്ചകൾക്കായി കാതോർത്തിരിക്കാറുണ്ടിന്നും... 

ആകാശത്തോളം മോഹങ്ങളുള്ളിലൊതുക്കി ... സ്വയമരിഞ്ഞെറിഞ്ഞ ചിറകുകളെ ഉപ്പിലിട്ടു വെച്ചിട്ടുണ്ട്... ഭദ്രമായി... എന്റെ കാലശേഷവുമതീ ലോകത്തെ നോക്കിയിളിച്ചു കാണിക്കും... അതിനായി മാത്രം സൂക്ഷിച്ചവ....

ഇഷ്ടസ്വപ്നങ്ങളും നഷ്ടനൊമ്പരങ്ങളും കോർത്തിണക്കിയ വിത്തിൽ നിന്നുമൊരു ഒറ്റമരമുണ്ടായിട്ടുണ്ട്. യാത്രയുടെയവസാനത്തിൽ വരുന്നവർക്കായി ചേർത്ത് വെക്കുന്നുണ്ടീ വഴിയോരത്തെ മരച്ചുവട്ടിൽ ഹൃദയരക്തത്തിൽ ചാലിച്ച തൂലികയാൽ കൊരുത്ത വാക്-മലർ മാല്യമാം സ്‌മൃതിരേഖതൻ പതിപ്പൊന്ന് ... വേനലിൻ കൊടുംചൂടിലുലയാതിരിക്കാൻ തണ്ണീർ തളിച്ചു വയ്ക്കുവാനായി ഇമ്മടെ വണ്ണാത്തിപുള്ളിനെ ശട്ടം കെട്ടി നിർത്തിയിട്ടുണ്ട്...

കാലചക്ര പ്രയാണത്തിൽ എന്നോർമ്മകൾ പേറിയ നിന്നാത്മാവീ വഴി വരുമെന്നുള്ള മാനസക്കിളിയുടെ ചിലമ്പലിന്റെ ഉറപ്പിൽ .... നിന്റെ കൈകളിലെത്തട്ടെയെന്നാശിച്ചു കൊണ്ട് താല്‍ക്കാലികമായി വിരാമമിടുന്നു... 

നിനക്കായ് ... മാത്രം ഉയിർകൊണ്ട പ്രാണൻ ......

 

 

Share :