Archives / july 2021

ഫൈസൽ ബാവ
പുസ്തകം വിജയം നിങ്ങളുടേതാണ് ( വിജയവഴിയിലേക്ക് നയിക്കുന്ന പുസ്തകം )

ജീവിതവിജയം നേടാനുള്ള ഒട്ടേറെ ചെപ്പടി വിദ്യങ്ങൾ മാർക്കറ്റ് വാഴുന്ന കാലത്തു തന്നെയാണ് ദുർഗ മനോജിന്റെ 'വിജയം നിങ്ങളുടേതാണ്' എന്ന കൃതിയും ഇറങ്ങുന്നത്. എന്നാൽ ജീവിതസ്പർശമുള്ള ലളിതമായ ആഖ്യാനത്താലും വായിക്കും തോറും പ്രയോജനം ഏറുന്ന വായനാനുഭവം നല്കുന്നതിനാലും ഇത്തരം കൃതികളെ കുറിച്ചുള്ള മുൻ ധാരണകളെ മാറ്റിമറിക്കുന്നതാണ് ഈ പുസ്തകം. ഈ പുസ്തകത്തിന്റെ പിറവിയെ കുറിച്ച്  ദുർഗ തന്നെ പറയുന്നത് ഇങ്ങനെയാണ്. "വിജയം എന്ന പദത്തെ ആ വിധത്തിൽ മുപ്പത്തഞ്ചു വർഷത്തെ ജീവിതത്തിനിടയിൽ ഒരിക്കൽ പോലും ഉപയോഗിച്ചിരുന്നില്ല. പഠനത്തിൽ, ജോലിയിൽ, ദാമ്പത്യത്തിൽ എവിടെയും വിജയിക്കണമെന്ന് വാശിപിടിച്ചിരുന്നില്ല. എല്ലായിടത്തും വിട്ടുവീഴ്ച, ആർക്കു വേണ്ടിയായിരുന്നുവെന്നു ചോദിച്ചാൽ, അതിനുപോലുമില്ല കൃത്യമായ ഉത്തരം. എത്രയോ പ്രചോദനാത്മകമായ മഹാന്മാരുടെ പുസ്തകങ്ങൾ വായിച്ചിരിക്കുന്നു, പ്രസംഗങ്ങൾ കേട്ടിരിക്കുന്നു, നേരിട്ട് കൊണ്ടിരിക്കുന്നു. എന്നിട്ടും, എന്തേയിങ്ങനെ എന്ന ചിന്തയിൽ നിന്നായിരുന്നു ഇത്തരമൊരു പുസ്തകത്തിന്റെ പിറവി" ഈ ജീവിതാനുഭവിന്റെ ഉപ്പ് എഴുത്തിൽ കലർന്നതിനാലാകാം ഇതൊരു ജീവിതത്തിന്റെ പുസ്തകം പോലെ വായിക്കാൻ കഴിഞ്ഞത്‌. ഒരു നീണ്ട ഉറക്കത്തിനു ശേഷം ഉണർവ്വിലേക്ക്, മനസും ശരീരവും ഒന്നുപോലെ ഉണർത്തുന്ന തരത്തിലുള്ള തുടക്കത്തിലൂടെ ജീവിതംവിജയം നിങ്ങളുടെ മാത്രമാണ് എന്നു പറഞ്ഞവസാനിപ്പിക്കുന്ന 50 അദ്ധ്യായങ്ങൾ അടങ്ങിയതാണ് വിജയം നിങ്ങളുടേതാണ് എന്ന ഈ പുസ്തകം.

 ക്ഷമയിലാണ് കാര്യം എന്ന അദ്ധ്യായത്തിൽ ക്ഷമ എന്നത് ഒരു ക്ളീഷേ വാക്കായി തളളികളയരുതെന്ന പാഠമാണ് നൽകുന്നത് "കഴിഞ്ഞുപോയ ക്ഷമകേടുകൾ ഒന്ന് ഓർത്തെടുത്തു നോക്കൂ. ഒട്ടും സമ്മർദ്ദമില്ലാതെ, ഇനി ഒരു വട്ടം കൂടി അത്തരത്തിൽ സംഭവിക്കാതിരിക്കാൻ പതിയെ നമുക്ക് നമ്മുടെ ഉള്ളിന്റെ ഉള്ളിനെ പഠിപ്പിക്കാം" ഇങ്ങനെ വളരെ ലളിതമായി പറഞ്ഞു പോകുന്നു. നമ്മളൊക്കെ എപ്പോഴും കൺഫ്യൂഷൻ ആകുന്ന ഒന്നാണ് ആരോടാണ് അഭിപ്രായങ്ങൾ ചോദിക്കുക എന്നത്, "അവനവനെക്കുറിച്ച് അവനവനോളം അറിവ് മറ്റാർക്കും ഇല്ലെന്നിരിക്കെ, നിർണ്ണായക നിമിഷങ്ങളിൽ തീരുമാനങ്ങളുടെ ഉത്തരവാദിത്തം  സ്വയം ഏൽക്കുക" ഇങ്ങനെ സ്വയം നമ്മെ നവീകരിച്ചു കൊണ്ടുപോകുന്ന ഒരു വിദ്യ എഴുത്തിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇത്തരം പുസ്തകങ്ങളിൽ കാണാറുള്ള സ്ഥിരം സാങ്കേതികതകൾ എവിടെയും കാണാൻ സാധിക്കില്ല.

ബുദ്ധിമാനായാൽ  വിജയിക്കാനാകുമോ ?
 എന്ന പ്രസക്തമായ ചോദ്യം ഉന്നയിച്ചുകൊണ്ടാണ് ഒരദ്ധ്യായം തുടങ്ങുന്നത് തന്നെ. മനുഷ്യൻ അറിവ് നിറച്ച ഒരു പെട്ടി മാത്രമാകരുത് എന്നും സാമൂഹിക ജീവി എന്ന നിലയിൽ സഹജീവികളോട് അനുകമ്പയും സമൂഹത്തോട് പ്രതിബദ്ധതയും കാണിക്കുന്നു എങ്കിൽ മത്രമേ തങ്ങളുടെ ബുദ്ധികൊണ്ട് പ്രയോചനമുളളൂ  എന്നും പറയുമ്പോൾ നിങ്ങൾ നേടുന്ന വിജയം കേവലം മുമ്പനെന്ന അർത്ഥം മാത്രമല്ല നല്ല മനുഷ്യൻ എന്ന തലം കൂടിയാണ് എന്ന് മനസിലാക്കി തരുന്നു ഈ പുസ്തകം. 
അതാണ് ഇതേ ജനസിൽ പെട്ട മറ്റു പുസ്തകങ്ങളിൽ നിന്നും ദുർഗ മനോജ് എഴുതിയ വിജയം നിങ്ങളുടേതാണ് എന്ന പുസ്തകത്തെ വേറിട്ടു നിർത്തുന്നത്.

Share :