Archives / july 2021

  മാങ്ങാട് രത്നാകരൻ
 

വാക്കും വാപ്പയും  (മൂന്ന് )

       

      ചായ എന്റെ നാട്ടിൽ വന്നിട്ട് അറുപതു കൊല്ലമേ ആയിട്ടുള്ളു. എന്റെ പ്രായം. രണ്ടു വയസ്സ് മനഃപൂർവം കൂട്ടിയതാണ്. ചീനത്തിലെ സങ്കല്പമനുസരിച്ച് പ്രായം കൂടുന്തോറുമാണ് ജ്ഞാനം കുടുക . ചായ  ചീനത്തിൽ (പഴയ മലയാളത്തിൽ ദേശനാമം 'ചീനം'' എന്നാണ് പറഞ്ഞിരുന്നത് . അതിനാൽ ചീനത്തിൽ എന്നാണ് എഴുതിയ രുന്നത് ,എത്ര മനോഹരം! ) നിന്നു വന്നതാണല്ലോ!

    ചായയ്ക്കുമുമ്പ്  നാട്ടിൽ 'കുളുത്ത് ' ആയിരുന്നു.  പഴങ്കഞ്ഞി എന്നു പറയാം. രാത്രിയിൽ വെള്ളമൊഴിച്ച് കലത്തിൽ വെച്ച ,ഒന്നുറങ്ങിയ ചോറ്. അതും , കട്ടത്തൈരും അല്ലെങ്കിൽ മോരും, പിന്നെ പറങ്കിമൊളക് ഞെലച്ചതുമായിരുന്നു ," ചൈനീസ് ആക്രമണ'ത്തിനുമുമ്പ് നാട്ടുനടപ്പ്. ചീനയുടെ ആപ്പുകൾ  നീരോധിച്ചതിൽ ചീനച്ചട്ടി ഉണ്ടായിരുന്നില്ലെന്നും ഓർക്കുക. ചെയർമാൻ മാവോയ്ക്കും മുമ്പത്തെ ബന്ധമാണ് !
    വീട്ടിലെ ചായയെക്കാൾ വകഭേദങ്ങൾ നാട്ടിലെ ചായക്കടയിലാണു കാണുക.  ചായ, കട്ടൻചായ, വെള്ളച്ചായ , മുട്ടച്ചായ, പൊടിച്ചായ അങ്ങനെയങ്ങനെ.
       മുട്ടച്ചായ, മുട്ടയും കുടി ഒഴിച്ച് കേമത്തിൽ അടിച്ച ചായയാണ്. മുട്ടച്ചായക്കാണ് പവറ്! മലപ്പുറത്തെ 'ആപ്പ് ചായ ' ഹാഫ് ചായയാണ് ,ഗ്ലാസ്സിൽ പകുതി ,കടുപ്പം കുടിയത്. പൊടിച്ചായ പിന്നീടു വന്നതാണെന്ന് തോന്നുന്നു. ചായയിൽ ചായപ്പൊടി കരിങ്കുരങ്ങ്  രസായനത്തിലെ കരിങ്കുരങ്ങിനെപ്പോലെ ഒരു മിഥ്യയായിത്തീർന്നപ്പോൾ , അതുറപ്പിക്കാൻ, നല്ല ചായകുടിക്കാർ കണ്ടെത്തിയ വഴി. ഒന്നുമില്ലെങ്കിലും പൊടി കാണാമല്ലോ!

കൂട്ടത്തിൽ ഒരു കഥ പറഞ്ഞോട്ടെ. നാട്ടിലെ ചായക്കടക്കാരൻ അപ്പക്കുഞ്ഞിയെക്കുറിച്ചാണ് .
   

 അപ്പക്കുഞ്ഞി ചായയടിക്കുന്നതു കണ്ടാൽ വാപൊളിച്ചിരുന്നുപോകും. എറിഞ്ഞുപിടിപ്പിക്കുകയാണ് ,  ചായപ്പാട്ടയിൽ നിന്ന് ഗ്ലാസ്സിലേക്ക്‌. സർക്കസ്സിലെ കത്തിയേറുകാരെ മാതിരി . വൈകാതെ, അപ്പക്കുഞ്ഞിയെക്കുറിച്ച് ഒരു കഥ പരന്നു. അപ്പകുഞ്ഞി ചായപ്പാട്ടയിൽ നിന്ന് ചായ മേലോട്ടെറിഞ്ഞ് ബെഞ്ചിൽ ഇരുന്നവർക്ക് പോഡി , സുഖിയൻ തുടങ്ങിയ പലഹാരങ്ങൾ കൊടുത്ത് തിരിച്ചു വന്നാണ് ഗ്ലാസ്സിലേക്ക് ചായ പിടിക്കുക! അത്രയും നേരം ചായ , ഉറുമി പോലെ, ആകാശത്ത് വളഞ്ഞ് ഗ്ലാസ്സിൽ വീഴാൻ പാകത്തിന് നില്പുണ്ടാകും.
ചായ പണ്ട് സായ്പിന്റെ നാട്ടിലേ നടപ്പുണ്ടായിരുന്നുള്ളു. അതിനാൽ, ഗുണ്ടർട്ട് , ചായ 1. So = ചാ. Tea (So. എന്നാൽ South, അതായത് തെക്കൻ നാട്ടിൽ) എന്നേ പറയുന്നുഉള്ളു. മലയാളം ലെക്സിക്കൺ ചായയും ചായപ്പീടികയും ചായത്തട്ടും മാത്രമല്ല ,, ചായക്കോപ്പയിലെ കൊടുങ്കാറ്റ്' (storm in a tea cup) പോലും കാണുന്നു. മുട്ടചായയും കട്ടൻചായയും പൊടിച്ചായയും ആപ്പ് ചായയും മറ്റും അതിലില്ലെന്നേയുള്ളു. ഇനി കൂട്ടിച്ചേർക്കുമെന്നു വിചാരിക്കാനും വയ്യ. എട്ടാം വോള്യം പ- പീക്കു ശേഷം ഇറങ്ങിയ ഒമ്പതാം വോള്യം പതിനായിരം തെറ്റുകളൊടെ ചവറ്റുകുട്ടയിലിടേണ്ടി വന്നു.  'പ്രഥമ പൗരനും ' പ്രധാനമന്ത്രി 'യുമില്ലാതെ ആ വോള്യം നാഥനില്ലാകളരിയായി മാറിയതും തുടന്നുണ്ടായ വിവാദങ്ങളും വൃത്താന്തപത്രങ്ങളിൽ വായിച്ചുകാണുമല്ലോ.

         ഭാഷാവിചാരമാകുമ്പോൾ ഇതാണു കുഴപ്പം. നിനച്ചിരിക്കാതെ പലവഴിക്കും അതുകൊണ്ടു പോകും. ക്ഷമിണക്കണേ!
പറയാനുദ്ദേശിച്ചത്, പഞ്ചസാരയിടാത്ത ചായയെക്കുറിച്ചത്. കേരളത്തിന്റെ 'ദേശീയരോഗം'  എന്ന പദവി പ്രമേഹം അഥവാ 'ഷുഗർ ' കൈയടിക്കിയതോടെയാണ് അത്തരം ചായ വ്യാപകമായത്.
       ഞങ്ങളുടെ നാട്ടിൽ അത് കാലിച്ചായയായിരുന്നു.  കാലി എന്നാൽ ഒഴിഞ്ഞ - കാലിച്ചാക്ക്, കാലിക്കുപ്പി ,കീശ കാലിയായി എന്നിവയിലെ 'കാലി'
     ചിലയിടത്ത്, അത് ചപ്പയാണ് . ലെക്സിക്കണിൽ  ചപ്പയ്ക്ക് പല അർത്ഥങ്ങളുണ്ടു.  1 .സ്വാദില്ലാത്ത tasteless, inspird 2. ചീത്തയായ, കൊള്ളരുതാത്ത .rotten ,useless  3. നിന്ദ്യമായ ,നീചമായ ,താണതായ, despicable ,mean, low 4. മടിയുള്ള lazy .
ഇതിൽ സ്വാദില്ലാത്ത എന്ന അർത്ഥമാണ് ചപ്പച്ചായയിലെ ചപ്പയ്ക്ക്.
മലപ്പുറത്ത് ചിലയിടങ്ങളിൽ, തിരുരിൽ വിശേഷിച്ചും, അത് ഇംഗ്ലീഷിലാണ് . ഓപ്പൺ.
"ചായ ,പഞ്ചസാര വേണ്ട, '
നിങ്ങൾ മാനകഭാഷ പറഞ്ഞുവെന്നിരിക്കട്ടെ.
"ഓ! ഓപ്പൺ' കടക്കാരൻ അകത്തേക്കു വിളിച്ചു പറയും "ഡാ ,മമ്മദേ, ഒരു ഓപ്പൺ ."
പക്ഷേ അതൊന്നുമല്ല ഇംഗ്ലീഷ് !  'ചിന്താവിഷ്ടയായ സീത' എന്നൊക്കെ പറയുമ്പോലെ , ഇംഗ്ലീഷാവിഷ്ടയായ മലയാളം എന്നൊരു പ0ന ഗ്രന്ഥം ( സി.ജെ.ജോൺ, കേരള സൊസൈറ്റി ഫോർ ലിംഗ്വിസ്റ്റിക്‌ റിസെർച്ച്, കോഴിക്കോട് ,2020) ഈയിടെ വായിച്ചു. മലയാളത്തെ ആവേശിച്ച ഇംഗ്ലീഷിനെക്കുറിച്ചുള്ള രാഷ്ട്രീയ --താത്ത്വിക വിശകലനമാണ്.
'ഓപ്പൺ ' എന്ന ഇംഗ്ലീഷിനെയും 'കാലി', 'ചപ്പ' തുടങ്ങിയ ഗ്രാമ്യ മലയാളത്തെയും കീഴടക്കി ഒരിംഗ്ലീഷ് പ്രയോഗം പഞ്ചസാരയിടാത്ത, അതായത് ,മധുരമില്ലാത്ത , ചായക്ക് വരദാനമായി കിട്ടിയിരിക്കുന്നു.
"വിത്ത് ഔട്ട്'' (without )
മലയാളമട്ടിൽ  , വിത്തൗട്ട്.
ചായക്കടയിൽ ചെന്നാൽ സ്ഥിരമായി കേൾക്കാം.
" മൂന്നിലൊന്ന് വിത്തൗട്ട് ,മീഡിയം ".
"രണ്ട് വിത്തൗട്ട'' ,ലൈറ്റ്.
" ഒരു വിത്തൗട്ട് ,സ്ട്രോങ്ങ് '

   ഈ കുറിപ്പെഴുതിക്കൊണ്ടിരിക്കുമ്പോൾ ഒരു ചായ കുടിക്കാൻ തോന്നി. ഈ നേരത്ത് വിളിച്ചു പറഞ്ഞാൽ ചായ കിട്ടില്ലെന്നു മാത്രമല്ല , ഭാര്യയുടെ ചീത്ത കിട്ടുകയും ചെയ്യും. അങ്ങനെ ഞാൻ തന്നെ ചായയിട്ടു.  അരഗ്ലാസ്സ് പ്രേമപൂർവം ഭാര്യക്കും കൊടുത്തു.
"എങ്ങനെയുണ്ടു?" 
" അയ്യേ! വായിൽ വെക്കാൻ കൊള്ളില്ല." അവൾ കുറ്റം പറഞ്ഞു.
ഞാൻ നമ്മുടെ ഫായിസ് കുട്ടിയെ മനസ്സിൽ ധ്യാനിച്ചു പറഞ്ഞു, " ചെല്ലോൽത് റെഡ്യാവും ,ചെലോൽത് റെഡ്യാവുല . ഇന്റെത് റെഡ്യായിട്ടില്ല . ന്നാലും  ഞമ്മക്കൊരു കൊയപ്പൂല്ല. "

Share :