Archives / july 2021

കുറിഞ്ചിലക്കോട്‌ ബാലചന്ദ്രൻ
: ഉത്തമ സാഹിത്യം

  സാഹിത്യത്തിൽ ഉത്തമ ത്വവും അധമത്വവുമുണ്ടോ ? പുരുഷ സാഹിത്യം സ്ത്രീ സാഹിത്യം . ദലിത് പിന്നാക്ക സാഹിത്യം അങ്ങനെയങ്ങനെ കള്ളികൾ തിരിച്ച് ആർ ആരെയാണ് ചുരുക്കെഴുത്തിൽ കെട്ടിയിടാൻ നോക്കുന്നത് ? വായിക്കപ്പെടുന്നതെന്തും സാഹിത്യത്തിന്റെ ഗണത്തിൽ തന്നെ വരേണ്ടതാണ്.

     പക്ഷെ ഒന്നുണ്ട് സാഹിത്യമെന്ന പേരിൽ മുന്നിലേക്ക് വച്ചു നീട്ടുന്നത് ദൃഷ്ടിഗോചരമായാൽ മാത്രം പോര, വായനാ സുഖവും വായനാ പരതയുമുള്ളതായിരിക്കണം. പലപ്പോഴും നാം വില കൊടുത്ത് വാങ്ങുന്നവ വായനാ പരമല്ലാതാകുന്ന ദുസ്ഥിതിയിലെത്തുമ്പോഴാണ് എഴുത്തുകാരനെ ദൃഷ്ടിപരതയ്ക്ക് പുറത്തു നിറുത്താൻ വായനക്കാരൻ പ്രേരിത നാവുന്നത്. ഇത് ആനുകാലികങ്ങളുടെ പല പത്രാധിപൻ മാരും മനസ്സിലാക്കുന്നില്ല എന്നിടത്താണ് ചർച്ച വഴി മുട്ടുന്നത്.
    
      പുരുഷനോ സ്ത്രീയോ ദലിതോ വരേണ്യ നോ ആരോ എഴുതട്ടെ . വായനക്കാരന് ആസ്വാദ്യകരമായില്ലെങ്കിൽ പിന്നെന്ത് ഉത്തമത്വവും അധമത്വവും. ഈ അടുത്ത് വായിക്കാനിടവരുന്ന സാഹിത്യ സൃഷ്ടികളിലേറെയും ഇത്തരമൊരു സ്വത്വപ്രതിസന്ധിയിൽ തട്ടി നിൽക്കുകയാണ്.
[2:58 pm, 30/07/2020] Kurinchilamcode Balachandran: മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1170 ൽ വായിക്കാനിട വന്ന ചില കവിതകളെപ്പറ്റിയാണ് പറഞ്ഞു വരുന്നത്. പി.എസ്. മനോജ് കുമാറിന്റെ വാൽ വർത്തമാനങ്ങൾ . പി.കെ.വേലായുധന്റെ കുരുടൻ പിന്നെയും ചിലത് കാണുന്നു, സി.എസ്.രാജന്റെ ബനി മത്തൻ എന്നീ മൂന്ന് കവിതകൾ ആറ് പുറങ്ങളിലായി നിറഞ്ഞു കിടക്കുന്നു. ഒന്നും പറയാനില്ലാതെ കുറേ വാചകങ്ങൾ. നെടുനെടുങ്കൻ വരികളെ നോവലിലായിരുന്നെങ്കിൽ ഇഴയൊപ്പിക്കാനള്ള അഭ്യാസമായി കരുതാമായിരുന്നു.

       അൻവർ അലി എഴുതൽ എന്ന കവിതയുമായി ഒന്നാം പേജിലുണ്ട്. ഇരുന്നവരെയും എഴുന്നേറ്റ് പോയവരെയും കസേരയിലിരുത്താനുള്ള വെമ്പൽ. പ്രശസ്ത ആനിമേഷൻ ചലച്ചിത്രകാരൻ നോർമൻ മക് ലോറന്റെ എ ചെയറി ടെയിൽ എന്ന കനേഡിയൻ ഹ്രസ്വ ചിത്രത്തിന്റെ ഓർമ്മ പങ്കിടുകയാണ്. നല്ല ക്രാഫ്റ്റ്‌ ഉള്ളതു കൊണ്ട് കവിതയായി ധ്വനിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നു. എന്നാൽ . അൻവർ അലിയെപ്പോലുള്ള ഒരു കവിയിൽ നിന്നും പ്രതീക്ഷിക്കുന്നതൊന്നും ഇവിടെ ലഭിക്കുന്നില്ല.

     സമകാലിക മലയാളം വാരിക ലക്കം 11ൽ കരുണാകരന്റെ ബൂർഷ്വാ സ്നേഹിതൻ എന്നൊരു കഥയുണ്ട്. രണ്ട് മരണങ്ങൾക്കിടയിലെ സ്വത്വമന്വേഷിക്കുന്ന ജ്വര ചേതന പകരുന്ന കഥ. ഓർമ്മകളിൽ മാത്രം അഭിരമിച്ച് വർത്തമാനത്തിൽ നിന്ന് അപ്രത്യക്ഷയാകാൻ ശ്രമിക്കുന്ന ഒരു മനസ്സാന്നിദ്ധ്യമായി സാറ എന്ന കഥാപാത്രം ഈ കഥയിലുടനീളം നിറഞ്ഞു നിൽക്കുന്നു. വിഷയത്തിന് സവിശേഷ പ്രസക്തിയൊന്നുമില്ലെങ്കിലും വായനാ സുഖം തരുന്ന ഒരു ഭേദപ്പെട്ട കഥയാണിത്.

      ഈ വാരികയിലെ കവിതകൾ വായിച്ചപ്പോൾ അനൽപമായ സന്തോഷം തോന്നി. ദീപ കരുവാട്ടിന്റെ മന്ത്രവിദ്യ എന്ന കവിത നോക്കൂ , അബോധത്തിൽ നിന്നും ബോധത്തിലേക്കുള്ള നൂൽ വരമ്പായി ഓർമ്മകളെ ഇവിടെ കോർത്തിട്ടിരിക്കുന്നു. പ്രണയം , മണ്ണ്, മണം, പ്രകൃതി തുടങ്ങി എല്ലാ ഭാവുകങ്ങളിലേക്കുമുള്ള ഒരെത്തി നോട്ടമായി ഈ കവിത വായനക്കാരെ സന്തോഷിപ്പിക്കുന്നു. പെണ്ണിന്റെ മന്ത്രവിദ്യയെ ഭംഗിയായി ധ്വനിപ്പിക്കുന്ന കവിത.

       ചിലർ ശ്വസിക്കുന്ന പാട്ടിൽ നമ്മൾ മരിച്ചു പോകുന്ന - ആർഷ കബനിയുടെ മാറ്റാരു നല്ല കവിത. സ്ത്രീ ദേഹത്തിന്റെ ദേഹണ്ഡിപ്പിൽ സ്വയം മുറിഞ്ഞു പോകുന്ന ജീവന്റെ പാട്ടിനെപ്പറ്റിയാണ്. ഈ കവിതയിലെ കരച്ചിൽ എന്ന ഭാഗം എടുത്തു പറയേണ്ടതാണ്. ഒരു കാലത്ത് പുരുഷാധിപത്യം അതിന്റെ മുഴുവൻ ശക്തിയിൽ വിരാജിച്ചിരുന്നപ്പോൾ . കീഴാള ജന്മമായ സ്ത്രീത്വം അനുഭവിച്ചിരുന്ന യാതനകളെ നന്നായി വരച്ചിട്ടിരിക്കുന്നു. ജീവിത മരണങ്ങളുടെ സമരസപ്പെടലിൽ ഒടുങ്ങിപ്പോകുന സ്ത്രീ ജന്മത്തിന്റെ ദൈന്യത ഓർമ്മിപ്പിക്കുകയാണ് കവിത.

      ഈ രണ്ട് കവിതകളും സ്ത്രീത്വത്തിന്റെ നാനാർത്ഥങ്ങളെയാണ് വിശകലനം ചെയ്യുന്നത്. എഴുതി തും സ്ത്രീകൾ തന്നെ എന്നിടത്ത് . പൊതുവെ വനിതാ എഴുത്തുകാരിൽ കണ്ടുവരുന്ന സ്ത്രീത്വത്തിലേക്ക് മാത്രമുള്ള ചുരുങ്ങൽ ഇവിടെയും അനുഭവപ്പെടുന്നു. ബഹുഭൂരിപക്ഷം വനിതാ എഴുത്തുകാരും ഇപ്പോഴും സ്ത്രീ പരിസരങ്ങളിലും സ്ത്രീ പക്ഷ രാഷ്ടീയത്തിലും മാത്രം ഒതുങ്ങി നിൽക്കുന്നു. ഇത് വിമോചനത്തെയല്ല . അടിമത്തത്തെ തന്നെയാണ് പർവ്വതീകരിക്കുന്നത്.

    ചന്ദ്രിക ആഴ്ചപ്പതിപ്പ് ലക്കം 42

ഷാജി കൊന്നോളിയുടെ ശത്രുരാജ്യത്തെ പാട്ടുകാരെപ്പറ്റി പട്ടാളക്കാരൻ എന്ന കവിത. തോക്കിനെ ഗിത്താറാക്കി പരിണമിപ്പിക്കുന്ന പട്ടാളക്കാരന്റെ രസവിദ്യ പ്രതിപാത്രമായി പരിണമിച്ച് പാട്ട് ഇഴ പിരിയുന്ന രാസവിദ്യയായി കവിത പരിണമിക്കുന്നു. അതിർത്തി കാക്കുമ്പോഴും ഗസലിന്റെ മാസ്മരികതയായി സ്വന്തം നാട്ടിലേക്ക് മനസ്സോടുന്ന ഒരു പട്ടാളക്കാരന്റെ സംത്രാസത്തിന്റെ ഉയിരെടുപ്പായി ഈ കവിത വളരുന്നു.

    ചില നല്ല സൃഷ്ടികൾ വായിക്കാൻ കഴിഞ്ഞതിന്റെ ഊർജത്തിൽ, ഉത്തമ സാഹിത്യമെന്നാൽ, ആരോ തൊടുത്തു വിട്ട അമ്പിനു പിന്നാലെ പരക്കം പായാൻ വിധിക്കപ്പെട്ട ചില വിരലുകളുടെ കണക്കെടുപ്പാകാതിരിക്കട്ടെ എന്ന് മാത്രമാണ് ഇവിടെ പറയാനുള്ളത്.

Share :