Archives / july 2021

കുളക്കട പ്രസന്നൻ
പ്രാദേശിക സർക്കാരുകൾ  സജീവമാകണം

ഇന്ത്യ നാട്ടുരാജ്യങ്ങളായിരുന്നല്ലോ ? രാജാവും രാജ്യഭരണവും നൂറ്റാണ്ടുകളോളം നീണ്ടുനിന്നു. തിരുവിതാംകൂറിൽ തന്നെ രാജഭരണ കാലയളവിൽ നിർമ്മിച്ച പല കെട്ടിടങ്ങളുമാണ് പിൽക്കാലത്തുള്ളത്. സെക്രട്ടേറിയറ്റും മെഡിക്കൽ കോളേജും ഉൾപ്പെടെയുളളവ അതിൽപ്പെടുന്നു . ഒരു നാട്ടുരാജ്യമാകുമ്പോൾ ആ പ്രദേശത്തെ കുറിച്ച് ചിന്തിച്ചാൽ മതിയല്ലോ ? വലിയൊരു രാജ്യമാകുമ്പോൾ കടമ്പകൾ ഏറെയാണ്. പ്രാദേശിക വാദവും ഭാഷാടിസ്ഥാനത്തിലും എല്ലാം വിഷയങ്ങൾ ഉയർന്നു വരും. അതിനെയൊക്കെ അതിജീവിച്ചു വേണം തെരഞ്ഞെടുക്കുന്ന സ്ഥലത്ത് പദ്ധതികൾ നടപ്പിലാക്കാൻ. ഈ സ്ഥിതിവിശേഷം ഇന്ത്യ പോലൊരു രാജ്യം നേരിടുന്ന വെല്ലുവിളിയാണ്.

പ്രദേശം വിട്ടും നാട്ടുരാജ്യം വിട്ടും പുറത്തേക്ക് ജനങ്ങൾ പോകുന്നതിന് വൈമനസ്യം പുലർത്തിയിരുന്ന ആളുകളായിരുന്നു നമ്മുടെ നാട്ടിലേത്. കൂട്ടുകുടുംബ സംസ്കാരത്തിൻ്റെ ആഴങ്ങളിൽ അധിവസിച്ചിരുന്നവർ. നാടിൻ്റെ മാറ്റങ്ങളിൽ കൊതിപൂണ്ട തലമുറ കൂട്ടുകുടുംബം എന്ന ചട്ടക്കൂട് പൊട്ടിച്ചു പുറത്തുവന്നു. രാജഭരണവും ബ്രിട്ടിഷ് അധിനിവേശവും അവസാനിച്ചു.

ഇന്ത്യ ഒരു രാജ്യമായി. ജനാധിപത്യ ഭരണം വന്നു. പക്ഷെ, നമ്മൾ ചിന്തിക്കേണ്ടുന്ന പരമപ്രധാനമായ ഒരു വിഷയമുണ്ട്. അടിസ്ഥാനപരമായി ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, പാർപ്പിടം ഇത്തരം വിഷയങ്ങളിൽ ഇന്ത്യ എവിടെ നിൽക്കുന്നു. നമ്മുടെ സംസ്ഥാനം എത്ര പുരോഗതി കൈവരിച്ചു.

ബ്രിട്ടീഷുകാർ 70 ശതമാനത്തോളം കൊള്ളയടിച്ച് ദാരിദ്ര്യത്തിൻ്റെ പടുകുഴിയിലേക്ക് തള്ളിയിട്ടിട്ടാണ് ഇവിടം വിട്ടത്. വൈദേശിക ശക്തികൾ വെറുതെയാവില്ലല്ലോ ഈ രാജ്യത്തു വന്നത്. കാർഷികവൃത്തിയിൽ മുന്നിട്ടു നിന്ന രാജ്യം എങ്ങനെ പട്ടിണിയുടെ പറുദീസ്സയായി എന്നതിന് ഗവേഷണത്തിൻ്റെ ആവശ്യമില്ല. എന്നു കരുതി 1947 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യം നേടിയ ഈ രാജ്യം പുരോഗതിയിൽ എത്തേണ്ടിടത്ത് എത്തിയില്ല.

2020 ൽ നാം ഓർക്കുന്നത് പഴയ നാട്ടുരാജ്യങ്ങളെയാണ്. ഒരു നാട്ടിൽ ഒതുങ്ങേണ്ടി വരുന്ന ജീവിതങ്ങൾ. നോവൽ കൊറോണ വൈറസ് പ്രതിരോധത്തിൽ നമ്മുടെ വീടിനുള്ളിൽ വസിക്കുന്നവർ. ഇവിടെയാണ് പ്രാദേശിക സർക്കാരിൻ്റെ പ്രസക്തി ചൂണ്ടിക്കാട്ടാനുള്ളത്.

കൊറോണ വൈറസിൻ്റെ വ്യാപനം തടയാനുള്ള പ്രതിരോധത്തിൽ നേതൃത്വം നൽകാൻ കഴിയുന്നത് പ്രാദേശിക സർക്കാരുകൾക്കാണ്. ഒരു പ്രദേശത്തിൻ്റെ മുക്കും മൂലയും അടുത്തറിയാവുന്ന ജനപ്രതിനിധികൾക്കാണ് പ്രതിരോധ പ്രവർത്തനത്തിൽ നിർണ്ണായക പങ്കു വഹിക്കാൻ കഴിയുന്നത്.

ഗ്രാമ പഞ്ചായത്ത് ഭരണകൂടം ജനങ്ങളുമായി അടുത്തു നിൽക്കുന്നവരാണ്. ജനങ്ങളുടെ വിഷയത്തിൽ നേരിട്ടിടപ്പെടാൻ ഇറങ്ങി വരുന്നവർ. കല്യാണം, ഗൃഹപ്രവേശ ചടങ്ങ് , മരണ വീടുകൾ, അതിരു തർക്കം, ആത്മഹത്യ മൂലം ഉണ്ടാവുന്ന പോസ്റ്റ്മോർട്ടത്തിന് വേണ്ട ഇടപെടീൽ , ആശുപത്രിയിലേക്ക് പോകുന്ന രോഗിക്ക് വേണ്ടുന്ന സഹായം അങ്ങനെ പ്രാദേശിക സർക്കാർ ജനപ്രതിനിധിയുടെ സാന്നിദ്ധ്യം ഏറെയാണ്.

ഗ്രാമ പഞ്ചായത്ത് (പ്രാദേശിക സർക്കാർ ) ഭരണകൂടം കൂടുതൽ അധികാരവും ഫണ്ടും നൽകി ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണ്. ജനസാന്ദ്രതയുള്ള കേരളം പോലുള്ള സംസ്ഥാനത്തിന് പ്രത്യേകിച്ചും. അഴിമതിയുണ്ടാവാതെ മുന്നോട്ടു പോകണമെന്നു മാത്രം. 

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് 1989 കൾക്ക് ശേഷമാണ് ഇപ്പോഴത്തെ അധികാരം ലഭിച്ചത് . അതിനു മുമ്പ് ഇതായിരുന്നില്ല അവസ്ഥ. അന്ന് പഞ്ചായത്ത് എന്നത് ചുരുക്കം അധികാരമുള്ള സഭയായിരുന്നു. 1996 കൾക്ക് ശേഷം കേരളത്തിൽ കൊണ്ടുവന്ന ജനകീയാസൂത്രണ പദ്ധതി വലിയ മാറ്റം കൊണ്ടുവന്നു. ഇനിയും ഒരുപാട് മാറ്റങ്ങൾ വേണം.

ഗ്രാമ പഞ്ചായത്തുകളിലൂടെ ആ സ്ഥലത്തിൻ്റെ സവിശേഷത നോക്കി വികസന പദ്ധതികൾ ഉണ്ടാവണം. ഗ്രാമമായാലും നഗരമായാലും വൃത്തി മുതൽ കാര്യക്ഷമമായ നിലയിൽ ആവണം പ്രാദേശിക സർക്കാരുകളുടെ പ്രവർത്തനം.

കമൻ്റ്: 2020 സെപ്റ്റംബറിലോ, ഒക്ടോബറിലോ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വരും. ഒരു സ്ഥാനമാനത്തിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പല്ലിത് . ജനങ്ങൾക്കു വേണ്ടിയുളളതാണ്.
 

Share :