ഉടൽ വിലക്കപ്പെടുമ്പോൾ : നാടകവായനയെന്ന രണ്ടാം വിജ്ഞാപനം .
എന്തിന് ഞാൻ നാടകം വായിക്കണം ; പ്രത്യേകിച്ച് ഈ ദുരിത കാലത്ത്? ഈ ചോദ്യം എന്നോട് ഞാൻ ഇതിനോടകം പലവട്ടം ചോദിച്ചിരുന്നു. അതിന്റെ അന്വേഷണത്തിൽനിന്ന് ചില കാര്യങ്ങൾ സ്വരുക്കൂട്ടുവാൻ എനിക്ക് കഴിഞ്ഞു.
ഇന്ത്യയിൽ ലോക്‌ഡോണിന്റെ ആദ്യ ഘട്ടത്തിൽതന്നെ, നാടകം പോലുള്ള സജീവ നാട്യങ്ങൾ ( performance ) - ഉടൽ വിലക്കപ്പെടുന്ന പ്രത്യേക സാഹചര്യത്തിൽ - എങ്ങനെ അതിന്റെ സ്വത്വം നിലനിർത്തും എന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കുകയുണ്ടായി. ഓരോ കലാകാരന്മാരും അവരുടെ 'ഇടത്തെ ' അരങ്ങുവത്കരിക്കുക എന്നതായിരുന്നു ആ പദ്ധതി. മാത്രമല്ല, 'വീട്ടിലിരിപ്പ് ' എന്ന പരിമിതിയിൽനിന്ന് നാടകം രൂപപ്പെടുത്തിയെടുക്കുകയും അത് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രേക്ഷകരിലെത്തിക്കുകയും ചെയ്യുക എന്നതായിരുന്നു Performances in the Time of Corona എന്ന ആദ്യ മാനിഫെസ്റ്റൊയിലെ പ്രധാന ആശയം. നമ്മുടെ നാടക കലാകാരന്മാർ അറിഞ്ഞോ അറിയാതെയോ ആ വഴിക്ക് തന്നെയായിരുന്നു ചരിച്ചത്. ചെറുതും വലുതുമായ ഒരുപാട് അത്തരത്തിലുള്ള വീഡിയോസ് നമുക്ക് ലഭിച്ചു. ഇക്കാര്യത്തിൽ ചിലർ കുറച്ചുകൂടി മുന്നോട്ടു പോയി - നാടകത്തിന്റെ ഓൺലൈൻ ലൈവ് സാധ്യമാക്കിക്കൊണ്ട്.
എന്നാൽ ആ അത്ഭുതം അവിടെ സംഭവിച്ചില്ല. നടനും പ്രേക്ഷകരും നാട്യ സംഘർഷങ്ങളെ അഭിമുഖീകരിക്കുമ്പോൾ തിയേറ്ററിലെ കൈമാറ്റ വിചാരങ്ങൾ / വികാരങ്ങൾ, ഇടപെടലുകൾ തുടങ്ങിയവ വീഡിയോ പെർഫോമൻസുകളിൽ സാധ്യമായില്ല.
ഇതിനെ സംബന്ധിച്ച ആദ്യ പദ്ധതി അതുകൊണ്ടുതന്നെ പരിമിതികൾ നിറഞ്ഞവയായി. വീഡിയോ നാടകങ്ങൾ/നാടകക്കാർ വെബ് സീരിയസുകളിലേക്ക് വഴിമാറി. ചലച്ചിത്രത്തിന്റെ പരിപ്രേക്ഷ്യവുമായി ഇഴചേർന്ന് ഈ നാട്യങ്ങൾ മറ്റൊരു കലാരൂപമായി. ഞാൻ നാടകത്തിന്റെ 'പരിശുദ്ധ ' വാദത്തിൽ ശ്രദ്ധയൂന്നുകയല്ല ; അതിന്റെ സ്വത്വം ശിഥിലമാകുന്നത് അപഗ്രഥിക്കുകയാണ്.
എന്താണ് മറ്റ് സാധ്യത?
ഉടൽ വിലക്കപ്പെട്ട കാലത്ത് നാടകത്തിന്റെ സ്വത്വത്തെ നിലനിർത്തിക്കൊണ്ട് നമുക്ക് ചെയ്യാനാവുന്നത് ; നാടകങ്ങൾ എഴുതുക ; നാടകങ്ങൾ വായിക്കുക ; നാടകങ്ങളെക്കുറിച്ച് എഴുതുകയും പറയുകയും ചെയ്യുക എന്നതാണ്.
സാമൂഹിക നാട്യങ്ങളുടെ അസംബന്ധങ്ങളെ അനാവരണം ചെയ്യാൻ ; ഈ 'ദുരിത നാടകങ്ങൾ'ക്ക് ദാർശനിക പരിഹാരവും ; പ്രത്യാശയും നൽകുവാൻ ഇപ്പോൾ നമ്മുടെ കയ്യിൽ ഇത് മാത്രമേയുള്ളൂ...
അതുകൊണ്ടാണ് ഞാൻ ഒരു നാടകം വായിക്കുവാൻ തീരുമാനിച്ചത്
ഇന്ത്യയിലെ നാടക പ്രവർത്തകരുടെ - നാട്യ കലാകാരന്മാരുടെയും - ജീവിതം, മറ്റ് തൊഴിലാളി പ്രശ്നങ്ങളെക്കാൾ പ്രതിസന്ധി നേരിടുന്നു- അക്കാദമികളിൽ പോലും. ഇപ്പോൾ അവരുടെ പ്രത്യാശയുടെ ഇടം നഷ്ടപ്പെട്ടിരിക്കുന്നു. സ്വാപ്നങ്ങളുടെ, ഭാവിയുടെ ഇടം നഷ്ടപ്പെട്ടിരിക്കുന്നു. തൊഴിൽ എന്നതിനപ്പുറത്തേക്ക് വികസിക്കുന്ന അവരുടെ ജീവനോപാധിയാണിത്. ഈ 'അരങ്ങുനഷ്ടം' നാടക കലാകാരുടെ ജീവിതത്തെയാകെ പ്രശ്നവത്കരിക്കുന്നു. ആ നഷ്ടം/ വേദന സമാനതകൾ ഇല്ലാത്തതാണ്. അതിൽ വർഷങ്ങളോളം കലയെ / സമൂഹത്തെ സേവിച്ചവർ; വാർദ്ധക്യ സഹജമായ ക്ഷീണിതർ, മരുന്ന് വാങ്ങാൻ പോലും വഴിയില്ലാത്ത അവരെ നമ്മൾ വാർത്തകളിൽ കണ്ടിരുന്നു . പുരാതന ഇന്ത്യയിലേതുപോലെ സമ്പന്നതയും പദവിയും ആരാധനയും കൊണ്ട് അനുഗ്രഹീതരായവർ ന്യൂനപക്ഷമാണിവിടെ. മറ്റ് രാജ്യങ്ങളിലെ കലാകാരന്മാരുമായി - എന്തിന് നമ്മുടെ നാട്ടിലെ സിനിമ പ്രവർത്തകരുമായി - താരതമ്യപ്പെടുത്തിയാൽ ഇവിടത്തെ നാടക കലാകാരന്മാർ ഇല്ലായ്മയുടെ ഗ്രാഫിൽ ഏറെക്കുറെ ഒന്നാം സ്ഥാനത്താണെന്ന് കാണാം. ഹൃദയത്തിലെ ആദിമമായ പ്രചോദനം കൊണ്ടാണ് അതിൽ ഏറെപ്പേരും നാടകക്കാരായത്. പാർശ്വവത്കരിക്കപ്പെട്ട ഒരു ആധുനിക ഗോത്രമായിരുന്നു അവർ. ഇപ്പോൾ അവരുടെ തെരുവുകൾ കൂടി രോഗ ഭീതി കരസ്ഥമാക്കിയിരിക്കുന്നു. നാടക ശാലകൾ എപ്പോൾ തുറക്കും? (അങ്ങനെയൊരു സംസ്കാരം ഉണ്ടോ ഇവിടെ? ) ബഹുഭൂരിപക്ഷം ജനങ്ങളും ഇപ്പോൾക്കൂടി അത്തരം ഒരു ആശയത്തിന് എതിരല്ലേ...?
അവർ എങ്ങനെ ജീവിക്കും?
അവരുടെ സ്വപ്നങ്ങളെ ഏത് ഗവണ്മെന്റ് / സ്ഥാപനങ്ങൾ നയിക്കും? ഈ തുരുത്തുകളിൽ ആരുമുണ്ടാവില്ല.
അരങ്ങു കാണാത്ത നടന്റെ വേദന സമാനതകൾ ഇല്ലാത്തതാണ്.
ആ മുതിർന്ന തലമുറയെ ഞങ്ങൾക്ക് അറിയിക്കുവാനുണ്ട് ; നാടകമെന്ന കലാരൂപത്തെ ഞങ്ങളെപ്പോലുള്ള ചെറുപ്പക്കാർ നിരന്തരം പഠിക്കുകയും വിചാരിക്കുകയും ശ്രദ്ധയോടെ അതിൽ അന്വേഷണങ്ങൾ നടത്തുകയും ചെയ്യുന്നുവെന്ന്. ആ കണ്ണുകളിലെ പ്രത്യാശയുടെ വെളിച്ചം നിലനിർത്തുവാനായി ഞങ്ങൾക്ക് നിരന്തരം നാടകത്തിൽ ഇടപെടേണ്ടതുണ്ട്. അതുകൊണ്ടാണ് ഞാൻ ഒരു നാടകം വായിക്കുന്നത്.
നാടക ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണങ്ങളെക്കുറിച്ച് പറയാതിരിക്കുന്നതെങ്ങനെ?
മുഖ്യധാര മാസികകളോ ആഴ്ചപ്പതിപ്പുകളോ അത്തരം സംരഭത്തെക്കുറിച്ച് ചിന്തിക്കാറേയില്ല. എന്തിനാണ് നാടകം വായിക്കുന്നത് ; അതിനെക്കുറിച്ച് രണ്ടു വാക്ക് നമ്മുടെ സ്കൂൾ സിലബസ്സുകളിൽ ഒന്നും തന്നെയില്ല. ഒരു low cult art ആയി അല്ലെങ്കിൽ അതിനേക്കാൾ അന്യവത്കരിക്കപ്പെട്ടിരിക്കുന്നു നാടക പുസ്തകം എന്ന സങ്കല്പം. ആധുനികവും വൈദേശികവുമായ നാടക വിദ്യാഭ്യാസം ലഭിച്ചവരാകട്ടെ നാടക ഗ്രന്ഥങ്ങളെ നിഷ്കരുണം ത്യജിക്കുന്നു. പലപ്പോഴും ഡ്രാമ സ്കൂളുകളിൽ അതൊരു ഫാഷനായി തീർന്നിരിക്കുന്നു. ഒറ്റപ്പെട്ട ഒച്ചകൾ ഇല്ലയെന്നല്ല. സാഹിത്യ വിദ്യാർത്ഥികൾക്ക് നാടക പഠനം ഒഴിച്ചുകൂടാൻ പറ്റാത്തതുമാണ്. എന്നാൽ നാടക ഗ്രന്ഥങ്ങളോടുള്ള പൊതു സമൂഹത്തിന്റെ, സമകാലിക പരിപ്രേക്ഷ്യങ്ങളെ നോക്കിക്കാണുകയാണ് ഞാൻ.
നോക്കൂ, ഈയൊരു സാഹചര്യത്തിൽ നാടകത്തിന്റെ സ്വത്വത്തിൽനിന്ന് വിച്ഛേദിക്കപ്പെടാത്ത ഒരു സാധ്യത നാടക പുസ്തകങ്ങൾ മുന്നോട്ടു വെക്കുന്നു. അതുകൊണ്ടാണ് ഞാൻ ഒരു നാടകം വായിക്കുന്നത്.
നാടക വായന ഒറ്റപ്പെട്ട തുരുത്തല്ല ; ഇടപെടലുകളും തുടർ വായനയുമായി അത്, അരികുകളിൽനിന്ന് അകത്തളങ്ങളിലേക്ക് പ്രവേശിക്കുന്നു. പഴയതും പുതിയതുമായവ വായിക്കപ്പെടട്ടെ, ഇന്ത്യയിലെയും പാകിസ്ഥാനിലേയും ഗ്രീക്കിലെയും ആഫ്രിക്കയിലെയും ലാറ്റിൻ അമേരിക്കയിലെയും അതിർത്തികൾ ഭേദിച്ച് അവ വായിക്കപ്പെടട്ടെ...
ഈയൊരു മഹാമാരിയിൽ പലപ്പോഴും പകച്ചു നിൽക്കുമ്പോഴും ജാഗ്രതയോടെ നാം മുന്നേറുകയാണ്. എന്നാൽ നാം സമകാലികതയിൽ അഭിമുഖീകരിക്കുന്ന ഹിംസ ചെറുതല്ല. ഞാൻ പറഞ്ഞുവരുന്നത് ഹെലൻ ബോലക്കിന്റെ മരണത്തെകുറിച്ചാണ്; മാത്രമല്ല ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെക്കുറിച്ചും വരവറാവുവിന്റെ ജീവിതത്തിനുമീതെ ഭരണകൂടം അടിച്ചേൽപ്പിക്കുന്ന ദയാരഹിതമായ പീഢനങ്ങളെക്കുറിച്ചുമാണ്... പ്രത്യക്ഷമായ ഹിംസയാണിവയെങ്കിൽ, ആയിരക്കണക്കിന് ജനങ്ങളെ മരണത്തിനു വിട്ടുകൊടുത്ത്, കൈ കഴുകി മാറിനിൽക്കുന്ന ഭരണകൂടങ്ങളുടെ പരോക്ഷമായ കൊലപാതകങ്ങളും നാം കണ്ടു. ഇന്ത്യയിൽ നടന്ന പലായനങ്ങൾ തീർത്ഥാടനങ്ങളല്ലല്ലോ !
ഈ ഹിംസക്കെതിരെ, നേർത്തതെങ്കിലും എന്റെ ഒച്ചയും തുന്നിച്ചേർക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഞാൻ ഒരു നാടകം വായിക്കുന്നത്.
ഞാൻ ഒരു നാടകം വായിക്കുമ്പോൾ അതിന്റെ കലാംശത്തെയും മറ്റ് മാനങ്ങളെയും അഗാധമായി ആരെങ്കിലും സ്പർശിക്കുമോ? എനിക്കറിയില്ല. ഒരു പക്ഷേ, കലയുടെ തീവ്ര പ്രണയിതാക്കൾ ഉണ്ടായിരിക്കാം.
ഞാൻ ഒരു നാടകം വായിക്കുമ്പോൾ അതിന്റെ പ്രതിഫലനം സമൂഹത്തിൽ വലിയ ചലനങ്ങളുണ്ടാക്കുമോ? എനിക്കറിയില്ല. ഒരു പക്ഷേ യഥാർത്ഥ നാടകക്കാർ അതിന്റെ പ്രാധാന്യം മനസ്സിലാക്കുമെങ്കിൽ. ഞാൻ നാടകം വായിക്കുമ്പോൾ ഈ ലോകം മാറുമോ? അറിയില്ല !
എന്നാൽ എനിക്ക് മറ്റൊരു കാര്യം അറിയാം. ഞാൻ ഒരു നാടകം വായിക്കുമ്പോൾ അനീതിക്കാരോടൊത്ത് ചേരാതിരിക്കുവാനുള്ള ഒരു മുന്നറിയിപ്പ് ലഭിക്കുന്നു. ഹിംസക്കെതിരെ ഒരു ഉൾക്കാഴ്ച്ച ഹൃദയത്തിൽ തെളിയുന്നു. നസ്രേത്തിലെയും ബൊളീവിയയിലെയും യുവാക്കളെപ്പോലെ, പോർബന്ദറിലെ മഹാത്മാവിനെപ്പോലെ, സഫ്ദർഹാഷ്മിയുടേതടക്കം മെച്ചപ്പെട്ട ബലികൾതന്നെ നാടകകലക്കായി ചരിത്രം നൽകിയിട്ടുണ്ട്. ആ ചോരപുരണ്ട മണ്ണിലിരുന്നാണ് ഞാനിപ്പോൾ ഒരു നാടകം വായിക്കുന്നത്.