Archives / july 2021

എം.എൻ.കാരശ്ശേരി
: ചേകനൂര്

29.7.2020-ൽ ചേകനൂര്  മൗലവി അനുസ്മരണം  

കണ്ണാടി മാഗസിൻ (ഓൺലൈൻ ) ചേകനൂർ മൗലവിയുടെ ഓർമ്മക്കായി എം.എൻ .കാരശ്ശേരി മാഷിന്റെ "ചേകനൂരിന്റെ രക്തം '' എന്ന പുസ്തത്തിലെ ഒരദ്ധ്യായം പുനർ അർപ്പിക്കുന്നു

   

എം.എൻ.കാരശ്ശേരി

ചേകനൂര് എന്നല്ല ,ചേകന്നായര് എന്നാണ് ഞാനാദ്യം കേട്ടത്. ഞങ്ങളുടെ തൊട്ടടുത്ത ഗ്രാമമായ കക്കാട്ടിൽ ചേകന്നായരുടെ വഅള്  ഉണ്ടെന്ന് കേട്ട് ഞാൻ ശരിക്കും അമ്പരന്നു. വഅള് എന്നു പറയുന്നത് മുസ്ലീംകളുടെ മതപ്രസംഗമാണ്. നായന്മാർ വഅള് പറയുകയോ ?

       ഞാനന്ന് ഒമ്പതിലോ പത്തിലോ പഠിക്കുകയാണ് .1960 - കളുടെ ഒടുക്കം .മുതിർന്ന അയൽക്കാരോട് ചോദിച്ച് ഞാൻ മനസ്സിലാക്കി -- ചേകന്നായര് എന്നത് ഒരു ഏപ്പപേരാണ്. അയാളുടെ പേര് ചേകനൂർ എന്നാണ്. . ഈറ കൊണ്ട് മാറ്റി പറയുന്നു. എന്നേയുള്ളു .ചേകനൂർ എന്നത് മൂപ്പരുടെ നാടിന്റെ പേരാണ്. ഈ ചങ്ങാതിയുടെ പേര് മുഹമ്മദ് എന്നാണ് എന്നാണ്. അക്കാലത്തെ ഇസ്ലാം മതപണ്ഡിതന്മാരെപ്പോലെ  മൂപ്പരേയും നാട്ടിന്റെ പേരിൽ വിളിക്കുന്നു --- പല മത പ്രസംഗകരും അന്ന് ശൃകപുരം ,വാണിയമ്പലം ,വൈലിത്തറ മുതലായ സ്ഥലപ്പേരുകളിൽ അറിയപ്പെട്ടിരുന്നു. പക്ഷേ അവരുടേതൊക്കെ 'ആദരവായ ' പേരുകളായിരുന്നു. ഇയാൾക്ക് മാത്രം എന്തിനാണ് ചേപ്രയുള്ള പേര് ?

           അപ്പോഴാണ് എനിക്ക് ഞങ്ങളുടെ നാട്ടിൽ സി.എൻ അഹമ്മദ് മൗലവിയെ 'തിയ്യൻ മൗലവി' എന്ന് വിളിക്കുന്നത് ഓർമ്മയായത്. അതിന് ന്യായമായ കാരണവും ഉണ്ടായിരുന്നു -- ആ പഹയൻ അല്ലാഹുവിന്റെ കിത്താബ് ആയ പരിശുദ്ധ ഖുർആൻ മുഴുവൻ അക്കാലത്ത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിക്കളഞ്ഞു. മാപ്പിളമാരാരെങ്കിലും ചെയ്യുന്ന പണിയാണോ , അത് ? അങ്ങനെ ആലോചിക്കുന്നതുകൂടി ഹറാമല്ലേ ?

     മാത്രവുമല്ല ,ഇന്നത്തെ ഇവിടത്തെ ഇസ്ലാം മതത്തിൽ യുക്തിക്കു് ചേരാത്ത പല സംഗതികളും ഉണ്ടെന്നും അതിലൊന്നും വിശ്വസിക്കാൻ പാടില്ലെന്നും ആ 'കുരുത്തം കെട്ട മൗലവി' മാസികളിലും പുസ്തകങ്ങളിലും എഴുതിവിടുന്നുമുണ്ടു -- ഇസ്ലാമിന് ചേരാത്ത വർക്കത്തുകെട്ട പണി.

      അയാളെക്കാളും പിഴച്ച ഒരാളാണ് ചേകന്നായർ എന്നാണ് കേട്ടത്. കാര്യമൊന്നും ആർക്കും വേണ്ട മാതിരി വ്യക്തമായിരുന്നില്ല -- എന്നാലും മതം പൊളിക്കാനിറങ്ങിയ ഒരാളാണ് അയാൾ എന്ന് എല്ലാവരും വിശ്വസിച്ചു. ചായപ്പീടികയിലും പുഴക്കടവിലും പള്ളിയിലും കല്യാണവീടുകളിലും നിരത്തിലും  _ എന്തിന് ,നാലാള് കൂടുന്നേടത്തൊക്കെ -- വർത്തമാനം തന്നെ. മതം പൊളിക്കാനുള്ള മതപ്രസംഗം . യാ റബ്ബീ ..

       ചേകന്നൂർ മതം പഠിച്ച വലിയ'ആലീം' (പണ്ഡിതൻ) ആണെന്ന് ആരോ പറഞ്ഞപ്പോൾ ഉടനെ വന്നു മറുപടി.

       'യ്യൊന്ന് പോടാ, മന്സമ്മാരെ ബയി പെയപ്പിക്കാൻ നടക്ക്ണ ഇബിലീസ് എന്ന പഹയൻ ആരേര്ന്ന് ? ബല്യ ആലിം അല്ലായ്ര്ന്നോ ? ആ ഹമ്ക്കല്ലേ മലക്ക്കളുടെ ഉസ്താദ് ? പറഞ്ഞിട്ടെന്താ  ,പെയച്ചുപോയി .അത് തന്നെ ഇതും --- ഓൻ ഇബ് ലീസാ സാ'

      ചേകനൂർ മൗലവിയുടെ വാദങ്ങളോ നിലപാടുകളോ ആരും കൃത്യമായി അന്വേഷിച്ചില്ല. ബാപ്പ ഉപ്പാപ്പമാരും കാക്ക കാരണവന്മാരും കൊണ്ടു നടന്നിരുന്ന ദീനുൽ ഇസ്ലാലിന് എന്തോ തരകേടുണ്ടു. എന്ന് പറയുന്ന ഒരാളുടെ വാദം പിന്നെയൊന്ന് കേട്ടു നോക്കുന്നതെന്തിനാ ? അതിന് ഒരു രസികൻ ന്യായവും പറഞ്ഞു : "തീട്ടം പിന്നെ ഒന്ന് തിന്ന് നോക്കാനുണ്ടോ ?'

       ഞങ്ങളുടെ അയൽനാട്ടിൽ ചേകനൂരിനെ കൊണ്ടുവരുന്നത് മുജാഹിദ് ആശയക്കാരായ പാറക്കൽ ആലിക്കുട്ടി ,കമ്യൂണിസ്റ്റ്കാരനായ സഖാവ് കുട്ടി ഹസ്സൻ എന്നിവരാണ് എന്ന് കേട്ടിരുന്നു. വെള്ളിയാഴ്ച പള്ളിയിലെ ഖുത്തുബാ പ്രസംഗം മലയാളത്തിലാക്കണ മെന്നും പെണ്ണുങ്ങൾ പള്ളിയിൽ പോകണമെന്നും പറയുന്ന മുജാഹിദുകൾ പിഴച്ച കൂട്ടരാണ് . അവർക്ക് വേണ്ടിയല്ലേ ,അല്ലാഹു നരകം പടച്ചു വെച്ചിരിക്കുന്നത്. ജഹന്നം എന്നു പോരായ കത്തിയാകുന്ന നരകത്തിന്റെ അടിത്തട്ടിലെ വിറക് അല്ലാഹു ഇല്ലെന്നു പറയുന്നവരാണ്.

       ചേകനൂർ മുജാഹിദോ കമ്യൂണിസ്റ്റോ ആയിരുന്നില്ല .പാറക്കൽക്കാരൻ എന്ന മുജാഹിദ് ചേകനുരിനെ ക്ഷണിച്ചത് 'അയാള് പറയാനുള്ളത് പറയട്ടെ ,നമുക്ക് കേൾക്കാലോ ' എന്ന ന്യായത്തിന്മേലാണത്രെ. സഖാവ് പറഞ്ഞത് 'ആർക്കും പറയാനുള്ളത് പറയാൻ അവകാശമുണ്ടല്ലോ ' എന്നും അക്കാലത്ത് ചില പ്രദേശങ്ങളിലൊക്കെ കമ്യൂണിസ്റ്റ്കാർ ഒളിഞ്ഞും തെളിഞ്ഞും ചേകനൂരിന് വേദിയൊരുക്കാൻ സഹായിക്കുന്നതായി സംസാരമുണ്ടായിരുന്നു. കമ്യൂണിസ്റ്റ്കാരുടെ കൂടെ കൂടിയ മായിൻ മൗലവിയെപ്പറ്റി ചിലർ ഓർത്തു .പക്ഷേ മായിൻ മൗലവി മതത്തെപ്പറ്റിയല്ല ,രാഷ്ട്രീയത്തെപ്പറ്റിയാണ് സംസാരിക്കുന്നത് .വലിയ എടങ്ങേറില്ല.
വീട്ടിൽ നിന്ന് വിടാഞ്ഞത് കാരണം ചേകുനുരിന്റെ ആ പ്രസംഗം കേൾക്കാൻ എനിക്ക് ഇടയായില്ല. കുട്ടികൾ അതൊക്കെ കേട്ട് വഴികേടിലായിലായിപ്പോവരുതല്ലോ. ബാപ്പയുടെ കാര്യസ്ഥൻ പാറ മുഹമ്മദ് അത് കേട്ട് വന്ന് എനിക്ക് പറഞ്ഞു തന്ന വിവരങ്ങളുടെ ചുരുക്കം ഇതാണ്:  നിസ്ക്കാരം എന്നു പറയുന്ന പ്രാർത്ഥനയ്ക്ക് മതത്തിൽ അത്ര വലിയ പ്രാധാന്യമില്ല. അതിനേക്കാൾ പ്രധാനമാണ് സക്കാത്ത് എന്നു പറയുന്ന നിർബന്ധ ദാനം. മതപണ്ഡിതന്മാരും പണക്കാരും ഒറ്റക്കെട്ടായതിനാൽ നിർബ്ബന്ധദാനത്തിന്റെ കഥ അവർ മതപ്രസംഗങ്ങളിൽ ഒളിച്ചുവെയ്ക്കുകയാണ്.

       അതെനിക്ക് പിടിച്ചു. ഞങ്ങളുടെ നാട്ടിലെ പാവപ്പെട്ടവർക്ക് ഗുണം കിട്ടുന്ന കാര്യമാണല്ലോ . ഞങ്ങളുടെ നാട്ടിൽ അന്ന് അധികവും പാവപ്പെട്ടവരാണ്. 

       പിന്നീട് ഞാൻ കേട്ടതധികവും വാദപ്രതി വാദങ്ങളുടെ കിസ്സകളാണ്. സുന്നി വിഭാഗത്തിലെ വലിയ മതപണ്ഡിതന്മാരെ അദ്ദേഹം വാദത്തിൽ വട്ടം കറക്കിയ കഥകൾ .ഒരു ക…
[0:37 am, 24/07/2020] Mullassery: അന്ന് ബി.എ. വിദ്യാർത്ഥിയായിരുന്ന എന്നെപ്പോലുള്ള ചെറുപ്പക്കാരെ ഈ വാർത്ത ആവേശം കൊള്ളിച്ചു. മുസ്ലീം സ്ത്രീകളുടെ സാമൂഹ്യാവശതകളെപ്പറ്റി സംസാരിക്കുവാൻ ഒരു മതപണ്ഡിതൻ രംഗത്തിറങ്ങി എന്നത് വലിയൊരു കുതിപ്പായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കമുമ്പേ ,1920 കളുടെ തുടക്കത്തിൽ തന്നെ കേരളത്തിലെ മുസ്ലിം സമൂഹത്തിൽ ' നവീകരണ ശ്രമങ്ങൾ ആരംഭിച്ചിരുന്നു.  വക്കം മൗലവി, കെ.എം.മൗലവി, ഇ.കെ.മൗലവി  തുടങ്ങിയവരെല്ലാം മുസ്ലീം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയും അവരുടെ പള്ളി പ്രവേശനത്തിനു വേണ്ടിയും മറ്റും പ്രവർത്തിച്ചിരുന്നുവെങ്കിലും സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യയിൽ നിലനിന്ന 'മുസ്ലീം വ്യക്തിനിയമ 'ത്തിന്റെ മറവിൽ പുലർന്ന പോന്ന വിവേചനങ്ങൾക്കെതിരെ ഒരു മത പണ്ഡിതൻ ആദ്യമായി സംസാരിച്ചു തുടങ്ങുകയായിരുന്നു.

      ഏതാനും മാസങ്ങൾക്കകം മുസ്ലീം സമൂഹത്തിന്റെ  എതിർപ്പിന്റെ കാഠിന്യത്തിൽ 'മോഡേൺ ഏജ് സൊസൈറ്റി' വാടിക്കരിഞ്ഞു പോയി. ചേകനൂർ തന്റെ പഴയ ഒറ്റയാൾ സമരത്തിലേക്ക് പിൻ വാങ്ങി.

     അതിനിടയിലാണ് ആ വാർത്ത പരന്നത് -- ഭാര്യയും മക്കളുമുള്ള ചേകനൂർ മൗലവി ഒരു ചെറുപ്പക്കാരിയെക്കൂടി കല്യാണം കഴിച്ചിരിക്കുന്നു! മൗലവി വിരുദ്ധർ ആ വാർത്ത സ്വാഭാവികമായും ആഘോഷിച്ചു. കേട്ടത് സത്യം തന്നെ എന്നുറപ്പാക്കിയ ഞാൻ മാനസികമായി ക്ഷീണിച്ചു -- എന്നാലും മൗലവി  ഇങ്ങനെ 'സെൽഫ് ഗോൾ ' അടിച്ചുകളഞ്ഞല്ലോ. അദ്ദേഹത്തെ ഒന്നു ചെന്നു കാണണം എന്ന പൂതി അതോടെ അടങ്ങി. അയാൾ അയാളുടെ പാട്ടിന് പോട്ടെ.

       ഈ സംഭവമാണ് ചേകനൂരിന്റെ പരിഷ്കരണാശയങ്ങൾക്ക് തിരിച്ചടിയായത്. അത് തിരിച്ചറിയാൻ മൂപ്പർക്കം അധികം നേരമൊന്നും വേണ്ടി വന്നില്ല. മൗലവി മതപ്രബോധനത്തിൽ നിന്ന് ബിസിനസ്സിലേക്ക്  തിരിഞ്ഞ്, ഐസ് ഫാക്ടറി തുടങ്ങി. രംഗത്ത് നിന്ന് പിൻ വാങ്ങി.

         അഞ്ചെട്ടു കൊല്ലം കൊണ്ട് ബിസിനസ് മോശമായി കക്ഷി വീണ്ടും ഒറ്റപ്പെട്ട പ്രസംഗങ്ങളുമായി വേദിയിലെത്തി. ഇക്കാലത്ത് ,1980- നടുത്ത് മൂപ്പരുടെ നാടിനടുത്തുള്ള മാറഞ്ചേരിയിലെ പ്രസംഗ വേദിയിലാണ് ഞാൻ ആദ്യമായി മൗലവിയെ കാണുന്നത്. പരിഷ്കാര മട്ടിൽ ക്രോപ് ചെയ്ത തലമുടി. തൊപ്പിയോ തലയിൽക്കെട്ടൊ ഇല്ല. ക്വീൻ ഷേവ് ചെയ്ത മുഖം. മീശ കുടി ഇല്ല. അരക്കയ്യൂള്ള മഞ്ഞ ടെറിലിൻ ഷർട്ടും കാക്കി നിറത്തിലുള്ള പാന്റ്സും -  ഒരമൗലവിക്ക് വേണം എന്നു നാട്ടുനടപ്പുകൾ പറഞ്ഞിട്ടുള്ള യാതൊന്നും ആരോഗ്യം മുറ്റിയ ശരീരത്തിൽ കാണാനുണ്ടായിരുന്നില്ല. പ്രസംഗവേദിയിൽ മറ്റാരുമില്ല . അന്ന് അദ്ദേഹം തുടർച്ചയായി 4 മണിക്കൂർ സംസാരിച്ചു. അമ്പരപ്പിക്കുന്ന ഓർമ്മശക്തി ,കനത്ത ശബ്ദം ,കുത്തിക്കയറുന്ന പരിഹാസം ,നിശിതമായ യുക്തിബോധം ,ആരെയും എന്തിനെയും വെല്ലുവിളിക്കുവാൻ പോന്ന ധീരത -- മൗലവിയെപ്പറ്റി എനിക്ക് മതിപ്പ് തോന്നി. എങ്കിലും ആ 'സെൽഫ് ഗോളി'ന്റെ കഥ തേട്ടി വന്നതിനാൽ പ്രസംഗം തീർന്ന ഉടനെ മൂപ്പരെ കാണാൻ നിൽക്കാതെ ഞാൻ സ്ഥലം വിട്ടു.

        മൗലവി വീണ്ടും ചീറിയടിച്ചു തുടങ്ങിയത് ഷാബാനു കേസ്സിന്റെ കാലത്താണ് (1985-86) . അന്ന് 'ശരീയത്ത്' എന്ന പേരിൽ നിലനിൽക്കുന്ന മുസ്ലീം വ്യക്തിനിയമത്തിലെ അപാകതകൾ വിസ്തരിച്ചും സ്ത്രീകൾക്കെതിരായ വി വെചനം തുറന്നു കാണിച്ചും അദ്ദേഹം ജനശ്രദ്ധയാകർഷിച്ചു.' അൽ ബുർഹാൻ' എന്ന പേരിൽ പുതിയൊരു മാസിക തുടങ്ങി. പുസ്തകരചനയും പ്രസാധനവും ആരംഭിച്ചു.കർമ്മശാസ്ത്ര ഗ്രന്ഥങ്ങളുടെ ആധാരങ്ങൾക്കെതിരെ ആഞ്ഞടിച്ച മൗലവി നിസ്ക്കാരത്തിന്റെ നേരം അഞ്ചല്ല ,മൂന്നാണ് എന്ന് പറഞ്ഞ് പുസ്തകങ്ങളിറക്കിയത് വലിയ ക്ഷോഭം സൃഷ്ടിച്ചു. 

      ഷാബാനു കാലത്തോടെ മുസ്ലീം സ്ത്രീകളുടെ പ്രശ്നങ്ങളെപ്പറ്റി ഞാനും ചിലതൊക്കെ എഴുതിത്തുടങ്ങി. ആയിടയ്ക്കാണ് ഞങ്ങൾ തമ്മിൽ കണ്ടു പരിചയമായത്. എന്റെ നാട്ടിനു സമീപം ക്യാമ്പ് ചെയ്തിരുന്ന മൗലവിയുടെ ഒരനുയായി എന്നെ വന്ന് കണ്ട് പറഞ്ഞു:

'ചേകനൂർ മൗലവിക്ക് നിങ്ങളെ കാണണമെന്നുണ്ട്. നിങ്ങൾ തട്ടിലുണ്ടോ എന്നും ഏതുനേരത്ത് വന്നാലാണ് കാണാൻ സൗകര്യപ്പെടുക എന്നും അറിഞ്ഞു വരാനാണ് എന്നെ അയച്ചത് .' 
,ഞാൻ പറഞ്ഞു:

'അദ്ദേഹത്തെപ്പോലുള്ള ഒരു പണ്ഡിതൻ എന്നെ വന്നു കാണുന്നത് ഭംഗിയല്ല. ഞാൻ അങ്ങോട്ട് ചെന്ന് അദ്ദേഹത്തെ കണ്ടു കൊള്ളാം. ഇന്ന് വെറൊരു തിരക്കുണ്ടു. നാളെ വൈകുന്നേരം ആറുമണിക്ക് കോഴിക്കോട് ഇമ്പീരിയൽ ഹോട്ടലിൽ വച്ച് കാണാം. 

       പിറ്റേന്ന് കൃത്യസമയത്ത് തന്നെ ഞാൻ ഹോട്ടലിലെത്തി. അദ്ദേഹം നേരത്തെ എത്തിയിരുന്നു. കൂടെ മറ്റാരുമില്ല. ഞാൻ ചെന്ന് സ്വയം പരിചയപ്പെടുത്തി. ഏറെക്കാലമായി കാണാതിരുന്ന ഏതോ അടുത്ത ബന്ധുവിനെ കണ്ടിട്ടെന്നപ്പോലെ അദ്ദേഹം ചിരിച്ചുകൊണ്ട് എന്നെ ആശ്ലേഷിച്ചു.
       വിശദമായ പരിചയപ്പെടലുകൾക്കും ചായ കുടിക്കും ശേഷം അദ്ദേഹം കാര്യം പറഞ്ഞു: ഞാൻ കൂടെ പ്രവർത്തിക്കണം ,പ്രസംഗിക്കണം, മൂപ്പരുടെ മാസികയിൽ എഴുതണം.

   ഞാൻ വിനയപൂർവ്വം മറുപടി പറഞ്ഞു. 'ക്ഷമിക്കണം . താങ്കളുടെ നിലപാടുകളെപ്പറ്റി പലവിധ വിമർശനങ്ങളുള്ള ഒരാളാണ് ഞാൻ'.
     ആ മുഖത്ത് എപ്പോഴുമുള്ള ചിരി മാഞ്ഞില്ല. 'ആയിക്കോട്ടെ. അത് വേണം. നമ്മൾ യോജിക്കുന്ന മേഖലകളില്ലേ?'
'വളരെ ക്കുറവാണ്.'
'അതെന്താ , അങ്ങനെ '?
'ഒന്നാമത് ഞാൻ മത പണ്ഡിതനല്ല. ഒന്നിലും പണ്ഡിതനല്ല. പിന്നെ നിങ്ങളുടെ മത പ്രസ്ഥാനത്തിൽ പ്രവർത്തിക്കുവാൻ എനിക്ക് താല്പര്യവുമില്ല.'
അപ്പോഴും അതേ ചിരി:
'ആട്ടെ എന്താണ് നിങ്ങൾക്ക് എന്നെപ്പറ്റിയുള്ള വിമർശനം?;
'പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ മുൻഗണനാക്രമത്തെപ്പറ്റിയാണ് '
'മനസ്സിലായില്ല ' .
'ഇവിടത്തെ ഇപ്പൊഴത്തെ പ്രശ്നം  എത്ര നേരം നിസ്കരിക്കണം എന്നതല്ല. എത്ര നേരമെങ്കിലും നിസ്കരിക്കട്ടെ . വിവാഹത്തിലും വിവാഹമോചനത്തിലും അനന്തരാവകാശത്തിലുമുള്ള അര്യായമാണ് പ്രധാനം. 
നിസ്കാരത്തെപ്പറ്റിയും കർമ്മശാസ്ത്ര ഗ്രന്ഥങ്ങളെപ്പറ്റിയും ആണ് നിങ്ങൾ സംസാരിക്കുന്നത് '
 'അവിടെയാണ്  കരശ്ശേരിക്ക് പിഴച്ചത്. നിങ്ങൾ കാണുന്ന ആ അനീതികൾക്കെല്ലാം അടിസ്ഥാനം ആ ഹദീസ് ഗ്രന്ഥങ്ങളാണ്. നിങ്ങൾ അനീതികളെ എതിർക്കുന്നു. അത്രയേയുള്ളു വ്യത്യാസം. '

'മതമല്ല ,മതത്തിന്റെ പേരിൽ ഉണ്ടായിത്തീരുന്ന സാമൂഹ്യ പ്രശ്നങ്ങളാണ് എന്റെ ആലോചനാ വിഷയം'.
 ' പ്രശ്നം ഒന്നുതന്നെ. ആ ഗ്രന്ഥങ്ങൾ തള്ളിക്കളയാതെ നിങ്ങൾക്ക് ആ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല.'
'ശരിയായിരിക്കാം .പക്ഷേ ആ ഹദീസ് ഗ്രന്ഥങ്ങൾ മുഴുവൻ ഉപേക്ഷിച്ചിട്ട് സാമൂഹ്യ പരിഷ്കരണം നടക്കുമോ?'
'നടക്കണം. ആ ഗ്രന്ഥങ്ങൾ' കൈയിൽ പിടിച്ചിരുന്നാൽ പിന്നെ .....'
'എന്തിനും സാവകാശം വേണ്ടേ ? പഴയ മതാചാര്യന്മാരെ മുഴുവൻ ഒറ്റയടിക്ക് തള്ളിപ്പറയാൻ വിശ്വാസികൾക്ക് പറ്റുമോ?'
'ആ ആചാര്യന്മാരൊക്ക കള്ളന്മരാണ് '
'ഇതാ ,ഈ ശൈലിയെപ്പറ്റിയാണ് എന്റെ മറ്റൊരു വിമർശനം .ഇയും പ്രകോപനപരമായി സംസാരിച്ചാൽ പരിഷ്ക്കരണം സാധിക്കുമോ? '
അദ്ദേഹം വീണ്ടും ചിരിച്ചു.. "നിങ്ങൾക്കു് മാപ്പിളമാരെ അറിഞ്ഞുകൂടാ. അനവധി നൂറ്റാണ്ടായി ഉറങ്ങിക്കിടക്കുന്ന കൂട്ടരാണ് .അവരെ ഞെട്ടിച്ചുണർത്തണം .അതിന് കടന്ന ശൈലി തന്നെ വേണം ' 
'ഞാൻ യോജിക്കുന്നില്ല.
പഴയ ആളുകൾക്ക് അബദ്ധം പറ്റിയിരിക്കാം .
അവർ കപടം കാണിച്ചിരിക്കാം. അതൊക്കെ പറയുന്നതിന് ഒരു മയം വേണ്ടേ? മയമില്ലാതെ പറഞ്ഞാൽ വിശ്വാസികൾക്ക് ശ്രദ്ധിക്കാൻ തോന്നുമോ?'
'ഇതൊക്കെ നിങ്ങളുടെ സാഹിത്യത്തിൽ നടക്കമായിരിക്കും. മത രംഗത്ത് നടക്കില്ല. ഇത്ര കടുപ്പത്തിൽ പറഞ്ഞിട്ട് തന്നെ ശ്രദ്ധിക്കുന്നില്ല .എന്നിട്ടാണ് മയത്തിൽ പറയുന്നത് !"
ആ മട്ടിൽ തക്കം നീണ്ടു പോയി.ഒരിക്കലെങ്കിലും അദ്ദേഹം പ്രകോപിതനായില്ല. ചിരിയും സൗഹാർദവും കൈവിട്ടില്ല. പിരിയാൻ നേരത്ത്  'അബുഹൂറൈയുടെ തനിനിറം' എന്ന സ്വന്തം പുസ്തെത്തിന്റെ ഒരു കോപ്പി എനിക്ക് തന്നു. പിന്നെ ചോദിച്ചു:

;ശരി കാരശ്ശേരി എന്നോട് യോജിക്കുന്ന മേഖലകൾ ഏതൊക്കെയാണ്?'
'നിങ്ങളെപ്പോലൊരു മത പണ്ഡിതന്റെ നിലപാടുകളിൽ സാധാരണക്കാരായ എന്റെ അഭിപ്രായത്തിന് പ്രക്കിയില്ല. മതത്തിലെ കർമ്മശാസ്ത്ര വ്യാഖ്യാനം എന്റെ വിഷയവുമല്ല. അതു പോട്ടെ. സാമൂഹ്യ മായ അനീതികളെപ്പറ്റി, പ്രത്യേകിച്ച് പെണ്ണുങ്ങളുടെ ദുരിതത്തെപ്പറ്റി മൗലവി സംസാരിക്കുന്നതിനോട് എനിക്ക് യോജിപ്പാണ് .അതിനെതിരെ ബോധവത്കരണം അത്യാവശ്യമാണ്. പിന്നെ ,നിങ്ങളുടെ യോഗങ്ങൾ പലേടത്തും അലങ്കോലപ്പെടുത്തുന്നുണ്ട് എന്നു കേൾക്കുന്നു. ഞാൻ യോജിച്ചാലും ഇല്ലെങ്കിലും സ്വന്തം അഭിപ്രായം പറയാനുള്ള നിങ്ങളുടെ അവകാശത്തിന്റെ കൂടെയാണ് ഞാർ ' .അല്പമൊന്ന് നിർത്തിയിട്ട് ഞാൻ ചോദിച്ചു.' തീർത്തും ' വ്യക്തിപരമായ ഒരു സംഗതി ചോദിക്കുന്നതിൽ ദേഷ്യമുണ്ടോ?'
ആ മുഖം ആകാംക്ഷാഭരിതമായി.
ഞാൻ ചോദിച്ചു. "ക്ഷമിക്കണം. നിങ്ങൾ ഒരു ഭാര്യയിക്കെ, വേറൊരു പെണ്ണ് കെട്ടി എന്നു് കേട്ടത് ശരിയല്ലേ?'
'ശരിയാണ് ' 
' എന്താണ് കാരണം?'
എനിക്കു ആദ്യ ഭാര്യയിൽ ആൺമക്കളില്ല. അൽഹംദുലില്ലാ. രണ്ടാം ഭാര്യയിൽ എനിക്ക് ആൺമക്കളുണ്ടായി !''
എനിക്ക് കയ്ച്ചു.
' വേറൊരു പെണ്ണ് കെട്ടിയാലുടനെ ആൺമക്കളെ തന്നുകൊള്ളാം എന്ന് നിങ്ങളോട് ആരാണ് ഹേ,
ഏറ്റിരുന്നത്?' എന്ന ന്യായമായ ചോദ്യം എന്റെ നാവിൻതുമ്പത്തോളം വന്നതാണ്. എങ്കിലും അദ്ദേഹത്തിന്റെ പ്രായം പാണ്ഡിത്യവും ഓർത്ത് ഞാനത് വിഴുങ്ങി. ഉടനെ എഴുന്നേൽക്കുകയും ചെയ്തു. ആ ചോദ്യം ബുദ്ധിമാനായ അദ്ദേഹത്തിന് ഞാൻ ചോദിക്കാതെ പിടി കിട്ടിയിരിക്കണം. പഴയ വിടർന്ന ചിരിയോടെ മൂപ്പർ എനിക്ക് കൈ തന്നു.' വീണ്ടും കാണാം ,കാണണം' . ഒരവയവം പോലെ ശരീരത്തിന്റെ ഭാഗമായിത്തീർന്ന സൂട്ട് കേസും തൂക്കി അദ്ദേഹം നടന്നകന്നു.
        മൗലവിയുടെ  'ഖുർആൻ സുന്നത്ത് സൊസൈറ്റി ' എന്ന പ്രസ്ഥാനം അങ്ങിങ്ങായി പ്രവർത്തിക്കുന്നതിനെപ്പറ്റി ഇടയ്ക്കും തലയ്ക്കുമൊക്കെ കേട്ടിരുന്നു. അദ്ദേഹത്തിന്റെ പുതിയ പുതിയ ചോദ്യങ്ങളെപ്പറ്റിയും പരിഹാസങ്ങളെപ്പറ്റിയും ആണ് അധികവും കേട്ടത്.

    ഇതിനിടെ നാലഞ്ചു തവണ ആദ്ദേഹം കാലിക്കറ്റ് സർവകലാശാലയിൽ എന്നെത്തിരഞ്ഞ് വന്നു. കത്തെഴുതിയോ , ഫോൺ ചെയ്തോ ,മുൻകൂട്ടി അറിയിച്ച് വരുന്ന രീതി മൗ ലവിക്ക് ഇല്ലാതിരുന്നതിനാൽ ചിലപ്പോൾ ഞങ്ങൾ തമ്മിൽ കണ്ടുമുട്ടിയില്ല.

      ആ കാഴ്ചകളിൽ അദേഹവുമായി ഞാൻ സുദീർഘമായി സംസാരിച്ചു. . അതിൽ നിന്ന് എനിക്ക് വ്യക്തമായ ഒരു സംഗതി കേരളീയ സമൂഹത്തിന്റെ വാർത്ത മാനകാല പരിതഃസ്ഥിനികളെപ്പറ്റി ന്നദ്ദേഹം വേണ്ടമാതിരി ആലോചിക്കുന്നില്ല. ഒരു രാഷ്ട്രീയ കക്ഷിയോടും അദ്ദേഹത്തിന് ബന്ധമില്ല കേരളത്തിൽ നടന്നതോ, നടക്കുന്നതോ ആയ രാഷ്ട്രീയ സാമൂഹ്യ ചലനങ്ങളുമായി സ്വന്തം ആശയങ്ങളെ ബന്ധപ്പെടുത്തുന്നതെങ്ങനെ എന്ന് അദ്ദേഹം ആധി കൊള്ളുന്നില്ല. അങ്ങനെയൊരു ബന്ധം വേണ്ടതുണ്ട് എന്നുകൂടി അദ്ദേഹത്തിന് തോന്നുന്നില്ല. താൻ പഴയ കാലത്തെ അറബിഗ്രന്ഥങ്ങൾ പുതിയ കാലത്തിനുവേണ്ടി വ്യാഖ്യാനിക്കുകയാണ്  എന്നല്ല, പഴയ ഗ്രന്ഥങ്ങളെ അവയുടെ യഥാർത്ഥമായ അർത്ഥത്തിലേക്കു മടക്കിക്കൊണ്ടുപോവുകയാണ് എന്നായിരിക്കണം അദ്ദേഹം സ്വയം വിശ്വവിച്ചത്. ഇതേപ്പറ്റിയെല്ലാം സ്വാഭാവികമായും ഞങ്ങൾ തർക്കിച്ചു. ഈ കാലത്ത് മുസ്ലീം സാമൂഹ് പരിഷ്കരണം ഒരു മുസ്ലീം പ്രശ്നമായി നിൽക്കില്ലെന്നും അത് ഒരു പൊതു പ്രശ്നമാണെന്നും ആയിരുന്നു എന്റെ നിലപാട്.

       ഞങ്ങൾ തമ്മിൽ അവസാനമായി കണ്ടത് യൂസഫലി കേച്ചേരിയുടെ വീട്ടിൽവച്ചാണ്-- 1993. ആദ്യം. തീർത്തും യാദൃശ്ചികമായിരുന്നു , ആ കാഴ്ച. അന്ന് ഞങ്ങൾ ഒന്നിച്ച് ഭക്ഷണം കഴിച്ചു. ധാരാളം തമാശ പറഞ്ഞു. പിന്നെ ഞങ്ങളുടെ പഴയ കാലതർക്കങ്ങൾ തുടർന്നു.അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിന് അവതാരിക എഴുതിയ യൂസഫലി തർക്കത്തിൽ പലപ്പോഴും എന്റെ പക്ഷം ചേർന്നു.
      ഒരു ഘട്ടത്തിൽ 'മൗലവിയിൽ ഇപ്പോഴും പഴയ മതപണ്ഡിതന്മാരുടെ ഒരംശമുണ്ടെന്നും ഇതിനെയാണ് നമ്മുടെ എൻ.പി.മുഹമ്മദ്  'മുസ്ല്യാരിസം' എന്ന് വിളിക്കുന്നതെന്നും ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചൊഴിഞ്ഞു : 'അത് നിങ്ങളൊക്കെ കോളെജിൽ പഠിച്ചതിപ്പെ അഹങ്കാരം കൊണ്ട് പറയുന്നതാ'

        സൗഹാർദ്ദം നിറഞ്ഞ ആ ലഹളകൾ  പാതിരയ്ക്കാണ് അവസാനിച്ചത്.   അപ്പോൾ നേരം രണ്ടര കഴിഞ്ഞിരുന്നു എന്ന് ഞാൻ ഓർമ്മിക്കുന്നു.
        ചിരിച്ചു കൊണ്ട് ഞങ്ങൾക്ക് കൈ തന്ന് സുഹൃത്തുക്കളോടൊപ്പം കാറിൽ കയറി മൗലവി യാത്രയായി. ആകസ്മികമായി അദ്ദേഹത്തെ കാണാനിടയായതിന്റെയും സുദീർഘമായി സംസാരിച്ചതിന്റെയും ആഹ്ലാദത്തിൽ ഇരട്ടിലേക്ക് ഊളിയിട്ടു പോവുന്ന ആ കാറും നോക്കി ഞാൻ ഏറേനേരം നിന്നു.

       മാസങ്ങളുടെ അകലത്തിൽ ആ മനുഷ്യന്റെ ദുർവിധി പതിയിരിപ്പുണ്ടു  എന്ന് അന്ന് ആർക്ക് അറിയാമായിരുന്നു ? മതഭീകരവാദത്തിന്റെ വേട്ടമൃഗമായി ,സ്വന്തം ആശയങ്ങളുടെ രക്തസാക്ഷിയായി, സാമൂഹ് പരിഷ്കരണവാദത്തിന്റെ ബലിയായി മാറാൻ വിധിക്കപ്പെട്ട ചേകനൂർ മൗലവിയെ അന്ന് അവസാനമായി കാണുകയാണ് എന്ന് അന്ന് ആരോർത്തിരുന്നു   ?


['ചേകനൂരിന്റെ രക്തം' എന്ന എം.എൻ.കാരശ്ശേരിയുടെ പുസ്തകത്തിൽ നിന്നും - അദ്ദേഹത്തിന്റെ അനുവാദത്തോടെ ]

Share :