Archives / july2020

ഗാഥ
പദങ്ങൾ പതം പറഞ്ഞത്

ഒറ്റയ്ക്കാവുമ്പോൾ  നിശ്ശബ്ദതയുടെ 

നിലവിളി പൂക്കുന്ന കരിങ്കാടുകളിലേക്ക് 

ആളിക്കത്തുന്ന തീ വിചാരങ്ങളുമായി

ഒരു തീര്‍ത്ഥയാത്ര പോകണം....

 

തിളച്ചു മറിയുന്ന ചുടു ചിന്തകൾ 

തല്ലിത്തെറിച്ച് കരിഞ്ഞുപോയ 

പൂക്കളെല്ലാം പൊഴിഞ്ഞുപോയ  

തലയില്ലാ ചെടിയായി നിന്നു.

 

അക്ഷരങ്ങളൊളിക്കുന്നത് 

കീറസഞ്ചിയിലാണെന്ന് 

ചുമർതാങ്ങികളായ 

ഗൗളികൾ ചിലച്ചേക്കാം.

പദങ്ങൾ പതം പറഞ്ഞു 

തലതല്ലിക്കരഞ്ഞ പദ്യങ്ങൾ !!!

 

അല്ലെങ്കിലെന്ത് പദ്യം?

എന്ത് കഥയും കവിതയും ?

ആരുടെ  കാവ്യം?

 

കിനാവള്ളിയിൽ തൂങ്ങിമരിച്ചവർ 

നിശാവാനത്ത് താരങ്ങളായി മറുപിറവി എടുക്കുന്നതിനെക്കുറിച്ച്,

ഇരുൾ കുടിച്ച മൊട്ടക്കുന്നുകളും 

മലകളുമായതിനെക്കുറിച്ച്,

സപ്തവർണ്ണചെപ്പ് പൊട്ടിത്തകർന്ന് 

ചിതറിത്തെറിച്ചുണ്ടായ  വിരൂപമായ 

അക്ഷരക്കൂട്ടങ്ങൾ  മാത്രം  !!! 

 

Share :