Archives / july2020

ഡോ.നീസാ, കൊല്ലം
ഒരു കവിതാവലോകനം

 
പ്രകൃതി പോലും നിശ്ചലമായ
പ്രഭാതമെന്നിൽ ഭീതിപരത്തി.
മേഘക്കീറുകൾക്കിടയിലെന്നാലും
നേരിയ വെള്ളിവെട്ടം പരക്കുന്നു.

നിത്യവുമെഴുതി കൂട്ടിയതെല്ലാം
വെട്ടംകാണാതൊളിപ്പിച്ചിത്രനാൾ
വെറുതെ മത്സരത്തിനയച്ചതാണ്
വേണ്ടിയിരുന്നില്ലായെന്നിന്ന് ചിന്ത.

വേട്ടയാടപ്പെട്ട മൃഗത്തെ പോൽ
തുടിക്കുന്നിതായെൻ ഹൃദയം.
ചിറകരിഞ്ഞ പക്ഷിയെപ്പോൽ
പിടയ്ക്കുന്നിതായെൻ മാനസം.

നീണ്ടു  വരഞ്ഞ പുതിയ മുറിവിൽ
ഉപ്പിൻ കണങ്ങൾ വീണപോൽ
എരിഞ്ഞു നീറുന്നുടലാകെയെന്നാലും
ഭാവപ്രകടനങ്ങൾ ഒട്ടുമരുതിവിടെ.

സംഭരിച്ച സകലധൈര്യവുമായി
ഇടവും വലവും നോക്കാതെ
തെല്ല് വിറയാർന്ന ശബ്ദത്തിൽ
തുടങ്ങിയെൻ കവിതാ പാരായണം.

ഇറ്റിറ്റുവീണ വിയർപ്പു തുള്ളികൾ
തുടയ്ക്കാൻ പോലുമുതിരാതെ
കൈയിലെ കടലാസിൽ ദൃഷ്ടിയൂന്നി
അവസാനവരിയും ചൊല്ലാനായി.

വെള്ള വേഷത്തിൽ മേലാളന്മാർ
അരികിലൊരിരയെ കിട്ടിയ മാതിരി
അടക്കത്തിലെന്തോ ചൊല്ലിക്കൊണ്ട്
പരസ്പരം തലകുലുക്കി ചിരിക്കുന്നു.

തടഞ്ഞു വീഴാതെ മുന്നേറുന്നത്
സഹതാപത്തോടെ വീക്ഷിച്ചു ചിലർ
സ്നേഹത്തിനലിവു പരതി ചുറ്റും
കണ്ടതോ പരിഹാസച്ചിരികൾ.

"കവിതയില്ലയിതിൽ കാവ്യഭംഗിയുമില്ല
അവലോകനം ചെയ്യാനൊന്നുമേയില്ല
ആശയം നന്നെന്നാലുമതുൾക്കൊള്ളാ-
നൊട്ടു കരുത്തുമാഴവും വരികൾക്കില്ല".

കടമ്പകൾ കടക്കാനേറെയുണ്ട്
 വായിക്കുക തുടര്‍ന്നും വായിക്കുക
അതിലൂടെയൂർജ്ജം നേടുക
ഖിന്നയായയെന്നോടവർ ചൊല്ലി.

ഇവരൊക്കെ സാഹിത്യ മന്നന്മാർ
കാവ്യപ്രപഞ്ചമിവർക്കു സ്വന്തം;
വിമർശനങ്ങൾ മുൾമുനകളായി
ശരങ്ങൾപോൽ മൂർച്ചയേറുന്നു.

 തളരരുതൊട്ടുമീ കൂരമ്പുകളേറ്റ്
കവിതയുടെ തീപ്പൊരിയുള്ളിലുണ്ട്.
സ്നേഹിക്കുകയെന്നും അക്ഷരങ്ങളെ
മനസ്സിനാനന്ദം നല്കുമീ മണിമുത്തുകൾ.

Share :