Archives / 

 മാങ്ങാട് രത്നാകരൻ.
ഒ 'രിത് ' (വാക്കും വാപ്പയും --2)


               മഹാനായ കലാകാരൻ സത്യജിത് റായിയുടെ ജന്മശതാബ്ദി വർഷമാണല്ലോ . റായിയുടെ 'അപുത്രയം'  ഈ കൊറോണക്കാലത്ത് ഏകാന്തതയിൽ വീണ്ടും കണ്ടു.

      കുറച്ചുവർഷങ്ങൾക്കു മുമ്പ് , തിരുവനന്തപുരത്തു വച്ച് റായിയെക്കുറിച്ച് ഒരു പ്രസംഗം കേട്ടു . തലമുതിർന്ന ഒരു ചലച്ചിത്ര നിരൂപകൻ കത്തിക്കയറുകയാണ്. പഥേർ പാഞ്ചാലിയിലെ  ചില രംഗങ്ങൾ വിശദീകരിച്ചപ്പോൾ അദ്ദേഹം വികാരഭരിതനായി. "റായിയുടെ സിനിമയിൽ എനിക്കേറ്റവും ഇഷ്ടം അതിലെ- അതിലെ- അതിലെ _ ഇതാണ്  ," നിരുപകൻ പറഞ്ഞു.
       
      ചിരിവന്നെങ്കിലും പിന്നീടാലോചിച്ചപ്പോൾ, എത്ര സത്യസന്ധമായിട്ടാണ് അദ്ദേഹം സംസാരിച്ചത്. എന്നു ബോധ്യം വന്നു. 'അന്ത ഹന്തയ്ക്കിന്ത പട്ട് ' എന്നു പറഞ്ഞതുപോലെ ആ 'ഇതി'നും കൊടുക്കണം പട്ട്. കാരണം ,'ഇതി'നുപകരം വേറൊരു വാക്ക് അവിടെ ചേരുമോ ?  കുഞ്ഞുണ്ണി മാഷ് പറഞ്ഞതുപോലെ, 'വാക്കില്ലാത്തതേ വാക്ക് ' .

     'ഇതി''ൽ ഇപ്പോൾ എന്താണിത്ര എന്നല്ലേ 'ഇത്'  വളരെ സാധാരണമല്ലേ ? ഇതു്, അത്, മറ്റത്, എന്നെല്ലാം നാം എപ്പോഴും ഉപയോഗിക്കുന്ന വാക്കുകളല്ലെ ?

'ഇതി' ന്റെ സാമ്പ്രദായിക അർത്ഥം മാത്രമേ ഗുണ്ടർട്ടും ശ്രീകണ്ഠേശ്വരവും കണ്ടിട്ടുള്ളു. അതിന്റെ 'ഒരിത്'  കണ്ടിട്ടില്ല.
ഇതു: ഇത് This thing. ഇതുവരേ hitherto. Plur. ഇവ, also ഇതുകൾ (vu.) ( ഗുണ്ടർട്ട് നിഘണ്ടു)
ഇതു: ഈ കാണുന്ന വസ്തു ( അടുത്തുള്ളതിനെ ചൂണ്ടിക്കാണിച്ചു പറയുന്ന വാക്ക്) പു. ഇവൻ. സ്ത്രീ, ഇവൾ ,ബ.വ: ഇതുകൾ, ഇതുവു ,ഇവ ,ഇവറ്റ (ശബ്ദതാരാവലി)

മലയാളം ലെക്സിക്കൺ, ഒന്നൊരപ്പേജിൽ വിശദമായും വിശാലമായും 'ഇതി'നെ കാണുന്നു.
അഞ്ചാമത്തെ അർത്ഥത്തിൽ ഇങ്ങനെ:
   വർണ്ണിക്കാൻ നിവൃത്തിയില്ലാത്ത വസ്തുതയോ, ഭാവമോ ,something indescribable. 'ഈ കൊച്ചുങ്ങളു ലോഹവും മറ്റും കണ്ട്  ഒര് ഇതൊന്നും വരുന്ന കൂട്ടമല്ല. 'ഇതിനുള്ളടത്തോളം  ഒരു  ഒരു- ഒരു - ഞാൻ എന്താണു പറയേണ്ടത് ? ഒരു  'ഇത് ' മറ്റാർക്കെങ്കിലും ഉണ്ടോ ?'

   ഇപ്പോൾ നമ്മുടെ നിരൂപകന്റെ 'ഇത്'  എന്താണെന്ന് മനസ്സിലായിക്കാണുമല്ലോ.

ജോൺ എബ്രഹാമിന്റെ അമ്മ അറിയാൻ എന്ന സിനിമയിലെ ഒരു രംഗത്തെക്കുറിച്ച് , അതിലെ മുഖ്യകഥാപാത്രവും എന്റെ പ്രിയ സുഹൃത്തായ ജോയ് മാത്യു എന്നോടൊരിക്കൽ പറഞ്ഞ കഥയാണ്. ജോണിന്റെ സിനിമയ്ക്ക് തിരക്കഥയെല്ലാം കണക്കാണ്! രുപരേഖ എന്നേ പറയാവൂ. തിരക്കഥവച്ച് അച്ചടിവടിവിൽ സിനിമയെടുക്കാൻ വേറെ ആളെ നോക്കണം 

നിലമ്പൂർ ബാലനും (ബാലേട്ടൻ എന്നു തന്നെയാണ് കഥാപാത്രത്തിന്റെയും പേര് ) ഒരു ചങ്ങാതിയും കൂടി ചാരായം കുടിക്കുകയാണ്. ചങ്ങാതിക്ക് അപ്പോൾ ദർശനം തലയിൽക്കയറുന്നു. ചങ്ങാതി ബാലേട്ടനോട് ചോദിക്കണം. "ഈ മദ്യവും മാർക്സിസവും തമ്മിൽ എങ്ങനെയാ ബാലേട്ടാ?"
മറുപടി ബാലേട്ടൻ പറയണം.
എന്താണു പറയേണ്ടതെന്ന്  ബാലേട്ടൻ ജോണിനേട്.
ഞാനാണോ പറയേണ്ടത് ,എന്നോടല്ലല്ലോ ചോദിച്ചത് എന്ന് ജോൺ.
ബാലേട്ടൻ ഡയലോഗ് പറഞ്ഞു:
''മാർക്സിസം എന്റെ ദർശനമാണ്. അതിവിടെ പ്രാവർത്തികമാക്കുന്ന ഈ രൂപങ്ങളോടുണ്ടല്ലോ .എനിക്കു അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടു. പിന്നെ ,മദ്യപാനം .... അതെന്റെ ആവശ്യമാണ് ."
"നിലമ്പൂർ ബാലനടാ'' ,ജോൺ കളിയാക്കി ," എന്തൊരു പൊട്ടൻ മറുപടി ".
ബാലേട്ടൻ വീണ്ടും: "മദ്യപാനം .... എന്റെ ശീലമാണ്'' 
"ബാലനടാ!"ജോണിന്റെ ശബ്ദം ഒന്നുകൂടി കനത്തു.
"ആക്ഷൻ '' ജോൺ ക്യാമറാമാൻ വേണുവിനോട് പറഞ്ഞു.

"മദ്യപാനം..... എന്റെ ....എന്റെ ... ഒരു _  ഒരു - ഒരിതാണ് " ബാലേട്ടൻ പറഞ്ഞു.
'' കട്ട്‌ !" ജോൺ കൈയടിച്ചു.
പാന്റിന്റെ കീശയിൽ നിന്ന് ഒരു ചെറുകുപ്പി ചാരായം കുടി ബാലേട്ടന് കൊടുത്തു.
" ആ  ഇതിന്റെ ഒരിതുണ്ടല്ലോ ബാലനടാ. മറ്റൊന്നിനും കിട്ടില്ല''.
ജോൺ ബാലേട്ടന്റെ തോളിൽ കൈയിട്ടു 

Share :