Archives / july 2021

കുറിഞ്ചിലക്കോട്‌ ബാലചന്ദ്രൻ
പരരൂപകം.

 ജന്മദേശവും മാതൃഭാഷയും മനുഷ്യകുലത്തിന്റെ ജീവധാരയാണ്. ഹനിക്കപ്പെടുന്ന നാട്ടുവഴക്കവും നാട്ടിണക്കങ്ങളും സംസ്കാരത്തെ മാത്രമല്ല , ജീവരതിയെത്തന്നെ മാറ്റി മറിക്കുന്നു. പറിച്ചു നടപ്പെടുന്ന ജീവാംശം വേരു പിടിക്കാൻ കൂടുതൽ സമയമെടുക്കുന്നു എന്നതല്ല: മണ്ണ് നന്നല്ലെങ്കിൽ മുരടിച്ചു പോവുക തന്നെ ചെയ്യും. സംസ്കാരം  പരിഷ്ക്കരിക്കപ്പെടും .അത് അനുലോമമോ പ്രതിലോമമോ ആകാം. ഇവിടെ പ്രതികരിക്കപ്പെടാതെ ഒരു ജീവിതവും ജീവന്റെ തനത് ഭാവവും സംസ്കാരവും ഭാഷയും ആരോരുമറിയാതെ തമസ്കരിക്കപ്പെടുന്നു.

 

പച്ചക്കുതിര ലക്കം 12 ശ്രീകണ്ഠൻ കരിക്കകം 'വരത്തി' എന്ന കഥ എഴുതിയിരിക്കുന്നത് വായിച്ചതിന്റെ അനുബന്ധ ചിന്തകളാണ് മുകളിൽ കുറിച്ചത്.

       ജന്മനാട്ടിൽ വരത്തരാക്കപ്പെടുന്നവരുടെ സന്നിഗ്ദ്ധാവസ്ഥയുടെ ഒരു നേർചിത്രമാകുന്നു ഈ കഥ. ഭൂമാഫിയ ഒരു നാടിനെ കീഴടക്കുന്നതിന്റെ ഒരു നിശ്ചല ചിത്രം ശ്രീകണ്ഠൻ വസ്തുനിഷ്ഠമായി വരച്ചിടുന്നു. തിരുവനന്തപുരവും പ്രാന്തവും കടന്ന് വർത്തമാന കേരളീയാവസ്ഥയെ ദുരന്തസ്ഥലിയായി പരിണമിപ്പിക്കുന്നു. പരിഷ്കരണ ഗിമ്മികൾക്കൊന്നും ഇടമിടാതെ നന്നായി കഥ പറഞ്ഞിരിക്കുന്നു.
         മുരിങ്ങ വാഴ കറിവേപ്പ് -- അനിത തമ്പിയുടെ കവിത (മാതൃഭൂമി ആഴ്ചപ്പതിപ്പ് - ലക്കം 18 )
         നാലു പുറങ്ങളിലായി ഒരു പാചകക്കുറിപ്പ്. കവിതയിലെ ആധുനീകരണം ;   അത്യന്താധുനിക അന്യവൽക്കരണം എന്നൊക്കെ പറയുമായിരിക്കും.  പക്ഷേ, വായനക്കാരന് പാചകകലയായി മാത്രം അനുഭവപ്പെട്ടാൽ കുറ്റം പറയാമോ?  വ്യർത്ഥമായ നാല് പേജുകൾ .
         തുടർന്ന് മോഹനകൃഷ്ണൻ കാലടി സബ് -വേ-സർഫേഴസ് എന്നൊരു കവിതയുമായി വരുന്നു. വായിച്ചു തുടങ്ങിയപ്പോൾ നന്നെന്നു തോന്നി. പോകെ പൊകെ വിഷമദ്യം കുടിച്ച പ്രതീതി. കവിതാതടത്തിൽ വേച്ചു വീണ് മരിച്ചു പോകുമെന്ന അവസ്ഥ. ഈ നല്ല കവികളൊക്കെ എന്തേ ഇങ്ങനെയെന്ന് ചിന്തിക്കെ, ഇത് കണ്ടു വളരുന്ന പുതു കവികളെ എന്തിന് കുറ്റം പറയുന്നു എന്ന മൂഢത്വമോർത്ത് എഴുന്നേറ്റ് പോകാൻ തോന്നിപ്പോയി.
          
 അപ്പോഴിതാ കെട്ട കാഴ്ചകൾക്ക് ആശ്വാസമായി ഒരു നല്ല കവിത വായിക്കുന്നു. പവിത്രൻ തീക്കുനിയുടെ നബീസ . പച്ചയായ ജീവിതം പച്ചമുളകിന്റെ കാന്തലായി കവി അവതരിപ്പിച്ചിരിക്കുന്നു.  പാഴായിപ്പോയ മാതൃഭൂമിയുടെ പേജുകൾക്ക് പകരം വയ്ക്കാൻ ഇതു മതിയെന്ന് തോന്നി. ഒന്നാമതായി ചേർക്കേണ്ട കവിത മൂന്നാം തരമാക്കിയതിലേ വിഷമമുള്ളൂ.

മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1168.

      ലോട്ടസ് അപ്പാർട്ട്മെന്റ് വയലിൻ ക്രോസ് റോഡ്, കൊച്ചി-- സുധീഷ് കോട്ടേമ്പ്രത്തിന്റെ ഒരു മനോഹര കവിത. വയലിന്റെ ഓർമ്മയിൽ അപ്പാർട്ടുമെന്റിന് കാവലിരിക്കുന്ന മനുഷ്യനും നായയും. പണിയില്ലായ്മയാണ് പാറാവ് പണി. എന്നിട്ടും ഒന്നമർന്നിരിക്കാൻ നേരമില്ലാത്തത്ര ഓർമ്മപ്പണികൾ ! മനോഹരമായ സ്വത്വാ വിഷ്ക്കാരമാകുന്നു ഈ കവിത. വളരെ ഒരുക്കത്തിൽ , ഒരു വിഹഗവീക്ഷണത്തിന്റെ തന്ത്രി ആവോളം മുറുക്കി സൂക്ഷിച്ചിരിക്കുന്ന രചനാലയം.

        ആശാലതയുടെ കവിത - സവാരി ( സമകാലിക മലയാളം - ലക്കം 9.) ആകാശ ചെരുവിലൂടെ സൈക്കിളോട്ടുന്ന ആൺകുട്ടിയും പെൺകുട്ടിയും. അതീന്ദ്രിയതയുടെ സങ്കീർത്തനം പോലെ ഒരു ഭേദപ്പെട്ട കവിത. കാലവും കാലാവസ്ഥയും ഭേദിച്ച് പായുന്ന സൈക്കിൾ സവാരി. അഭൗമതയിൽ നിന്ന് ഭൗമ തലത്തിലെത്താൻ ആഗ്രഹിച്ച് അവസാനിക്കുന്ന ഭാവലോകഭേദങ്ങളുടെ ഭൂമികയാകുന്നു ഈ കവിത.

         സാന്ത്വനത്തിന്റെ തണുത്ത കരങ്ങൾ തലോടുമ്പോഴുള്ള ആശ്വാസം മനം പൊട്ടി വിങ്ങുന്നവനേ മനസ്സിലാകൂ.  അകലെ ഒരു പച്ചപ്പിന്റെ ഗരിമയിലേക്കുള്ള ദൂരമടുക്കാൻ കൂടിയാണത്.   നല്ല സാഹിത്യം വായിക്കുമ്പോഴുണ്ടാകുന്ന അനുഭവവും സമാനമാണ്.  അത് വല്ലപ്പോഴുമേ സംഭവിക്കുകയുള്ളു.  അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. .....

Share :