Archives / july 2021

കുളക്കട പ്രസന്നൻ
അടുത്ത പ്രളയത്തിന്  സാധ്യതയുണ്ടോ ?

 

കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ദുരിതം കേരളീയർ അനുഭവിച്ചുകൊണ്ടിരിക്കുന്നു. വെളളപ്പൊക്കം , വരൾച്ച ഇതൊക്കെ കേരളീയരുടെ ജീവിത സാഹചര്യങ്ങളായി.

2017 അവസാനത്തിൽ ഓഖിയിൽ വരുത്തിയ നാശനഷ്ടങ്ങൾ ഏറെയാണ്. തിരുവനന്തപുരം തീരദേശ മേഖലയിൽ ചീറിയടിച്ച കാറ്റിലും പേമാരിയിലും സമ്പത്തും മനുഷ്യ ജീവനുകളും നഷ്ടമായി. തലനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെട്ടവരുണ്ട്. ബംഗ്ലാ ഭാഷയിൽ ഓഖി എന്നാൽ കണ്ണ് എന്നാണ്.

2018 ആഗസ്റ്റിൽ കേരളത്തിൽ മഹാപ്രളയമുണ്ടായി. 498പേരുടെ ജീവൻ പൊലിഞ്ഞു. ആയിരത്തിലധികം വീടുകൾ നഷ്ടപ്പെട്ടു. സ്വത്തുവകകൾ ഇല്ലാതായി പെരുവഴിയിലായവർ അനേകർ.  കാർഷികരംഗത്തെ നാശനഷ്ടങ്ങൾ  വിവരണാതീതമാണ്. 

2019 ലും ആഗസ്റ്റിൽ പ്രളയത്തുടർച്ചയുണ്ടായി. ഒരു പക്ഷെ, 2018ലെ പ്രളയത്തിനു സമാനമായിരുന്നില്ല എന്നു മാത്രം. 1924ൽ മലയാളക്കരയിലുണ്ടായ വെള്ളപ്പൊക്കത്തെ കുറിച്ച് പുതുതലമുറ അറിയുന്നത് 2018ലെ മഹാപ്രളയത്തെ കുറിച്ചുള്ള ചർച്ചയ്ക്കിടെ ആണ്. മലയാളക്കരയിൽ ഇതിനു മുമ്പും ചെറുതും വലിയതുമായ  പ്രളയം ഉണ്ടായിട്ടുണ്ടെന്ന് സാരം. 1924 ലെ വെളളപ്പൊക്കത്തെ കുറിച്ചു പറഞ്ഞപ്പോൾ മലയാളക്കര എന്നെഴുതിയത് ബോധപൂർവ്വമാണ്. ഐക്യകേരളം രൂപീകരിച്ചത് 1956 നവംബർ ഒന്നിനാണല്ലോ.

പ്രളയത്തെ കുറിച്ചു പറയുമ്പോൾ വരൾച്ചെ കുറിച്ചും പറയണമല്ലോ ? നമ്മുടെ സംസ്ഥാനത്ത് സ്കൂളുകൾക്ക് വേനലവധി കൊടുക്കുന്നത് ഏപ്രിൽ, മെയ് മാസങ്ങളിലാണ്‌ . ഈ മാസങ്ങളിൽ ചൂടു കൂടുതലാണ്. സ്കൂളിനു അവധി കൊടുക്കാൻ അതൊരു കാരണമാണ്. 

ഇപ്പോൾ ഫെബ്രുവരി പകുതിയാകുമ്പോൾ തന്നെ കേരളത്തിൽ വരൾച്ച പ്രകടമാകുന്നു. പുഴകളും കിണറുകളും  പറ്റുന്നു. ജലദൗർലഭ്യം നേരിടുന്നു. 44 നദികളുള്ള കേരളത്തിൻ്റെ അവസ്ഥയാണിത്.

ഫെബ്രുവരി മുതൽ മെയ് വരെ തൊഴിൽ സമയങ്ങളിൽപ്പോലും മാറ്റം വരുത്തേണ്ടി വരുന്നു. കൃഷിയിടങ്ങളിലും കെട്ടിട നിർമ്മാണങ്ങളിലും ജോലി ചെയ്യുന്നവർ സൂര്യാഘാതമേറ്റ് കുഴഞ്ഞു വീഴുകയും മരണപ്പെടുകയും ചെയ്തിട്ടുള്ളത് നമ്മൾക്ക് അറിവുളളതാണ്. എന്താണ് കേരളം ഇങ്ങനെ മാറിയത്. അതു വലിയ ചർച്ചകൾക്കും ക്രിയാത്മക പ്രവർത്തനങ്ങൾക്കും വഴിവെക്കേണ്ടുന്ന വിഷയമാണ്.

കേരളത്തിൽ നികത്തപ്പെട്ട വയലുകൾ, അനധികൃതമായി പ്രവർത്തിക്കുന്ന പാറ ക്വാറികൾ, വെട്ടിത്തെളിക്കുന്ന വനങ്ങൾ ഇതെല്ലാം കേരളത്തിൻ്റെ പാരിസ്ഥിതിക വിഷയങ്ങളാണ്. പുഴകൾ മലിനമാക്കുന്നതും പുഴകളും കായലുകളും കയ്യേറുന്നതും അടക്കം നിരവധി പ്രശ്നങ്ങൾ കേരളം അഭിമുഖീകരിക്കുന്നു. പരിസ്ഥിതി ലോല പ്രശ്നങ്ങളിൽ എന്തു കൃഷി ചെയ്യാമെന്നും ഏതു രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആവാം എന്നതിനെ കുറിച്ച് പണ്ടുകാലം മുതലുള്ള രീതികൾ അവലംബിക്കേണ്ടതുണ്ട്. 

കേരളമെന്നത് കാർഷിക സംസ്കാരമുള്ള നാടാണ്‌ . അതിലേക്ക് വരേണ്ടതിൻ്റെ ആവശ്യകത കൊറോണ പ്രതിരോധ കാലയളവിൽ കേരളീയർ ചർച്ച ചെയ്തെങ്കിലും നമ്മൾ മടിയൻ്റെ ഗുഹയിൽ നിന്നും പുറത്തിറങ്ങിയില്ല. നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊന്നാണ്. കേരളത്തിൽ വീണ്ടും പ്രളയ സാധ്യതയുണ്ടോ എന്നത് ചർച്ചയ്ക്കുപരി മുൻകരുതലുകളിലേക്ക് പോവേണ്ടതുണ്ട്.

2017 ലെ ഓഖിയും 2018, 2019ലെ പ്രളയവും 2020ൽ കേരളത്തിൽ എത്തിയ കൊവിഡ് 19 ഉം കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി തകർത്തു. കൊവിഡ് 19 ആരോഗ്യ രംഗത്തെയും ബാധിച്ചു. ഈ ഘട്ടത്തിൽ ഏറ്റവും വലിയ പ്രതിസന്ധിയാവും ഒരു പ്രളയം കൂടി ഉണ്ടായാൽ . 2020 മെയ് മാസത്തിൽ ആണെന്ന് തോന്നുന്നു കേരള മുഖ്യമന്ത്രി ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞത് ആഗസ്റ്റിൽ പ്രളയ സാധ്യത ഉണ്ടെന്നാണ്. ഇപ്പോൾ ഒരു പ്രളയം എന്നു കേൾക്കുന്നതു പോലും ഒരു ഞെട്ടലോടു കൂടിയെ പറ്റു. 

2018ലെയും 2019ലെയും പ്രളയത്തെ കേരള ജനത നേരിടുമ്പോൾ ഒരു യുദ്ധമുഖത്ത് എന്നതു പോലെ ജനങ്ങൾ സഹായഹസ്തവുമായി എത്തി. വെള്ളക്കെട്ടിൽ നിന്നും ആളുകളെ രക്ഷിക്കാൻ കേരളത്തിൻ്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികൾ ഇറങ്ങിയത് നമ്മൾക്ക് മറക്കാനാവുമോ ? അങ്ങനെ എന്തെല്ലാം സംഭവങ്ങൾ. മറ്റു സംസ്ഥാനങ്ങൾ, പ്രവാസി മലയാളികൾ എല്ലാം സഹായിച്ചു. എന്നാൽ ഇനി ഒരു പ്രളയം ഉണ്ടായാൽ ഈ കൊവിഡ് 19പശ്ചാത്തലത്തിൽ എന്താവും കേരളത്തിൻ്റെ അവസ്ഥ . അതു മനസ്സിലാക്കി മുൻകരുതൽ ആവശ്യമാണ്. എന്തെന്നാൽ കൊവിഡ് 19 മഹാമാരിയിൽ കേരളം മാത്രമല്ലല്ലോ പ്രതിസന്ധിയിലായിരിക്കുന്നത് . ശാരീരിക അകലം പാലിച്ചു ജീവിക്കേണ്ടുന്ന കൊവിഡ് 19പശ്ചാത്തലത്തിൽ പ്രളയ മുഖത്ത് എത്തിയാൽ സ്ഥിതി എന്താവും. ആലോചിച്ച് ഒരു പരിഹാരമുണ്ടായെ പറ്റു.

കമൻ്റ്:  പ്രളയമുണ്ടായാൽ ദുരന്തമുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഏതെന്നും അവിടെയുള്ള ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനും ശരിയായ പദ്ധതികളും മാർഗ്ഗ നിർദ്ദേശങ്ങളും മുൻക്കൂട്ടിയുണ്ടാവണം. എങ്കിലെ കടലിനും ചെകുത്താനും ഇടയിൽപ്പെടാതെ  രക്ഷപ്പെടാൻ സാധിക്കു.

Share :