തസ്തികമാറ്റം
ഓഫീസിലൊരു പ്യൂണിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവു വന്നപ്പോള്‍ ഞങ്ങളെല്ലാവരും സന്തോഷിച്ചു.
കൂറേ നാളായി ആ തസ്തിക നികത്താനാവാത്ത ഒരു വിടവ് പോലെ ഒഴിഞ്ഞുകിടക്കുന്നത്.
പത്തുപേരുള്ള ഞങ്ങളുടെ ഓഫീസിൽ ഒരു പ്യൂണ്‍ അത്യാവശ്യ ഘടകമായിരുന്നു.
ഇതുവരെ പ്യൂണ്‍ ജോലികളെല്ലാം ഒരു പരസ്പരധാരണയോടെ ഞങ്ങള്‍ വീതിച്ചെടുത്തിരുന്നു.
ക്യാബിനകത്തെ സൂപ്രണ്ടും ഓഫീസിനകത്തെ ക്ലാര്‍ക്കുമാരും തമ്മിൽ ബന്ധപ്പെടാനുള്ള പരസ്പരവര്‍ത്തിയാകേണ്ട പ്യൂണ്‍ എന്ന മുഖ്യകണ്ണിയില്ലാതെ തന്നെ ഇരുകൂട്ടര്‍ക്കും ധാരണയുള്ള പെരുമാറ്റച്ചട്ടങ്ങളുണ്ടായിരുന്നു.
പുരുഷപ്രജകളെല്ലാം ബാങ്കിൽ പ്പോകുക. ചെക്കുകള്‍ പാസ്സാക്കുക. ട്രഷറിയിൽ പോയി ശമ്പളം വാങ്ങികൊണ്ടുവരിക. മുന്‍വശത്തെ കമ്മത്ത് ഭവനിൽ ചെന്ന് ചായയുള്‍പ്പെടെ പലതും ഓര്‍ഡര്‍ ചെയ്ത് വരുത്തുക. തുടങ്ങിയ എക്സ്ട്രാ ജോലികള്‍ നിര്‍വഹിച്ചപ്പോള്‍ സ്ത്രീ വിഭാഗത്തിലെ ഞാനും ലതികപിള്ളയും രാവിലെ വന്നുകയറിയയുടന്‍ ബനിയന്‍ വെയ്സ്റ്റെടുത്ത് കസേരകളും മേശപ്പുറവും തുടച്ച് പൊടിനീക്കി വയ്ക്കും. ഫയൽ റൂമിലെ ഫയൽ കൂമ്പാരങ്ങളിൽ നിന്ന് ചിലത് തിരഞ്ഞെടുക്കാന്‍ മറ്റുള്ളവരെ സഹായിക്കും. കൂജകളിൽ വെള്ളം നിറച്ചു വയ്ക്കും...
ഞങ്ങളുടെ കാറ്റഗറിയി പ്പെടാത്ത അത്തരം പുറംപണികളൊക്കെ ചെയ്യേണ്ടിവരുമ്പോള്‍ ഒരിക്കലും നികത്താത്ത ആ ഒഴിവിനെയും നിയമനം കിട്ടാത്ത പ്യൂണിനെയും മനസ്സാ ശപിക്കുമായിരുന്നു.
ഞങ്ങള്‍ നിരന്തരമായി നിവേദനങ്ങള്‍ സമര്‍പ്പിച്ചു തുടങ്ങിയപ്പോള്‍ പൊറുതിമുട്ടിയ സൂപ്രണ്ട് ശുപാര്‍ശ ചെയ്ത് അവസാനം ശാപമോക്ഷമെന്നപോലെ ആ ഉത്തരവ് വന്നെത്തുകയായിരുന്നു.
കുമാരന്‍ എന്ന പ്യൂണ്‍ ഒരു തിങ്കളാഴ്ച ഓഫീസിൽ നേരത്തെ തന്നെ എത്തി. ഞങ്ങളെയെല്ലവരേയും വണങ്ങി എതിരേറ്റത് കുമാരനാണ്. മേലുദ്യോഗസ്ഥര്‍ എന്ന വല്ലാത്തൊരു ജാഡയാണ് ഞങ്ങള്‍ക്കനുഭവപ്പെട്ടത്. അത്രക്ക് വിനായന്വിതനായിരുന്നു അയാള്‍.
അദ്യത്തെ ദിവസം യാതൊരുവിധ പ്രശ്നങ്ങളുമില്ലാതെ കടന്നുപോയി. കുമാരന്‍ അയാളുടെ ജോലികളിലും ഞങ്ങള്‍ ഞങ്ങളിലും മാത്രം മുഴുകി. അയാള്‍ക്ക് ഒന്നും പറഞ്ഞുകൊടുക്കേണ്ടി വന്നില്ല. പെര്‍ഫെക്ട്. പരിചയ സമ്പന്നനായ ഒരു പ്യൂണായിരുന്നു അയാള്‍.
ദുരിതാശ്വാസത്തിനുള്ള നിവേദനങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. അത്യാവശ്യമുള്ള അപേക്ഷകള്‍ ഫയലുകളോടൊപ്പം ഹെഡ്ക്ലാര്‍ക്ക് രാഘവ കുറുപ്പ് സാറിനെ ഞാന്‍ എല്പിച്ചിരുന്നു. സൂപ്രണ്ട് ഒപ്പുവച്ച് കഴിഞ്ഞ നിവേദനങ്ങളിൽ തീര്‍പ്പായത് ഇന്നാണ് വിതരണം ചെയ്യുന്നത്.
"എല്ലാവരും പുറത്തേക്ക് ഇറങ്ങി നില്ക്കണം. പേരു വിളിക്കുന്നവര്‍ മാത്രം വന്നാ മതി..." കുറുപ്പ്സാര്‍ ഒച്ചയിട്ടപ്പോള്‍ ആളുകളുടെ കൂട്ടങ്ങള്‍ വരാന്തയിലും ഗോവണിച്ചോട്ടിലുമായി ഒതുങ്ങി നിന്നു.
പേരുവിളിച്ചു വന്നവര്‍ക്കൊക്കെ അയ്യായിരം രൂപ ചെക്കെഴുതി എന്‍റെ കണക്കു പുസ്തകത്തി വിരലൊപ്പു വാങ്ങി. നാലായിരത്തി അഞ്ചൂറു രൂപ കുറുപ്പുസാര്‍ എല്ലാവര്‍ക്കും തുകയെണ്ണി കൊടുത്തു.
എല്ലിച്ച് വളഞ്ഞുകുത്തിയ ദാമോദരന്‍ എന്നോടായി പറഞ്ഞു.. "കാറ്റത്ത് പറന്നുപോയൽ മേൽക്കൂര കെട്ടിത്തീര്‍ക്കാന്‍ പോലും തികയില്ല.."
ഞാന്‍ ചിരിച്ചെന്നു വരുത്തി..
"എന്തിനാടോ മേൽക്കൂര കെട്ടുന്നത്..? ഈ കര്‍ക്കിടകംകൂടി തീരട്ടെ. ബാക്കികൂടി ഇടിഞ്ഞു വീഴും... അല്ലെങ്കിൽ താനൊക്കെ പൊളിച്ചു കളയും... എന്നിട്ട് നിവേദനം കൊണ്ടു നിരത്താന്‍ തുടങ്ങും. കിട്ടിയത് മേടിച്ചോണ്ട് പോയ്ക്കോളീ..."
കുറുപ്പ്സാറിന്‍റെ വായിൽ നിന്ന് മുറുക്കാന്‍ ചണ്ടി എന്‍റെ കണക്കുബുക്കിൽ തെറിച്ച് വീണു.
"സാറേ..." കുമാരന്‍ എന്‍റെ അടുത്തുവന്നു പറഞ്ഞു. ഇന്ന് വന്ന ദുരിതാശ്വാസം വാങ്ങിയവരെല്ലാം തീരെ അര്‍ഹരായവരല്ല.
"അതറിയാമെടോ.." കുറുപ്പ്സാര്‍ പറഞ്ഞു. അന്ന് വൈകുന്നേരം ആളൊന്നുക്ക് ആറായിരംരൂപ വീതം കളക്ഷന്‍ ഉണ്ടായിരുന്നു...
കുമാരന്‍ അറിയാതെ അതെല്ലാം ഞങ്ങള്‍ പോക്കറ്റിലാക്കി..
പിറ്റേന്ന് കുമാരനുമായി ഞങ്ങള്‍ ഒന്നുകൂടി അടുത്തപ്പോള്‍ ഒരുകാര്യം തീര്‍ച്ചയായി. എവിടെയോ ചെറിയ പാളിച്ചകള്‍. അയാളുടെ മുഖത്ത് നോക്കുമ്പോഴും അയാളുമായി സംസാരിക്കുമ്പോഴും ഒരു അസ്വസ്ഥത ഞങ്ങളിൽ മുളപൊട്ടുവാന്‍ തുടങ്ങി.
അയാളുടെ മുന്‍നിരയിലെ രണ്ടുപല്ലുകള്‍ പുറത്തേയ്ക്ക് ഉന്തി ബീഭത്സമായി കറുത്തിരുന്നതായി കാണപ്പെട്ടു. കറുത്ത് ദ്രവിച്ച് തുളവീണ ആ പല്ലുകള്‍ പ്രദര്‍ശിപ്പിക്കാതെ കുമാരന് സംസാരിക്കാനാവില്ല...
സംസാരിക്കാതിരിക്കുന്നതെങ്ങനെ...?
അയാളുടെ ദര്‍ശനംതന്നെ അവജ്ഞയുളവാക്കി. അറപ്പോടും ചെടിപ്പോടും മാത്രമേ അയാളോട് സംസാരിക്കാന്‍ കഴിയൂ... ഉച്ചക്ക് ഉണ്ണാനിരിക്കുമ്പോള്‍ ആ പല്ലുകളെക്കുറിച്ച് സംസാരമുണ്ടായാ അത് പൊതുവേ മനംപുരട്ടലുകളുണ്ടാക്കി. ലതികയും ഞാനും ടോയ്ലറ്റി ഛര്‍ദ്ദിക്കുകയും ചെയ്തു.
കുമാരന്‍ പുറത്തുപോകുമ്പോള്‍ ഫയലുകളെല്ലാം മടക്കിവച്ച് ഞങ്ങള്‍ അയാളെക്കുറിച്ച് കുശുമ്പ് പറഞ്ഞു. കറുത്തതെങ്കിലും കുമാരന്‍ സുന്ദരനും ചെറുപ്പക്കാരനുമാണ്. അയാള്‍ക്കെങ്ങിനെ ഇത്തരം പുഴുപ്പല്ലുകള്‍ ഉണ്ടായി..?
കാണുന്നവര്‍ക്ക് അറപ്പുതോന്നുമെങ്കിലും സ്വന്തം പല്ലുകളുടെ വൈരൂപ്യത്തെക്കുറിച്ച് യാതൊരുവിധ അപകര്‍ഷതാബോധവും കുമാരനുണ്ടായിരുന്നില്ല.
അയാളുടെ വദനത്തിൽ എന്നും പ്രസന്നത കളിയാടുന്നുണ്ടായിരുന്നു. ചുണ്ടുകളിൽ സദാപുഞ്ചിരി. എല്ലാവരേയും നോക്കി ചിരിക്കും. ചോദ്യങ്ങളില്ലാതെ ഉത്തരങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും.
ദയവായി നിങ്ങള്‍ സംസാരിക്കാന്‍ വേണ്ടി ആ പല്ലുകള്‍ പ്രദര്‍ശിപ്പിക്കാതിരിക്കൂ എന്ന് ഞങ്ങളുടെ മനസ്സുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് യാചിച്ചുകൊണ്ടേയിരുന്നു.
കമ്മത്തു ഭവനിലെ ചായ അയാള്‍ കൊണ്ടു വന്നു തന്നാൽ ഞങ്ങള്‍ കുടിക്കാന്‍ മടിച്ചു തുടങ്ങി.
മിക്കവാറും ചായ അവിടെയിരുന്ന് തണുത്ത് ഈച്ചകള്‍ക്ക് തവാളമായതോടെ ഇടയ്ക്കിടയ്ക്കുള്ള ചായകുടി എല്ലാവരും വേണ്ടെന്ന് വച്ചു.
ഉത്തരാര്‍ത്ഥത്തിൽ ഞങ്ങളുടെ ചായകുടി മുട്ടി. പല ഫയലുകളും മാറ്റിവച്ചാലും കുമാരന്‍ അതെല്ലാം തപ്പിപ്പിടിച്ചു കൊണ്ടുവരും.
അനര്‍ഹരുടെ വിഹിതങ്ങള്‍ക്ക് ക്ഷാമമായി. ഒരു ചെമ്മരിയാടിനെപ്പോലെ ശാന്തനും സൗമ്യനുമായിരുന്നു ഞങ്ങളുടെ സൂപ്രണ്ട് ഇട്ടി അലക്സാണ്ടര്‍.
- ഞങ്ങള്‍ എന്തു പറഞ്ഞാലും കേള്‍ക്കും.
- കാണിച്ചു കൊടുക്കുന്നിടത്ത് ഒപ്പുവയ്ക്കും...
- ഞങ്ങള്‍ക്കും ഗുണകരം അദ്ദേഹത്തിനും...
എത്ര പെട്ടെന്നാണ് സൂപ്രണ്ടിന്‍റെ ഭാവമാറ്റം. അദ്ദേഹം രൂപാന്തരം പ്രാപിച്ച് ക്രൂരനായി മാറി... നിസ്സാരകാര്യത്തിന് പോലും അദ്ദേഹം ചൂടായി ഞങ്ങളുടെ നേരെ ചീറ്റുകയും അലറുകയും സിനിമകളിൽ കാണുന്നപോലെ ഫയലുകള്‍ കാറ്റി പറത്തുകയും ചെയ്തു.
തെളിനീരുപോലെ സ്വച്ഛമായിരുന്ന ഞങ്ങളുടെ മനോവ്യാപരങ്ങളിൽ വെറുപ്പും അമര്‍ഷവും ആകുലതയും ഞങ്ങളിൽ സ്ഥായിയായ ഭാവങ്ങളായി രൂപാന്തരം പൂണ്ടു.
പരസ്പരം കുറ്റപ്പെടുത്താനും പോരടിക്കാനും ഞങ്ങളിൽ ചിലര്‍ ഒരു മടിയും പിശുക്കും കാണിച്ചില്ല. പരദൂഷണങ്ങള്‍ പറയാനും പറഞ്ഞു ഫലിപ്പിക്കാനും ഞങ്ങള്‍ ശീലിച്ചു.
കുമാരന്‍ മാത്രം അതിലൊന്നും തലയിടാതെ തന്‍റേതായ ജോലിയനുഷ്ഠാനങ്ങള്‍ അണുവിട തെറ്റാതെ വളക്കാതെ അനുഷ്ഠിക്കാന്‍ നിപുണനായി.
പഴയതുപോലെ അങ്ങ് പോയാൽ മതിയായിരുന്നു. ആവശ്യമില്ലാത്ത ഒരു ദുരന്തം രണ്ട് കയ്യുംനീട്ടി ചുമലിലേറ്റു വാങ്ങിയ നീരസമായിരുന്നു എല്ലാവരുടെയും മനസ്സിൽ പുകഞ്ഞു നീറികൊണ്ടിരുന്നത്.
ആ പുകയ്ക്കുള്ളിൽ ഞങ്ങള്‍ക്ക് ശ്വാസംമുട്ടി. സമാധാനം നഷ്ടപ്പെട്ടതു മാത്രമല്ല രണ്ടറ്റവും കൂട്ടിമൂട്ടിക്കാനുള്ള തത്രപ്പാടിന്‍റെ അസാധാരണമായ മാനസിക പിരിമുറുക്കം ഞങ്ങളെ പീഡിപ്പിക്കുക കൂടിചെയ്തു. പരിതസ്ഥിതികളുടെ ശോചനീയാവസ്ഥയിലേയ്ക്ക് ദയനീയമായി ഞങ്ങള്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ കുമാരന്‍റെ അസാന്നിദ്ധ്യത്തിൽ ഒരു അടിയന്തിരയോഗം അയാള്‍ക്കെതിരെ കൂടുകയുണ്ടായി...
"നമുക്ക് കുമാരന് ട്രാന്‍സ്ഫര്‍ വാങ്ങിക്കൊടുക്കാം. എവിടെയെങ്കിലും പോയി തുലയട്ടെ.."
വളരെ നേരത്തെ ആലോചനയക്ക് ശേഷം അയാളെ മാറ്റണമെന്നോ ജോലിയി നിന്ന് പറഞ്ഞുവിടണമെന്നോ ഒക്കെ തീരുമാനങ്ങള്‍ ഉണ്ടായി.
കുമാരന്‍ ഒന്നും അറിഞ്ഞില്ല. അയാള്‍ എന്നും മുടങ്ങാതെ നേരത്തെ വന്നു. ഓഫീസിന്‍റെ നടത്തിപ്പിനുള്ള ഭാഗമായെന്നോണ്ണം കിറുകൃത്യമായി എല്ലാ പണികളും അന്നുതന്നെ ചെയ്തുതീര്‍ത്തു...
- എന്നെങ്കിലും ഒരു ദിനം അയാള്‍ വരാതിരുന്നെങ്കിൽ എന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. അതുണ്ടായില്ല. മനംപിരട്ടലുകളുടെയും ഛര്‍ദ്ദിയുടെയും ദിനങ്ങള്‍ ഉരുണ്ടുരുണ്ട് തട്ടീംമുട്ടീം വീണുകൊഴിഞ്ഞുകൊണ്ടിരുന്നു. ഹഡ്ഓഫീസിൽ നിന്ന് ഒരു മെമ്മോ വന്നു.
- കുമാരന് ട്രാന്‍സ്ഫറിന് യാതൊരു നിര്‍വ്വാഹവും ഇല്ല. മറ്റെല്ലാ ഓഫീസുകളിലും അങ്ങനെയൊരു ഒഴിവില്ല. അയാളെ കുത്തിത്തിരുകാനായുള്ള ഇടങ്ങള്‍ ഒരിടത്തും ഇല്ല. പ്രത്യേകിച്ചും കുമാരനെ...
- എന്തു ചെയ്യണമെന്നറിയാതെ ഹതാശരായി ഞങ്ങളുടെ മനസ്സുകള്‍ വിഷമവൃത്തത്തിൽ ശ്വാസംമുട്ടി. വന്നിട്ട് രണ്ടു മാസങ്ങളല്ലെ ആയുള്ളൂ.
താല്ക്കാലികനിയമനം. വേണമെങ്കിൽ പിരിച്ചുവിടാം. പ്യൂണ്‍ എന്ന തസ്തിക എടുത്തു കളയാം...
കുമാരന്‍ ഒരു പാവം സത്യസന്ധനായ മനുഷ്യനാണെന്ന് എല്ലാവര്‍ക്കും അറിയാം. അമ്മയുണ്ട്. ഭാര്യയുണ്ട്. രണ്ടുമക്കളും ഉണ്ട്. പോരാത്തതിന് അവിവാഹിതയായ സഹോദരിമാരും ഉണ്ട്.
- ഞങ്ങളിൽ ചിലര്‍ക്കുണ്ടായ സഹാനുഭൂതികളെല്ലാം കുമാരന്‍റെ മുന്‍നിരയിലെ പുഴുപ്പല്ലുകളുടെ ഭീദിതമായ ഓര്‍മ്മയിൽ അഗ്നിയിൽ വീണ ശലഭങ്ങളെപ്പോലെ കരിഞ്ഞു.
സഹാനുഭൂതി പോയിമറഞ്ഞു. അയാളെ ഉള്‍ക്കൊള്ളാന്‍ മറ്റ് ഓഫീസുകളിൽ ഒഴിവില്ലെന്നിരിക്കെ ഒരായുഷ്ക്കാലം മുഴുവന്‍ കുമാരനെ ഞങ്ങള്‍ സഹിക്കണമെന്നോ?
യ്യൊ.. അതുമാത്രം വയ്യാ.. വയ്യാ..
ങ്ങങ്ങള്‍ക്ക് വലുത് ഞങ്ങളുടെ നഷ്ടപ്പെട്ട സമാധാനമായിരുന്നു. കുട്ടായ്മയും..
- ഞങ്ങള്‍ കുമാരനെ കൈവെടിഞ്ഞു. അയാളെ കുരിശിൽ തറയ്ക്കാന്‍ തന്നെ തീരുമാനമായി.
- ശിലപോലെയുറച്ച തീരുമാനം.
അയാള്‍ക്കെതിരെ ഒരു മെമ്മോ ശരിയാക്കി..
പ്യൂണിനെ വേണമെന്ന് മുറവിളികുട്ടിയ അതേ നാവുകൊണ്ടു തന്നെ അങ്ങിനെയൊരു തസ്തികയുടെ ആര്‍ഭാടത്തെക്കുറിച്ചും പൊതുഖജനാവിന്‍റെ ആവശ്യമില്ലാത്ത ദുര്‍വ്യയത്തെക്കുറിച്ചും ആകുലപ്പെടുകയും ചെയ്തു.
കാത്തിരുന്ന ആ സുദിനം വന്നു ചേര്‍ന്നു.
ശമ്പളം കൊടുക്കുന്നതോടൊപ്പം വിടുതൽ മെമ്മോയും തയ്യാറാക്കിയിട്ടുണ്ടായിരുന്നു.
സൂപ്രണ്ടിന്‍റെ വിളിവന്നപ്പോള്‍ ക്യാബിനുള്ളിലേയ്ക്ക് ഉത്സാഹപൂര്‍വ്വം കയറിപ്പോകുന്ന കുമാരനെ ഞങ്ങള്‍ കണ്ടു.
ചേതനയറ്റ, അനിര്‍വ്വചനീയമായ ഒരു സ്തംഭനാവസ്ഥ... അയാളുടെ ഇനിയുള്ള മനോഗതം എന്തായിരിക്കും? സത്യാവസ്ഥ മനസ്സിലായിക്കഴിയുമ്പോള്‍ ഞങ്ങളുടെ നേരെ അയാള്‍ വിദ്വേഷം പ്രകടിപ്പിക്കില്ലേ...?
നിങ്ങളിത്ര മ്ലേച്ഛരാണോ ? നയവഞ്ചകരാണോ ? എന്നുള്ള ചോദ്യങ്ങള്‍... വിളിച്ചുണര്‍ത്തി ചോറില്ലെടൊ എന്നു പറയുന്ന ദുഷ്ടമനസ്സുകള്‍ നിങ്ങള്‍... എന്നൊക്കെ അയാള്‍ കരുതുന്നുണ്ടോ?..
കുമാരന്‍റെ ആകാശക്കോട്ടകളും സ്വപ്നമാളികകളും തകര്‍ന്ന് വീഴുന്ന ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടോ?.. അയാളുടെ കരച്ചി കേള്‍ക്കുന്നുണ്ടോ...
- കൊഴിയുന്ന കരിയിലകള്‍ കാറ്റിലെന്നപോലെ നിമിഷങ്ങള്‍ പാറിയകന്നു.
കുമാരന്‍ ക്യാബിന്‍റെ വാതിൽ തുറന്നിറങ്ങി വരുന്നു. വാതിലിന്‍റെ ഒരു ഞരക്കം പോലും ഞങ്ങളെ ഞെട്ടിച്ചു. തുറിച്ച കണ്ണുകളോടെ വാക്കുകള്‍ വിഴുങ്ങി. കൊത്തി വച്ച മരപ്പാവകള്‍ പോലെ ഞങ്ങള്‍ അത് കണ്ടു.
കുമാരന്‍റെ കൈയ്യിൽ ടെര്‍മിനേഷന്‍ ലെറ്റര്‍ ഉണ്ടായിരുന്നു. അയാള്‍ ഒന്ന് നിവര്‍ന്ന് നിന്ന് ഞങ്ങളെ നോക്കി. ഏതോ ഉള്‍പ്രേരണയാലെന്നവണ്ണം ഞങ്ങള്‍ ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റുപോയി.. അറിയാതെ..
കണ്ണുകള്‍ പരസ്പരം കൊരുത്തിട്ടു...
ഒരുകാര്യം തീര്‍ച്ചയായി.
കുമാരന് ഞങ്ങള്‍ പ്രതീക്ഷിച്ചപോലെ ദുഃഖമോ പരിഭ്രമമോ ഒന്നും ഇല്ല.
...കുമാരനും ഞങ്ങള്‍ക്കുമിടയിലെ നിശബ്ദത അസഹ്യമായിരുന്നു. കുമാരന്‍ വലിയ സന്തോഷത്തിൽ .
"എന്‍റെ ശമ്പളം കിട്ടി... ഇവിടത്തെ പണിയും തീര്‍ന്നു..."
എന്നിട്ടയാള്‍ അവസാനമായെന്നോണ്ണം ഞങ്ങളെ ഓരോരുത്തരെയും നോക്കി. പിന്നെ ഒന്ന് ചിരിച്ചു.
"ഓ.. ദൈവമേ.. എന്‍റെ ദൈവമേ.."
ഓര്‍ക്കാപ്പുറത്ത് മിന്നിയതുപോലെ ഒരു കൊള്ളിയാന്‍ എല്ലാ ഹൃദയങ്ങളെയും കീറിമുറിച്ചുകൊണ്ട് കടന്നുപോയി......
കുമാരന്റെ മുൻവശത്തെ കറുത്ത പല്ലുകൾ മാറ്റി പകരം സ്വർണ്ണം കൊണ്ടുള്ള പല്ലുകൾ പിടിപ്പിച്ചിരിക്കുന്നു.
എന്തൊരു ഭംഗീ ...
'ഇതെപ്പോ ? ഇതെങ്ങനെ?
ആ സ്വർണ്ണപ്പല്ലുകളുടെ തിളക്കമേറ്റ് ഞങ്ങളുടെ മുഖങ്ങൾ മങ്ങിപ്പോയി.
കണ്ണകൾ മഞ്ഞളിച്ചു .
കുമാരൻ ചിരിച്ച് കൊണ്ട് പുറത്തെ തിരക്കിൽ മറഞ്ഞു.
യാത്രമൊഴികളില്ലാതെ .
അത്ഭുതത്തോടെ ആശ്വാസത്തോടെ ഞങ്ങൾ പരസ്പരം നോക്കി ചിരിക്കാൻ ശ്രമിച്ചു.. ..
പെട്ടെന്ന് ഓരോരുത്തരും വലിയ നിലവിളികളോടെ സ്വന്തം ഫയലുകൾക്കുള്ളിലേക്ക് മുഖം പൂഴ്ത്തി ഒളിച്ചു.
ഞങ്ങളുടെ എല്ലാ പല്ലുകളും കറുത്ത് ദ്രവിച്ചു
അതിഭീഭാൽസകമായിരുക്കുന്നു ......