Archives / july 2021

അർച്ചന എസ് നാഷണൽ ഇൻസ്റ്ററിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഭുവനേശ്വർ
യുദ്ധവും ഭൂമിയും

 

തിരശീല താഴും പൂർവ്വം

അരങ്ങൊഴിഞ്ഞ അഭിനേത്രിതൻ

ലോചനമതിൽ നിന്നു

കരിമഷിയപഹരിപ്പൂ, 

ചോരച്ചാൽ നീലിച്ച കയ്യിലെ

വെളുത്ത തൂവാല.

യുദ്ധം കൊയ്ത 

ശിരസ്സുകളിൽ ചിലതിൻ, 

ഉടൽ പേറും നിഴലുകൾ 

കണ്ണീർ കലം പുകഞ്ഞെരിയുന്നു. 

ഏന്തിയ കൊടികളിനിഴകൾ 

തെരുവിൽ ചേതനയറ്റ് ഉറങ്ങുന്നു. 

പണ്ടെന്നോ മുറവിളിയോതിയ 

ക്യാമറ മൈക്കുകൾ 

കാഴ്ചകൾ മങ്ങി 

പിടഞ്ഞിഴയുന്നു. 

ഭിക്ഷാപാത്രവുമേന്തി തെരുവിൽ 

അരചർ അയനം തുടരുന്നു 

കാലം പായുന്നു, 

കാലചക്രം തിരിയുന്നു 

സ്നേഹപാഠങ്ങൾ താളുകളിൽ 

ചിതൽ തീറ്റയായൊടുങ്ങുന്നു. 

നിണമൊഴുകിയീ മണ്ണൊരു 

രണഭൂവാകുന്നു 

അതിർവരമ്പുകളറിയാ 

പറവകൾ തൻ ചിറകുകൾ

പുഞ്ചിരിഗാനം പാടുന്നു.

കണ്ണുകൾ കാതുകൾ 

കൊട്ടിയടച്ചീ മാനവർ, 

ചിന്തകൾ ചിതയിലെരിക്കുന്നു. 

ഒടുങ്ങിടട്ടെ ഒന്നടങ്കം, 

മാനുഷ കുലമത് പിന്നെ, 

യുദ്ധവും ക്രൂരമനോഗതിയും. 

മനുഷ്യരില്ലാ ഭൂമിയത് 

ശാന്തി വിളങ്ങും പറുദീസ....

 

 

 

Share :