കൊവിഡ് കാലത്തു കുട്ടികളിലെ മാനസികാരോഗ്യം
കൊവിഡ് 19 ഏതെല്ലാം തലങ്ങളിലാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് എന്നറിയാൻ വിപുലമായ പഠനം തന്നെ വേണ്ടിയിരിക്കുന്നു. സാമ്പത്തികം, ആരോഗ്യം, വിദ്യാഭ്യാസം, ക്രമസമാധാനം , കാർഷികം അങ്ങനെ ഓരോ വിഷയങ്ങളെടുത്ത് ചർച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു. 2019 ഡിസംബറിൽ ഓരോ രാജ്യങ്ങളിൽ അധിനിവേശം തുടങ്ങിയ നൊവൽ കൊറോണ വൈറസ് ലോകത്തിൻ്റെ താളം തെറ്റിച്ചു മുന്നോട്ടു പോകുമ്പോൾ ആ യാത്ര എട്ടാം മാസം ആകുന്നു. ഈ പ്രതിസന്ധി ഇനിയും എത്ര നാൾ എന്ന ചോദ്യത്തിനു ഉത്തരം പറയാൻ എത്ര നാൾ വേണ്ടിവരും ?
ദാരിദ്ര്യം, പട്ടിണി ഇവ അഭിമുഖീകരിക്കേണ്ടി വരുമെന്നുള്ളതാണ് ലോകം നേരിടാൻ പോകുന്ന യഥാർത്ഥ പ്രശ്നം. എങ്കിലും മറ്റൊരു വിഷയം കാണാതെ പോകരുതല്ലോ ? കുട്ടികളിലെ ആത്മഹത്യാ പ്രേരണ. സ്കൂൾ കുട്ടികൾക്ക് കഴിഞ്ഞ മാർച്ച് 23 മുതൽ അവധിക്കാലമാണ്. പണ്ടുള്ള ഏപ്രിൽ ,മെയ് മാസത്തെ അവധിക്കു സമാനമല്ല ഇപ്പോഴുള്ള അവധി. മുൻ കാലങ്ങളിലെ അവധി കുട്ടികൾക്ക് ആഘോഷമാണ്. ബന്ധുവീടുകളിലേക്കും സുഹൃത്തുക്കളുടെ വീടുകളിലേക്കുമുള്ള യാത്ര, സിനിമ തിയേറ്ററിലേക്കും വിനോദയാത്രയും ഒക്കെ ആവുമ്പോൾ അവധിക്കാലം കഴിയരുതേ എന്ന ആഗ്രഹം . എന്നാൽ അതല്ല ഇപ്പോൾ കുട്ടികൾ ആഗ്രഹിക്കുന്നത്. കൊവിഡ് 19 ൻ്റെ പ്രതിരോധത്തിൽ വീടുകളിൽ ഇരുന്നു മടുത്തു. കുട്ടികൾ മാത്രമല്ല മുതിർന്നവരും. പക്ഷെ, മുതിർന്നവർ സാഹചര്യം മനസ്സിലാക്കിയെ പറ്റു. കുട്ടികൾ അങ്ങനെ സാഹചര്യങ്ങൾ മനസ്സിലാക്കാനുള്ള പക്വത കൈവരിച്ചവർ ആകണമെന്നില്ല.
ലോകത്ത് 160 കോടി കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി കിടക്കുന്നുവെന്ന് യുനസ്കോ കണക്ക് വയ്ക്കുന്നു. കേരളത്തിൽ സ്കൂൾ തലത്തിൽ ഓൺലൈൻ ക്ലാസ് നടക്കുന്നുണ്ട്. അതിൽ കുട്ടികൾ തൃപ്തരാണോ ? ആവണമെന്നില്ല. കൂട്ടുകാരെ കണ്ടും തമാശ പറഞ്ഞും ഓടി ചാടിയും നടക്കുന്ന കുട്ടികൾ ടി വി യുടെയോ മൊബൈൽ ഫോണിൻ്റെയോ മുന്നിൽ ഇരിക്കണം. ഈ പഠന രീതിയോട് പൊരുത്തപ്പെടാൻ കുട്ടികൾക്ക് കഴിയുന്നുണ്ടോ ? കുട്ടികളെ വീട്ടുകാർക്ക് വേണ്ടത്ര നിരീക്ഷിക്കാൻ സാധിക്കുന്നുണ്ടോ ? കേരളത്തെ സംബന്ധിച്ച് ഈ ചോദ്യങ്ങൾ മണ്ടത്തരമാണ്. കേരളം എന്നത് അണുകുടുംബ സമ്പ്രദായമാമാണ്. കൂട്ടുകുടുംബത്തിൽ നിന്നും വിസ്ഫോടനമുണ്ടായി അണുകുടുംബങ്ങളായി മാറി. ഒരു വീടിൻ്റെ മുഴുവൻ ഉത്തരവാദിത്വവും പേറി മാതാപിതാക്കൾ ജോലിയും വീടുമായി സമയം തികയാതെ വരുമ്പോൾ കുട്ടികളെ എത്ര നേരം ശ്രദ്ധിക്കാൻ.
ഓൺലൈൻ ക്ലാസിൻ്റെ ഭാഗമായി കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോഴും മൊബൈൽ ഫോണിൻ്റെ ഉപയോഗത്തിൻ്റെ അപകടത്തെ കുറിച്ച് മാതാപിതാക്കൾ ആശങ്കയിലാണ്. മൊബൈൽ ഫോൺ ഗെയിമിലെ അപകടത്തിൽപ്പെടുമോ, വാട്സാപ്പ് - ഫെയ്സ് ബുക്ക് വഴിയുള്ള ഉപയോഗത്തിൽ അശ്രദ്ധയിൽ ചതിക്കുഴിയിൽപ്പെടുമോ എന്നൊക്കെയുള്ള ഭീതിയിലാണ് മാതാപിതാക്കളിൽ പലരും.
ഈ സാഹചര്യം ഗൗരവമായി ചർച്ച ചെയ്യപ്പെടാൻ കാരണം മാർച്ച് 25 മുതൽ 18 വയസിൽ താഴെയുള്ള 66 കുട്ടികൾ ആത്മഹത്യ ചെയ്തു എന്ന വേദനാജനകമായ സംഭവം കേരളത്തിൽ ഉണ്ടായതു കൊണ്ടാണ്. നിസാര വിഷയങ്ങളിൽ പോലും കുട്ടികൾ പിണങ്ങുകയും വീട് വിട്ടു പോവുകയും ചില കുട്ടികൾ ആത്മഹത്യാശ്രമം നടത്തുകയും ചെയ്യുന്നു. തൊട്ടാവാടി കണക്കെ കുട്ടികൾ ചെറിയ കാര്യങ്ങളിൽ പോലും വാടിത്തളരുന്നു. മാതാപിതാക്കൾ മക്കൾക്കായി ജീവിക്കുന്ന ഒരു നാട്ടിലാണ് ഇതു സംഭവിക്കുന്നത് . കുട്ടികളുടെ ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെ വിഷയങ്ങളിൽ അതീവ ഉത്കണ്ഠ പുലർത്തുന്ന മാതാപിതാക്കൾ ഉളള ഒരു സംസ്ഥാനമാണ് കേരളം. അവിടെയാണ് നാല് മാസത്തിനുള്ളിൽ 66 കുട്ടികൾ ആത്മഹത്യ ചെയ്തത്.
ചില വീടുകളിൽ കുട്ടികൾ ദുഃഖം അനുഭവിക്കുന്നുണ്ടെന്ന് പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ നമ്മൾ അറിയുന്നു.. രണ്ടാനച്ഛൻ പീഡിപ്പിച്ച കുട്ടിയുടെയും രണ്ടാനമ്മ മർദ്ദിച്ച കുട്ടിയുടെയും വാർത്തയും ഇക്കൂട്ടത്തിൽ ഉൾപ്പെടുത്താതെ പോകാൻ പറ്റില്ല. അവർ കുട്ടികളെ സ്നേഹിക്കുന്നവരുടെ പട്ടികയിൽപ്പെട്ടവരല്ല.
കുട്ടികളെ വളർത്തുന്നതിൽ ഒരു പഴമൊഴിയുണ്ട്. ഒന്നേയുള്ളുവെങ്കിൽ ഉലയ്ക്കയ്ക്കടിച്ചു വളർത്തണം എന്ന പഴമൊഴി പുതുകാലത്ത് യോജിക്കുമോ ? ഉലക്ക പോയിട്ട് ഈർക്കിലിനെങ്കിലും അടിച്ചാൽ കഥ മാറും. പഴമൊഴിയുടെ അടിസ്ഥാനത്തിൽ നമ്മൾ ഒന്നു ചിന്തിച്ചു നോക്കു. കുറെ വർഷങ്ങൾ പുറകോട്ടു സഞ്ചരിക്കു. സ്കൂളുകളിൽ ഡസ്കിനു മുകളിൽ നീളമുള്ള ഒരു ചൂരൽ വടി ഉണ്ടാവും. ആ വടിയെടുത്ത് സാറൊന്ന് വീശിയാൽ അക്കാലത്തെ കുട്ടികൾ ഭയബഹുമാനത്തോടു കൂടി അടങ്ങിയൊതുങ്ങിയിരിക്കും. ഇന്നോ ?
ഇന്നത്തെ കുട്ടികൾക്ക് മാതാപിതാക്കളോടുള്ള സമീപനം എങ്ങനെയാണ് ? കാലം മാറിയതിൻ്റെ രീതി ചർച്ച ചെയ്യപ്പെടാമോ ? അറിയില്ല. ചൊല്ലിക്കൊട്, നുള്ളിക്കൊട്, തല്ലിക്കൊട് എന്ന കാലം മാറിയെന്ന് പറയണ്ടല്ലോ. ആ വിഷയം അവിടെ നിൽക്കട്ട്.
കുട്ടികൾ നാളെയുടെ വാഗ്ദാനമാണ്. അവർക്ക് സുരക്ഷിതത്വബോധമുണ്ടാവണം. മാറിയ സാഹചര്യങ്ങളെ ഉൾക്കൊള്ളാൻ പ്രാപ്തരാവണം. അതിന് കുട്ടികളിലെ ആശങ്ക പരിഹരിക്കാനുള്ള മാർഗ്ഗം കൗൺസിലിംഗ് അനിവാര്യമാണ്. ഒരു സ്കൂളിൽ ഒരു കൗൺസിലിംഗ് വിദഗ്ധൻ എന്ന നിലയിൽ സർക്കാർ ഇടപെടണം. കുട്ടികൾക്ക് മാനസ്സികാരോഗ്യത്തിന് പുതിയ പദ്ധതികൾ സത്വരമാവണം.
കമൻ്റ്: ബാല്യത്തിൽ പാറി പറന്നും കൗമാരത്തിൽ കൂട്ടുകൂടിയും യൗവ്വനത്തിൽ ചീറി പാഞ്ഞും വാർദ്ധക്യത്തിൽ സ്വപ്‌നങ്ങൾ അയവിറക്കിയും ജീവിക്കുന്ന കാലം. ഇതിനെല്ലാം വിലങ്ങായി കൊവിഡ് 19 നിന്നാൽ ലോകം ഭ്രാന്താലയമാകും.