Archives / july2020

ഡോ. സജിത ജാസ്മിൻ.
സഹയാത്രികൻ      

                 
ജീവിതം എവ്വിധം..
എന്നതറിഞ്ഞുവോ?
ജീവവായു ശ്വസിച്ച്
ഉയിർക്കൊണ്ട നാൾ
ജീവപഥത്തിൽ ഇടവലം
തെറ്റാതോടാൻ
കാംക്ഷിച്ചെന്നാലും
ജീവിച്ചു തീർപ്പോർ നമ്മൾ
ഛിന്നാഭിന്നമായി ജീവിതം
പിറവിയൊരു മഹാസത്യം-
എങ്കിലുമുള്ളിലെപ്പിറവിയിൽ-
അസത്യങ്ങളില്ലേ??
പരിലാളിച്ചു പ്രണയിച്ചു-
മേദിനിയിൽ മേവേണ്ടോർ
പോരിന്നായ് മാത്രം
വാഴുന്നതു ഹാ! കഷ്ടം!
പഞ്ചേന്ദ്രിയ സുഖ-
സാഗരേ മുങ്ങിപ്പൊങ്ങി
പഞ്ഞമില്ലാതാസ്വദിച്ച്-
ഉന്മത്തരാകുമ്പോഴും
പാപം എന്നറിയേണ്ട-
അറിയേണ്ടതൊന്നേയൊന്ന്!
പാവം സഹചരൻ തന്നുടെ
മനോഗതം മാത്രം!
പതിയെ പദം വച്ചും
ഓടിയും തളർന്നിട്ടും
പറക്കാൻ വെമ്പുന്ന മനമേ
അറിയുമോ നിനക്ക്?
ഞരങ്ങി നീങ്ങുന്നപരന്റെ
കൈക്കു പിടിച്ച്
ഒപ്പം നടത്തുവാൻ
പാർശ്വപഥത്തിലും 
മുൻപിൻപുമായി
ഗമിക്കും സഞ്ചാരികൾ
ഏറെ എന്നാലും
അറിയുമോ നിനക്ക്?
സഹയാത്രികൻ തന്നുടെ
അടങ്ങാത്ത നൊമ്പരവും
ആളിക്കത്തും ദുഃഖവും

"ലക്ഷ്യം കാംക്ഷിച്ച്-
ഓടുന്നലക്ഷ്യമായി
ലക്ഷ്യത്തിലെത്താതെ
എത്തിയെവിടെയോ!
വേഷപ്പകർച്ചകൾക്ക്-
പൂർണ വിരാമമായി
ലക്ഷ്യത്തിനൊപ്പം പറന്നു
എന്റെ മനസു മാത്രം…"

കരളിലെ കനലുകൾ
നന്നായ് വിഴുങ്ങാൻ
നന്നേയഭ്യസിച്ചാൽ നന്ന്
ജനിച്ചാൽ മരണം
സുനിശ്ചിതം എന്നതും
നന്നായ് ഗ്രഹിച്ചാലതും നന്ന്..
   

Share :