Archives / july2020

ആശ അഭിലാഷ്
മഴത്തോന്നലുകൾ..

മഴ തന്ന പുതുമണ്ണിൻ
ചുടുഗന്ധം നുകരുമ്പോൾ
ആദ്യമഴ തന്നെ ഇനിയും
മതിയെന്ന തോന്നൽ..
കുളിരുള്ള തുള്ളികൾ
കൈക്കുമ്പിളിൽ ഏകി.
കുടയെന്ന ചിന്തകൾ
മറന്നെന്ന തോന്നൽ..
തണുപ്പുള്ള രാത്രിയിൽ ഇരുട്ടിനെ പ്രണയിക്കാൻ
മഴയിരമ്പം കാതിൻ
പാട്ടെന്ന തോന്നൽ..
ഇടിയിളക്കം കുലുക്കി-
യുണർത്തിയെൻ
നനവുള്ള സ്വപ്നങ്ങൾ
മുറിഞ്ഞെന്ന തോന്നൽ.
വെള്ളക്കുതിച്ചിൽ
മണ്ണിടിച്ചിട്ടെൻ്റെ മൺവീടിൻ തിണ്ണയിൽ തേങ്ങിടും തോന്നൽ
കുഞ്ഞുമനസ്സിന്
അവധിതൻ ആരവം
ഇനിയുമെന്നും തോരാ-
മഴ വേണമെന്ന തോന്നൽ.
ചിതറിയ സ്വപ്നവലയിലൂ-
ടൂറുന്ന കുടിലിലെ കണ്ണീർ
ഒലിച്ചലിഞ്ഞില്ലാതെയായ
മഴ കനത്തെന്ന തോന്നൽ.
തോളുരുമ്മി നനഞ്ഞ
മുടിത്തുമ്പിൽ ഉതിരുന്ന
പ്രണയം കുടക്കീഴിൽ
നൂൽചിത്രമെന്ന തോന്നൽ
തോന്നിച്ചതൊന്നും
തോന്നലല്ലെന്നുള്ളത്
മഴയിളക്കം കഴിഞ്ഞ്
തോന്നും തോന്നലത്റേ..
 

Share :