Archives / july 2021

മാങ്ങാട് രത്നാകരൻ
രണ്ടു തമാശക്കഥകൾ

വാക്കും വാപ്പയും തമ്മിൽ എന്താണ് ബന്ധം ?( വാപ്പ എന്താണെന്നു മനസ്സിലാക്കാതെ പോകേണ്ട ,ബാപ്പ. മുസ്ലീങ്ങൾ പൊതുവേ പിതാവിനെ വിളിക്കുന്ന വാക്ക്)
     ആദ്യമേ ഒരു 'മാപ്പിളത്തമാശ' കേട്ടോളൂ. അതേ പേരിൽ, എന്റെ പ്രിയസുഹൃത്തുകൂടിയായ എം.എൻ.കാരശ്ശേരി എഴുതിയ ലേഖനത്തിൽ നിന്ന്:
     പുകയിലക്കച്ചവടക്കാരൻ അഹമ്മദുകുട്ടിയോട് , ഏറ്റമാതിരി കോഴിക്കോട്ടെ ഒരു കച്ചവടക്കാരൻ പണം എത്തിച്ചുകൊടുത്തില്ല. പിറ്റേന്നുരാവിലെ അയാൾ കോഴിക്കോട്ടുചെന്ന് കച്ചവടക്കാരന് ഫോൺ ചെയ്തു. അപ്പുറത്ത് എടുത്ത ഉടനെ കക്ഷി തുടങ്ങി:

"ഹമ്ക്കേ അനക്ക് എത്ര ബാപ്പയാണ് ? പറഞ്ഞ ബാക്കിന് ഒരു വ്യവസ്ത ബേണ്ടേ ?"
മറുവശത്തുനിന്ന്:
" ഇതെവിടെനിന്നാണെന്നു മനസ്സിലായോ? സർക്കിൾ ഇൻസ്പെക്ടറുടെ വീട്ടിൽ നിന്നാണ് ."
ഉടനെ അഹമ്മദ്കുട്ടി:
"ഇദെവ്ട്ന്നാണ് മനസ്സിലായോ? "
"ഇല്ല"
"പടച്ചോൻ കാത്തു" എന്നുപറഞ്ഞ് അഹമ്മദ് കുട്ടി ഫോൺവെച്ച് ഓടിക്കളഞ്ഞു.
 ഏതായാലും ,ഉമ്മ പോലെ നിശ്ചിതമല്ല വാപ്പ .എന്നാലും  ഉമ്മയെപ്പോലെതന്നെ നിശ്ചിതമായാലേ വാപ്പ വാപ്പയാകു. അതകൊണ്ടാണ് 'അനക്കെത്ര വാപ്പയാ ?' എന്നു ചോദിക്കുന്നത് . "അനക്കെത്ര ഉമ്മയാ?" എന്ന് ഭൂമുഖത്താരും ചോദിക്കില്ലല്ലോ .

അപ്പോൾ , വാക്ക് വാപ്പയാണ് . അത് മാറിയാൽ ഗുലുമാലാകും

വാക്കും വാപ്പയും മുസ്ലീം സമുദായത്തിൽ എങ്ങനെ ഒത്തുചേർന്നു ? പരമ്പരാഗതമായി പൊതുവേ കച്ചവടമാണ് മുസ്ലീങ്ങളുടെ തൊഴിൽ . അറബ് നാടുകളിൽ നിന്ന് നൂറ്റാണ്ടുകൾമുമ്പ് ആളുകൾ കടൽത്താണ്ടിവന്നത് വ്യാപാരത്തിനാണ്. അവർ വന്ന കടലിന് അറബിക്കടൽ എന്നു പേരു വരുന്നിടത്തോളം സജീവമായിരുന്നു ആ യാത്രകൾ. പിന്നീട് പല കടലുകൾ താണ്ടി പോർച്ചുഗീസുകാർ വന്നപ്പോൾ അവരുടെ കൺകണ്ട ശത്രുക്കൾ അറേബ്യൻ വ്യാപാരികളും 'മാർക്കം കൂടിയ' മുസ്ലീങ്ങളുമായത് സ്വാഭാവികം. കച്ചവടത്തെയും കടന്ന് കടത്തികൊണ്ടുപോകലായിരുന്നു പോർച്ചുഗീസുകാരുടെ 'വിനോദം'

   കച്ചവടത്തിൽ, വാക്കാണ് മാറിക്കുടാത്തത് . വാക്കു മാറിയാൽ കച്ചവടം എപ്പോൾ പൊളിഞ്ഞെന്നു ചോദിച്ചാൽ മതി. അപ്പോൾ വാപ്പ വഴിക്ക് ഉമ്മയുടെ ചാരിത്ര്യം തന്നെ ചോദ്യം ചെയ്തെന്നുവരും :  "അനക്കെത്ര വാപ്പയാണ്?"

ഒരു മാപ്പിളത്തമാശയിൽ  നിന്നാണല്ലോ നമ്മൾ തുടങ്ങിയത്. മറ്റൊരു മാപ്പിളത്തമാശയിൽ കച്ചവടവുമായി ബന്ധപ്പെട്ട തമാശയിൽ ,അവസാനിപ്പിച്ചേക്കാം.
     ധനാഢ്യനും വയോധികനുമായ ഒരു ഹാജ്യാര്  തീവണ്ടിയിൽ എ.സി. കോച്ചിൽ സഞ്ചരിക്കുന്നു.   തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോവുകയാണ് . ഹാജ്യാര് കിത്താബ്, ഹാജ്യരുടെ ഒരേയൊരു കിത്താബ്,  ഖുർആൻ വായിക്കുകയാണ്.
       തീവണ്ടി എറണാകുളം സ്റ്റേഷനിൽ നിന്നപ്പോൾ സുന്ദരനായ ഒരു ചെറുപ്പക്കാരനെ വലിയൊരു ആരാധക സംഘം അനുഗമിച്ച് ഹാജ്യാരുടെ സീറ്റിന്റെ എതിർവശത്തിരുത്തി. കൈകൊടുത്തും കൈമുത്തിയും ആരാധകസംഘം യാത്ര പറഞ്ഞുപോയി.
        ഹാജ്യാര് ഒളികണ്ണിട്ടു നോക്കി. കണ്ടാൽ തരക്കേടില്ലാത്ത ഒരു ചെറുപ്പക്കാരൻ. കംപാർട്ട്മെന്റിലെ സ്ത്രീകളും വിശ്വാസം വരാതെ അയാളെ നോക്കുന്നു. വണ്ടി നീങ്ങിത്തുടങ്ങി. ഹാജ്യാരും  ചെറുപ്പക്കാരനും മാത്രമായി. ചെറുപ്പക്കാരൻ ഹാജ്യാരെ നോക്കി പുഞ്ചിരിച്ചു.
 "എന്താ പേര്?" ഹാജ്യാര് ചോദിച്ചു.
"അബ്ദുൾഖാദർ" ചെറുപ്പക്കാരൻ പറഞ്ഞു .
"രാജ്യം"
"ചിറയിൻകീഴ്"
"എന്താ കച്ചോടം ?" ഹാജ്യാര് ചോദിച്ചു .
"ഏയ്, അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല."താൻ ആരാണെന്ന് ഹാജ്യാർക്ക് മനസ്സിലായിട്ടില്ലല്ലോ എന്ന സന്തോഷത്താൽ ചെറുപ്പക്കാരൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു.
   ഈ ചെറുപ്പക്കാരൻ ആരാണെന്ന് വായനക്കാരും ആളുകളും ഉള്ളിൽ ചോദിക്കുന്നുണ്ടാകണം. 'പരിണാമഗുസ്തി'ക്കു നിൽക്കാതെ പറഞ്ഞേക്കാം: പ്രേംനസീർ !
    തമാശക്കഥയാണല്ലോ . 'തമാശ' അറബിയിൽ നിന്നു വന്ന വാക്കാണെന്നു കൂടി ഓർക്കണേ !

Share :