Archives / july2020

  ഡോ.നീസാ. കൊല്ലം
ഇന്നിന്റെ നേർകാഴ്ചകൾ

മഴ തകര്‍ത്ത് പെയ്യാൻ തുടങ്ങിയിട്ട് കുറെ നേരമായി.  ഇനിയും മൂന്ന്  രോഗികൾ കൂടി  ടോക്കൺ എടുത്തിരുപ്പുണ്ട്. വല്ലാത്ത ക്ഷീണം തോന്നുന്നു. കണ്ണു തുറന്നിരിക്കാൻ കഴിയുന്നില്ല. താനേ അടഞ്ഞു പോകുന്നു. ഒരു കട്ടൻ ചായ കുടിച്ചാൽ കൊള്ളാമെന്നു തോന്നി. സഹായിക്കാൻ നില്ക്കുന്ന അമ്മാവനോട് കട്ടന്റെ കാര്യം ഏർപ്പാട് ചെയ്തിട്ട് അടുത്ത രോഗിയെ വിളിച്ചു.
 
 ഒരാളെ പരിശോധിക്കാൻ കുറെയേറെ നേരം വേണ്ടി വരുന്നു. അതിന് പരിശോധന മാത്രമല്ലല്ലോ. നടുവേദനയെന്നായിരിക്കും തുടക്കം. എന്നിട്ട്  രാവിലെ മുതൽ വീട്ടിൽ നടന്ന എല്ലാ വിശേഷങ്ങളും പറഞ്ഞു തീർത്താലെ സന്തോഷമാകു.   എല്ലാം വളരെ ക്ഷമയോടെയിരുന്ന് കേൾക്കും. പലപ്പോഴും തോന്നാറുണ്ട് ഇവർക്കെല്ലാം മനസ്സൊന്നു തുറന്ന്, വിഷമങ്ങൾ മുഴുവൻ പറഞ്ഞു തീരുമ്പോൾ ശരീരത്തിന്റെ വേദനയും  ഒരു പരിധി  വരെ കുറയുന്നുവെന്ന്.

അടുത്തത് ഒരമ്മയും കൂടെ കൊച്ചു മകനുമായിരുന്നു കയറി വന്നത്. മഴ കാരണം രണ്ടു പേരുടെയും വസ്ത്രങ്ങളാകെ നനഞ്ഞ് വെള്ളം ഇറ്റു വീഴ്ന്നുണ്ടായിരുന്നു. പാറിപ്പറന്ന മുടിയും, കുഴിഞ്ഞ കണ്ണുകളും അവശത വിളിച്ചോതുന്ന ചലനങ്ങളുമായി ആ അമ്മ അടുത്തുള്ള കസേരയിൽ വന്നിരുന്നു.  രാത്രിയിൽ വന്നതിന്റെ കാരണം പറഞ്ഞ്  തുടങ്ങിയപ്പോഴേക്കും പുറത്ത് കുറെ പേരുടെ ഒരുമിച്ചുള്ള വർത്തമാനവും, ദേഷ്യവും, ബഹളവും ഇടയ്ക്ക് നേരിയ ഞരങ്ങലും കേൾക്കാൻ തുടങ്ങി.  

വാതിൽ ചാരിയിരുന്നെങ്കിലും ചില വാക്കുകൾ അവ്യക്തമായി  കേൾക്കാമായിരുന്നു.

" കൊച്ഛച്ഛൻ പോലും കൊച്ഛച്ഛൻ"

"കാമഭ്രാന്ത് അല്ലാതെന്താ"

പെട്ടെന്ന് ഒരാൾ  അനുവാദം ചോദിക്കാതെ വാതിൽ ശക്തിയായി തള്ളി തുറന്ന് അകത്തു കയറി.  " ഡോക്ടർ അത്യാവശ്യമായി ഒരു കുട്ടിയെ നോക്കണം"
പറഞ്ഞു തീരുന്നതിനു മുമ്പേ മൂന്നാലു തടിയന്മാർ കൂടെ  ഒരേകദേശം പത്ത് പതിനാല് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയുമായി അകത്തുകയറി. ആ കുട്ടിയുടെ    മുഖമാകെ നഖം വെച്ച്  മാന്തിയ പോലെ അള്ളി കീറിയിരിന്നു. കഴുത്തിലും നീളത്തിൽ ചോരപൊടിഞ്ഞിരിക്കുന്നു. ഇട്ടിരുന്ന ബ്ളൗസ്സും അവിടവിടെ കീറിയിരിക്കുന്നു. പാവാടയിൽ അവിടവിടെ രക്തക്കറകൾ. എണീറ്റു നില്ക്കാൻ പോലും ശക്തിയില്ലാത്ത അതിനെ രണ്ടു പേർ ഇരുവശവും പിടിച്ചിട്ടുണ്ട്. കണ്ണീരൊലിച്ചു വരുന്നതിനോടൊപ്പം ഇടക്കിടെ ഏങ്ങുന്നുമുണ്ട്.   കൂടെ സ്ത്രീകളാരേയും കണ്ടില്ല.
എന്തു ചെയ്യണമെന്നറിയാതെ അവിടെ നേരത്തെയിരുന്ന അമ്മയെ നോക്കിയപ്പോൾ അവരുടെ മുഖത്ത് ദയീനീയതയോ സഹതാപമോ, രണ്ടും കലർന്ന ഒരു വികാരഭാവം കാണാൻ കഴിഞ്ഞു.

ഡോക്ടർ ആ കുട്ടിയെ പരിശോധിക്കൂ; ഞാൻ പുറത്തിരിക്കാമെന്ന്  മൊഴിഞ്ഞ് അവർ വാതിൽ തുറന്നിറങ്ങി.   
ഇതെല്ലാം നോക്കി  രണ്ടു നിമിഷം പകച്ചിരുന്നിട്ട് സാവധാനം കസേരയിൽ നിന്നും എഴുന്നേറ്റു. അപ്പോഴേക്കും സഹായി അമ്മാവൻ ഓടിക്കിതച്ചെത്തി. 

" ഞാൻ ഇപ്പോൾ ഇവിടുന്നങ്ങോട്ട് പോയതല്ലേയുള്ളു. നിങ്ങൾ എല്ലാരും കൂടി ഇങ്ങനെ മുറിയിൽ നില്ക്കുന്നതെന്തിനാണ്?

 അമ്മാവൻ തന്റെ സ്ഥിരം പ്രയോഗം പുറത്തെടുത്തു. ആരും അനങ്ങുന്ന ലക്ഷണമില്ല.
" ആ  കുട്ടിയെ അവിടെയിരുത്തിയിട്ട് ഒരാൾ മാത്രം ഇവിടെ നില്ക്കൂ; ബാക്കിയുള്ളവർക്ക് പുറത്ത് കസേരയിൽ ഇരിക്കാമല്ലോ? 

എന്നിട്ടും ആരും മാറാൻ തയ്യാറായില്ല.
 
      "ഡോക്ടറെന്താ ഈ കുട്ടിയുടെ അവസ്ഥ കണ്ടിട്ട്  ഒന്നും ചെയ്യാതെ ഇങ്ങനെ നില്ക്കുന്നത് ".  വന്നവരിൽ ഒരു മാന്യവേഷം ധരിച്ച ഒരാളുടെ കനത്തിലുള്ള ചോദ്യം. 

എല്ലാം കൂടി കണ്ടപ്പോൾ എന്തോ ഒരു പന്തിയില്ലായ്മ തോന്നി.
 "കുട്ടിയുടെ അസുഖം അറിയുന്ന  ഒരാൾ മാത്രം നിന്നാൽ മതി. കുട്ടിയുടെ  അമ്മ പുറത്തുണ്ടെങ്കിൽ വിളിക്കൂ". സംയമനം പാലിച്ച് സൗമ്യമായി  പറയണമെന്ന് മനസ്സിൽ വിചാരിച്ചെങ്കിലും ശബ്ദം കുറച്ചു കട്ടിയേറിയോ എന്ന് സംശയിച്ചു.
ഭാഗ്യം ആരും ഒന്നും മറുത്തു പറഞ്ഞില്ല.
മാന്യവേഷധാരി മാത്രം അവിടെ നിന്നു.
"എന്താണ്  സംഭവിച്ചത്"?
"ഡോക്ടർ , ഞങ്ങൾ ഇടവഴിയിൽ കൂടി നടന്ന് പോകുമ്പോൾ നിലവിളി കേട്ട് ഓടി ചെന്നതാണ്.  അവിടെ ഇവളെയീയവസ്ഥലാണ് കണ്ടത്. ഒരാൾ ഇറങ്ങിയോടുന്നതും കണ്ടു.  
അതിവളുടെ കൊച്ഛച്ഛനായിരുന്നൂ. വിവരം കെട്ടവൻ.  അമ്മയെയും പെങ്ങളെയും തിച്ചറിയാത്തവൻ. ഭാര്യ  സ്ഥലത്തില്ലാത്ത സമയം നോക്കി ഇവളെ ആക്രമിക്കാൻ നോക്കിയതാണ് .    ഭാഗ്യം കൊണ്ടാ ഞങ്ങൾക്കിവളെ രക്ഷിക്കാൻ കഴിഞ്ഞത്".

ഈ കേട്ടതെല്ലാം സത്യമാണെന്ന് തോന്നി. അവിശ്വസിക്കാൻ   തക്കതൊന്നും ആ ഭാവപ്രകടനത്തിൽ കണ്ടില്ല. എന്നാലും ഒരു ഭീതി മനസ്സിനെ പിടിച്ചുലച്ചു. ഇതാകെ പ്രശ്നം പിടിച്ച  ഒരു സ്ഥിതി വിശേഷമാണ്. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ കൈകാര്യം ചെയ്യണം. മീഡിയാ പ്രവർത്തകർ വല്ലതും അറിഞ്ഞാൽ അവർക്ക് ആഘോഷിക്കാൻ ഇതുമതി. 
   

എന്തെങ്കിലും ഒഴിവ്കഴിവ് പറഞ്ഞിതിൽ നിന്നും പിന്‍മാറണം.
"തത്ക്കാലം പ്രഥമ ശുശ്രൂഷ ഇവിടെ നല്‍കാം. നിങ്ങൾ സൗകര്യമുള്ള ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതായിരിക്കും നല്ലത്".
അതിന്  അയാളുടെ മറുപടി കേട്ടപ്പോൾ ആകെ വിഷമമായി.

       "ഞങ്ങൾക്ക് വേണമെങ്കിൽ ആദ്യമേ അങ്ങനെ ചെയ്യാമായിരുന്നു. പക്ഷേ ഈ കുട്ടിയുടെ ഭാവി ഓർത്തപ്പോൾ അതിന് മനസ്സു വന്നില്ല".
 
എന്തിന് ഒരു ആത്മഹത്യാ ശ്രമത്തിന് ഞങ്ങളായി കൂട്ടു നില്ക്കണമെന്ന് തോന്നി. കല്ല്യാണത്തിനു പോയ ഇളയമ്മയെ വിളിക്കാൻ ആളിനെ വിട്ടിട്ടുണ്ട്."

ദുഷ്ടന്മാരെന്നു തോന്നിയ ഇവർക്ക് ഇത്ര ഹൃദയാലിവെങ്കിൽ ഞാനായി എന്തിനു തടസ്സം നില്‍ക്കണം. ഒരു നിമിഷം ദൈവത്തെ ഓർത്തു കൊണ്ട്, കുട്ടിയെ വിശദമായി പരിശോധിച്ചു. 

ഭാഗ്യം ; മുഖത്തും ചുണ്ടിലും കഴുത്തിലുമുള്ള മുറിവ് മാത്രമേയുള്ളു. പക്ഷേ കുട്ടിയെ മാനസികമായി വല്ലാതെ ഉലച്ചിട്ടുണ്ട്. എന്നാലും ശാരീരികമായി വലിയ മുറിവേൽക്കാതെ തക്ക സമയം തന്നെ ഇവർക്ക് കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞതിൽ മനസ്സാ നന്ദി പറഞ്ഞു.
പരിശോധന കഴിഞ്ഞ് കുട്ടിയെ സാന്ത്വനിപ്പിക്കാൻ ശ്രമിച്ചപ്പോഴേക്കും നിലവിളിച്ചു കൊണ്ട് അമ്മ  അകത്തേക്ക്  കയറി വന്നു.  അവരെ ഒരു വിധം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി വിട്ടയച്ചപ്പോഴേക്കും നേരം ഒരുപാട് കഴിഞ്ഞിരുന്നു.

നല്ല കാര്യമാണ് ചെയ്തതെന്ന് മനസ്സ് പറഞ്ഞെങ്കിലും ഉള്ളിൽ എന്തൊക്കെയോ തിളച്ചു മറിയുന്നുണ്ടായിരുന്നു..  ഇതെന്തൊരു ലോകം? മരുഭൂമിയിലെ പൊള്ളും ചൂടിലും കുളിർ കാറ്റിന്റെ  തലോടൽ പോലെ എല്ലാമൊരു കടങ്കഥയായി, ഉത്തരമില്ലാ ചോദ്യമായി, ആരുമറിയാത്ത സത്യമായി അവശേഷിച്ചു.     

Share :