Archives / july2020

അനീഷ് ആശ്രാമം
ചുള്ളൻ

സൈക്കിൾ ആഞ്ഞ്ചവിട്ടുകയാണ് എത്ര കഠിനമായ കാലാവസ്ഥകളെയും തിരസ്കരിച്ചു കൊണ്ടുള്ള പോക്ക്. ചുള്ളന് വെയിലും
മഴയും ഒന്നും പ്രശ്നമല്ല ഞങ്ങളെ രണ്ടുപേരെയും ലോഡിരുത്തി ചവിട്ടുന്നു.സിനോജിനെയാണ് ഞങ്ങൾ ചുള്ളൻ എന്ന് വിളിക്കുന്നത് കാരണം ആള് ഏത് കാര്യത്തിലും ഒരു ചുള്ളനാ. ദേവി തീയേറ്റർ ആണ് ലക്ഷ്യം വീട്ടിൽ നിന്ന് ആറ് ഏഴ് കിലോമീറ്റർ വരും ഉച്ചതിരിഞ്ഞ് 3 മണിക്ക് ഒരു ഷോ ഉണ്ട്, ദേവി എന്ന തിയേറ്ററിലെ പേരിൽ മാത്രമേ ഉള്ളൂ കളിക്കുന്നത്
മുഴുവൻ മസാല പടങ്ങളാണ്. I.T.I പഠനം കഴിഞ്ഞു നിൽക്കുന്ന സമയം
ചുള്ളന് മാത്രമാണ് ജോലി, ഇലക്ട്രിക് റിപ്പയറിംഗ് കടയിൽ, ആഴ്ചയിൽശമ്പളം ശനിയാഴ്ച ശമ്പളം കിട്ടും. ഞായറാഴ്ച ചുള്ളന്റെ വക സിനിമ. ഷക്കീലയുടെ പടം ആണ് തിയേറ്ററിലെത്തി നിറയെ ആൾക്കാരുണ്ട് ടിക്കറ്റ് കൊടുത്ത് തുടങ്ങിയിട്ടില്ല, അവിടെ നിൽക്കുന്ന തലനരച്ച അമ്മാവൻമ്മാരെ കണ്ടാൽ ഞങ്ങളുടെ ആവേശം ഒന്നുമല്ല എന്നു തോന്നിപ്പോകും, ടിക്കറ്റ്
കൊടുത്തുതുടങ്ങി മുടിഞ്ഞ തള്ളാണ് ചുള്ളൻ ഇടിച്ചുകയറി മൂന്ന് ടിക്കറ്റ് എടുത്തു. I.S.R.O റോക്കറ്റ് വിക്ഷേപണ ശേഷം ശാസ്ത്രജ്ഞൻമാർ റോക്കറ്റ് ലക്ഷ്യ സ്ഥാനത്ത് എത്തുന്നത് നോക്കിയിരിക്കുന്നതിലും അപ്പുറത്തുള്ള സൂക്ഷ്മമായ നിരീക്ഷണത്തിലാണ് ഞങ്ങളുടെ ഇരിപ്പ്. അങ്ങനെ സിനിമ കഴിഞ്ഞു, സിനിമയിൽ ഉള്ള കുളിയെക്കാൾ ഞങ്ങൾ വിയർത്തു
കുളിച്ചിരിക്കുന്നു, ആവേശകരമായ രംഗങ്ങളെ കൊഴുപ്പിക്കാൻ മൂട്ടകടി ഫ്രീ. ഞങ്ങൾ കയ്യിലുള്ള ചില്ലറ എല്ലാം പെറുക്കിയെടുത്തു നാരങ്ങാ വെള്ളം കുടിച്ചു, ആശ്വാസമായി. തിരിച്ചും ചുള്ളൻ തന്നെ സൈക്കിൾ ചവിട്ടും, എക്സ്ട്രാ സ്റ്റാമിന! ഒന്നിനും തളർത്താനാവില്ല. എങ്കിലും, തിരിച്ചു വരുമ്പോൾ കയറ്റം ഉണ്ട് ഫ്രണ്ടിൽ ഇരിക്കുന്ന സുധീഷ് കാല് പെഡലിൽ
ചവിട്ടി സഹായിക്കണം അല്ലെങ്കിൽ കയറ്റം കയറാൻ പാടാണെന്നു ചുള്ളൻ പറഞ്ഞു. അന്നത്തെ കറക്കം അവസാനിപ്പിച്ച് ഒടുവിൽ വീട്ടിലെത്തി. ഞങ്ങളുടെ വീടുകളെല്ലാം അടുത്തടുത്താണ് ഞങ്ങൾ എന്നു പറയുമ്പോൾ രതീഷും സുധീഷും പിന്നെ ചുള്ളനും.

ഉത്സവങ്ങൾ സിനിമ കറക്കം പിന്നെ അൽപം ബിയർ കുടി ഇങ്ങനെ നീണ്ടുപോകുന്ന എല്ലാ വേണ്ടാദീന പ്രവർത്തന രംഗങ്ങളിലും ഞങ്ങൾ ഒന്നിച്ചു പോകുന്നു. എന്നും ഒത്തുകൂടുന്നത് രതീഷിന്റെ വീടിന്റ പിൻവശത്തുള്ളകാടുപിടിച്ചുകിടക്കുന്ന അയ്യത്താണ് .പക്ഷേ ഈയിടെയായി എന്തോ സംഭവിച്ചിരിക്കുന്നു, ചുള്ളനെ
ഞങ്ങളുടെ സങ്കേതങ്ങളിലും കറക്കത്തിലും ഒന്നും കാണാനില്ലസുധീഷ്: “ രതീഷേ അവൻ എന്നും കുളിച്ചു കുട്ടപ്പനായി സൈക്കിൾ ചവിട്ടി പോകുന്നത് കാണാം, ഇന്നലെ അവൻ എന്നെ കണ്ടതും അത്യാവശ്യമായി പോകണം എന്ന് പറഞ്ഞു പോയി എന്തോ കള്ളത്തരം ഉണ്ട് കയ്യോടെ പിടിക്കണം”.
രതീഷ്: “ നാളെയാവട്ടെ നമുക്ക് നോക്കാം”. പിറ്റേദിവസവും അതുതന്നെ സംഭവിച്ചു ചുള്ളൻ നല്ല സുമുഖൻ ആയി
വരുന്നുണ്ട് ഞങ്ങൾ കയ്യോടെ പൊക്കി സങ്കേതത്തിൽ കൊണ്ടുപോയി, സമ്മർദ്ദങ്ങൾക്കൊടുവിൽ അവൻ കാര്യം പറഞ്ഞു, മുറപ്പെണ്ണിനെ കാണാൻ പോകുന്നതാണ് അപ്പച്ചിയും മാമനും ജോലിക്കു പോകുമ്പോൾ അവളുമായികാര്യം പറഞ്ഞ് ഇരിക്കാമല്ലോ. രതീഷ്: “ നീ എന്ത് കാര്യമാ പറയുന്നത് എന്നിട്ട് കാര്യം എവിടംവരെയായി”.
ചുള്ളൻ: “ ഒന്നും പറയാനുള്ള ഒരു ധൈര്യം ഇല്ല, ഒന്നും ആയിട്ടില്ല”.
രതീഷ്: “ കുഴപ്പമില്ല നല്ലൊരു ഐഡിയ ഉണ്ട് നമുക്ക് ഒരു ലൗ ലെറ്റർ റെഡിയാക്കാം”.
ചുള്ളന്റെ കൈയ്യക്ഷരം മോശമായതുകൊണ്ട് ലെറ്റർ രതീഷ് എഴുതി കൊടുക്കാം എന്ന്, പക്ഷേ എന്തെഴുതും, സിനിമയിലൊക്കെ കാണുന്നതിൽ നിന്ന് വ്യത്യസ്തമായ ഒരു രീതി വേണം രതീഷ് കാവ്യാത്മകമായ രീതിയിൽ
വർണ്ണിച്ചുകൊണ്ട് ലെറ്റർ എഴുതാൻ തുടങ്ങി സുധീഷിന്റെ വർണ്ണനയും ചേർത്ത് ഒടുവിൽ ഇങ്ങനെ എഴുതി “ എന്റെ പൊന്നോമനേ ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു, നിനക്ക് എന്നെ ഇഷ്ടമാണെങ്കിൽ നാളെ രാവിലെ ഞാൻ വരുമ്പോൾ നീ എന്നെ നോക്കി ചിരിക്കണം”.
ചുള്ളൻ: “ ഡാ അവൾ എന്നും എന്നെ നോക്കി നല്ലതുപോലെ ചിരിക്കുന്നുണ്ട്”
സുധീഷ്: “ ആ ചിരി അല്ല ഈ ചിരി, അളിയാ ഇത് വേറെയാണ്, നിന്നെ പ്രേമിക്കുന്നു എന്ന് പറയാൻ വേണ്ടിയുള്ള ചിരിയാണ്”.
ലെറ്റർ കയ്യിൽ കിട്ടിയതും ചുള്ളൻ സൈക്കിളിൽ കയറി ശരം വിട്ട മാതിരി ഒരു പോക്ക് നേരെ മാമന്റെ വീട്ടിൽ ചെന്നു ആരുമില്ല, മുറപ്പെണ്ണ് മാത്രമേ ഉള്ളു, കയ്യിൽ ലെറ്റർ കൊടുത്തു വായിച്ചുനോക്കാൻ പറഞ്ഞ്
അപ്പോഴേ അവിടുന്ന് സ്ഥലംവിട്ടു. അന്നത്തെ ദിവസം ചുള്ളന്റെ സന്തോഷത്തിന്റെ തിരശ്ശീല പൊങ്ങി തന്നെ നിന്നു, മണിയൻപിള്ളയുടെ കടയിൽനിന്ന് പൊറോട്ടയും ബീഫ് കറിയും ഞങ്ങൾക്ക് ചെലവ്.ചുള്ളന്റെ മുഖവും, കണ്ണും, തള്ളി നിന്ന പല്ലും ഒരുപോലെ സന്തോഷം കൊണ്ട് തിളങ്ങി. പിറ്റേദിവസം എത്രയും പെട്ടെന്ന് പുലരാൻ പ്രാർത്ഥിച്ചു
സുന്ദരമായ സ്വപ്നങ്ങൾ കണ്ടു ചുള്ളൻ ഉറങ്ങി.

അതിരാവിലെ തന്നെ ഉറക്കമുണർന്നു പതിവില്ലാത്ത കുളിയും തേവാരവും എല്ലാം കഴിഞ്ഞ് കളർഫുൾ ആയി ഒരുങ്ങി ആവശ്യത്തിലധികം പൗഡറും വാരിത്തേച്ച് ചുള്ളൻ സൈക്കിളെടുത്ത് വീട്ടിൽ നിന്നിറങ്ങി. വരുന്ന വഴി ഞങ്ങൾ റോഡിൽനിന്ന് ചുള്ളനെ ആശീർവദിച്ചു.
സുധീഷ്: “ പോയിട്ട് പെട്ടെന്ന് വാ..... വന്നിട്ട് ചിലവുണ്ട്”.
ചുള്ളൻ: “ അളിയാ പൈസ എല്ലാം തീർന്നു ഇരിക്കുവാ, കടയിൽ നിന്ന് കൊണ്ടുവന്ന കുറച്ച് ചെമ്പുകമ്പി ഉണ്ട് അത് ആക്രിക്കടയിൽ കൊടുക്കണം”.
രതീഷ: “ചെമ്പ് എങ്കിൽ ചെമ്പ് എന്തായാലും വൈകിട്ട് ചിലവ് നടത്തണം, ഞങ്ങൾ ആണ് ഇത് റെഡിയാക്കി തരുന്നത് അതിന്റെ നന്ദി കാണിച്ചാൽ മതി”.

ചുള്ളൻ നേരെ മാമന്റെ വീട്ടിൽ ചെന്നു സൈക്കിളിന്റെ ബെല്ലടിച്ചു അത് കേട്ടതും മുറപ്പെണ്ണ് ഇറങ്ങിവന്നു നല്ല ഉശിരൻ ഒരു ചിരി അത് വന്ന് ചുള്ളന്റെ ഹൃദയത്തിലേക്ക് അങ്ങനെ തറച്ചു നിന്നു. അവളുടെ പുറകിൽ നിന്ന് ഒരു തലയും പുറത്തേക്കു വന്നു, അപ്പച്ചിയുടെതാണ് ആ തല.
അപ്പച്ചി: “ മോനേ സിനോജെ ഇവിടെ എപ്പോഴും ഇങ്ങനെ വരരുത് എന്ന് പറഞ്ഞിട്ടില്ലേ പ്രായമായ പെണ്ണുള്ളതാ, ഞങ്ങള് ജോലിക്ക് പോയാൽ അവൾ ഒറ്റയ്ക്കാണ്, എന്നാലും നീ വലിഞ്ഞു കേറി വരും”.
ഇത് കേട്ടതും ചുള്ളന്റെ സ്വപ്നങ്ങളെല്ലാം പടമായി. നേരെ വീട്ടിലേക്ക് പോയി എല്ലാ കാര്യങ്ങളും വീട്ടിൽ അറിഞ്ഞിരിക്കുന്നു,
ലെറ്റെറിന്റെ കാര്യം ഉൾപ്പെടെ, അവളുടെ ചിരിയുടെ അർത്ഥം അപ്പോഴാണ് അവന് മനസ്സിലായത്. ചുള്ളന്റെ അച്ഛൻ കർശനമായ ഉപാധികളോടെ അവനെ വീട്ടുതടങ്കലിലാക്കി, സൈക്കിളിന്റെ കാറ്റൂരിവിട്ട് പൂട്ടി താക്കോൽ എടുത്തു. എല്ലാ ഡ്രസ്സുകളും പൂട്ടിവെച്ചു, ആകെ ഇടാൻ ഒരു കൈലിയും ഉടുപ്പും മാത്രം, കണ്ണ് വെട്ടിച്ച് പുറത്തിറങ്ങാതിരിക്കാൻ ചുള്ളന്റെ എല്ലാ ജെട്ടികളും അലമാരയിൽ വെച്ചു പൂട്ടി താക്കോലുമായി അവന്റെ അച്ഛൻ ജോലിക്ക് പോയി.
ചെലവ് പ്രതീക്ഷിച്ചിരുന്ന ഞങ്ങൾ ചുള്ളനെ വീട്ടിൽ തിരക്കി ചെന്നു, ആകെ മൂകമായ അവസ്ഥ, ഒരു അപകടം മണക്കുന്നു, ചുള്ളൻ വിഷണ്ണനായി കട്ടിലിൽ കിടക്കുന്നു. കൈലി ഒന്ന് പൊക്കിയുടുക്കാനുള്ള സ്വാതന്ത്ര്യം പോലും നഷ്ടപ്പെട്ടിരിക്കുന്ന ശോകമായ അവസ്ഥ. രതീഷ്(രഹസ്യമായി): ”അളിയാ എന്തായി, അവള് ചിരിച്ചോ? “. ചുള്ളന്റെ മുഖത്തൊരു മ്ലാനത
സുധീഷ് : “ഇല്ലെങ്കിൽ വേറൊരു ഐഡിയ ഉണ്ട്”.
ചുള്ളൻ : “നിന്റെയൊക്കെ ഒരു ഐഡിയ, അവളും ചിരിച്ചു, അവളമ്മയും ചിരിച്ചു, വീട്ടുകാരും അറിഞ്ഞു, എന്റെ ജെട്ടിയും പോയി “.
മുണ്ട് പൊക്കിയുള്ള ചുള്ളന്റെ ഈ പറച്ചിൽ വളരെ ഖേദകരമായിരുന്നു.

അടുത്ത ഐഡിയ കേൾക്കാൻ ചുള്ളൻ തയ്യാറാവാത്ത അവസ്ഥയിൽ ഞങ്ങൾ സുഹൃത്തുക്കൾക്ക് അനുശോചിക്കാൻ മാത്രമേ പറ്റിയുള്ളൂ.

 

Share :