എൻ്റെ സ്നേഹപശു (ഓർമ്മചില്ലകൾ പൂത്തപ്പോൾ - ഒന്ന് )
സദാ ഞാൻ സ്വപ്നം കാണാൻ വന്നിരിക്കാറുള്ള തറവാട്ടു മുറ്റത്തെ നീളൻ യുക്കാലിപ്റ്റസ് മരത്തിൻ്റെ പിറക് വശത്തായിട്ടായിരുന്നു അന്ന് കാലിത്തൊഴുത്ത് ഉണ്ടായിരുന്നത്. യേശുനാഥൻ ജനിച്ച ഇടമെന്ന പ്രത്യേകത കാരണം തന്നെയാവാം ഈ തീരപ്രദേശത്തെ എല്ലാ ക്രിസ്ത്യൻ വീടുകളിലും തൊഴുത്തിനെ നന്നായി അലങ്കരിച്ച് വൃത്തിയായി സൂക്ഷിക്കുമായിരുന്നു
ആഞ്ഞിലിക്കുരു വറുത്ത ചമ്മന്തി അരയ്ക്കാനായി അപ്പൻ്റെ അമ്മ അമ്മിക്കല്ലിനടുത്തേയ്ക്ക് പോകാറുള്ളത് ഞങ്ങളുടെ മുന്നിലൂടെയായിരുന്നു. കൗതുകത്തോടെ കണ്ട കാഴ്ചകളിൽ ഒരെണ്ണം പോലും പ്രകൃതിയെ നോവിച്ചിരുന്നില്ലെന്നതു നമ്മുടെ തലമുറയ്ക്ക് മനസിലാവാത്ത വല്ലാത്തൊരു സത്യം തന്നെ. ആഞ്ഞിലിക്കുരു വറുത്തെടുത്തത് ചമ്മന്തി പാത്രത്തിൽ കൈയ്യിട്ട് വാരിക്കഴിച്ചതും അക്കരെയമ്മച്ചിയെൻ്റെ കണ്ണുകളിലെ സ്വപ്നങ്ങളിലേയ്ക്ക് നോക്കി ചിരിച്ചതും പുതുമയൊട്ടും മങ്ങാതെ നിൽക്കുന്നത് അത് കൊണ്ട് തന്നെയാവാം. തൊഴുത്തിലുണ്ടായിരുന്ന സ്നേഹപശുവിന് ദീനം വന്നപ്പോൾ അപ്പൻ്റെ സഹോദരങ്ങൾ ഒരോരുത്തരായി പല സമയങ്ങളിലായി എൻ്റെ സ്വപ്നാടനത്തെ തടസപ്പെടുത്തിക്കൊണ്ട് യുക്കാലിപ്റ്റസ് മരച്ചുവട്ടിലേയ്ക്ക് വന്നും പോയിയുമിരുന്നു. കല്ലടയുള്ള വൈദ്യരെ കൊണ്ടുവരാൻ തോണിപോയി. വൈദ്യര് വന്നു ,കഷായവും കാടിയും ഗുളികയും.... ആകെ ബഹളം. സ്നേഹപശുവിന് ദീനം മാറുന്നതേയില്ല. കിടന്ന കിടപ്പിൽ കിടാവിനെ ഇടയ്ക്കൊന്നു നക്കിത്തുടയ്ക്കുന്നതല്ലാതെ സ്നേഹപശു പെണ്ണ് കിടപ്പിൽ തന്നെ. പനിയും ചുമയും വയറിളക്കവുമായി പശു ആകെ വശം കെട്ടു. പ്രസവിച്ചിട്ട് മൂന്ന് മാസം കഴിഞ്ഞേയുള്ളു. എൻ്റെ നോട്ട പിശകാണോ കർത്താവേ.....അക്കരെയമ്മച്ചി കൊന്ത മണികൾ വേഗത്തിൽ ഉരുട്ടി. വെളുത്ത മുണ്ടിൻ്റെ കോന്തലയിൽ കെട്ടിയിട്ടിരുന്ന താക്കോൽക്കൂട്ടത്തിൽ നിന്ന് തൊഴുത്തിൻ്റെ താക്കോൽ പറിച്ചെടുത്തു എന്നിട്ട് ആർക്കും എപ്പോഴും തുറക്കാൻ പാകത്തിന് താഴിൽ കൊരുത്തിട്ടു.സ്നേഹയുടെ അടുത്ത് ഇനി എപ്പോഴും ആള് വേണം. അമ്മച്ചി പറഞ്ഞു. നീ ഈ മരച്ചോട്ടിലുണ്ടല്ലോ അല്ലേ കാന്താരീ.... നന്നായിട്ടൊന്ന് ചിരിച്ച് , അമ്മച്ചി അപ്പച്ചന് വല നെയ്യുന്നിടത്ത് കട്ടൻ ചായ കൊടുക്കാൻ പോയി. ഞാനും സ്നേഹയും ഒന്നിച്ചെത്തിയവരാണ് കുടുംബത്ത്. വലിയ തൊഴുത്തിലെ അഞ്ചാമത്തെ പശുവായി അവളെത്തുമ്പോൾ ശ്രീനിലയത്ത് വീട്ടിലെ പുതു തലമുറയിലെ ആദ്യ കണ്ണിയായി ഞാൻ ജനിച്ചിരുന്നു.അതെന്ത് തന്നെയായാലും സ്നേഹയും ഞാനും എല്ലാ സ്നേഹവും ആവാഹിച്ച് തലയുയർത്തി വളർന്നത് അപ്പൻ്റെ തറവാട്ടിൽ തന്നെ. ഉറങ്ങുന്ന സമയമൊഴിച്ച് ബാക്കിയെല്ലാ നേരത്തും ഞാനാ തൊടിയിലെ തുമ്പിയുടെ പിറകേയോടിയും കായൽത്തീരത്തെ പരൽ മീനുകളോടും പായാരം പറഞ്ഞു നടന്നു.എൻ്റെ പിറകിലെപ്പൊഴും സ്നേഹപശു തുള്ളിച്ചാടി നടക്കാറാണ് പതിവ്. ഞാൻ കൗമാരത്തിലെത്തിയപ്പോഴേയ്ക്കും അവൾക്ക് കുട്ടികൾ നാലായിരുന്നു ഒരു കുമ്പനും നാല് ക്ടാവും. എൻ്റെ ദിവാസ്വപ്നങ്ങളിൽ ചിലത് ഞാൻ അവളോടും പറഞ്ഞു .പിന്നെയതൊക്കെ വർഷങ്ങൾക്ക് ശേഷം അപ്പൻ്റെ അമ്മച്ചി ചോദിക്കുമ്പോഴാണ് മനസിലായത്, അക്കരെയമ്മച്ചിയുടെ കണ്ണുകളും കാതുകളും താക്കോൽക്കൂട്ടങ്ങളുടെ കിലുക്കത്തിനപ്പുറത്ത് ഞങ്ങളുടെ പിറകേയും ഉണ്ടായിരുന്നുവെന്ന്.... എന്റെ സ്വപ്നങ്ങളുടെ യുക്കാലി മരചുവട്ടിലേയ്ക്ക് കൗമാര കുസ്യതിയുമായി വരാറുള്ള ഉണ്ടക്കണ്ണുകളുള്ള സഹപാഠി നസീമയ്ക്കും സ്നേഹ പശുവിനോട് കിന്നാരം പറയാൻ വല്ലാത്തൊരിഷ്ടമുണ്ടായിരുന്നു. നീളൻ പുല്ലു പറിച്ച് അവൾ കിടാവിനെ കണ്ടില്ലെന്ന് നടിച്ച് സ്നേഹയ്ക്ക് നൽകാറുണ്ടായിരുന്നു.വലിയ നോമ്പിന്റെ വിഭവങ്ങളൊക്കെ അവൾക്കും മുടങ്ങാതെ നസീമ കൊടുക്കാറുണ്ട്. .
എന്തായാലും സൗന്ദര്യമുള്ളവരും വിദ്യാസമ്പന്നരും അധ്യാന ശീലരുമായ രണ്ട് അപ്പച്ചിമാരും ഏഴ് ചിറ്റപ്പൻമാരും സ്നേഹപശുവിനെ കാണാൻ കൂടെക്കൂടെ വന്നു. വരുമ്പോഴൊക്കെ അവർ മാറി മാറി തൊഴുത്തു കഴുകിത്തുടയ്ക്കുകയും കുന്തിരിക്കം തേങ്ങയുടെ തൊണ്ടിലിട്ട് കത്തിക്കുകയും ചെയ്തു കൊണ്ടിരുന്നു. ഇളയ അപ്പച്ചി സ്നേഹപശുവിന് പനിയാറ്റിയുടെ തണ്ടും ഇലയും കൊടുത്തിട്ടാണ് പോയത്. മൂത്ത അപ്പച്ചി കുരുമുളക് കൊടിയുടെ തണ്ട് ഇലയോടു കൂടി പിടിച്ചു നൽകി. അവളെ കുളിപ്പിച്ചു തുടച്ചെടുത്തു. കച്ചോലത്തിൻ്റെയും മഞ്ഞളിൻ്റെയും ഇഞ്ചിയുടെയും മുരിങ്ങയുടെയും കരിനൊച്ചിച്ചെടിയുടെയും വേപ്പിൻ്റെയും മാതള നാരകത്തിൻ്റെയും ഇലകൾ ചിറ്റപ്പൻമാർ ഒടിച്ചൊടിച്ചു കൊടുത്തു കൊണ്ടിരുന്നു. സ്നേഹ കിടക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിന്ന് കണ്ണീരൊഴുകി പടർന്നു. ഒരു വെള്ളത്തുണി കൊണ്ടത് തുടയ്ക്കവേ എനിക്കും കരയാൻ തോന്നുമായിരുന്നു.
ജൂൺ മാസത്തെ വലിയ മഴക്കാലമായിരുന്നു അത്. എങ്കിലും കായലിൽ തീരെ വെള്ളം പൊങ്ങിയില്ല. തോണിയിൽ വീണ്ടും ഒന്നു രണ്ടു വട്ടം വൈദ്യൻ വന്നു പോയി. സ്നേഹപശു എഴുന്നേൽക്കാതെ കിടന്ന ദിവസങ്ങളിൽ എൻ്റെ സ്വപ്നങ്ങൾ ഉയർന്ന് പറക്കാതെ ഭൂമിയിൽ മുളച്ച് കൊഴിഞ്ഞു കൊണ്ടിരുന്നു. അവളുടെ ദൈന്യത എല്ലാവരിലും വിഷാദം പടർത്തി.
കല്ലട നിന്നും അഞ്ചാമതും വൈദ്യൻ വന്നു പോകുന്നതിന് തലേന്ന് എൻ്റെ യുക്കാലിപ്റ്റസ് മരത്തിൻ്റെ ചെറിയ ചില്ലയൊരെണ്ണം ഞാൻ അടർത്തിയെടുത്തു. അവളുടെ കണ്ണുകൾ എൻ്റെ സങ്കടക്കടലിൻ്റെ ആഴമളന്ന പോലെ....അവൾ കഷ്ടപ്പെട്ടാണ് എഴുന്നേറ്റത്... വയ്യെങ്കിലും യുക്കാലിയിലകൾ അവൾ ചവച്ചിറക്കി. പിറ്റേന്ന് വൈദ്യൻ വന്നപ്പോഴേയ്ക്കും സ്നേഹപശു ഉഷാറായി എഴുന്നേറ്റു നടക്കുവാൻ തുടങ്ങി. വൈദ്യരുടെ മുഖത്ത് അഭിമാന നക്ഷത്രങ്ങൾ തിളങ്ങി.. നസീമ പുതിയ കല്ലുമാല സ്നേഹക്കും കിടാവിനുമായി കൊണ്ടുവന്നു. അക്കരെയമ്മച്ചി താക്കോൽക്കൂട്ടം കോന്തലയിൽ മുറുക്കി കെട്ടിവച്ചു. കുന്തിരിക്കപ്പുകച്ചുരുളുകൾക്കിടയിൽ മാലാഖക്കുഞ്ഞുങ്ങൾ പോലെ സ്നേഹപ്പശുവും മക്കളും നിന്ന ആ ദിവസമാണ് യൂക്കാലിപ്റ്റസ് മരം നിറയെ ആലിപ്പഴങ്ങൾ പൊഴിഞ്ഞ് എൻ്റെ സ്വപ്നങ്ങൾ നനഞ്ഞ് തളിർത്തത്.