Archives / july2020

ചന്ദ്രസേനൻ മിത്യർമ്മല
ഔട്ട് ഓഫ് ബോഡി എക്‌സ്പീരിയന്‍സ് അഥവാ സ്പിരിറ്റ് വാക്കിംഗ്

 

ജന്മം നല്‍കിയ മാതാവ്, പിതാവ് എന്നിവരോടൊപ്പം സഹോദരി, ആന്റി എന്നിവരെ തലയ്ക്കടിച്ചു കൊന്ന് ആത്മാവിനെ ശരീരത്തില്‍ നിന്നും വേര്‍പെടുത്തി സ്വതന്ത്രമാക്കിയ കേഡല്‍ ജിന്‍സന്‍രാജ തിരുവനന്തപുരം സ്വദേശിയാണ്.  വിദേശരാജ്യത്തെ വൈദ്യപഠനം വഴിയിലുപേക്ഷിച്ച് നിര്‍മിത ബുദ്ധിയില്‍ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പഠനം നടത്തിവരവെയാണ് ഈ യുവാവ് ഒരല്‍പ്പം പോലും മടികൂടാതെ കൂട്ടക്കൊല നടത്തിയത്.  നാടുമുഴുവന്‍ വിറങ്ങലിച്ചുപോയ ഈ സംഭവത്തില്‍ നാലുപേര്‍ മോചിതരായി എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.  അതായത് ആത്മാവിനെ സ്വതന്ത്രമാക്കി എന്നര്‍ത്ഥം.  ഇവിടെ മോചനം സാധ്യമാക്കിയ വിപ്ലവകാരിയായി ഇദ്ദേഹം മാറിയപ്പോള്‍ നാലുരക്തസാക്ഷികളുണ്ടായി.  കേഡല്‍ വെറുമൊരു പേരുമാത്രമല്ല, അന്ധവിശ്വാസത്തിന്റെ അഗാധ ഗര്‍ത്തങ്ങളില്‍ ആപത്കരമായി ആണ്ടുപോയ ഒരു ജനവിഭാഗത്തിന്റെ പ്രതിനിധി കൂടിയാണ്.  അതുകൊണ്ടാണ് സമാന സംഭവങ്ങള്‍ രാജ്യത്തെമ്പാടും അടിക്കടി നടന്നുവരുന്നത്.  ഉന്നതതലത്തില്‍ ജീവിച്ചുവന്ന ഒരു കുടുംബത്തില്‍, അതും കേരളത്തില്‍, ഇതെങ്ങനെ സംഭവിക്കുന്നു.  അതറിയണമെങ്കില്‍ നാം അസ്ട്രല്‍ പ്രൊജക്ഷന്‍ അഥവാ ഔട്ട് ഓഫ് ബോഡി എക്‌സ്പീരിയന്‍സ് എന്തെന്ന് അറിയണം.  

മനസ്സ് എന്ന് ഇന്ന് നാം പറയുന്നു.  പണ്ട് നാമിതിനെ ആത്മാവ് എന്ന് വിളിച്ചിരുന്നു.  ആത്മീയവാദികളെ സംബന്ധിച്ചിടത്തോളം ആത്മാവിന് മരണമില്ല.  അത് ചിരഞ്ജീവിയാണ്.  എവിടെയും എപ്പോഴും സഞ്ചരിക്കുവാനാകുന്ന അത്ഭുതവസ്തു.  സാധാരണനിലയില്‍ മരണത്തോടുകൂടി ആത്മാവ് ശരീരം വിട്ടുപോകുന്നു.  എന്നാല്‍ ജീവിച്ചിരിക്കെ നമുക്ക് തന്നെ ആത്മാവിനെ സ്വതന്ത്രമാക്കിവിടുവാന്‍ ആകുമോ എന്ന ചിന്തയാണ് അസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാധ്യതയിലേയ്ക്ക് ആളുകളെ ആകര്‍ഷിച്ചത്.  വാതിലുകളും ജനാലകളും അടച്ചുപൂട്ടിയ ഒരു മുറിയില്‍ തികഞ്ഞ ഏകാഗ്രതയോടെ തനിച്ചിരിക്കുക. തുടര്‍ന്ന് ശവാസനം രീതിയില്‍ മലര്‍ന്ന് കിടക്കുക.  കണ്ണുകള്‍ അടയ്ക്കുമ്പോള്‍ കണ്‍പോളകള്‍ക്കുപോലും ശക്തി നല്‍കരുത്.  ബോഡി നന്നായി റിലാക്‌സ് ചെയ്യുക.  ചിന്തകള്‍ പാടെ ഒഴിവാക്കുക.  മനസ്സ് ശാന്തമാക്കുക.  കാലിലെ പെരുവിരല്‍ മുതല്‍ മുകളിലേയ്ക്ക് തലവരെ ഓരോ ഭാഗവും പരിപൂര്‍ണമായി റിലാക്‌സ് ചെയ്യുക.  അപ്പോഴേയ്ക്കും ഒരു ഹിപ്‌നോട്ടിക് അവസ്ഥ സംജാതമാകും.  കണ്ണുകള്‍ തുറക്കാതെ തന്നെ വെളിച്ചം കാണുന്നതായി അനുഭവപ്പെടും.  അപ്പോള്‍ മനസ്സ് ഉണര്‍ന്നിരിക്കുകയും ശരീരം നിശ്ചലമായിരിക്കുകയും ചെയ്യും.  ഈ അവസ്ഥയില്‍ ശരീരത്തില്‍ നിന്നും മനസ്സ് ഇളകുന്നതായി സങ്കല്‍പ്പിക്കുക.  നമ്മുടെ ശരീരത്തിന്റെ ആകൃതിയില്‍ മനസ്സ് മുകളിലേയ്ക്ക് മുകളിലേയ്ക്ക് ഉയര്‍ന്നുയരും.  അഥവാ അപ്രകാരം നമുക്കനുഭവപ്പെടും. ബലമുള്ള ഒരു കയര്‍ നമുക്ക് നേരെ ഇറങ്ങിവരും.  അതില്‍പിടിച്ചു കയറുന്നതായി സങ്കല്‍പ്പിക്കുക.  കൈകള്‍ അനങ്ങാതെ നാം അറിയാതെ കയറിലൂടെ മുകളിലേയ്ക്കുയരും.  ഇതോടെ ശരീരത്തില്‍ നിന്ന് മനസ്സ് വേര്‍പെടും.  മുകളില്‍ നിന്ന് ആത്മാവിലൂടെ നമുക്ക് നമ്മുടെ ശരീരത്തെ ദര്‍ശിക്കാം.  ഇതാണ് ഔട്ട് ഓഫ് ബോഡി എക്‌സ്പീരിയന്‍സ്.  നിരന്തരപരിശ്രമത്തിലൂടെ മനസ്സിനെ ഇഷ്ടമുളള ഇടങ്ങളിലേയ്ക്ക് അയയ്ക്കാം.  അത് ഭൂമിയിലാകാം ആകാശത്താകാം എവിടെയുമാകാം.  ഇത് അനായാസം സാധിച്ചവരാണ് ഞങ്ങളെന്ന അവകാശവാദവുമായാണ് സ്പിരിറ്റ് വാക്കിംഗ് അവകാശപ്പെടുന്നവര്‍ കടന്നുവരുന്നത്.  നമുക്കൊരുപക്ഷെ പറ്റിയില്ലെങ്കില്‍ മനസ്സിനെ ഏകാഗ്രമാക്കാനാകാത്തതുകൊണ്ടാണ് കഴിയാത്തതെന്ന് പറയും. അങ്ങനെ നിരന്തരം പരിശീലനം നടത്തുന്നവരായി നമ്മെ മാറ്റും.  ഇതിനിടെ താളം തെറ്റിയ മനസ്സുള്ളവരില്‍ ഒരു ഹലൂസിനേഷന്‍ ഉണ്ടായെന്നും വരാം.  ഇതാണ് അപകടാവസ്ഥ.  

ലോകത്താദ്യമായി ഇത്തരത്തില്‍ ചിന്തിക്കുകയും അതിലേയ്ക്ക് വേണ്ടി പരിശീലനം നടത്തുകയും ചെയ്തത് ഇമാനുവല്‍ സ്വീഡ്ബര്‍ഗ് എന്ന സ്വീഡിഷ് മൈനിംഗ് എന്‍ജിനീയറാണ്.  അനാട്ടമിസ്റ്റും അസ്‌ട്രോണമറുമാണ് ഇദ്ദേഹം.  1688 ജനുവരി 29ന് സ്വീഡനില്‍ ജനിച്ച ഇദ്ദേഹം 1772 മാര്‍ച്ച് 29ന് ഇംഗ്ലണ്ടില്‍ മരണമടഞ്ഞു.  1758ല്‍ ഹെവന്‍ ആന്റ് ഹെല്‍ എന്ന വിഖ്യാത പുസ്തകം രചിച്ചു.  അനാട്ടമിയിലും ഫിസിയോളജിയിലും നിരവധി സംഭാവനകള്‍ നല്‍കിയ ഇദ്ദേഹം സെറിബ്രല്‍ കോര്‍ട്ടക്‌സിനെപ്പറ്റിയും നാഡീശാസ്ത്രത്തെപ്പറ്റിയും നിരവധി ശാസ്ത്രീയ കണ്ടെത്തലുകള്‍ നടത്തി.  1730ല്‍ ഇദ്ദേഹം ആത്മീയതയിലേയ്ക്ക് തിരിഞ്ഞു.  ആത്മാവ് ശരീരവുമായി എങ്ങനെ ബന്ധപ്പെടുന്നുവെന്ന കാര്യത്തിലാണ് സ്വീഡന്‍ബര്‍ഗ് ശ്രദ്ധ കേന്ദ്രീകരിച്ചത്.  നിയോപ്ലേറ്റോനിസം രീതിയാണ് ഇദ്ദേഹം ഇക്കാര്യത്തില്‍ അവലംബിച്ചത്.  സ്വപ്നവ്യാഖ്യാനത്തിലായിരുന്നു തുടക്കം.  ഇന്ററാക്ഷന്‍ ഓഫ് ദി സോള്‍ ആന്റ് ദി ബോഡി എന്ന കൃതി 1769ല്‍ പ്രസിദ്ധീകരിച്ചു.  ഇതില്‍ ആത്മാവിന്റെ സഞ്ചാരരീതികള്‍ അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ ശാസ്ത്രീയമായ ഒരടിത്തറ ഇക്കാര്യത്തില്‍ അദ്ദേഹത്തിന് കണ്ടെത്തുവാനായില്ല.  ഫ്രഞ്ച് എഴുത്തുകാരനും നിരൂപകനും പത്രപ്രവര്‍ത്തകനുമായ ഹോനോറെ ദിബാല്‍സക് (1799-1850) തന്റെ ഫിക്ഷന്‍ നോവലായ ലൂയിസ് ലെമ്പര്‍ട്ട് എന്ന കൃതിയില്‍ അസ്ട്രല്‍ പ്രൊജക്ഷനെ സംബന്ധിച്ച് വിശദീകരിക്കുകയുണ്ടായി.  ഹെലന്‍ കെല്ലര്‍ തന്റെ മൈ റിലീജിയന്‍ എന്ന കൃതിയില്‍ ആത്മാവിന്റെ സഹായത്തോടെ ഏഥന്‍സിലെത്തിയതിനെക്കുറിച്ച് പരാമര്‍ശിക്കുന്നു.  ഇതെല്ലാം കേവലം സാഹിത്യ രചനകള്‍ മാത്രമായിരുന്നു.  

അസ്ട്രല്‍ ബോഡിയെക്കുറിച്ച് സജീവമായ പരീക്ഷണങ്ങള്‍ നടന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്.  ഓട്ട് ഓഫ് ബോഡി എക്‌സ്പീരിയന്‍സ് (ഒ.ബി.ഇ) എന്ന പദം 1943ല്‍ ജി.എന്‍.എം ടൈറല്‍ തന്റെ അപ്പാരിഷന്‍സ് എന്ന പുസ്തകത്തിലാണ് ആദ്യമായി പ്രയോഗിക്കുന്നത്.  തുടര്‍ന്ന് ഇത് സംബന്ധിച്ച് പലരും ഗവേഷണം നടത്തിയെങ്കിലും മോണ്‍ട്രോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ റോബര്‍ട്ട് മോന്‍ട്രോയാണ് ഇത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തിയത്.  അതിന്റെ ഭാഗമായി ജേര്‍ണീസ് ഔട്ട് ഓഫ് ദി ബോഡി എന്ന കൃതി 1971ല്‍ അദ്ദേഹം പുറത്തിറക്കി.  തുടര്‍ന്ന് 1985ല്‍ ഫാര്‍ ജേര്‍ണീസും 1994ല്‍ അള്‍ട്ടിമേറ്റ് ജേര്‍ണിയും പുറത്തിറക്കി.  എന്നാല്‍ അപ്പോഴൊക്കെയും ന്യൂറോ സയന്റിസ്റ്റുകള്‍ ഇത് മാനസിക വിഭ്രാന്തി മൂലമള്ള ഡിസോസിയേഷനാണെന്ന് തെളിവുകള്‍ നിരത്തി ബോധ്യപ്പെടുത്തിയിരുന്നു.   വെറുമൊരു സ്വപ്നാവസ്ഥ മാത്രമാണിതെന്നും അല്ലാതെ അതീന്ദ്രിയ ശക്തികൊണ്ടുണ്ടാകുന്ന ഒരു പ്രതിഭാസമല്ലെന്നും 1887ല്‍ ചാള്‍സ് റിച്ചറ്റ് രേഖപ്പെടുത്തി.  മനസ്സിന്റെ സങ്കല്‍പ്പങ്ങള്‍ മാത്രമാണിവയെന്ന് 1912ല്‍ കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജെയിംസ് എച്ച് ഹൈസ്ലോപ്പും 1930ല്‍ യൂജിന്‍ ഓസ്റ്റിയും അഭിപ്രായപ്പെട്ടിട്ടുണ്ട്.  1959ല്‍ ഡെനോവന്‍ റാക്ലിഫ് അസ്ട്രല്‍ പ്രൊജക്ഷന്‍ എന്നത് മാനസിക വിഭ്രാന്തിയും ഹിസ്റ്റീരിയയുമാണെന്നാണ് അഭിപ്രായപ്പെട്ടത്.  ഡില്യൂഷന്‍സ് ആന്റ് ഹലൂസിനേഷന്‍സ് ഓഫ് ദ സൂപ്പര്‍ നാച്വറല്‍ ആന്റ് ദ ഓക്കള്‍ട്ട് എന്ന കൃതിയില്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അദ്ദേഹം രേഖപ്പെടുത്തി.  പ്രമുഖ ബയോളജിസ്റ്റായ ജൂലിയന്‍ ഹക്‌സിലിയുടെ പഠനാര്‍ഹമായ ആമുഖത്തോടെയാണ് ഈ കൃതി ആരംഭിക്കുന്നത്.  യഥാര്‍ത്ഥത്തില്‍ അസ്ട്രല്‍ പ്രൊജക്ഷന്‍ അഥവാ സ്പിരിറ്റ് വാക്കിംഗ് എന്നത് വെറുമൊരു വ്യക്തിത്വ സവിശേഷത മാത്രമാണ്.  ഇത് മാനസികാരോഗ്യവുമായി ബന്ധപ്പെട്ടതുമാണ്.  ഉറച്ച തീരുമാനങ്ങളെടുക്കുവാന്‍ കെല്‍പ്പുള്ള ബലമുളള ഒരു മനസ്സില്‍ ഒരിക്കലും അസ്ട്രല്‍ പ്രൊജക്ഷന്‍ സംഭവിക്കുകയില്ല.  

ആത്മാവ് എന്നതിനു തന്നെ തെളിവില്ലാത്ത സാഹചര്യത്തില്‍ ആത്മാവിനെ വിടുതല്‍ ചെയ്യുവാനാകില്ലെന്ന് പ്രശസ്ത മനശ്ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് വൈസ്മാന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.  മസ്തിഷ്‌കത്തിലെ ടെമ്പറല്‍ലോബിലെ ന്യൂറല്‍ ഇന്‍സ്റ്റബിലിറ്റിയുമായി ബന്ധപ്പെട്ടാണ് അസ്ട്രല്‍ ബോഡി സങ്കല്‍പ്പമുണ്ടാകുന്നതെന്ന് നിരവധി പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.  എന്നിരുന്നാലും വിക്‌ടോറിയന്‍ കാലഘട്ടം മുതല്‍ നിലനിന്നിരുന്ന അസാധാരണ സിദ്ധിയാണ് ഔട്ട് ഓഫ് ബോഡി എക്‌സ്പീരിയന്‍സ് എന്ന് പാരാനോര്‍മല്‍ വിശ്വാസികള്‍ ആവര്‍ത്തിച്ച് പറയുന്നു.  ഈ പറച്ചിലുകളാണ് ഉറപ്പില്ലാത്ത മനസ്സുകളെ വശീകരിച്ച് കുറ്റകൃത്യങ്ങളിലേയ്ക്ക് നയിക്കുന്നത്.  ലണ്ടനിലെ സൊസൈറ്റി ഫോര്‍ സൈക്കിക്കല്‍ റിസര്‍ച്ചിലെ റിസര്‍ച്ച് ഓഫീസറും പ്രശസ്ത മനശ്ശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ സീലിയഗ്രീന്‍ ഔട്ട് ഓഫ് ബോഡി എക്‌സ്പീരിയന്‍സിനെപ്പറ്റി 1968ല്‍ ഗൗരവമുള്ള ഒരു പഠനം നടത്തി.  പ്രശസ്തമായ മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കി 400 പേരെ തിരഞ്ഞെടുത്താണ് ഈ ശാസ്ത്രീയ പഠനം നടത്തിയത്.  ചോദ്യാവലികള്‍ പൂരിപ്പിച്ചുവാങ്ങിയാണ് ആളുകളെ തിരഞ്ഞെടുത്തത്.  വിവിധ തരത്തിലുള്ള ഔട്ട് ഓഫ് ബോഡി എക്‌സ്പീരിയന്‍സായിരുന്നു പഠനവിഷയം.  പഠനാനന്തരം ഇത് വെറുമൊരു ഹലൂസിനേഷന്‍ മാത്രമാണെന്ന് ശക്തിയുക്തം തെളിയിക്കുവാന്‍ ഇവര്‍ക്കായി.  

സാമാന്യവിവരവും വിദ്യാഭ്യാസവുമുള്ളവരെ നോട്ടമിട്ടാണ് ഇത്തരം അന്ധവിശ്വാസങ്ങള്‍ വേരുപിടിക്കുന്നത്.  ധ്യാനാവസ്ഥയിലെ മനസ്സിന്റെ ചലനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് വഴിതെറ്റിക്കുവാന്‍ എളുപ്പമാണ്.  മാനസികാരോഗ്യം ഇല്ലാത്തവരില്‍ ഇത് കാര്യമായി സ്വാധീനം ചെലുത്തും.  അല്‍പ്പസ്വല്‍പ്പ വിശ്വാസങ്ങളിലൂടെ ഈ വഴി സഞ്ചരിക്കുന്നവര്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് അകന്നകന്ന് പോകും. തിരിച്ചെത്തുവാന്‍ സാധ്യതകളില്ലാത്ത ഈ വഴികളിലൂടെ മുന്നോട്ടുപോകുവാന്‍ മാത്രമേ സാധിക്കുകയുള്ളൂ.  അവിടെ യാഥാര്‍ത്ഥ്യബോധമുള്ളവരെ അംഗീകരിക്കുവാന്‍ വിമുഖതയുണ്ടാകും.  അത്തരക്കാരെ ഒഴിവാക്കുവാന്‍ ഏതുവഴിയും ഉപയോഗിക്കും.  ആ ഒഴിവാക്കലുകള്‍ തങ്ങള്‍ക്കുവേണ്ടിയല്ലെന്നും അവരെ രക്ഷപ്പെടുത്തുവാനാണെന്നും സ്വയം വിശ്വസിക്കും.  അതോടെ കുറ്റബോധം ഇല്ലാതാകും.  ഇതിന്റെ പാരമ്യത്തില്‍ അരുംകൊലകള്‍പോലും അനിവാര്യമായ ഒന്നായി മാറും.  ഇന്ന് ചെറിയൊരു ശതമാനം ആള്‍ക്കാരില്‍ മാത്രമാണ് ഇത് സംഭവിക്കുന്നത്.  ശതമാനനിരക്ക് അല്‍പ്പമൊന്ന് മാറിയാല്‍ സമൂഹത്തിനുണ്ടാകുന്ന വിപത്ത് വളരെ വലുതു തന്നെയാകും.  ഇതിനെതിരെ ജാഗ്രത പുലര്‍ത്തുവാന്‍ പരിശ്രമിക്കുമ്പോഴാണ് അതൊരു പുരോഗമന പ്രവര്‍ത്തനമായി മാറുന്നത്.

Share :