Archives / 

സുഗുണാ രാജൻ പയ്യന്നൂർ
അച്ഛൻ

നെരിപ്പോടിലെന്നപോലെ നീറുന്നുണ്ട് മനം,
എങ്ങോട്ടു നാമെന്നോർത്തറിയാതെ തേങ്ങുന്നുണ്ട് ഹൃദയവും..

കനവു പൂത്ത പൂന്തോട്ടമായിരുന്നു,
സ്‌നേഹഞരമ്പുകൾ നിറഞ്ഞ പാടങ്ങളായിരുന്നു,
കസവുനൂൽ തുന്നിയ നിലാവു ചിതറിയ  വെൺപട്ടായിരുന്നു,   
എന്നാളുമെന്നാളും ആ അച്ഛന്റേയുള്ളം.....

തണ്ടൊടിഞ്ഞ താമരപോലെ
കരിന്തിരി കത്തുന്ന കണ്ണുകളുമായ്, 
പ്രതീക്ഷയുടെ ഒരൊറ്റ തിരിനാളം തേടി
അഛന്റെ അയഞ്ഞ കയ്യിൽ മുറുകെ പിടിച്ച
ചന്ദനമണമുള്ള കുഞ്ഞിക്കൈകൾ....

നിശ്ചലമായൊരാ ചിലങ്ക തൻ സ്വനവും അവതാളമായ് മിടിക്കുന്നൊരവളുടെ
കുഞ്ഞു ഹൃദയവും,
പകരമെന്റെ പ്രാണനെടുത്തു കൊൾകെന്നോതി
ബലി നല്കിയതുമൊരച്ഛന്റെയുള്ളം....

വിടർന്നു ലസിക്കും മുമ്പാ കുഞ്ഞുകലികയെ,
മദ്യലഹരിയിലുന്മത്തനായി പിച്ചിയെറിഞ്ഞതുമൊരച്ഛൻ, 
പിറവികൊടുത്തൊരാ കൊടും ദംഷ്ട്രകൾ..
വാത്സല്യ ചുംബനമേകി പുണർന്നിടേണ്ട
കൈകകളിൽ നിന്നുമിറ്റുന്നു ക്രൗര്യരുധിരം !

'അ' എന്നുമമ്മയെന്നുമരിയിലെഴുതിച്ചൊരച്ഛൻ
സ്നേഹത്തിൻ നനഞ്ഞ കുപ്പായം പോലെ ഇഴപിരിയാത്തൊരോർമ്മകൾ, 
ഇന്നീ കെട്ട കാലത്തെ നടുങ്ങും കേൾവിയിൽ
പൊള്ളുന്ന കാതുമായ്‌
ഓർക്കുന്നു ഞാനെന്റെയച്ഛൻ പകർന്നേകിയ
രക്ഷയും ശിക്ഷയുമായൊരാ പഴയ  പാഠങ്ങൾ !

Share :